നിദ്രാവിഹീന നിശ | കവിത | ഗംഗാ ശ്യാം

ganga-shyam-kavitha


നിദ്രയണയാത്തോരീ രാത്രിയിലിങ്ങനെ
നിന്നെ കുറിച്ചോര്‍ത്തു പാടുന്നു ഞാന്‍
കാതങ്ങള്‍ക്കിപ്പുറം  ഈ മരുഭൂവിലെ
ഏകാന്ത തീരത്തിലലയുന്നു ഞാന്‍

പോയ കാലത്തിനും അപ്പുറം നിന്നു നീ
മാടി വിളിച്ചതെന്‍ ആത്മാവിനെ
നാണത്തിന്‍ വല്‍ക്കലം മൂടി നിന്നെങ്കിലും
നെഞ്ചിലെ സിംഹാസനം നല്‍കി നീ

പാടവും തോറ്റവും അന്യമാണെങ്കിലും
നിന്നിലൂടെ ഞാന്‍ അറിഞ്ഞു സഖി
പെരുമഴക്കാലത്തിന്‍ വികൃതി മൊഴിഞ്ഞപ്പോള്‍
ഇങ്ങകലെ ഞാന്‍ കുളിര്‍ന്നു സഖി.

പതിവായി അന്തിക്ക് നക്ഷത്രമെണ്ണുവാന്‍
നീ നിന്റെ മുറ്റത്ത് നിന്ന നേരം
എന്നെന്നും കൂട്ടിനായി ഞാനുമുണ്ടെന്നോതി
എണ്ണി തുടങ്ങി ഞാന്‍ താരകളെ

ഈ മണല്‍പ്പൊയ്കയില്‍ ഞാന്‍ വെന്ത് നീറുമ്പോള്‍
നീ മലര്‍ മഴയായ് പെയ്തിറങ്ങി
കടവും കരക്കാരും ചെന്തീയായി വന്നപ്പോള്‍
നറുനിലാവിന്റെ താരാട്ടായ് നീ.

പെരുകുന്ന ജീവിത താളങ്ങളില്‍ എന്നും
പൊരുതുന്ന പടയാളി ആകുന്നു ഞാന്‍
നല്ലൊരു നാളെയുടെ പുലരിയില്‍ ഞാന്‍ വരും
തുമ്പമലരിന്റെ കൈ പിടിക്കാന്‍

സ്വപ്നങ്ങള്‍ ഏറെ നെയ്തു നമ്മള്‍
നാളുകള്‍ എണ്ണിയിരുന്നു നമ്മള്‍
വീട്ടുകാര്‍ പെട്ടികള്‍ കാത്തിരുന്നപ്പോഴും
എന്റെ വരവിനായി നീ കൊതിച്ചു.

കാവിലെ നാഗര്‍ക്ക് ദീപം തെളിക്കുവാന്‍
എന്നും തൃസന്ധ്യക്ക് പോയവള്‍ നീ
സുന്ദരി നിന്നുടെ തനുവില്‍ മയങ്ങിയ
നാഗരാജാവിനു പ്രണയിനി നീ.

ഉച്ചിയില്‍ സൂര്യന്റെ ഉഗ്രതാപം കൊള്‍കെ
കാതോരം കാറ്റുപോല്‍ മന്ത്രിച്ചുവോ
നാഗരാജവിന് ദീപം കൊളുത്തുവാന്‍
നാഗലോകം തന്നവള്‍ പൂകിയോ? 

കാറ്റുപിടിച്ച മരം പോല്‍ ഞാന്‍ ഉലയവെ
മിന്നല്‍പിണരുകള്‍ എന്നെ പുല്‍കി
നാഗര്‍ക്കരുകിലായ് നില്‍ക്കുമവളെ ഞാന്‍
കണ്‍ക്കോണിലൂടൊന്നു  കണ്ടതുപോല്‍

ഇല്ല വരില്ലൊരു മോചനമില്ലെന്നു
ആര്‍ത്തലച്ചുകൊണ്ടവള്‍ പുലമ്പി
എന്റെ പുരയിടം വാഴുമാ നാഗരും 
എന്തേ എന്നുള്ളം അറിയാതെ പോയ്!
---------------------------------------------------
© gangashyam

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

2 Comments

  1. നന്നായിട്ടുണ്ട്. എല്ലാ ആശംസകളും നേരുന്നു
    Regards
    Prem KK

    ReplyDelete
Previous Post Next Post