അതാ മുറ്റത്തൊരു മുഴുത്ത കൊറോണ.
ങേ.. കൊറോണ ഇങ്ങനെ ശബ്ദമുണ്ടാക്കുമോ?
ശങ്കിച്ച് നില്‍ക്കുമ്പോഴാണ് മരചില്ലയിലൊരു ഇളക്കം ശ്രദ്ധയിപ്പെട്ട ത്. അവിടെ ദാ ഒരു പക്ഷി. ഓ.. അതാകും ചിലച്ചത്.
എന്തായാലും ദൈവാധീനം, തിരിഞ്ഞു നോക്കാന്‍ തോന്നിയല്ലോ.
ഞാന്‍ കോറോണയെ ശ്രദ്ധിച്ചു.. നുഴഞ്ഞുകയറാന്‍ തക്കം നോക്കുകയാണ് എന്നെനിക്കു മനസിലായി. എന്നെകണ്ടാകണം അത് പടിക്കല്‍ അനങ്ങാതെ നില കൊണ്ടിരിക്കുകയാണ്.
ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. എന്റെ ആത്മഗതം
ഉള്ളു കിടുങ്ങുന്നുണ്ടെങ്കിലും ലുങ്കിയൊന്നു കയറ്റികുത്തി, ആടുതോമയെപോലെ മീശയൊന്നു പിരിച്ചാലോ. പക്ഷെ ഈ പണ്ടാരത്തിന് എന്റെ ഗോഷ്ടികള്‍ മനസ്സിലാകുമോ എന്തോ? ചിന്തിച്ചു നില്ക്കാന് സമയമില്ല.. കൊറോണ കണ്‍വെട്ടത്തുനിന്നും പോകും മുന്‍പേ എന്തിങ്കിലും ചെയ്തേ പറ്റു.
ഞാന്‍ കൊറോണയെ സൂക്ഷിച്ചൊന്നു നോക്കി.. അതെന്നെയും.
പിന്നെ അമാന്തിച്ചില്ല, പെട്ടെന്ന്തന്നെ ഞാന്‍ ബാത്ത്റൂമിലേക്കോടി.. അവിടെയിരുന്ന ഹാന്‍ഡ് സാനിടൈസര്‍ എടുത്ത് കൈകളിലേക്ക് കമഴ്ത്തി. മാസ്ക് നോക്കിയിട്ടു കാണുന്നില്ല.. ഷേവിങ്ങ് കിറ്റിലിരുന്ന ഒരു പഞ്ഞികഷ്ണം രണ്ടാക്കി രണ്ടു മൂക്കിന് ദ്വാരങ്ങളിലൂടെ കടത്തിവെച്ചു. എല്ലാം ഞൊടിയിടയില്‍. കണ്ണടയുള്ളതുകൊണ്ട് കണ്ണ് സേഫ്.
പെട്ടെന്ന് തന്നെ ഓടി പൂമുഖത്തെത്തി.. ഭാഗ്യം.. കൊറോണ അല്‍പ്പം മുന്‍പോട്ടു വന്നിട്ടുണ്ടെങ്കിലും, വേറെങ്ങോട്ടും പോയിട്ടില്ല.
കൈകള്‍ തമ്മില്‍ ഉരസി കൊറോണയെ വെല്ലുവിളിച്ച് ഞാന്‍ മുറ്റത്തേക്കിറങ്ങി.
കൊറോണ എന്റെ ധൈര്യം കണ്ടു ഒന്ന് പകച്ചുവോ..? അത് അല്‍പ്പം പുറകോട്ടു നീങ്ങി.. ഞാന്‍ മുന്പോട്ട് തന്നെ.. അത് പിന്നെയും പുറകോട്ട്.. മുന്പോട്ട് കുതിക്കാന്‍ തന്നെയാകും കൊറോണ പിന്‍പോട്ടു നീങ്ങുന്നതെന്ന് ഞാനൂഹിച്ചു. അത് കരുതിതന്നെ ഞാന്‍ മുന്പോട്ട്.
പ്രതീക്ഷിച്ചപോലെ തന്നെ കൊറോണ എന്റെ മുഖം ലക്ഷ്യമായി കുതിച്ചു ചാടി.. പൊടുന്നനെ എന്റെ കൈകള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കൊറോണ എന്റെ കൈകള്ക്കിടയില്ത്തന്നെ വന്നു പെട്ടു. പിന്നെ എന്തുപറയാന്‍. ഒരു ലോകോത്തര ഗുസ്തി ചാമ്പ്യനെപോലെ കൊറോണയെ ഞെക്കി പിഴിഞ്, അരച്ച് പൊടിച്ച് മുറ്റത്തെ പൈപ്പിന് വെള്ളത്തിലൂടെ മണ്ണില്‍ അലിയിച്ചുകളഞ്ഞു ഞാന്‍. എന്നോടാ കളി...
-------------------------------------------
© anil neervilakom
1 Comments
രസായിട്ടുണ്ട് 😃🥰👍
ReplyDelete