മാസ്‌കിന്‍ മറയത്ത് | ജയലക്ഷ്മി ജി

maaskin-marayath-short-story


മോര്‍ച്ചറിയുടെ വരാന്തയില്‍ കൂടി നടക്കുമ്പോള്‍ രാജീവന് ഓക്കാനം വന്നു കുളിമുറിയില്‍ നിന്ന് ആരതിയുടെ മുടിയിഴകള്‍ പെറുക്കുമ്പോള്‍ ഉണ്ടാകുന്ന അതേ ഓക്കാനം ! നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്നപ്പോള്‍ തന്നെ പോകാനൊരുങ്ങിയതാ !
 നശിച്ച മഴ സമ്മതിക്കേണ്ടേ ? തുടരെത്തുടരെ വാച്ചില്‍ നോക്കി സമയം കളയാന്‍ രാജീവന്‍ പാടുപെട്ടു !
 
ആശുപത്രി മുഴുവന്‍ കൊറോണക്കാരാണ് ജീവന്‍ പണയം വച്ചാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നോര്‍ത്ത് അയാള്‍ മാസ്‌ക് കുറച്ചുകൂടി മൂക്കിനോട് ചേര്‍ത്തുവച്ചു. ടിവിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ പേരുകള്‍ വായിക്കുന്നുണ്ടായിരുന്നു.

2013 നവംബര്‍ 27 ബുധനാഴ്ച വൈകുന്നേരം, അന്ന് ഒരു മാസ്‌ക് വേണമായിരുന്നു ആരതിയുമൊത്ത് ആദ്യമായി മറൈന്‍ഡ്രൈവില്‍ പോയപ്പോള്‍ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന പേടിയില്‍ ഉമ്മ കൊടുക്കാതെ ഐസ്‌ക്രീം പരസ്പരം കൈമാറി വികാരത്തെ തണുപ്പിച്ചതും പിന്നെ ലിഫ്റ്റിനുള്ളില്‍ കയറി കെട്ടിപ്പിടിച്ചതുമൊക്കെ ആ വലിയ ടി വിയിലെ സ്‌ക്രീനില്‍ തെളിയുന്നത് പോലെ രാജീവന് തോന്നി. ഒരു സിഗരറ്റിന്റെ ചൂടില്‍ അയാള്‍ക്ക് ദാഹിച്ചു ആരോടാണ് വെള്ളം ചോദിക്കുക !

ആരതി വിവാഹമോചനം നേടി പോയതിനുശേഷം ഓരോ രാവിലെയും പത്രത്തില്‍ കാണുന്ന അനാശാസ്യ വാര്‍ത്തകളില്‍ അയാള്‍ അവളുടെ പേര് തിരഞ്ഞിരുന്നു ! ഒരിക്കല്‍ ഫെമിനിസം അടുപ്പില്‍ ചുട്ട എടുത്താല്‍ വിശപ്പ് മാറുമോ എന്ന ചോദ്യത്തിന് അവളുടെ മറുപടി ഡിവോഴ്‌സെന്നായിരുന്നു

ഫേസ്ബുക്കില്‍ അവളുടെ കവിതകള്‍ക്ക് കിട്ടുന്ന ലൈക്കുകള്‍ ഓരോ പുതിയ കാമുകന്മാരുടേതാണ് എന്നയാള്‍ വിശ്വസിച്ചു. ഒരു അവാര്‍ഡ് അവള്‍ക്ക് കിട്ടിയെന്ന വാര്‍ത്ത കണ്ട് അയാളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ അധിക്ഷേപത്തിന്റെ നാലു വരി കവിത എഴുതി , ആദ്യമായി രാജീവന്‍ ഒരു കവിയായും മാറി !

മൃതദേഹം കാണാന്‍ എത്തിയവരുടെ കൂട്ടത്തിലുള്ള വലിയ കണ്ണുകളുള്ള പെണ്ണിനെ കണ്ടപ്പോള്‍ രാജീവന് മൂത്രമൊഴിക്കാന്‍ തോന്നി, പക്ഷേ അവള്‍ തന്നെ നോക്കുന്നില്ലായെന്നും താനാണ് അവളെ നോക്കുന്നതെന്നും ഓര്‍ത്ത് കണ്ണടച്ചു.

ഇതുതന്നെയല്ലേ ആള്‍ ? ഡെത്ത് സ്ലിപ്പിലെ ഡീറ്റെയില്‍സ് ശരിയല്ലേ എന്ന അറ്റന്‍ഡറുടെ ചോദ്യത്തിന് എല്ലാം സാവകാശം സ്ത്രീശബ്ദം മൂളുന്നുണ്ടായിരുന്നു . പൊതിച്ചില്‍ കഴുത്തിനൊപ്പം ആയപ്പോള്‍ രാജീവന് വായ തുറക്കണം എന്ന് തോന്നി എന്നാല്‍ മാസ്‌ക് ഉള്ളതിനാല്‍ ശബ്ദം പുറത്തേക്ക് പോയില്ല എങ്കിലും തന്നാല്‍ ആവും വിധം അയാള്‍ അവളെ തെറി വിളിച്ചു കൊണ്ടേയിരുന്നു !
-------------------------------------
© jayalekshmi g

Post a Comment

3 Comments