രണ്ടറ്റം | പ്രദീപ് വവ്വാക്കാവ്

pradeep-vavvakkavu


അവനവിടെ ഇങ്ങനേ ഇരിക്കവേ,  
അതുവഴി വരുകയായവര്‍
വിധികര്‍ത്താക്കള്‍.  അവനെ കണ്ടവര്‍
വിലയിരുത്തല്‍ തുടങ്ങി,
ഇവനിത്  എന്ത് ജീവിതമാണ് ഈ ജീവിക്കുന്നത് ,
ജീവിതത്തിന്റെ രണ്ടറ്റവും ഇവന് കൂട്ടികെട്ടിക്കൂടേ ? 
അതിന് കഷ്ടപ്പെടണം .
ഇവനെ കൊണ്ടതി -
ന്നൊന്നും കൊള്ളില്ല 
എന്ന നിഗമനത്തില്‍ അവര്‍ പോയി.

അവന്‍ ഒരു തീരുമാനത്തില്‍ എത്തി, വളരെ അകലത്തില്‍  നില്‍ക്കുന്ന തന്റെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി കെട്ടണം, അതിനായ് അവന്‍ കഷ്ടപ്പെട്ടൂ ശ്രമിച്ചൂ.

വിലയിരുത്തലുകാര്‍ അതുവഴി വീണ്ടും വന്നൂ, അവന്റെ ശ്രമങ്ങള്‍ കണ്ടു വെറുതെയങ്ങ് പോയാല്‍ ആതെങ്ങനെ ശരിയാകും,  അടുത്ത വിലയിരുത്തല്‍ വന്നൂ.  ഇതൊന്നും ഇങ്ങനയല്ല ചെയ്യുന്നത്, ഇങ്ങനെ പോയാല്‍ ഇതിവിടെയും കൂട്ടിമുട്ടില്ല എന്ന വിധിയും നടത്തി അവര്‍ പോയി.

അവനിലുണ്ടായ വാശിയാല്‍ വളരെ കഷ്ടപ്പെട്ടു തന്റെ പ്രതികൂലമായ എല്ലാ സാഹചര്യങ്ങളോടും പടപൊരുതി ഒരു നാള്‍ അവന്‍ തന്റെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി കെട്ടി. കഠിനമായ ശ്രമത്തിന്റെ ക്ഷീണത്താലും, സു:ഖമുള്ള വേദനാ നിര്‍വൃതിയില്‍ അവന്‍ നില്‍ക്കുമ്പോള്‍,   കേട്ടറിഞ്ഞ് അവിടേക്ക് വന്ന വിധികര്‍ത്താക്കള്‍ക്ക് അതത്ര ദഹിച്ചില്ലെന്നു മാത്രമല്ല  അംഗീകരിക്കാന്‍ കഴിയാത്ത മനസ്സുകള്‍  ഒത്തുകൂടി വലിയ ചിന്തകള്‍ക്കൊടുവില്‍  അവര്‍ അടുത്ത വിധി പ്രസ്താവിച്ചൂ.

ഹാ! എന്ത് കഷ്ടമായി പോയി, എല്ലാം വെറുതെ ആയില്ലേ,  ഇത് ശരിയായില്ല. 
' രണ്ടറ്റവും കൂട്ടികെട്ടിയാല്‍ മുഴച്ചിരിക്കും ' 
 മുഴച്ചിരിക്കുന്നത് ശുഭകരമായ കാര്യം അല്ല. നിന്റെ കഷ്ടപ്പെടാല്ലം വെറുതെയായ്, ഉള്ളില്‍ നുരയുന്ന സന്തോഷം മറച്ചു വെച്ച് , മുഃഖത്ത്  ദുഃഖഭാവങ്ങള്‍ വിരിയിച്ച് അവര്‍ പറഞ്ഞു , ദൈവ കോപം അല്ലാണ്ടെന്താണ്? 
കഷ്ടപ്പാടെല്ലാം പാഴായല്ലോ, 
'ഇതിലും ഭേദം നീ അവിടെ വെറുതേ ഇരിക്കുന്നതായിരുന്നൂ'. വല്ലാത്ത ഒരു ദുര്‍വിധി തന്നെ ഇവന്റ കാര്യം.

എല്ലാം കേട്ട് തകര്‍ന്ന മനസ്സുമായ് അവന്‍ പിടഞ്ഞു പോയി.  മുഴച്ചിരിക്കാതെങ്ങനേ കൂട്ടി കെട്ടണം എന്നറിയാതെ അവിടെ അവന്‍ ആകാശം നോക്കി ഇരുന്ന് പോയി.
വിധികര്‍ത്താക്കന്മാരുടെ ഉള്ളം ആഹ്ലാദത്തില്‍ തുള്ളിച്ചാടി , നുരഞ്ഞ് പൊങ്ങുന്ന സന്തോഷം അടക്കാന്‍  ആവാത്തതിനാല്‍  അവര്‍ മടങ്ങി,  പാരമ്പര്യ ധന സുക്യതന്‍മ്മാരായ ആവര്‍ വിടുകളില്‍ ചെന്ന് സുകൃത ഫലം ഭുജിച്ച് , ഏമ്പക്കവും വിട്ട് സന്തോഷ ലഹരിയില്‍ കിടന്നുറങ്ങി.

പാവം പരിശ്രമി,  അവന്‍ താഴേക്ക്  അങ്ങനേ പിന്നെ നോക്കിയിലത്രേ.  മുഴച്ചിരിക്കാതെ എങ്ങനെ കൂട്ടിക്കെട്ടണമെന്ന ചിന്തയില്‍ മുഴുകിയിരുന്നതിനാല്‍  ഒരുപാട് ആശയങ്ങള്‍ തലയില്‍ കുന്ന്കൂടി.
അവന്‍ പരസ്പര ബന്ധം ഇല്ലാത്തതും, വിധിയാളന്‍മ്മാര്‍ക്ക് ദഹിക്കാത്തതുംമായ പലതും വിളിച്ച് പറഞ്ഞ് ആ നാട്ടില്‍ രാവോ, പകലോ എന്നില്ലാതേ അലഞ്ഞ് നടന്നൂ. 
പക്ഷേ അവന്‍ വിളിച്ച് പറയുന്നത് എല്ലാം സത്യങ്ങളായിരുന്നു എന്നത് ഒരു സത്യം.

അവനിപ്പോള്‍ ആ നാട്ടില്‍ ആബാലവൃദ്ധന്‍മ്മാര്‍ക്കും അറിയപ്പെടുന്നവനായി , അവന്റെ പേരും പ്രശസ്തിയും  വര്‍ദ്ധിച്ചു..
അവനവര്‍ നല്കിയ പേരാണ് '' ഭ്രാന്തന്‍ മാനത്തുകണ്ണി '.

സ്‌നേഹത്തോടെ അവര്‍
 ' മാനത്ത്കണ്ണി ' എന്ന് അവനെ വിളിക്കും...
---------------------------------------
© pradeep vavvakkavu

Post a Comment

4 Comments

  1. സത്യം.ഗാലറിയിൽ ഇരുന്ന് കളി പറയുന്ന കൂട്ടങ്ങൾ കാരണം വഴിതെറ്റിയ എത്ര ജീവിതങ്ങൾ


    നല്ലെഴുത്ത്, നല്ല ചിന്ത 👍👍👍

    ReplyDelete