ഓര്‍മപ്പെയ്ത്ത് | ദിവ്യ എം.

ormapaithu-short-story


ധ്യവേനലവധിക്കു ശേഷം സ്‌കൂള്‍ തുറന്നു.
പതിവ് തെറ്റി അന്ന് മഴയൊന്നും പെയ്തിരുന്നില്ല. റോഡരികില്‍ വാഹനങ്ങളുടെ തിക്കും തിരക്കും. പ്രേവേശനോത്സവം കൂടിയാണല്ലോ...,
പുതുപുത്തന്‍ വസ്ത്രങ്ങളുമണിഞ്ഞു അമ്മയുടെ കയ്യും പിടിച്ച് അന്നായിരിക്കാം ഓരോ കുഞ്ഞുമനസ്സും ആദ്യമായി സ്‌കൂള്‍മുറ്റം കാണുന്നത്. നിഷ്‌കളങ്കമായ പുഞ്ചിരികളെയും ഏറ്റുവാങ്ങിക്കൊണ്ട് കരിഞ്ഞുണങ്ങിയ ഇലകളെ വകഞ്ഞു മാറ്റി അവള്‍ സ്റ്റാഫ്റൂമിലേക്ക് ഗതിവേഗം നടന്നകന്നു. പല കോണുകളില്‍ രണ്ടു മാസത്തെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന സൗഹൃദങ്ങള്‍., കാവിലെ ഉത്സവം,, വീട്ടുകാരുമൊത്തുള്ള യാത്രകള്‍, കല്യാണം... അങ്ങനെ അനന്തമായി നീളുന്ന ഒരിക്കലും അവസാനിക്കാത്ത  കഥകള്‍... പൊടിതട്ടിയെടുത്ത പുസ്തകങ്ങളെ പോലെ അവളും ചില ഓര്‍മകളെ വീണ്ടെടുത്തു. പുത്തനുടുപ്പും പുള്ളിക്കുടയും അമ്മയുടെ കയ്യും പിടിച്ച് വേവലാതിയോടെ നനഞ്ഞിറങ്ങിയ ഒരു ജൂണ്‍ മാസം.
.....................................
സ്റ്റാഫ്‌റൂമില്‍ അങ്ങിങ്ങായി പൊടിപിടിച്ചു കിടക്കുന്ന കസേരകള്‍. എല്ലാം ഒന്ന് മിനുക്കിയെടുക്കാന്‍ ഒരു ദിവസം മതിയാവില്ല.., എന്നവള്‍ ഓര്‍ത്തു. ഒരു കോട്ടവും തട്ടാതെ തന്റെ ഇരിപ്പിടം ഒരു മൂലയില്‍ ആരെയോ കാത്തിരിക്കുന്നുണ്ട്.
ജനലഴികളിലൂടെ കണ്ണിന്റെ ചലനങ്ങള്‍ മറന്നുവെന്നു നടിച്ച ചിലതിനെ പലപ്പോഴായി കുത്തിനോവിക്കുന്നു.
കുട്ടികളുടെ ബഹളം,  മഴയുടെ വരവിനായി കാത്തുനില്‍ക്കുന്ന ചില്ലകള്‍ ഒന്നും അവള്‍ ശ്രദ്ധിച്ചതേയില്ല. അവളില്‍ ആഴ്ന്നിറങ്ങിയ വേരുകള്‍ ഓര്‍മകളിലൂടെ പടര്‍ന്നുപന്തലിച്ചു . ചില്ലകള്‍ പൂത്തു. 
അവളെ തഴുകിയെത്തിയ കുഞ്ഞുകാറ്റിനും അയാളുടെ ഗന്ധമായിരുന്നു.
ഒന്നിച്ചു പങ്കിട്ട രാവുകള്‍, പകലുകള്‍ എല്ലാം ഒരു നുണയായിരുന്നുവോ.?
എന്റെ മുടിയിഴകളെ തൊട്ടുതലോടിയ കരങ്ങളും കഴുത്തിടുക്കുകളില്‍ ആരും കാണാതെ സൂക്ഷിച്ച ചുംബനങ്ങളും ഇന്നെനിക്ക് ഏറെ ഭാരമായി തോന്നുന്നു.
അയാള്‍ക്ക് എന്നോട് എന്താണ് ഉണ്ടായിരുന്നത്?, പ്രണയമായിരുന്നോ?..
അയാള്‍ ഒരിക്കലും എന്നെ സ്‌നേഹിച്ചിരുന്നില്ല. ഒരുപക്ഷെ അയാള്‍ സ്‌നേഹത്തില്‍ വിശ്വസിച്ചിട്ടുണ്ടാവില്ല.
അയാള്‍ക്ക് പ്രണയമെന്നാല്‍ മേനിയഴക് കവരാന്‍ കൊതിച്ച കാമം മാത്രമായിരുന്നുവോ... ചിലപ്പോള്‍ ഞാനതിനെ പ്രണയമായി തെറ്റിദ്ധരിച്ചതാവാം.
അയാളൊരിക്കലും എന്നെ ഓര്‍ക്കുന്നുണ്ടാവില്ല. പലനാള്‍ കണ്ടു മറന്ന പെണ്‍മുഖങ്ങളില്‍ ഒരാള്‍ മാത്രമായി ഞാനും അവശേഷിക്കും.
പെട്ടന്നാണ് മണിമുഴക്കം കേട്ടത്.
കണ്ണ് തുറന്നു ചുറ്റും നോക്കി. ഒന്നും കാണാന്‍ സാധിച്ചില്ല. മിഴികള്‍ അന്ധതയെ കൂട്ടുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.

വരാന്തയിലൂടെ നടന്നു നീങ്ങുമ്പോഴും ചില ഇന്നലെകള്‍ നിഴലായി പിന്തുടരുന്നു. മറവിയുടെ ആഴങ്ങളില്‍ ഒളിപ്പിച്ചു വെച്ച ജലകണത്തെ പോലെ ഓര്‍മകളെ പുതുക്കിയെടുത്തു. പുതിയൊരു ജൂണ്‍ മാസവും ഒരുപിടി നല്ല ഓര്‍മകളെയും സാക്ഷിയാക്കി വിജനമായ വീഥിയിലൂടെ അവള്‍ ക്ലാസ്സിനെ ലക്ഷ്യം വെച്ച് നീങ്ങി...

----------------------------------

© divya m

Post a Comment

1 Comments