അധ്യാപനം ഒരു വിചിന്തനം | സുമ സതീഷ്‌

national-teachers-day-india


തത്വചിന്തകനായ മുന്‍ രാഷ്ട്രപതി, ആദ്യ ഉപരാഷ്ട്രപതി കൂടാതെ മറ്റു മഹനീയ പദങ്ങള്‍ അലങ്കരിച്ച, വിദ്യാഭ്യാസ മേഖലയില്‍ സ്തുത്യര്‍ഹമായ സംഭാവന നല്‍കിയ അദ്ധ്യാപക വൃത്തിയില്‍ അ:ന്തര്‍ദേശീയ തലങ്ങളില്‍ പോലും പേരുകേട്ട, അവഗാഹമായ പാണ്ഡിത്യമുള്ള, സര്‍വ്വശ്രീ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ അവര്‍കളുടെ (ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍) ജന്മദിനമാണ്, (സെപ്തംബര് 5) ഭാരതത്തില്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. 

ഭാരതീയ ചിന്തകളെ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ കൂടി ഇദ്ദേഹത്തിന്റെ പങ്കു വളരെ വലുതാണ്. അധ്യാപനം എത്രത്തോളം മഹത്തരമെന്ന് തെളിയിച്ച വിശിഷ്ട വ്യക്തിത്വത്തിനുടമകളായ എല്ലാ ഗുരുക്കന്മാരേയും മനസ്സില്‍ നമസ്‌കരിച്ചു കൊണ്ട് തുടരട്ടെ...

രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വളര്‍ത്തിയെടുക്കുന്ന നെടും തൂണുകള്‍ ആണ് അദ്ധ്യാപകര്‍. അധ്യാപനം മഹത്തരവും മാതൃകാപരവുമാണ്. വിദ്യാലയം വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസം എന്നത് ഏതു മേഖലയിലും, വിദ്യ അല്ലെങ്കില്‍ ജ്ഞാനം നേടുന്നതിനുമാവണം. അത് മത്സരബുദ്ധിയോടെയും കച്ചവട മനസ്സോടെയും ആകുന്നിടത്താണ് വിദ്യ കെട്ടുപോകുന്നത്. സമൂഹത്തില്‍ നിലനിന്നു പോകാനും, ജീവഗന്ധികളായഅറിവ് പകരുന്നതുമാവണം വിദ്യാലയം. ഓരോ വിദ്യാര്‍ത്ഥിക്കും സരസ്വതീ ക്ഷേത്രമാവണമത്. ക്ഷേത്രത്തിലെ ദൈവങ്ങള്‍ക്കും മുകളിലാണ് അദ്ധ്യാപകന്റെ സ്ഥാനമെന്നാണ് ഗുരുക്കന്‍മാര്‍ നമ്മെ പഠിപ്പിക്കുന്നത്. പഴമയില്‍ നിന്ന് പുതുമയിലേക്കുള്ള യാത്രയില്‍, സാധാരണമായി വന്നു കൊണ്ടിരിക്കുന്ന വിപ്ലവം ഈ മേഖലയിലും അടിമുടി മാറിമറിഞ്ഞിരിക്കുന്നു. കോട്ടങ്ങളും നേട്ടങ്ങളുമായി വിദ്യാഭ്യാസ മേഖല കുതിക്കുന്നു. ഇന്നത്തെ മാതൃകാ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികളുമായി സൗഹൃദാന്തരീക്ഷം ആണു പിന്തുടരുന്നത്. 

തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മഹനീയമായി കണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിലേറ്റി, അധ്യാപനം നടപ്പാക്കുന്ന അദ്ധ്യാപകരെ നമുക്കിന്നും കാണാനുണ്ട്. വികലമല്ലാത്ത മനസ്സിന് എന്നും മക്കളുടെ നന്മക്കു വേണ്ടിയുള്ള പാവനമായ അധ്വാനം തന്നെ ആകുന്നു അധ്യാപനം.

വ്യക്തിയുടെ. കുടുംബത്തിന്റെ, നാടിന്റെ, സമൂഹത്തിന്റെ ദേശത്തിന്റെ ലോകത്തിന്റെ ഒക്കെ അഭിമാനവും സമ്പത്തും പ്രതീക്ഷകളുമായ ഭാവി വാഗ്ദാനങ്ങളെ നേര്‍വഴിക്കു നയിക്കാന്‍ കിട്ടുന്ന ഉത്തരവാദിത്വമുള്ള ജോലിയാണ് ഇത്. ഗുരുമുഖത്തുനിന്ന് കിട്ടുന്ന, വിദ്യയുടെ ഗുരുത്വമോ തീവ്രതയോ മഹത്വമോ ഇന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയേണ്ടിവരും.

അതുപോലെ എന്ത് പഠിപ്പിക്കുന്നു എന്നതും പ്രസക്തം. കുട്ടികളിലെ ഒരുമ, സ്‌നേഹം, വിശ്വാസം, പങ്കുവെക്കല്‍, മറ്റുള്ളവരെ മനസ്സിലാക്കല്‍ അംഗീകരിക്കല്‍ പരസ്പര സഹകരണം, സഹവര്‍ത്തിത്വം തുടങ്ങി ഭയ ഭക്തി ബഹുമാനം ഒക്കെയും വീട്ടിലെന്നപോലെ വിദ്യാലയത്തിലും നിര്‍ബന്ധമായും ലഭിച്ചിരിക്കത്തക്കതാവണം പള്ളിക്കൂടം. പ്രാര്‍ത്ഥന കൂടാതെ ഏകാഗ്രതയും ലക്ഷ്യവും നേടാനുള്ള മെഡിറ്റേഷനും സ്വയം പര്യാപ്തതക്കുള്ള വേദിയുമാവണം വിദ്യാലയം. ഓരോ കുഞ്ഞിനേയും മനസ്സിലാക്കാനുള്ള ആര്‍ജവം ഗുരുവിലുണ്ടാകണം. രാഷ്ട്രത്തിന്റെ നാളെയുടെ പ്രതീക്ഷകളാണ് കുട്ടികള്‍.

പഴയ കാലത്തൊക്കെ പ്രായോഗിക വിദ്യാഭ്യാസത്തിനായിരുന്നു മുന്‍തൂക്കം. അനുഭവ സമ്പത്തുള്ള ഒട്ടേറെ അദ്ധ്യാപകരും ആ അനുഭവസമ്പത്ത് പകര്‍ന്നു കൊടുക്കാന്‍ പ്രേരിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷവും കുടുംബാന്തരീക്ഷവും അന്നുണ്ടായിരുന്നു. അന്നത്തെ കുട്ടികള്‍ക്ക് കൃഷിഭൂമിയിലേക്കും സമൂഹത്തിലേക്കും ഇറങ്ങി ചെല്ലാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. 

പ്രയാസങ്ങളും കഷ്ടപ്പാടുകളും നേരിടേണ്ടി വന്ന കുട്ടികളാണെങ്കിലും അതിനെ വിദ്യാലയ അന്തരീക്ഷത്തില്‍ ഇല്ലായ്മ ചെയ്യാന്‍ ഉതകുന്ന പാഠങ്ങള്‍ അവര്‍ക്കു മുതിര്‍ന്നവരില്‍ നിന്നും ലഭിച്ചിരുന്നു. ഇന്ന് അത്തരത്തിലുള്ള സാഹചര്യങ്ങളും അദ്ധ്യാപകരും രക്ഷിതാക്കളും കുറഞ്ഞു വന്നിരിക്കുന്നു. 

അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ളഅനുഭവ പരിജ്ഞാനങ്ങള്‍ പുതിയ തലമുറയ്ക്ക് നഷ്ടമായിരിക്കുന്നു. അപ്പൊ വിദ്യാഭ്യാസ രീതികളില്‍ മാറ്റം വരുത്തി, കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും മുറിവുകളും ഉണക്കി ജീവിക്കാന്‍ പ്രേരണയും പഠിക്കാനുള്ള അഭിനിവേശവും കിട്ടുന്ന ഇടങ്ങളായി വിദ്യാലയവും അതിനു ഉപാധിയായി അദ്ധ്യാപകരും മാറണം. രാഷ്ട്രീയ-കച്ചവട-വിഭാഗീ യ കരാള ഹസ്തങ്ങള്‍ പിടിമുറുക്കിയില്ല എങ്കില്‍ വിദ്യഭ്യാസ വിപ്ലവം സൃഷ്ട്ടിക്കാന്‍ നമ്മുടെ ബന്ധപ്പെട്ട വകുപ്പിന് സാധിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ വിദ്യാലയങ്ങളെ തിരിച്ചു പിടിച്ചും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിയും സര്‍ക്കാരുകള്‍ ശ്രമിക്കുന്നുണ്ട്.

സ്വാതന്ത്ര്യാനന്തരം ആരൊക്കെയോ ഉണ്ടാക്കിയ കീഴ് വഴക്കം അതേപോലെ പിന്തുടര്‍ന്ന് കുഞ്ഞുങ്ങളെ നിര്‍ജീവമാക്കുന്നതിലും ഭേദമല്ലേ ഈ ഫലവത്തായ ഉടച്ചുവാര്‍ക്കല്‍. അറ്റമില്ലാത്തത്ര ഗണിതത്തിലെ സമവാഖ്യങ്ങള്‍ എവിടെ ആണ് നമുക്കുപകരിക്കുന്നത് എന്നതൊരു ചോദ്യമായുയരുന്നുമുണ്ട്. പാടുപെട്ടു തലയില്‍ അടിച്ചേല്‍പ്പിച്ചത് പരീക്ഷാ ഹാളില്‍ നിക്ഷേപിക്കുമ്പോള്‍ എല്ലാം തീരുന്നു. വിഷയത്തോട് അരുചിയുള്ളവരും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പല സമവാഖ്യങ്ങളും ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കുന്നു എങ്കിലും നൂറില്‍ പത്തോ പതിനഞ്ചോ പേര് കാണും അത് പലപ്രാപ്തിയിലതെത്തിക്കുന്നവര്‍. അല്ലാത്തവര്‍ എത്ര മാത്രം പണിപ്പെട്ടാണ് ഓരോന്നും മനഃപാഠമാക്കിയോ പഠിച്ചോ എടുക്കുന്നത്. എന്നാല്‍ നിസ്സംശയം പറയാം ഗണിതം തന്നയാണ് ഈ ഭൂലോകത്തിന്റെ എല്ലാം. പക്ഷെ അതിന്റെ സത്ത എല്ലാരിലും എത്തേണ്ട രീതിയില്‍ ചിട്ടപ്പെടുത്തണം. ജീവിതത്തിന്റെ ഭാഗമാണെന്നറിയണം കുട്ടികള്‍. 

പഠനം ഒരു ആസ്വാദനമാകുന്ന നിലയില്‍ എത്തിയാലേ കുഞ്ഞുങ്ങളും ആവേശഭരിതരാകൂ. ഇന്നത്തെ തലമുറ അഭിമന്യുമാരാണ്. അവരെ അര്‍ജുനന്‍മാരാക്കുക.കാലം വളരെ മുന്നിലാണ്. അതിനൊപ്പം വിദ്യാഭാസരീതിയും മാറ്റി മറിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ-രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ ഏതിനെ കുറിച്ചായാലും സുചിന്തിതമായ ആശയങ്ങള്‍ കര്‍മ്മ മണ്ഡലത്തില്‍ കൊണ്ടുവരാന്‍ ഊര്‍ജ്വസ്വലരായ കുറേ പണ്ഡിതന്മാര്‍ ഉണര്‍ന്നെങ്കില്‍ ഇന്നത്തെ തലമുറയേക്കാള്‍ നാളത്തെ വാഗ്ദാനങ്ങള്‍ക്കു വലിയ നേട്ടങ്ങള്‍ കൊയ്യാനാകില്ലെന്നാരു കണ്ടു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ആവേശമാവണം. ഓരോ ദിവസം പിന്നിടുമ്പോഴും നാളേക്കുള്ള ജിജ്ഞാസ ഉണര്‍ന്നുവരണം. അത്തരത്തിലുള്ള പാഠ്യപദ്ധതികള്‍ അതായത് അക്കൗണ്ട്‌സ്, ബാങ്കിങ്, ബിസിനസ്, കള്‍ച്ചര്‍, കല, മ്യൂസിക്, പരിസ്ഥിതി, പ്രകൃതി, വീട്ടുകാര്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ താല്പര്യം ജനിക്കുന്ന രീതിയില്‍ കുട്ടികളെ വാര്‍ത്തെടുക്കാന്‍ പറ്റുന്നതാകണം. ജീവിതത്തിന്റെ ലളിത സമവാഖ്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തികമാക്കാമെന്ന കണക്കും ബന്ധങ്ങള്‍, വിശ്വാസം, സ്‌നേഹം, കര്‍ത്തവ്യം, മന:ശ്ശക്തി, ഏകാഗ്രത, ലക്ഷ്യം എന്നിവയൊക്കെ ഊട്ടി ഉറപ്പിക്കുന്ന പാഠങ്ങളും മഹാന്മാരുടെ ജീവചരിത്രങ്ങളും സമൂഹത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള കാമ്പുള്ള കഥകളും
ഇനിയും ധാരാളം ഉണ്ടാവണം.

അധ്യാപനം തുടരും....
---------------------------------------------------
© suma satheesh

Post a Comment

2 Comments

  1. നല്ല ചിന്തകൾ. നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ

    ReplyDelete