വല്യമ്മയുടെ വീട്ടില്‍ കിടന്ന ഒരു രാത്രിയില്‍ ഗീതേച്ചിയാണ് ആ കഥ പറഞ്ഞതെന്നാണോര്‍മ്മ.
ഒരിടത്തൊരിടത്ത് ബാങ്കു ജോലിക്കാരായ ഒരച്ഛനുമമ്മയ്ക്കും ഒരു കുഞ്ഞുമോളുണ്ടായിരുന്നു... റോസ്.
ചുവന്ന കവിള്‍ത്തടങ്ങളുള്ള വിടര്‍ന്ന കണ്ണുകളുള്ള ചുരുണ്ട മുടികളുള്ള പാവക്കുട്ടിയേപ്പോലുള്ള കൊച്ചു സുന്ദരി.
ആറ്റുനോറ്റുണ്ടായ അവള് ആ മാതാപിതാക്കളുടെ എല്ലാമെല്ലാമായിരുന്നു.
നിറയെ ഉമ്മകളും ചോക്ളേറ്റുകളും സമ്മാനങ്ങളും സ്നേഹവും വരിക്കോരി നല്കുന്ന പപ്പയേയും മമ്മിയേയും റോസിനും ഒത്തിരി ഇഷ്ടമായിരുന്നു.
എല്ലാവിധ സൗകര്യങ്ങളുമുള്ള ആ വലിയ വീട്ടിലേക്ക് പുതിയൊരു വേലക്കാരി കടന്നുവന്നു,
ഗ്രേസി .. ചുവന്ന കണ്ണുകളുള്ള കറുത്തു തടിച്ച സ്ത്രീ. വല്യദേഷ്യക്കാരിയും
ശുണ്ഠിക്കാരിയുമായിരുന്നു. കുഞ്ഞുറോസിന്റെ കുസൃതിത്തരങ്ങളൊന്നും
അവര്‍ക്കിഷ്ടമല്ലായിരുന്നു.
ഡാഡിയും മമ്മിയും ഇല്ലാത്തപ്പോഴെല്ലാം അവര്‍ റോസിനെ വല്ലാതെ ഉപദ്ര വിച്ചിരുന്നു. നുള്ളുകയും
അടിക്കുകയും ഒക്കെ ചെയ്തിരുന്നു.
മാതാപിതാക്കളോട് എന്തെങ്കിലും പറഞ്ഞാല്‍ എല്ലാരേയും ഒരുമിച്ച്കൊന്നു കളയുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നതിനാല് കുഞ്ഞ് റോസ് ആരോടുമൊന്നും പറഞ്ഞതുമില്ല.. കുട്ടിക്കവരെ അത്രക്ക് ഭയമായിരുന്നു.
ഒരു നാള് റോസിനെ ഗ്രേസിയെ ഏല്‍പ്പിച്ചിട്ട് ആ മാതാപിതാക്കള്‍ക്ക്
ദൂരെ എവിടെയൊ ജോലി സംബന്ധമായി യാത്ര പോകേണ്ടി വന്നു. രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളു. മനസ്സില്ല മനസ്സോട് അവര്‍ യാത്രപോയി.
ആ രാത്രിയില്‍ റോസിന്റെ ഏതോ ഒരു വികൃതി ഗ്രേസിയെ ശരിക്കും ചൊടിപ്പിച്ചു. കലി മൂത്ത അവര്‍ പാവം കുട്ടിയെ നന്നായി ഉപദ്രവിച്ചു.പൊതിരെ തല്ലി.
'റോസിന്റെ തല പിടിച്ച് അടുത്തുള്ള ഭിത്തിയില്‍ ഇടിപ്പിച്ചു.. കുഞ്ഞ് റോസ് 'മമ്മീ.... ഡാഡി....' എന്ന് വിളിച്ചുകൂവി കരഞ്ഞു കൊണ്ട് നീലത്തു വിണു.
കുട്ടിയുടെ ദീനരോദനങ്ങളൊന്നും ഗ്രേസി കേട്ട ഭാവം നടിച്ചില്ല. കുട്ടിയിടെ തലയില്‍ നിന്നുവാര്ന്ന് മിനുത്ത തറയിലൂടെ ഒഴുകുന്ന കൊഴുത്ത ദ്രാവകവും ആ സ്ത്രീ ശ്രദ്ധിച്ചതേയില്ല.....
രണ്ടു ദിവസത്തിന് ശേഷം തിരികെയെത്തിയ ആ മതാപിതാക്കളോട് ഗ്രേസി, റോസിനെ കഴിഞ്ഞ രാത്രി മുതല്‍ കാണാനില്ലെന്ന് പറഞ്ഞു ധരിപ്പിച്ചു.പരിഭ്രാന്തരായ അവര്‍ കുട്ടിയെ കരഞ്ഞു വിളിച്ചു കൊണ്ട് നാലുപാടും ഓടിനടന്നു.
ഒപ്പം അയല്‍വാസികളും മറ്റും എല്ലായിടവുമന്വേഷിച്ചിട്ടും ഒരു രക്ഷയുമുണ്ടായില്ല.
പോലീസില്‍ പരാതിപ്പെട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗ്രേസിയെ ചോദ്യം ചെയ്തു. കുതന്ത്രയായ അവരില്‍ നിന്നും പോലീസിനും വിലപ്പെട്ട വിവരമൊന്നും ലഭിച്ചില്ല. ഒടുവില്‍ കുട്ടിയെ അരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കുമെന്ന നിഗമനത്തില്‍ പോലിസുമെത്തി. അന്വേക്ഷണം ആവഴിക്ക്
തിരിഞ്ഞു. മാതാപിതാക്കാള്‍ ജീവച്ഛവങ്ങളായി മാറി.
ആഴ്ചകള്‍ കടന്നു പോയി. അന്വേഷണം എങ്ങുമെത്തിയില്ല.
ഏറെനാളിന് ശേഷം ഗ്രേസിയും അവിടം വിട്ടുപോയി. കുട്ടിയെ നഷ്ടമായതില്‍ മനം നൊന്ത് റോസിന്റെ ഡാഡിയും മമ്മിയും നന്നേ തളര്‍ന്നു.
മാതാവ് ബാങ്കില്‍ പോകാതായി.
അഴലിന്റെ ഒടുങ്ങാത്ത ആലാസ്യത്തിനിടയിലെപ്പോഴോ ആണ് അവരുടെ അങ്കണപ്പൂന്തോട്ടത്തിലെ ആ വലിയ ചെടിച്ചട്ടിയിലെ റോസാച്ചെടി അവരുടെ ശ്രദ്ധയില്‍പ്പെട്ടത്...
''ഗ്രേസി നട്ടതാവും'
ഇതിനിടയിലും എന്നുമാച്ചട്ടിയിലെ റോസാച്ചെടിക്കവര് വെള്ളവുംവളവും മറ്റും നല്കി. ചെടി നന്നായി കിളിര്‍ത്തു വന്നു. അതില്‍ ഇലകള്‍ തളിര്‍ത്തും കനത്തും പൊഴിഞ്ഞും ദിനങ്ങള്‍ പിന്നെയും കടന്നുപോയി...
ഒരുനാള്‍ ആ ചെടിയില്‍ ഒരു മൊട്ടു വന്നു. അടുത്ത നാളുകളില്‍ ചെമ്പട്ട് നിറമുള്ള റോസാപ്പൂവായി അത് വിരിഞ്ഞു പരിലസിച്ചു.
അതവരില്‍ ഉന്മേഷവും ആനന്ദവും നല്കി. അത്രയും ചുവന്ന മനോഹരമായ പൂവിരിയുന്ന മറ്റൊരു റോസ്സാച്ചെടി ആ പുന്തോട്ടത്തിലുണ്ടായിരുന്നില്ല. ആ മനസ്സുകള്‍ കുളിര്‍ത്തു.
അയലത്ത് റോസിയുടെ പ്രായമുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. റോസിന്റെ മാതാപിതാക്കള്‍ക്ക് അവളെ ഒത്തിരി ഇഷ്ടമായിരുന്നു. അവളെക്കാണുമ്പോള്‍
അവരുടെ കണ്ണുകള്‍ നിറയും ഇടയ്ക്കിടയ്ക്ക് അവളെ അടുത്തേക്ക് വിളിച്ചു ലാളിക്കും,.സ്വന്തം പോലെ ഓമനിക്കും. ആ കൊച്ചു വര്‍ത്തമാനങ്ങള്‍ അവരെ റോസുമൊത്തുള്ള ഗതാകാല സുന്ദര നിമിഷങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകും.
ആ മനോഹരമായ റോസാപ്പൂവ്, തങ്ങള്‍ക്ക് ഏറെ പ്രീയമുള്ള ആ കുട്ടിക്ക് തലയില്ച്ചൂടാനായി നല്കാന് അവര്‍ തിരുമാനിച്ചു.
അങ്ങനെയാണ് പൂവിറുക്കാനായി ആ പ്രഭാതത്തില്‍ അവരാച്ചെടിക്കരികിലെത്തിയത്. പറിക്കാനായി ആ മാതാവ് അതിന്റെ ചെണ്ടില് കൈവെച്ചപ്പോള്‍
പൂ പറഞ്ഞു....
'തൊട്ടുകൂടാ മമ്മി ..
തൊട്ടുകൂടാ ഡാഡി...
എട്ടുമണി രാത്രിയില്‍ ഗ്രേസി ചെയ്ത പാപമാണിത്...!'
കുഞ്ഞുറോസിന്റെ ശബ്ദം... !
വിശ്വസിക്കാനാവാതെ ഹൃദയം നിലച്ചപോല്‍ നിന്ന മാതാവിനെ മാറ്റി ആകാംഷയോട് ആ പിതാവൊന്നുകൂടി പുവിന്റെ ചെണ്ടില് കൈ വെച്ചു.....
അപ്പോഴും പൂ പറഞ്ഞു...
'തൊട്ടുകൂടാ ഡാഡി ..
തൊട്ടുകൂടാ മമ്മി...
എട്ടുമണി രാത്രിയില്‍ ഗ്രേസി ചെയ്ത പാപമാണിത്....!
വികാര ദീനരായി റോസാച്ചെടിക്കു മുമ്പില്‍ തളര്‍ന്ന് കുമ്പിട്ടിരുന്നുപോയ ആ മാതാപിതാക്കളുടെ നിറമിഴികളില്‍ നിന്നടര്‍ന്നുവീണ അശ്രുക്കള്‍ ആ സുന്ദര കുസുമത്തില്‍ വൈഡൂര്യമുത്തുകള്‍ പോലെ തിളങ്ങി...!
----------------------------------
© prasad sreedhar
3 Comments
Touching
ReplyDeleteകൊള്ളാം അഭിനന്ദനങ്ങൾ പ്രസാദ് സർ
ReplyDeleteനല്ലരചന ആശംസകൾ
ReplyDelete