നാട്ടിലെ പന്നികൾ
കാട്ടിലെ പന്നികൾ കറുത്ത
ചാര നിറമുള്ള പന്നികൾ
അലഞ്ഞു തിരിയുന്ന പന്നികൾ
വേണ്ടാത്തതു തിന്നാനായ്
വേഗത കൂട്ടുന്ന പന്നികൾ
കാടിളക്കി
കാടൊരു നാടാക്കിയപ്പോൾ
മാലിന്യം നിറഞ്ഞ്
നാടൊരു കാടായപ്പോൾ
കാട്ടിൽ നിന്നും
നാട്ടിലെത്തി
നാടൊരു കാടാക്കി
കാടത്തം നടത്തി
വിലസുന്ന പന്നികൾ
നിയമത്തിൻ്റെ
കരിമ്പടക്കെട്ടിൽ
കെട്ടഴിയാത്ത ഫയലുകളിൽ
സ്വാതന്ത്ര്യം വിതച്ച്
നാശം കൊയ്യുന്ന പന്നികൾ
കയ്യും കെട്ടി കണ്ണുമടച്ചിരിക്കുന്നവർക്കു മുന്നിലൂടെ
കടം കയറിയ കണക്കിൻ്റെ
നികരാത്ത നഷ്ടത്തിൻ്റെ
പരിഹാരത്തിനായ്
കയറിയിറങ്ങുന്നവർ
തകർന്ന വേലികൾ നോക്കി
ഉഴുതുമറിച്ചിട്ട വിളകർ നോക്കി
വീർപ്പുമുട്ടുന്നവർ
ആരാൻ്റെ അമ്മയ്ക്ക്
വട്ടിളകിയതും കണ്ട്
പുഞ്ചിരിച്ചു നടക്കുന്നവർ
കൂസലില്ലാതെ
മുക്രയിട്ട്
ഉഴുതുമറിച്ച്മൂളിനടക്കുന്ന പന്നികൾ.
--------------------------------------
© രാജ് കുമാർ തുമ്പമൺ
1 Comments
പണിക്കൂട്ടങ്ങൾ.. കൊള്ളാം.. ആശംസകൾ
ReplyDelete