പ്രിന്‍സിനെ വിളിക്കുന്നതിനു മുമ്പായി എന്റെ മനസ്സിലൂടെ ചിന്തകള്‍ അല്പം പുറകിലോട്ടു പോയി. കൃത്യമായി പറഞ്ഞാല്‍ ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഞാന്‍ മുമ്പ് എറണാകുളത്ത് ജോലി ചെയ്യുമ്പോള്‍ തോപ്പുംപടി മുതല്‍ ഇടപ്പള്ളി വരെയുള്ള എന്റെ ബസ് യാത്രയില്‍ സ്ഥിരം സഹയാത്രികനായിരുന്നു പ്രിന്‍സ്. അന്നവന് കഷ്ടി ഇരുപതിനോട് അടുത്ത് പ്രായം കാണും. തോപ്പുംപടി ജംഗ്ഷനില്‍ നിന്നും കയറുന്ന തന്റെ സുഹൃത്ത് കിരണും അവന്റെ കാമുകി അനുജയ്ക്കും കൂട്ടുവരുന്നതാണ് പ്രിന്‍സ്. പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്തതിനാല്‍ യാത്രക്കാരെ നിരീക്ഷിക്കുക എന്റെ സ്ഥിരം ഏര്‍പ്പാടാണ്. അതുകൊണ്ടു തന്നെ ബസിനുള്ളില്‍ പൂവിട്ട കിരണിന്റെയും അനുജയുടെയും പ്രണയത്തിന് പ്രിന്‍സി നെപ്പോലെ ഞാനും ബസ്സും മൂക സാക്ഷികളായിരുന്നു. സ്ഥിരം കാണാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ പതിയെ പരിചയപ്പെട്ടു. ITI പഠനത്തിനു ശേഷം ഒരു തൊഴില്‍ അന്വേഷിച്ച് നടക്കുകയാണ് പ്രിന്‍സ്. വീട്ടില്‍ അമ്മയും ജേഷ്ഠനും മാത്രമേ ഉണ്ടായിരുന്നുള്ളൂ . അച്ഛന് ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. അതുകൊണ്ടുതന്നെ സാമ്പത്തികമായി ഭദ്രം ഒന്നുമില്ലാത്ത ഒരു കുടുംബം ആയിരുന്നു പ്രിന്‍സിന്റേത്. പ്രിന്‍സിനേക്കാള്‍ രണ്ട് വയസ്സ് മൂത്തത് ആയിരുന്നു കിരണ്‍. ഏതോ ഒരു കടയില്‍ ഒരു ചെറിയ ജോലിയും അവനുണ്ടായിരുന്നു.
പക്ഷെ ബസില്‍ വച്ച് കാണുന്നതിന് മുമ്പ് തന്നെ പ്രിന്‍സിനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഞായറാഴ്ചയുടെ വിരസതയില്‍ കാണാന്‍ പോയിരുന്ന കൗണ്ടി മത്സരങ്ങളിലെല്ലാം നിറസാനിധ്യം ആയിരുന്നു അവന്. ഓപ്പണിങ് ബാറ്റ്സ്മാന് ആയ പ്രിന്‍സിന്റെ കളിയെ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ എപ്പോഴും വരവേറ്റത്. ഓവറിലെ എല്ലാ പന്തുകളും ബൗണ്ടറി കടത്തുന്നതിനുള്ള അവന്റെ കഴിവ് അപാരം തന്നെ ആയിരുന്നു. ബൗളര്‍മാര്‍ അവന്റെ മുമ്പില്‍ നിഷ്പ്രഭര് ആയി പോയിരുന്നു.
അവന്റെ കവര്‍ ഡ്രൈവ്, സ്ട്രൈറ്റ് ഡ്രൈവ് ആവേശത്തോടെ കണ്ടിരുന്ന കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു . ടൂര്‍ണമെന്റ് സീസണില്‍ അതുകൊണ്ട് തന്നെ ഏറ്റവും തിരക്കേറിയ താരവും ആയിരുന്നു അവന്. പല ടീമുകളും പ്രിന്‍സിന്റെ മാത്രം ബലത്തില്‍ ഒരുപാട് കപ്പുകള്‍ അടിച്ചു. ഏപ്രില്‍ , മെയ് മാസങ്ങളില്‍ അവന്റെ കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം കൂടിയായിരുന്നു കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓപ്പണിങ്ങ് ബാറ്റ്സ്മാനായി അവനെ ഞാന്‍ സ്വപ്നം കണ്ടിരുന്നത് കൊണ്ട് ബസിലെ കണ്ടുമുട്ടലുകള്‍ ഞങ്ങളെ വേഗത്തില്‍ അടുപ്പിച്ചു. ഒരു ഇളയ സഹോദരനോടുള്ള സ്നേഹവും അടുപ്പവും എനിക്ക് അവനോടു തോന്നിയിരുന്നു.
എപ്പോഴും തൊപ്പി ധരിക്കുന്നത് അവന്റെ ശീലം ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാഴ്ചയിലും ആ ശീലത്തിന് മാറ്റമില്ലാതെ തൊപ്പി ധരിച്ചവന് ദാ, എന്റെ മുമ്പില്‍ ഇരിക്കുന്നു.
അവന്റെ തൊട്ടടുത്തായി തൊപ്പി വച്ച ഒരഞ്ചുവയസ്സുകാരന്‍ ബാലനും ഇരിപ്പുണ്ടായിരുന്നു. അവന്റെ മകന് ആണെന്നതിന് ഒരു പരിചയപെടുത്തലിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
' പക്ഷെ ഈ ചെറുപ്രായത്തില്‍ തന്നെ ഈ കുട്ടിയുടെ അച്ഛനായതിലെ അമ്പരപ്പില്‍ ഞാന്‍ അല്പനേരം ഇരുന്നു ' .
കാലം മനുഷ്യനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അപ്രതീക്ഷിതമാണ്.
പെട്ടെന്ന് തന്നെ അവന് എന്നെ തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആ കണ്ടുമുട്ടല്‍ അവനില്‍ അത്ഭുതം ഉളവാക്കിയെങ്കിലും കണ്ണില്‍ നിന്ന് ആ പഴയ പ്രകാശം നഷ്ടപെട്ടു പോയിരുന്നു.
പഴയ കാര്യങ്ങളെ പറ്റി സംസാരിച്ചപ്പോള്‍ എനിക്ക് ആദ്യം അറിയാനുണ്ടായിരുന്നത് കിരണിനെയും അനുജയെയും പറ്റി ആയിരുന്നു.
അനുജയുടെ അച്ഛന് മുഴു കുടിയന് ആണ് അനുജയുടെ അമ്മ മരിച്ചപ്പോള്‍ അച്ഛന് രണ്ടാമത് ഒന്നുകൂടി കെട്ടി. പക്ഷെ അവരെ പറ്റി നാട്ടിലെ കഥകള്‍ പരസ്യമായ രഹസ്യമായിരുന്നു.
അവരെ പറ്റി പ്രിന്‍സ് പറഞ്ഞിരുന്ന കഥകള്‍ കേട്ടിട്ട് ഒന്ന് കാണാന്‍ ഉളള ആഗ്രഹത്തില്‍ പ്രിന്‍സിനേയും കൂട്ടി അവരുടെ വീടുവരെ പോയ സംഭവം ഞാന്‍ ചെറിയ ചിരിയോടെ ബസില്‍ ഇരുന്ന് ഓര്‍ത്തു.
കാണാന്‍ നല്ല ശ്രീത്വം ഉള്ള മുഖം. കണ്ടാല്‍ ആരും ഒന്ന് നോക്കി പോകുന്ന ശരീര പ്രകൃതം തന്നെ ആയിരുന്നു അനുജയുടെ രണ്ടാനമ്മ കമലയ്ക്ക്. ദൂരെ നിന്ന് കണ്ടു. അടുത്തേക്ക് ചെല്ലാനുള്ള ധൈര്യം ഇല്ലാതെ ഞങ്ങള്‍ തിരികെ ഓടി പോന്നത് ഓര്‍ത്തപ്പോള്‍ എനിക്ക് വീണ്ടും ചിരി വന്നു.
ആറേഴു മാസക്കാലം തുടര്‍ച്ചയായി ബസിലെ പ്രണയം നീണ്ടു. പിരിയാന്‍ പറ്റാത്ത വിധം അവര്‍ അടുത്തു എന്നു തന്നെ പറയാം. അത്യാവശ്യം നല്ല കുടുംബക്കാര് ആയിരുന്നു കിരണിന്റേത്. അതുകൊണ്ടുതന്നെ നേരായ മാര്‍ഗ്ഗത്തില്‍ ഉള്ള വിവാഹം അല്പം അസാധ്യം തന്നെ ആയിരുന്നു .
അനുജയെ സംബന്ധിച്ച് ഈ പ്രണയം എല്ലാത്തരത്തിലുള്ള രക്ഷപെടല്‍ തന്നെ ആയിരുന്നു. കാരണം വീട്ടിലെ സ്ഥിതി ഓരോ ദിവസം കഴിയുമ്പോഴും മോശമായി വരികയായിരുന്നു. കുടിച്ച് ബോധം മറഞ്ഞ് അച്ഛന് വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധയില്ലാതെ നടന്നപ്പോള്‍ കമല വളര്‍ച്ചയെത്തിയ അനുജയെ ഓരോ ദിവസവും പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. പതിയെ അത് ഭീക്ഷണിയിലേക്ക് മാറിക്കൊണ്ടിരുന്നു.
കമലയെ സംബന്ധിച്ച് അനുജ തന്റെ ബിസിനസ്സിന് പറ്റിയ നല്ല മുതലായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം അനുജയുടെ ഒരു ഫോണ്‍ കോള്‍ വന്നു. കിരണിനെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് പ്രിന്‍സിനെ ആണ് അവള് വിളിച്ചത്.
'എത്രയും പെട്ടെന്ന് കാണണം 'എന്ന് പറഞ്ഞു . പക്ഷേ സംസാരത്തില്‍ വല്ലാത്ത ഭയവും ഭീതിയും നിറഞ്ഞിരുന്നു.
പെട്ടെന്ന് തന്നെ പ്രിന്‍സും കിരണും അവളുടെ അടുത്തേക്ക് പോയി. കയ്യില്‍ ഒരു ബാഗുമായാണ് അവള് വന്നിരുന്നത്. തന്നെയും കൂട്ടിക്കൊണ്ടു പോകാന്‍ അവള് കിരണിനോട് ആവശ്യപ്പെട്ടു. ഇനി ഒരുനിമിഷംപോലും വീട്ടില്‍ നില്ക്കാന് പറ്റാത്ത അവസ്ഥയായിരുന്നു . രണ്ടാനമ്മ കമലയെ കൊണ്ടുള്ള ശല്യം അത്ര ഭീതിതമായിരുന്നു.
പക്ഷേ അച്ഛനെ ഭയന്ന് അനുജയെ കൂട്ടികൊണ്ടുപോകാന് ധൈര്യമില്ലാതെ കിരണ്‍ നിന്നു .
എന്തക്കൊയോ പറഞ്ഞ് സമാധാനിപ്പിച്ച് അവളെ വീട്ടിലേക്ക് പറഞ്ഞയക്കാന്‍ കിരണ്‍ ശ്രമിച്ചു.
പക്ഷേ വീട്ടിലേക്ക് മടങ്ങി പോകാന്‍ അവള് തയ്യാറല്ലായിരുന്നു. വീട്ടിലേക്ക് മടങ്ങി കമലയുടെ ഭീക്ഷണിക്കു മുമ്പില്‍ മറ്റൊരാള്‍ക്ക് കീഴടങ്ങാന്‍ അവള് ഒരുക്കമല്ലായിരുന്നു.
ഒരു പെണ്ണിന് അവള്‍ക്ക് എല്ലാത്തിലും വലുത് അവളുടെ മാനം ആയിരുന്നു. അതുകൊണ്ട് തന്നെ ഇതല്ലെങ്കില്‍ ആത്മഹത്യ എന്നൊരു സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാം തകര്‍ന്ന പോലെ അവള് അവിടെ നിന്നു. പ്രണയിച്ചപ്പോള്‍ കിരണ്‍ നല്കിയ മോഹന വാഗ്ദാനങ്ങളോക്കെ അവളുടെ മനസ്സിലൂടെ കടന്നുപോയി.
പ്രണയം എന്ന മിഥ്യയും ജീവിതം എന്ന യാഥാര്‍ത്ഥ്യത്തെയും അവള് വ്യക്തമായി തിരിച്ചറിഞ്ഞു.
പക്ഷേ തന്റെ സുഹൃത്തിന്റെ നിഷ്ക്രീയത്തം അങ്ങനെ അധികനേരം കണ്ടു നില്ക്കാന് പ്രിന്‍സിന് സാധിച്ചില്ല.
അവളെ കൂട്ടിക്കൊണ്ടു പോകാന്‍ പ്രിന്‍സ് കിരണിനോട് ആവുന്നത് പറഞ്ഞു നോക്കി. പക്ഷെ പ്രിന്‍സിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ കിരണ്‍ ഒടുവില്‍
'അത്രയ്ക്ക് ദണ്ണം ആണെങ്കില്‍ നീ കൊണ്ടു പോ അവളെ '
എന്ന് പ്രിന്‍സിനോട് ആക്രോഷിച്ചിട്ട് കിരണ്‍ മുന്‍പോട്ടു നടന്നു .
പ്രതീക്ഷകള്‍ എല്ലാം അവസാനിച്ചു മരണത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് നിര്‍വികാരയായി അനുജ നിന്നു .
പെട്ടെന്നുണ്ടായ ആക്രോഷത്തില്‍ സ്തബ്ധനായിപ്പോയ പ്രിന്‍സ് അല്പനേരത്തെ ചിന്തക്കൊടുവില്‍ കിരണിന്റെ വെല്ലുവിളി ഏറ്റെടുത്തിട്ടെന്നവണ്ണം ' അതേടാ ഞാന്‍ കൊണ്ടുപോകും 'എന്ന് പറഞ്ഞ് പ്രിന്‍സ് അനുജയെ കൈക്ക് പിടിച്ചുകൊണ്ടുപോയി.
നിരാശയുടെ പടുകുഴിയില്‍ നിന്ന അനുജയ്ക്ക് ഇത് പ്രതീക്ഷയുടെ പുതുനാമ്പ് ആയിരുന്നു.
എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി അറിയാതെ അവള് പ്രിന്‍സിനോടൊപ്പം പോയി. അങ്ങനെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അനുജയും തന്നെക്കാള്‍ ഒരു വയസ്സ് ഇളപ്പമുള്ള പ്രിന്‍സും തമ്മില്‍ നിയമപരമല്ലാതെ ജീവിക്കാന്‍ തീരുമാനിച്ചു.
ഈ പ്രണയ കഥയില്‍ ഉണ്ടായ അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടാക്കിയ അമ്പരപ്പില്‍ ആയിരുന്നു ഞാന്‍ . ' മനുഷ്യന് ഒന്നാഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് നടത്തുന്നു '
ചേട്ടന് കെട്ടാതെ നില്ക്കുമ്പോള് പ്രിന്‍സ് അന്യ ജാതിയില്‍ പെട്ട ഒരു പെണ്ണിനെ വിളിച്ചു കൊണ്ടുവന്നതില്‍ അമ്മച്ചിക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും വീട്ടില്‍ കയററുന്നതിന് തടസ്സം ഒന്നും നിന്നില്ല.......
അങ്ങനെ അവര്‍ അപ്രതീക്ഷിതമായിട്ടാണെങ്കിലും ആ ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് കീഴെ പുതിയ ജീവിതം ആരംഭിച്ചു...... അമ്മച്ചിയുടെയും ചേട്ടന്റെയും കുത്തു വാക്കുകള്‍ സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ അവര്‍ മറ്റൊരു വാടക വീട്ടില്‍ താമസം ആരംഭിക്കാന്‍ തീരുമാനിച്ചു..... തന്റെ എല്ലാ ക്രിക്കറ്റ് സ്വപ്നങ്ങളും അവസാനിപ്പിച്ച് പ്രിന്‍സ് പെയിന്റിംഗ് പണിയ്ക്ക് പോകാന്‍ തുടങ്ങി .....'
കലൂര്‍ സ്റ്റേഡിയത്തില്‍ നീല ജഴ്സിയില്‍ ക്രിക്കറ്റ് കളിക്കുന്ന സ്വപ്നം സ്റ്റേഡിയത്തിന്റെ തൂണുകള്‍ക്ക് നിറം ചാര്‍ത്തുമ്പോള്‍ അവന്റെ മനസ്സിലൂടെ കടന്നുപോയി .
ആര്‍ത്തിരമ്പുന്ന കാണികളുടെ നടുവില്‍ തീര്‍ത്തും ഒറ്റപെട്ട പതിനൊന്നാം നമ്പര്‍ ബാറ്റ്സ്മാനെപോലെത്തെ അവസ്ഥയാണ് തനിക്കെന്ന് തോന്നി ......
പഴയ കാര്യങ്ങള്‍ എല്ലാം മറന്ന് തുടര്‍ന്നുള്ള നാളുകള്‍ പ്രണയത്തിന്റെ വര്‍ഷങ്ങളായിരുന്നു. അധികം താമസിക്കാതെ തന്നെ അനുജ ഒരാണ്കുഞ്ഞിന് ജന്മം കൊടുത്തു. തന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ പ്രിന്‍സ് അച്ഛനായി.
താനും അനുജയും കുഞ്ഞുമടങ്ങുന്ന സന്തുഷ്ട കുടുംബം .
കുട്ടിയായതോടെ ഇരു കുടുംബക്കാരും പതിയെ ഇവരേട് അടുത്ത് തുടങ്ങി ......
കമലയുടെ വരവുകളോട് ആദ്യം പ്രിന്‍സ് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കാലം അവരിലും മാറ്റം വരുത്തിയിട്ടുണ്ടാകും എന്ന വിശ്വാസത്തില്‍ എതിര്‍പ്പുകള്‍ പതിയെ അവസാനിച്ചു .
പതിയെ തനിക്ക് തോന്നിയിരുന്ന സംശയങ്ങള്‍ ബലപെടാന് തുടങ്ങി .....
കമലയോടൊപ്പം പോകാനും വരാനും തുടങ്ങിയപ്പോള്‍ പ്രിന്‍സ് ആദ്യം അത്ര കാര്യമായി എടുത്തില്ല.
പതിയെ അവള് കണക്കില്ലാതെ ഉപയോഗിക്കുന്ന പൈസയും മറ്റും കണ്ടു തുണങ്ങിയതോടെ പ്രിന്‍സിന് സംശയം തോന്നി തുടങ്ങി.
ഒടുവില്‍ തന്റെ കണ്മുമ്പില് വെച്ച് പിടിക്കപ്പെടുകയും ചെയ്തതോടെ ആ ബന്ധത്തിലെ എല്ലാ സന്തോഷവും അവസാനിച്ചു.
പിന്നെയും പേരിന് കുറേക്കാലം കൂടി അവര്‍ ഒന്നിച്ചു താമസിച്ചു. ദിവസവും വഴക്കും കലഹവും പിണക്കവും നിറഞ്ഞ ദിനങ്ങള്‍ . ഒടുവില്‍ അവള് തന്റെ സ്വാതന്ത്ര്യം തേടി പ്രിന്‍സിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു വീടുവിട്ടു പോയി. ......
അവളെ കാണാതായി 3-ാം മാസവും എന്തെങ്കിലും വിവരം തേടി പോലീസ് സ്റ്റേഷനില്‍ പോയിട്ട് വരുന്ന വഴിയാണ് പ്രിന്‍സും കുഞ്ഞും ........
' ഞാന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു സാറെ '
എന്ന് പറഞ്ഞു അവനെന്റെ ചുമരില്‍ ചാരി കുറേ നേരം കരഞ്ഞു .......
അവനെ സമാധാനിപ്പിക്കാന്‍ എന്റെ കൈയ്യില്‍ വാക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
'എല്ലാ പ്രണയങ്ങളുടെയും അവസാനം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദുരന്തങ്ങളാണ് '
---------------------------
© സനോജ് സജി
1 Comments
ഒരു പ്രണയ ദുരന്ത കഥ കൊല്ലം.. അഭിനന്ദനങ്ങൾ
ReplyDelete