കരയിൽ കോറും നഖക്ഷതമൊക്കെയും
കടലെടുത്തതിൻ ബാക്കിയാണത്രയും
കരളു കൊത്തി പകുക്കുന്നു ചിന്തകൾ
കാമുകൻ്റെ മടിത്തട്ടിലന്നു ഞാൻ
കാമമോഹിതയായ് ചാഞ്ഞുറങ്ങവേ..
കടൽക്കരയിലന്നാ-ദ്യമായെത്തുമ്പോൾ
കൺ കുളിരോലും കാഴ്ച സമ്മാനിച്ചു.
കണ്ണുകൾ പാതി കൂമ്പിയടഞ്ഞതിൽ
കതിർ മണ്ഡപം സ്വപ്നമായ് പൂക്കവേ..
കതിരവൻ മാഞ്ഞു ചെഞ്ചായസന്ധ്യയിൽ...
കണ്ടു ഞാനവൾ ഉന്മത്തയായതും
കരയെ തെരുതെരെ ചുംബിച്ച് ,ചുംബിച്ച്..
കടിഞ്ഞാണില്ലാത്തൊരശ്വം കണക്കെയാ
കളങ്കമില്ലാ കളത്രത്തെ പോലവേ..
കല്ലോലമായ് കവചം ചൊരിഞ്ഞതും..
കരയും ,കടലും പരസ്പരം സ്നേഹിച്ചു..
കല്പാന്തകാലമായ് വാഴുന്നു സൗഖ്യമായ്..
കണ്ണിമക്കാതെ ഞാനേകയായിന്ന്
കാണുന്നു കാഴ്ചകൾ മൂകസാക്ഷിത്വമായ് ....
-------©bindhupariyarath----------
1 Comments
നല്ല കവിത
ReplyDelete