അക്ഷരത്തെറ്റുകള്‍ | കൃഷ്ണകുമാര്‍ മാപ്രാണം

aksharathettukal-krishnakumar-mapranam


കിഴക്കു ഭാഗത്തെ വീട് നിശബ്ദമാണ്. വേലിയ്ക്കല്‍ ഒരു വെളുത്ത ചെമ്പരത്തി പ്പൂവിന്റെ ഇതളുകള്‍ കൊഴിയാന്‍ കാത്തു നില്‍ക്കുകയാണ്.


അയല്‍പക്കത്തെ വീട്ടില്‍ കുറച്ചു കാലം മുന്‍പ് താമസിച്ചിരുന്നത് ഒരു പോസ്റ്റ് മാഷായിരുന്നു. അയാളുടെ ഭാര്യ സ്‌ക്കൂളില്‍ പ്യൂണായി ജോലി നോക്കുന്നു. വന്നിട്ട്  ഒരു മുടക്ക ദിവസമാണ് അവര്‍ അടുത്തുള്ള വീട്ടുകാരെ പരിചയപ്പെടാന്‍ വന്നിരുന്നത്. കൂട്ടത്തില്‍ ഞങ്ങളുടെ വീട്ടിലും എത്തി. 

 എന്റെ അമ്മയും അച്ഛനുമായി പരിചയപ്പെട്ടു. പിന്നീട് ഞങ്ങളുടെ വീടുമായി ആ വീട്ടുകാര്‍ കൂടുതല്‍ അടുത്തു. അവര്‍ക്ക് ഒരു മകളാണ് ഉള്ളതെന്നും അവള്‍ ഹോസ്റ്റലില്‍ നിന്നു പഠിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇന്ദുവെന്നാണ് അവളുടെ പേരെന്ന് അമ്മയോട് പറയുന്നതും ഞാന്‍ കേട്ടു.

ഇന്ദുവിനെ കാണാന്‍ ഞാനും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍  വെക്കേഷന്‍ കാലത്ത് അവരുടെ വീട്ടില്‍ അവളെ കണ്ടു. 

 'മോളെത്തിയല്ലേ....'


അമ്മ ചോദിച്ചു.


'ഉവ്വ്...ഞങ്ങള്‍ ..വൈകീട്ട് വരാംട്ടോ....'


അവര്‍ മൂന്നുപേരും കൂടി അന്ന് വൈകീട്ട് വീട്ടില്‍ വന്നു.

      
അവള്‍ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. 

വലിയ സുന്ദരിയൊന്നുമല്ലെങ്കിലും അവളുടെ വലിയകണ്ണുകളും ചിരിയും അവളിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു.

അവള്‍ എല്ലാവരോടും തുറന്നിട പെഴുകുന്നവളായിരുന്നു. വലിയ വായനക്കാരിയായിരുന്നതുകൊണ്ട് വായനശാലയില്‍ നിന്നും കൊണ്ടുവരുന്ന പുസ്തകങ്ങള്‍ അവള്‍ ആവശ്യപ്പെടാറുണ്ട്.  


അവളോട് എനിക്ക് പ്രേമം തുടങ്ങി. പക്ഷേ അവളതു മനസ്സിലാക്കിയില്ല. ഒരു ദിവസം  അവള്‍ക്കു പുസ്തകം കൊടുക്കുമ്പോള്‍ ഞാനതില്‍ ഒരു കത്ത് എഴുതി വച്ചു.

ഞാന്‍ വിചാരിച്ചത് അവളതു വായിച്ച് എന്നെ പ്രേമിക്കുമെന്നാണ്. ഒരു മറുപടികത്തും അവളില്‍ നിന്നും പ്രതീക്ഷിച്ചു.

പക്ഷെ അവളൊന്നും മറുപടി പറഞ്ഞില്ല.

ഞാന്‍ അവളോട് ചോദിച്ചു


'പുസ്തകത്തില്‍...ഞാനൊരു...'


'ഞാന്‍...കണ്ടു....'


'എന്നിട്ടെന്തെ...'


'നിറയെ....അക്ഷരത്തെറ്റുകളാണ്....'


അതു കേട്ടതും എന്റെ പ്രേമം തണുത്തു പോയി.

രണ്ടു  വര്‍ഷം കഴിഞ്ഞപ്പോള്‍ പോസ്റ്റ് മാഷ്‌ക്ക് സ്ഥലംമാറ്റമായി. അവര്‍ യാത്ര പറയാന്‍ വന്നത്  വളരെ വിഷമത്തോടെയായിരുന്നു.

 ഇന്ദു എന്റെ മുറിയില്‍ വന്നു.

വേലിയ്ക്കല്‍ നിന്നിരുന്ന ഒരു വെളുത്ത ചെമ്പരത്തി പൂ അവളുടെ കൈയ്യിലുണ്ട്.

അവളതു എനിക്കു നേരെ നീട്ടി. എന്നിട്ട് വിഷമത്തോടെ ചോദിച്ചു..


'ഓര്‍ക്കുമോ....എന്നെ...?
----------------©krishnakumar mapranam------------------

Post a Comment

4 Comments

  1. കൊള്ളാം, നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete