ജീവിതത്തിലെ പാതയോരങ്ങള്‍ - 1 | രമേഷ് കൃഷ്ണന്‍

jeevithathinte-pathayorangal


തുടര്‍ക്കഥ
ഭാഗം ഒന്ന് 

ഞ്ചു വര്‍ഷത്തെ ഗവണ്‍മെന്റ് കോണ്‍ട്രാക്ട് വര്‍ക്ക് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ ചെയ്യാനൊരു തൊഴില്‍ മേഖലയില്ലാതെ അയാള്‍ അലഞ്ഞു.. പല വാതിലുകളില്‍ മുട്ടിയെങ്കിലും ഗവണ്‍മെന്റ് സര്‍വീസിന്റെ എക്‌സ്പീരിയന്‍സ് പ്രൈവറ്റ് ജോലിക്ക് അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞു... പുതിയ ലോകത്തെത്തിയ പുതിയൊരാളെ പോലെ അതുവരെ കണ്ടു പഴകിയ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ ലോകമാണിതെന്ന് തോന്നിയപ്പോള്‍ ഏതോ ഭ്രാന്തന്‍ സ്വപ്നത്തില്‍ കണ്ട ബിസിനസ് ആശയത്തിന്റെ ചുവട് പിടിച്ച് വീട്ടുകാരറിയാതെ അതുവരെ ഒരുക്കൂട്ടി വെച്ച ചെറിയ സമ്പാദ്യ തുകയും കുറച്ച് കടവും വാങ്ങി ഒരു ബിസിനസ് തുടങ്ങി..

കച്ചവടം ഒരുവിധം പച്ചപിടിച്ചു വന്നപ്പോഴാണ് കൊറോണ വന്നത് അതോടെ റോളിംഗ് തെറ്റി... ജീവിതത്തില്‍ നട്ടുച്ചകള്‍ക്ക് കുളിരായ് ഇടക്കൊരു ചാറ്റല്‍ മഴ വരുമെന്ന് പ്രതീക്ഷീച്ചെങ്കിലും ഓരോ ദിവസം ചെല്ലും തോറും കടക്കാരുടെ വിളികളും പൈസ പിരിഞ്ഞു കിട്ടാനുള്ള കടകള്‍ ഓരോന്നായി പൂട്ടുകയും ചെയ്തതോടെ ചുടലപറമ്പില്‍ വീടു വെച്ച പോലെ സമാധാനം നഷ്ടപെട്ടു തുടങ്ങി

കയ്യിലുണ്ടായിരുന്ന ഏക സമ്പാദ്യം നാവ് മാത്രമായതിനാല്‍ മാര്‍ക്കറ്റിംഗ് ജോബ് തരപ്പെടുത്തി... പക്ഷേ ടാര്‍ജറ്റ് അച്ചീവ് ചെയ്തില്ലെങ്കില്‍ സാലറി കട്ടാവുമെന്ന് ആദ്യ മാസം തന്നെ മനസിലായി... ചോരതിളപ്പിന്റെ പ്രായത്തില്‍ പ്രണയിച്ച് കെട്ടി വീട് വിട്ടിറങ്ങിയതിനാല്‍ കുടുംബം നോക്കാനായി ഒരുപാട് കഷ്ടപ്പെട്ടു..

വീട്ടു വാടകയും ചിലവും കഴിഞ്ഞാല്‍ കടത്തിലേക്കടക്കാനൊന്നുമില്ലാതെയായപ്പോള്‍ കടക്കാര്‍ വീണ്ടും തലപൊക്കി തുടങ്ങി... അന്ധവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ധാരാളമുള്ള കുടുംബത്തില്‍ പിറന്നതിനാല്‍ ഭാര്യക്ക്  പൂര്‍ണ്ണമായി മനസിലാക്കാനായില്ല.. വിവാഹത്തിന് മുമ്പുണ്ടായിരുന്ന പ്രണയം വിവാഹശേഷം എവിടെയോ നഷ്ടപ്പെട്ടതായി തോന്നി തുടങ്ങിയപ്പോള്‍ ഭാര്യ പുരാണങ്ങള്‍ മയങ്ങുന്ന സ്വന്തം വീടിന്റെ ചുമരുകള്‍ക്കുള്ളിലേക്ക് തിരികെ പോയി... ഞാന്‍ വാടകവീടിന്റെ പുറംകോലായില്‍ ശൂന്യതയുടെ തടാകകരയിലൊറ്റപെട്ടു.. 
രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള അലച്ചില്‍ കഴിഞ്ഞ് വീടെത്തി ഭക്ഷണമുണ്ടാക്കലെന്ന കടമ്പ കടക്കാന്‍ വളരെ ബുദ്ധിമുട്ടി.. മൂന്ന് നേരം കഞ്ഞി കുടിച്ച് കഞ്ഞിക്ക് പോലൂം എന്നോട്  വെറുപ്പ് തോന്നി തുടങ്ങിയിട്ടുണ്ടാവുമെന്ന് തോന്നി തുടങ്ങിയപ്പോള്‍ ടൗണിലുള്ള ഹോസ്റ്റലിലേക്ക് താമസം മാറ്റി... 

രണ്ട് കട്ടിലുകളുള്ള ഒറ്റമുറിയില്‍ ലോകത്തിന്റെ രണ്ടതിരുകളിലുള്ള  പരസ്പരമറിയാത്ത രണ്ടുപേര്‍.. ഒരിക്കലും പൊരുത്തപെടാനാവാത്ത രണ്ടുചിന്താഗതിയും ജീവിതാനുഭവങ്ങളും... 

ഭാര്യക്ക് വീടിനടുത്തുള്ള ഒരു ഷോപ്പില്‍ ജോലി കിട്ടിയതോടെ കുട്ടികളെ അമ്മ നോക്കാന്‍ തുടങ്ങിയതോടെ  സ്വന്തം കാലില്‍ നില്‍ക്കാനും മാസവരുമാനവുമായതോടെ ഭര്‍ത്താവുണ്ടെന്നൊരു തോന്നല്‍ പോലും പതുക്കെ ഇല്ലാതായി തുടങ്ങി.. കാലചക്രത്തിന്റെ ഉരുളിച്ചയില്‍ അയാള്‍ക്ക്  പ്രായമേറിവന്നതോടെ ഒരുമിച്ച് നടക്കാന്‍ ഭാര്യക്ക് മടിയായി തുടങ്ങി.. ഫോണ്‍വിളികളില്ലാതായി ഇടക്കങ്ങോട്ട് വിളിച്ചാല്‍ ഫോണെടുക്കാതായി തുടങ്ങി... വലിയ ചിന്താഗതികളും സുഹൃദ്ബന്ധങ്ങളും കൂടിയപ്പോള്‍ അവള്‍ അവളുടേതായൊരു ലോകത്തേക്ക് ചുരുങ്ങിയതായി തോന്നി... ലിപിയറിയാത്ത ഭാഷ പോലെ എത്ര വേഗമാണ് രണ്ടുപേര്‍ അപരിചിതരാവുന്നത്... 

ചില സമയത്ത് ഫോണെടുത്താല്‍ വാക്കുകള്‍ക്കായി പരതി തുടങ്ങി 
ഒന്നും പരസ്പരം പറയാനില്ലാതായപ്പോള്‍ വിളികള്‍ കുട്ടികളുടെ ശബ്ദം കേള്‍ക്കാനായി മാത്രമായി... കുട്ടികളും മാറി തുടങ്ങുന്നുണ്ടെന്ന് മനസിലായപ്പോള്‍  അവര്‍ക്കുപോലും അയാളെ ആവശ്യമില്ലെന്ന് തോന്നീ തുടങ്ങിയപ്പോള്‍ ജീവിതത്തിന്റെ നരച്ച ഇരുട്ടിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു... കഴിഞ്ഞു പോയകാലത്തെ ഓര്‍മ്മകളുടെ  തെളിമയാര്‍ന്ന നീരൊഴുക്കിന്റെ കുളിരു തേടി കൊടും വേനലില്‍ വരണ്ട മനസ് അലഞ്ഞു തിരിഞ്ഞു 

ജീവിതത്തില്‍ ഒറ്റപെട്ടെന്ന് തോന്നി തുടങ്ങിയപ്പോള്‍ വായനയുടെ ലോകത്തേക്ക് തിരിഞ്ഞു... പലരുമെഴുതി കൂട്ടിയ പലതും വായിച്ച് നേരം കളഞ്ഞു.. 
അടുത്തുള്ള ലൈബ്രറിയിലെ സ്ഥിരം സന്ദര്‍ശകനായി മാറി.. 

മൊബൈലില്‍ ഫേസ്ബുക്ക് വന്നതോടെ വായന ഫേസ്ബുക്കിലേക്കും നീണ്ടു.. സ്ഥിരമായി ഫേസ്ബുക്കിലെഴുതുന്ന അനിതയെന്ന കഥാകാരിയുടെ മിക്കവാറും രചനകള്‍ക്ക് സ്വന്തം ജീവിതവുമായി ഒരുപാട് ബന്ധമുള്ളതുപോലെ തോന്നി തുടങ്ങി... 

ഒരിക്കല്‍ ഒരു കഥ വായിച്ചൊരു കമന്റിട്ടു 

'കഥ മനോഹരം.. എന്റെ ജീവിതം വരച്ചിട്ട പോലെയുണ്ട്...' 

കഥാകൃത്തിന്റെ മറുപടി വന്നു
 
'ഞാനാരുടെയും കഥകളല്ല എഴുതുന്നത് എന്റെ ഓരോ തോന്നലുകള്‍ മാത്രം' 

മുറിയിലെ അടുത്തബെഡില്‍ ആളുകള്‍ മാറി മാറി വന്നു..പലമുഖങ്ങളും പല സംസ്‌കാരങ്ങളുമുള്ളവര്‍.. ചെവിയിലെപ്പോഴും ഇയര്‍ഫോണായതിനാല്‍ പലരോടും ഒന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല.. ഓഫീസ് കഴിഞ്ഞെത്തിയാല്‍ അവര്‍ കുടുംബത്തോടും കുട്ടികളോടും ഫോണിലൂടെ സംസാരിക്കുന്നത് കാണുമ്പോള്‍ ശരിക്കും അനാഥത്വമെന്തെന്നറിയുകയായിരുന്നു... ആകെ  വരുന്ന കോളുകള്‍ കമ്പനിയില്‍ നിന്നോ ക്ലയന്റില്‍ നിന്നോ ഉള്ളത് മാത്രമായിരുന്നു...

വായനയുടെ വസന്തകാലത്തില്‍ അനിതയെന്ന കഥാകാരിയുടെ രചനകള്‍ ചുറ്റിലും പൂത്തു നിന്നു.. അവളെഴുതുന്ന ഓരോ കഥയിലും വരികളിലും സ്വയം തിരഞ്ഞു...  മനസിനിണങ്ങുന്ന വിധം കഥാപാത്രങ്ങളെ വളച്ചൊടിച്ചു.. എന്നും അവളുടെ ഒരു കഥാപാത്രമായി തീരാനായി  കൊതിച്ചു. 

ഒരു കഥയിലൊരു കഥാപാത്രം പറഞ്ഞ വരികള്‍ ക്വോട്ട് ചെയ്തു വെച്ചു 

'ഉരുകിയൊലിക്കുന്ന നിന്റെ മനസിലെ നട്ടുച്ചയില്‍ ഒരു കുളിര്‍ തെന്നലായി ഞാന്‍ തലോടാനായെത്തും.. അന്ന് നക്ഷത്രങ്ങള്‍ നമ്മെ നോക്കി പുഞ്ചിരിക്കും...പാതിരാകാറ്റില്‍ നിന്റെ മുടിയിഴകള്‍ തലോടി കൊണ്ട് നിന്റെ മടിതട്ടില്‍ കിടന്ന് മൃദുലമായ നിന്റെ പേലവാധരങ്ങള്‍ ഞാന്‍ നുണയും.. നീയറിയാതെ ഞാനായി മാറുകയും ഒടുവില്‍ നമ്മളായി തീരുകയും ചെയ്യുന്ന മറ്റൊരു പുലരി വന്നെത്തും.. ആദ്യാനുരാഗത്തിന്റെ മഴനനഞ്ഞ പകലുകള്‍ നമുക്കായി കാത്തു നില്‍ക്കും... '

' മനോഹരം അനിതാ... അതിമനോഹരം ഈ വരികള്‍... മനസിലൊരു മഴപെയ്തു നനഞ്ഞ പോലൊരു സുഖം ഇത് വായിച്ചപ്പോള്‍ '' 

പിറ്റേന്ന് തന്നെ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു...രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അത് ആക്‌സപ്റ്റ് ചെയ്തതായി കണ്ടു.. കൂട്ടത്തില്‍ മെസഞ്ചറിലൊരു മെസേജും 

'താങ്കള്‍ എന്റെ രചനകള്‍ മുടങ്ങാതെ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു നന്ദി വായനക്കും അഭിപ്രായത്തിനും' 

'നിങ്ങള്‍ക്ക് ജീവിതമെഴുതാനറിയാം മനസിനുള്ളില്‍ പ്രണയം നശിക്കാത്തൊരെഴുത്തുകാരിയാണ് നിങ്ങള്‍... നിങ്ങളുടെ പ്രായമോ രൂപമോ ഒന്നുമെനിക്കറിയില്ല പക്ഷേ മനോഹരമായ ഒരു മനസ് നിങ്ങള്‍ക്കുണ്ടെന്ന് തോന്നുന്നു...മനസു വായിക്കാനറിയുന്നൊരെഴുത്തുകാരി.'
മഴക്കാലമായതോടെ വര്‍ക്ക് കുറഞ്ഞപ്പോള്‍ സാലറിയും അതുപോലെ കട്ടായി തുടങ്ങി.. വരും ദിവസങ്ങളിലെ മങ്ങിയ പകലുകളെ കുറിച്ചുള്ള ചിന്തകള്‍ മനസിനെ കീഴ്‌പെടുത്താന്‍ തുടങ്ങി... കുട്ടികളെ കാണാനായി പോകാറുള്ള ദിനങ്ങള്‍ എല്ലാ ആഴ്ചയും എന്നത് മാസത്തിലൊരിക്കലെന്നായി.. അച്ഛന്‍ എന്നതില്‍ നിന്ന് അപരിചിതന്‍ എന്ന നിലയിലേക്ക് പോകാനധിക നാള്‍ വേണ്ടി വരില്ലെന്ന് ഓരോ പോക്കിലും മക്കള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.. 

ഒരു മുറിയില്‍ രണ്ടുകട്ടിലുകളിലായി ദാമ്പത്യം വേര്‍തിരിക്കപെട്ടപ്പോള്‍ ഹോസ്റ്റല്‍ മുറിയിലെ ഇരുമ്പ് കട്ടിലുതന്നെയാണ് ഇതിലും നല്ലതെന്ന് തോന്നി തുടങ്ങി...പണത്തിലും  സുഖസൗകര്യങ്ങളിലുമാണ് ഇന്ന് ബന്ധങ്ങളുടെ വേരുകളൂന്നിയിരിക്കുന്നതെന്ന് തോന്നി... മനസ്.. അങ്ങനൊരു സാധനത്തിന് പ്രസക്തി നഷ്ടമായിരിക്കുന്നു... പരസ്പരമറിയാത്തവരുടെ മനസറിയുന്നതെങ്ങനെ... 

(തുടരും)
---------------©ramesh krishnan-----------------

Post a Comment

1 Comments