പൂമരുത് | കൃഷ്ണവേണി

malayalam-short-story


'ഗൗതമി....എനിക്ക് നിന്നെ കാണണം '

'ഇപ്പോള്‍ കണ്ടിട്ടെന്തിനാ ജസീം? '

'നിന്നോട് സംസാരിക്കണം...
നിനക്ക് നാളെ ഞാന്‍ പഠിച്ച കോളേജിലേക്ക് വരാന്‍ കഴിയുമോ ഗൗതമി.? '

'നിന്റെ കോളേജിലേക്കോ.? '

'അതെ... 
നാളെ കോളേജില്‍ ക്ലാസ്സ് ഇല്ല, കുട്ടികള്‍ക്ക് പരീക്ഷയാണ്. 
ആരും അവിടെ ഉണ്ടാകില്ല, 
നമുക്ക് അല്‍പനേരം അവിടെ സംസാരിച്ചിരിക്കാം...
 നീ വരില്ലേ ഗൗതമി.? '

'ഉം.. വരാം...എപ്പോഴാണെന്ന് നീ പറയു..'

'രാവിലെ 11 മണിക്ക് ' 

അവന്‍ പറഞ്ഞുനിര്‍ത്തി 

തലേന്ന് സന്ധ്യക്ക് ഉണ്ടായ ഫോണ്‍ സംഭാഷണങ്ങള്‍ പിന്നെയും പിന്നെയും ഓര്‍ത്തുകൊണ്ട് അവള്‍ നടന്നു 
അവന്‍ പഠിച്ചിറങ്ങിയ കോളേജിലേക്ക്. 

എന്തൊക്കെയോ ചിന്തിക്കുന്നതിനിടയിലും 
പിന്നില്‍നിന്നും അവന്റെ ശബ്ദം അവള്‍ പ്രതീക്ഷിച്ചു. 

'ഗൗതമി....'
അവന്‍ ആയിരുന്നു അത് 

'ഉം നീ ഇത്രവേഗം എത്തിയോ. '
ഗൗതമി ചോദിച്ചു.

'വാ നമുക്ക് ഒരുമിച്ച് പോകാം '

'വേണ്ട നീ പൊക്കൊളു, കുറച്ചല്ലേ ഉള്ളു ഞാന്‍ നടന്നോളാം. '

'പറയുന്നത് കേള്‍ക്കു ഗൗതമി... 
ഒരുപാടുണ്ട് നടക്കാന്‍.
നീ വണ്ടിയില്‍ കയറു. '

'വേണ്ട ജസീം, ഞാന്‍ നടന്നുവന്നോളാം. 
നീ അവിടെ മുറ്റത്ത് നിന്നാല്‍മതി.'

അവന്‍ വന്ന വണ്ടി അവളെയും കടന്ന് മുന്നിലെ കലാലയം ലക്ഷ്യമാക്കിപ്പോയി. 
അവള്‍ അങ്ങനെ നടന്നു. 
വഴിയിലെ മരങ്ങളും, അവളുടെ ഉള്ളം പോലെ ഓളം പടര്‍ന്ന കായലും, നിശബ്ദമായ ആ പാതയും
 എല്ലാം അവള്‍ക്ക് അപ്പോള്‍ മാത്രം ഒരു പുതുമയായി തോന്നി. 

ബാല്യത്തിലെപ്പോഴോ മനസ്സില്‍ കോറിയിട്ട അവന്റെ മുഖവും ഇന്ന് അവള്‍ക്ക് ഒരു പുതുമയായി തീര്‍ന്നിരിക്കുന്നു. 

അവളുടെ ചിന്തകള്‍ കായലോളം പോലെയായിരുന്നിട്ടും, 
ചിന്തകള്‍ക്ക് കായല്‍പോല്‍  ആഴവും ഉണ്ടായിരുന്നില്ല.... 
എന്തെന്നാല്‍, അവള്‍ ഒന്ന് ആഴത്തില്‍ ചിന്തിച്ചിരുന്നേല്‍ ഇന്ന് ഈ യാത്രയും കണ്ടുമുട്ടലും ഉണ്ടാകുമായിരുന്നില്ല.... 

'എന്തിനുവേണ്ടിയാണ് ഈ കണ്ടുമുട്ടല്‍.? 
ഈ കലാലയം എനിക്കത്ര അപരിചിതം അല്ലല്ലോ..!
എന്നിട്ടും ഞാന്‍ എന്തിനുവേണ്ടി അവന്റെ ക്ഷണം സ്വീകരിച്ചു.? 
ഒരു സന്ദര്‍ശകയായി അവനോടൊന്നിച് ഈ കലാലയം കാണുവാന്‍.'
ഇങ്ങനെ എന്തോക്കെയോ ചോദ്യങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടവള്‍ കവാടത്തിനരികില്‍ എത്തി. 
കുറച്ചു ദൂരെ മാറി കവാടത്തിനരികില്‍ അവന്‍ അവളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 

'ജസീം... '
അവള്‍ കൈവീശി അവന്റെ അടുക്കലേക്ക് നടന്നു. 

'വാ നമുക്ക് കുറച്ച് നടക്കാം. '
അവന്‍ പറഞ്ഞു. 

അവര്‍ രണ്ടുപേരും വിജനമായ വരാന്തയിലൂടെ നടന്നു. 

'ഗൗതമി.. '

'ഉം '

'നീ എന്താ ഒന്നും പറയാത്തത് '

'ജസീം, നീയല്ലേ എന്നോട് എന്തൊക്കെയോ പറയാന്‍ ഉണ്ടെന്ന് പറഞ്ഞത്. '

'നീ ഈ കോളേജ് മുഴുവന്‍ കണ്ടിട്ടുണ്ടോ?'
അവന്‍ ചോദിച്ചു.

'ഇല്ല.'

'നമുക്ക് ഇവിടം മുഴുവന്‍ നടന്നുകണ്ടാലോ?'

'ഉം'

അവര്‍ ഒന്നിച്ചു നടന്നു.

'ഗൗതമി.... നമ്മള്‍ തമ്മില്‍ സംസാരിച്ചിട്ട് എത്ര വര്‍ഷം ആയിട്ടുണ്ടാവും? '

'എന്റെ കണക്കുകൂട്ടലില്‍ ഒരു പന്ത്രണ്ട് വര്‍ഷം ആയിട്ടുണ്ടാവും.
അന്ന് വഴക്കടിച്ച് നമ്മുടെ സൗഹൃദം പിരിയുമ്പോള്‍ നിനക്കും എനിക്കും പത്തുവയസ്... 
പിന്നീട് നമ്മള്‍ സംസാരിച്ചതേ ഇല്ല... '

'ഈ കാലമത്രയും നമ്മളെന്തേ ഒന്നും മിണ്ടിയില്ല.?'
അങ്ങനെ ഒരു ചോദ്യം അവനില്‍നിന്ന് അവള്‍ പ്രദീക്ഷിച്ചില്ല.

'നീ എന്നെ എങ്ങനെ ഓര്‍ത്തെടുത്തു ജസീം.?'
അവള്‍ ചോദിച്ചു. 

'വര്‍ഷങ്ങള്‍ക്കിപ്പുറം
വഴിയില്‍വച്ചപ്പോഴോ കണ്ണുടക്കിയതാവാം ഈ കണ്ടുമുട്ടലിന്റെ ആധാരം.'
അവന്‍ പറഞ്ഞു.

കോളേജിന്റെ ഇടനാഴികള്‍ പലതുംകടന്ന് അവരുടെ ശബ്ദം സഞ്ചരിച്ചു. 
ചുവരുകള്‍ മൊഴിഞ്ഞത് അവരുടെ പരിഭവങ്ങള്‍ ആയിരുന്നു. 

'ജസീം...' 
അവളുടെ ആ വിളിയില്‍ എല്ലാ ചോദ്യങ്ങളും ഉണ്ടായിരുന്നു. 

'ഒരിക്കല്‍ ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു ജസീം. 
ഇപ്പൊ ഈ നിമിഷവും, ഇതിന്റെ ആനന്ദവും അന്നെപ്പോഴോ ഞാന്‍ ആഗ്രഹിച്ചിരുന്നു. 
എന്നിട്ടും നീ എന്നെ അറിഞ്ഞില്ല. 
നീയെന്ന തേന്‍ മലരിനുചുറ്റും പാറിനടന്ന അനേകം മധുപങ്ങളില്‍ ഒന്നുമാത്രമായിരുന്നില്ലേ ഞാന്‍.'

'മതി... നിര്‍ത്തു ഗൗതമി.'

'ഒരിക്കല്‍പോലും നീ എന്നെ കേട്ടില്ല.
ഇപ്പോഴെങ്കിലും എന്നെ നീ കേള്‍ക്കു...
ഇന്ന് ഈ വരവിന്റെ ഉദ്ദേശവും, കാരണവും ഒന്നും എനിക്കറിയില്ല. 
ഒരുക്ഷണം കൊണ്ട് നീ  കാണണം എന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ നിന്റടുത്തേക്ക് ഓടിവന്ന എന്നെ എനിക്ക് മനസ്സിലാവുന്നില്ല. 
ജസീം... ഞാന്‍ നിന്നോട് ഒന്ന് ചോദിക്കട്ടെ.? '

'ഉം.'

'അന്ന് നീ എന്തിന് എനിക്കുനേരെ മുഖം തിരിച്ചു.? 
അവള്‍ ചോദിച്ചു.

'ഞാന്‍ മറ്റാരെയോ തിരയുകയായിരുന്നു അപ്പോള്‍.'
അവന്‍ പറഞ്ഞു.

'എങ്കില്‍ നീ എന്തിന് ഇപ്പോള്‍ എന്നെ തേടി വന്നു.? 

'നീ എന്റെ മനസിന് പൂര്‍ണത നല്‍കുന്നു.' അവന്‍ പറഞ്ഞു. 

'വെറും മോഹം മാത്രമല്ലേ  നിനക്കെന്നോട്.? '

'എനിക്കറിയില്ല ഗൗതമി.'
അവന്‍ നെടുവീര്‍പ്പിട്ടു. 

'നിന്നെ എനിക്ക് ഒരിക്കലും വെറുക്കുവാന്‍ സാധിച്ചില്ല. 
പ്രണയമോ, ഒരുനല്ല സൗഹൃദമോ നീ എനിക്ക് നല്‍കിയില്ല.'
അവള്‍ പരിഭവം പറഞ്ഞുകൊണ്ടേയിരുന്നു. 

'ഗൗതമി...'
ആ ഒരു വിളിയില്‍ അവന്‍ അവിടെ നിശബ്ദത പടര്‍ത്തി. 

അവളുടെ ഉള്ളറയിലെവിടെ നിന്നോ കാട്ടുതേന്‍ പോലെ കിനിഞ്ഞിറങ്ങിയ വാക്കുകള്‍ക്കവന്‍ തടയണ തീര്‍ത്തു. 

'നിന്റെ പരിഭവങ്ങളെല്ലാം എനിക്ക് മരവിപ്പ് നല്‍കുന്നു ഗൗതമി...
ക്ഷണികമായ ഈ നിമിഷത്തില്‍ നിനക്ക് എന്റേതാകുവാനോ എനിക്ക് നിന്റേതാകുവാനോ സാധിക്കുന്നില്ല. 
എങ്കിലും ഞാന്‍ ഖേദിക്കുന്നു. 
കഴിഞ്ഞ കാലത്തെയോര്‍ത്ത്. 
നീ എന്നെ സ്‌നേഹിച്ചിരുന്നു,
ഞാന്‍ അന്ന് മറ്റൊരുവളെയും. 
ഇന്ന് ഞാന്‍ നിന്റടുക്കലേക്ക് ഓടിവന്നപ്പോഴേക്കും നീ മറ്റൊരാളുടേതായി മാറികഴിഞ്ഞിരുന്നു...'
അവന്‍ ഇത്രയും പറഞ്ഞുനിര്‍ത്തി. 

'നീ ഒരുപാട് വൈകിപ്പോയി ജസീം... 
നമുക്ക് ഒരു കൂടിച്ചേരലില്ല. 
പരിഭവങ്ങളും.
പക്ഷെ എന്റെ മനസിന്റെ ആകാശത്ത് വിധു പോലെ നീ... 
ഒളിയില്‍ നിന്നെ ഞാന്‍ കണ്ടില്ല. 
തമസ്സ് നിനക്കുനേരെ വിരല്‍ചൂണ്ടി. 
ഇപ്പോള്‍ ഞാനറിയുന്നു എനിക്ക് നിന്നെ ഒരിക്കലും മറക്കുവാന്‍ മാത്രം ആവുന്നില്ലെന്ന്. 

'ഗൗതമി..'

'ഉം.'

'ഞാന്‍ നിന്നെ ഒന്ന് ചുംബിച്ചോട്ടെ.?'

അവളുടെ മറുപടി കേള്‍ക്കാതെ അവന്‍ അവളുടെ നെറുകയില്‍ ചുംബിച്ചു. 

നെറുകയില്‍ പീയുഷം ഇറ്റിച്ചപോലെയും, 
അവന്റെ അധരം ഒരു ആരണ്യ പുഷ്പം പോലെയും അവള്‍ക്ക് തോന്നി. 
അവള്‍ ഒന്നും പറഞ്ഞില്ല 
ആനിമിഷത്തില്‍ നിശ്ശബ്ദതക്ക് ചിറകുമുളച്ചു;അര്‍ത്ഥമില്ലാത്ത വാക്കുകള്‍ പൊട്ടിച്ച് അവ പറന്നുപൊങ്ങി. 

'ഗൗതമി..'
അവന്റെ മധുപമപ്പോള്‍ മകരന്ദത്തില്‍ മുങ്ങി ചിറകുകളൊട്ടി അവനുനേരെ മിഴിച്ചു. 

'നീ എന്നെ ചുംബിക്കില്ലെ ഗൗതമി.? '

'ഇല്ല.'
ആ മറുപടി അവള്‍ മനസ്സില്‍ കരുതിവച്ചതായിരുന്നു. 

'നിനക്ക് എന്നോട് വെറുപ്പ് തോന്നുന്നുവോ ഗൗതമി? '

'ഇല്ല,
മുന്‍മ്പേപ്പോഴോ ഞാന്‍ കൊതിച്ച ചുംബനമായിരുന്നു നീ നല്‍കിയത്.  
എനിക്ക് നിന്നോട് വെറുപ്പല്ല. 
നിസ്സഹായത എന്ന വികാരംവിട്ടെനിക്ക് പുറത്ത് കടക്കുവാനാവുന്നില്ല. 
അത്രമാത്രം.'
ആ നിമിഷത്തിലായിരിക്കാം അവന്റെ നിശബ്ദതയും അവളുടെ നിസ്സഹായതയും പ്രണയത്തിലായത്. 

'കണ്മഷി തുടക്കു ഗൗതമി.'

'ഇല്ല.'

'നിന്റെ കണ്ണിലെ മഷിയാകെ പടര്‍ന്നു.'

'ഉം'
അവള്‍ കണ്ണുതുടച്ചു. 

'എനിക്ക് ദാഹിക്കുന്നു ജസീം'

'എനിക്കും'

അവരുടെ ഉള്ളിലെ തീയണക്കുവാന്‍ വെള്ളംകൊണ്ടാവില്ലായിരുന്നു....

'നേരം ഒരുപാടായി ഗൗതമി. 
തിരികെ പോകണ്ടേ.? '

'ഉം,  വേണം... നമുക്ക് നടക്കാം.'

അവര്‍ തിരികെ നടന്നു....
വിശാലമായ കലാലയ മുറ്റത്ത് പച്ച വിരിച്ചുപടര്‍ന്നു പൂവിട്ട ഒറ്റമരം ചൂണ്ടി അവള്‍ അവനോട് ചോദിച്ചു.

'ജസീം... ആ നില്‍ക്കുന്ന മരം എന്താണെന്ന് നിനക്കറിയാമോ?'

'ഇല്ല...'

'പൂമരുത്....'

ഊതനിറത്തില്‍ നിറയെ പൂക്കളുള്ള ആ മരം അവളുടെ മഷിമങ്ങിയ, കലങ്ങിയ കണ്ണുകള്‍ക്ക് തണുപ്പേകി... 

'എനിക്കതില്‍നിന്നും ഒരു പൂങ്കൊമ്പ് ഓടിച്ചുതരാമോ? '
അവള്‍ ചോദിച്ചു. 

പൂകൊണ്ടുമൂടിയ ചില്ലയില്‍നിന്ന് ഒരു പൂങ്കുല ഒടിച്ച് അവന്‍ അവള്‍ക്കുനേരെ നീട്ടി.
ആ പൂങ്കുല അവള്‍ ഭദ്രമായി ബാഗിനുള്ളില്‍ ഒളിപ്പിച്ചു.

'ഗൗതമി..  വണ്ടിയില്‍ കയറു.
ബസ് സ്റ്റോപ്പ് വരെയെങ്കിലും....'

അവള്‍ക്ക് മറുത്തൊന്നും പറയാനായില്ല.  
അവള്‍ ഒരിക്കല്‍ മോഹിച്ച യാത്ര... 
ആ യാത്രയില്‍, 
കൂടിച്ചേരലില്ലാത്ത അവരുടെ ആത്മാവില്‍ അവന്‍ ഒരു കവിത കുറിച്ചിട്ടു. 
ചുവന്ന നിറത്തില്‍....
അതവളുടെ ഹൃദയത്തില്‍ ചോര പൊടിച്ചു. 
അവന്‍ അവളെ തിരികെ ബസ്സ് കയറ്റിവിടുമ്പോള്‍ ജനല്‍ വശം ഇരുന്നവള്‍ അവനുനേരെ മിഴിയെറിഞ്ഞു 
യാത്ര പറയുവാനാകാതെ. 
ബസ്സിറങ്ങി അവള്‍ വീട്ടിലേക്ക് നടന്നു. 
വീട്ടിലേക്കുള്ള ഓരോ കാല്‍വെപ്പിലും ചിന്തകള്‍ മരിച്ചു വീഴുന്നപോലെ അവള്‍ക്ക് തോന്നി. 
മനസിനും ശരീരത്തിനും വല്ലാത്ത ഒരു ഭാരം അവള്‍ക്കപ്പോള്‍ അനുഭവപ്പെട്ടു.

'മോളെ നീ വന്നോ.
ഭക്ഷണം കഴിക്കണ്ടേ 
സമയം 4 ആയിരിക്കുന്നു'
അമ്മയായിരുന്നു അത്. 

'വേണ്ട അമ്മേ'

'അമ്മ ചായ ഉണ്ടാക്കട്ടെ.? '

'വേണ്ടമ്മേ എനിക്കൊന്നുറങ്ങണം.'

ബാഗ് മുറിയിലെവിടെയോ വച്ച് അവള്‍ കിടക്കയില്‍ കിടന്നു.
വല്ലാതെ മയങ്ങിപ്പോയി. 
ഏറെ നേരത്തെ ക്ഷീണം പെയ്‌തൊഴിഞ്ഞപ്പോള്‍ അവള്‍ കിടക്കവിട്ടുണര്‍ന്നു. 
അവള്‍ ആദ്യം തിരഞ്ഞത് ബാഗ് ആയിരുന്നു. 
ബാഗില്‌നിന്നും അടരാതെ പൂമരുതിന്‍കുല അവള്‍ കൈവെള്ളയില്‍ വച്ചു. 
ആ കുലയിലെ പൂക്കള്‍ വാടിയിരുന്നു. 
ഇതളുകള്‍ ഇറുന്നുവീഴാന്‍  തുടങ്ങിയിരുന്നു. 

ആ പൂക്കളുടെ അരണ്ട ഗന്ധത്തിനു അവളുടെ ആത്മാവിനെ പിടിച്ചുലക്കാന്‍ സാധിക്കുമായിരുന്നു, അവനെപ്പോലെ. 
അവളുടെ ചിന്തകള്‍ കാര്‍മേഘം പോലെ ഇരുണ്ടുമൂടി.

ഈ ഇരുട്ടിലും കണ്ണുകള്‍ നിറം ചാലിക്കുന്നത് നിന്റെ രൂപം. 
മനസ്സ് മന്ത്രിക്കുന്നത് നിന്റെ നാമം. 
അത്രമേല്‍ വേരോടിയിരിക്കുന്നു നീ എന്നിലും. 
കെട്ടുപിണഞ്ഞ വേരുകള്‍ക്കിടയില്‍ അടര്‍ന്നുവീണ പൂമരുതുപോല്‍ ഞാന്‍. 
അവള്‍ മനസ്സില്‍ നിനച്ചു. 

ചിന്തകളില്‍ മരവിപ്പും, പൊള്ളലും അനുഭവപ്പെട്ടപ്പോളും അവള്‍ അത് ആസ്വദിക്കാന്‍  പഠിച്ചുകഴിഞ്ഞിരുന്നു. 

ഇനിയൊരിക്കലും ഇതുപോലെ ഒരു കണ്ടുമുട്ടല്‍ നമുക്കിടയില്‍ ഉണ്ടാവില്ലായിരിക്കാം. 
ഇനിയൊരിക്കലും വിജനമായ വഴിയും, നിശ്ചലമായ മരങ്ങളും, ആളൊഴിഞ്ഞ കലാലയവും നമ്മെ വരവേല്‍ക്കില്ല. 
നിന്റെ മൗനവും എന്റെ നിസ്സഹായതയുംതമ്മില്‍ ആവോളം പ്രണയിക്കുമ്പോള്‍ എന്റെ കേസരപുടത്തിനും അരണ്ട ഗന്ധത്തിനുമിടയില്‍ നാം കണ്ടുമുട്ടും. 
വാടിയ ദളങ്ങള്‍ അവള്‍ അവളുടെ  ഹൃദയത്തില്‍ തറച്ചുവച്ചു. 

----------©കൃഷ്ണവേണി--------------

Post a Comment

0 Comments