ഒരു കൂറ്റന്‍ പാറയുടെ ,
അകം ചൂഴ്‌ന്നെടുത്ത ശൂന്യത!
ഓര്‍മകള്‍ ഇഴുകി പിടിച്ച നനവ്,
ഇടയ്ക്ക് മുറിഞ്ഞ വേരുകളുടെ പകപ്പ്,
വെളിച്ചം തൊട്ട് വേദനിക്കുന്ന തമസ്ഥലികള്‍,
ശിലയുടെ മുന്നൂര്‍ക്കുടം
പൊട്ടിയൊഴുകുന്ന ജലം!
വെളിച്ചം നുരക്കുന്ന വ്രണം പോലെ,
കുത്തിത്തുറന്ന രണ്ടറ്റങ്ങള്‍.....
തുരങ്കത്തിലേക്ക് കാണാതാകുന്ന ഒരു തീവണ്ടി,
വെളിച്ചത്തില്‍ നിന്നും ഇരുളിലേക്ക്,
ചടുലമായൊരു കടന്നു പോകല്‍,
വേഗത്തിന്റെ ഉളിത്തലപ്പ് കൊണ്ട്,
അടര്‍ന്നു വീഴുന്ന തുരങ്കമുഖങ്ങള്‍ !
തുരങ്കത്തിനുള്ളില്‍
ഉറ പൊഴിഞ്ഞു വീഴുന്ന മൗനം.
പാറയ്ക്കു മുകളില്‍
പൊട്ടി കുരുത്ത പൂക്കള്‍
തീവണ്ടിയിരമ്പങ്ങളില്‍ ഇളകുന്നു.
ശലഭരേണുക്കളുടെ നൃത്തം !
തുരങ്കത്തിന്റെ ഒരു തുമ്പില്‍,
ഒരു തീവണ്ടിത്തല കരഞ്ഞുയിര്‍ക്കുന്നു.
മറുതുമ്പില്‍ തീവണ്ടി വാല്‍,
ഉടലില്‍ നിന്ന് മുറിഞ്ഞു പുളയുന്നു!
ഒരു തീവണ്ടി...മൂന്നായി പിരിയുന്നു...
ഒന്ന് ഉയിര്‍പ്പിന്റെ വെളിച്ചത്തില്‍,
ഒന്ന് തുരങ്കസമാധിയില്‍,
ഒന്ന് ഉടലുപേക്ഷിച്ച വാലായി,
അവസാനത്തെ പിടച്ചിലില്‍....
-------------©mrudhula ramachandran--------------
2 Comments
ഒരു ചിത്ര० വരച്ചപോലെ നൊമ്പര० നീറിപ്പിടിയ്ക്കുന്നു.കവി.മൃദുല രാമചന്ദ്രന് അനുമോദനങ്ങൾ.ഡോ.ഷീല
ReplyDeleteകവിതയിലുറഞ്ഞ.. അലിഞ്ഞ... ഒരാത്മീയത 🙏🌹
ReplyDelete