രാജാവ് നഗ്‌നനെന്ന്
വെളിപ്പെടുത്തിയ കുട്ടിയെ
തുറുങ്കിലടച്ചവരെപ്പറ്റി
സംസാരിക്കാന്‍ കഴിയാത്തവന്റെ
കൈകളറുത്തവരെപ്പറ്റി
കേള്‍ക്കാന്‍ കഴിയാത്തവന്റെ
കണ്ണു ചൂഴ്‌ന്നെടുത്തവരെപ്പറ്റി
തൊഴിലു തെണ്ടി
കാല്‍പ്പാദം തേഞ്ഞവരെപ്പറ്റി
പുറം വാതിലിലൂടെ കയറി
ഇരിപ്പുറപ്പിച്ചവരെപ്പറ്റി
കാര്യം കാണാന്‍
അലഞ്ഞലഞ്ഞ്
അസ്ഥിതേഞ്ഞവരെപ്പറ്റി
കഴുതക്കാല് പിടിക്കാന്‍
മത്സരിച്ചവരെപ്പറ്റി
കൈക്കൂലി കൊടുത്ത്
മുടിഞ്ഞവരെപ്പറ്റി
അഷ്ടിക്കു വക നല്‍കാതെ
തെരുവിലെ പെണ്ണിന്റെ മാനത്തിന് വിലയിട്ട വരെപ്പറ്റി
രാഷ്ട്രീയം കളിച്ച്
രക്ഷകരെ കൊന്നവരെപ്പറ്റി
പുകഞ്ഞ അടുപ്പുകള്‍
വെള്ളമൊഴിച്ച്
കെടുത്തിയവരെപ്പറ്റി
പുഞ്ചിരിച്ചപ്പോള്‍
കയര്‍ത്തവരെപ്പറ്റി
കണ്ണീരൊഴുക്കിയപ്പോള്‍
അട്ടഹസിച്ചവരെപ്പറ്റി
എന്റെനേരെ
വിരല്‍ ചൂണ്ടിയവരെപ്പറ്റി
ഞാനിനിയുമെഴുതും
കൈകള്‍ വിറകൊള്ളും വരെ
വിരലുകള്‍ മരിക്കും വരെ
കണ്ണുകളില്‍
ഇരുട്ടു നിറയുംവരെ
ഞാനെന്ന പദം
ഇല്ലാതാകും വരെ.
----------©rajkumar-thumpamon-------
0 Comments