അകതാരിലൊരോമനക്കവിത
തിളച്ചുള്ച്ചൂടിനാല് പൊരിഞ്ഞ്
പകരുവാന്‍ വെമ്പലോടിരിപ്പൂ.
അമര്‍ത്തിയും കോരിയുമതിന്
പരുവമേതെന്നു നോക്കരുത്.
അതിരാവിലെ മുതല്‍ അടുക്കള
മുറുകെ പിടിച്ചവളുടെ ആറിയ
ആദ്യ ചായക്കിടയിലും ഒറ്റവലിക്ക്
അതിന്നൂര്ജ്ജമിറക്കായ്കയിലും
വഴുതി വീഴുന്ന ചില ചെറിയ നേരം
ഊതി പെരുപ്പിച്ചെടുക്കുന്നതാണ്.
ഉമ്മറത്തിരുന്ന് കാഴ്ചകള്‍ കണ്ട്
വാര്‍ത്തകള്‍ക്കൊപ്പം നിങ്ങള്‍
ആസ്വദിച്ചിറക്കുന്ന ചൂടു ചായ
മുതല്‍ അന്തിനേരം വരെയടുപ്പ്
അനുസരണയുടെ വെളിച്ചമാകെ,
രുചികളും വാസനകളും കലങ്ങിയ
മനസ്സുകളില്‍ നിന്ന് അരവിന്റേയും
നുറുക്കലിന്റേയും ഇടയില്‍ ഊറി
ഊറി വെന്തതെന്നെങ്ങനെ പറയും.
നളന്മാരുടെ ലോകം മാത്രമല്ലയിത്,
ഒറ്റവാക്കില്‍ പൊലിക്കുന്ന പെണ്ണിന്
അക്ഷയപാത്രം കൂടിയെന്നാരറിവൂ.
പുകഞ്ഞും അടിക്കു പിടിച്ചും
കഞ്ഞികെട്ടിയും ചിലപ്പോളത്
അരുചിയായി തോന്നിയേക്കാം.
എങ്കിലുമതിന് ഉള്പ്രേരണയൊരു
തരം വേവായ് തീ തിന്നു കൊണ്ട്
ഉയിരു വറ്റിക്കും ജീവിത വേനലില്‍
കുളിരു മുറ്റുന്ന ഹരിത തണുവാകാം.
കാറ്റടിച്ചെത്തുന്ന നോവിന് പെരുക്കം
ചാറ്റിയെടുത്തു കൊണ്ടിതാ വീണ്ടും
വക്കു പൊട്ടിയ തളികയിലൊരു കവിത.
കാഞ്ഞ വേവിലെ കിരുകിരുപ്പും
ഉടഞ്ഞ ബിംബങ്ങളുടെ കല്ലിപ്പും
ഊറ്റി വച്ചതിന്നകമറിഞ്ഞ വിളമ്പലും.
തിരുകിയിട്ട ദൃശ്യഭംഗികളൊക്കെ
മറഞ്ഞു പോം കാല ഗതിയില്‍,
നനുത്ത മോഹം കരുത്തയാക്കും
കനത്ത ജീവിത തുരുത്തിലെന്നും
തുടുത്ത ഭാവി ഭാവനയൊപ്പമല്ലോ.
---------------©shijichellamcodu-------------
2 Comments
നന്നായിട്ടുണ്ട്
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete