അതിരുകള്‍ | ഷബ്ന അബൂബക്കര്‍

kavitha-malayalam-athirukal


തിര്‍വരമ്പുകള്‍ തീര്‍ത്തിരുന്നെന്നുമെന്നില്‍ 
പിറകിലേക്കോടുന്ന ഓര്‍മ്മകള്‍ക്കൊടുക്കം
ബാല്യം മുതലിങ്ങോളമിന്നീ ഇരുട്ടിന്‍ കൂട്ടുവരേ
സംരക്ഷണത്തില്‍ നിന്നുമീ ഒഴിവാക്കലുകള്‍ വരേ

നിറയും കളികോപ്പിനാല്‍ വര്‍ണ്ണങ്ങളൊഴുകുന്ന 
നാല്‍ചുവരുകള്‍ക്കുള്ളിലായ് ബാല്യം സമ്മാനിച്ച്
കൗതുകമേറേ വിരിയുന്നൊരാ കുഞ്ഞിന്‍ മാനസം
അരികിലാക്കി അതിരറ്റ വാത്സല്യസ്‌നേഹത്താല്‍

പൊട്ടിത്തെറിക്കുന്ന കൗമാരക്കാലത്തിനറ്റം വരേ 
കാമമൊഴുകുന്ന മിഴികളില്‍ പറ്റാതെ കാത്തിടാന്‍ 
വേഷത്തിലും ഭാവത്തിലും പെരുമാറ്റച്ചട്ടത്തിലും
അതിരുകളേറെ തീര്‍ത്തവര്‍ നഷ്ടഭയത്തിനാല്‍

പിറന്നിടം വിട്ട് യൗവ്വനപ്പടവുകളോടിക്കയറുമ്പോള്‍ 
ഒരുനുള്ള് പൊന്നിനാല്‍ അന്യരായവരവകാശിയായ്
കരിപ്പിടിച്ച നാല്‍ച്ചുവരിനിപ്പുറം രുചികൂട്ടുമായ്
പ്രിയമായവരാലതിരുകളായി പിന്നെയുമൊരുപാട്

ഇടറിവീഴും വാര്‍ദ്ധക്യ പാതയില്‍ ശോഷിച്ച കാലും
നരവീണമുടികളും മറവീണമിഴികളും ഭാരമായ് മാറി
വിറക്കുന്ന കൈകളേ നോക്കുംവ്വെറുപ്പാലെ മക്കളും
അഭിമാനനഷ്ടത്തെ ചൊല്ലിയേറേ അതിരുകല്പിച്ചു

ഭിക്ഷത്തന്നൂ വൃദ്ധസദനത്തിനിരുണ്ട ചുവരുകള്‍
വ്യഥവേണ്ട തെല്ലുമേ കൂട്ടിനുണ്ട് സമപ്രായമായവര്‍ 
പുണ്യചെയ്തിപോല്‍ മൊഴിയവേ അറിയാതെപോയ്
സ്‌നേഹത്താങ്ങിനായേറെ കൊതിക്കുന്ന മാനസം
ജീവിച്ചിരിക്കേ ആത്മാവകന്നുപോയാ വാക്കിനാല്‍
ഭാഗ്യമെന്ന് നിനച്ചമക്കളും മനസിലെന്നും വിങ്ങലായ്.
------------©shabna-aboobakkar---------------

Post a Comment

0 Comments