ശനിയന്‍ | Episode 3.3

saniyan-episode-saniyan


ഫ്രാങ്കയിട്ട് പറഞ്ഞാല്‍ വിധി കേട്ട് പലരും ഞെട്ടി, ചിലര്‍ ഞെട്ടിയതായി അഭിപ്രായപ്പെട്ടു. എന്തെ ഇത് നേരത്തെ പറഞ്ഞില്ല ? എന്ന് ഒരു കൂട്ടര്‍. ഇതില്‍ നാട്ടുകാര്‍ അറിയാത്ത എന്തൊക്കെയോ ഉണ്ടെന്നു മറ്റൊരു കൂട്ടര്‍. കൂട്ടം കൂടി പരദൂഷണം പരത്തി ആകെ മൊത്തം കുളം കലക്കി അതിനിടയില്‍ കൂടി സത്യം എന്ന പിടി തരാത്ത വീരന്‍ കടന്നു കളഞ്ഞു. 'സത്യം ' ജയിച്ചത് ഭൂമിയില്‍ ആയതിനാല്‍  'സത്യത്തിന്റെ ' പങ്ക് എത്ര വീതം ആര്‍ക്കൊക്കെ എന്നാണ് ചില സാമൂഹിക വിരുദ്ധര്‍ ചോദിക്കുന്നത്. വില്ലന്മാരേ... അങ്ങ് സ്വര്‍ഗ്ഗ രാജ്യത്തിലെ വിധി ഭൂമിയില്‍ നടപ്പാക്കി എന്നാണ് പറയപെട്ടതു. മാപ്പു നല്‍കണം എന്റെ ചാമിയെ! ഇത്രയും നാള്‍ കൂടെ നിന്നവരോട് എന്താ പറയാന്‍ ഉള്ളത് എന്ന് ചോദിച്ചപ്പോള്‍, പ്രാര്‍ത്ഥിക്കുക എന്നാണ് പറഞ്ഞത്. കാര്യമായിട്ട് പറഞ്ഞതാണോ എന്തോ ?

നു മാസത്തിലെ തിരുവാതിര അതാണ് സാധാരണ കേട്ട് കേള്‍വി അല്ലെ പിന്നെ വല്ല ഗള്‍ഫ് പ്രോഗ്രാമോ കലോത്സവമോ ആവണം. ഇതിപ്പോ പാര്‍ട്ടി സമ്മേളനത്തിന് എന്നും പറഞ്ഞു ഇത്രയും ആളുകള്‍ തിരിഞ്ഞു കളിക്കേണ്ട വല്ല കാര്യവും ഉണ്ടോ ?അതും കൊറോണ വന്നു തലയ്ക്കു മീതെ കുന്തം പിടിച്ചിരിക്കുന്ന സമയത്തു. അല്ലെങ്കിലും പ്രതിഷേധങ്ങളും സമ്മേളനങ്ങളും ജനത്തിന് വേണ്ടി അല്ലല്ലോ, ആയിരുന്നേല്‍ ആദ്യ കൊറോണ കാലം മുതല്‍ രാഷ്ട്രീയക്കാര്‍ ഈ പരുപാടി നടത്തില്ലെല്ലോ എന്നതാണ് ചോദ്യം. കുടുംബത്തില്‍ ഒരു കല്യാണം നടത്താന്‍ 50 പേര്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരുപാടിക്ക് എണ്ണി തീരുന്നതാണ് കണക്ക്, എന്താലേ ? എല്ലാം ജനത്തിന് വേണ്ടി ആണെല്ലോ എന്നതാണ് സമാധാനം.  സര്‍ക്കാര്‍ സംവിധാനം എന്നൊരു സംവിധാനം ഉണ്ടത്രേ, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞടുക്കുന്ന സര്‍ക്കാര്‍ ജനത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും എന്നാണ് പണ്ട് സ്‌കൂളിലെ സാമൂഹിക പാഠം പഠിപ്പിച്ച അപ്പുകുട്ടന്‍ സാര്‍ പറഞ്ഞത്. സാറൊക്കെ ഇപ്പൊ എവിടെയാണോ എന്തോ?. 

ങ്ങനെ തിരുവാതിര കളി കാരണം മുന്നോട്ട് എന്ത്  എന്ന് താടിക്കു കയ്യും കൊടുത്തിരുന്ന ന്യായികരണ തൊഴിലാളികള്‍ക്ക് മുന്നില്‍ സരതുസ്ട്ര ഇപ്രകാരം പറഞ്ഞു 'ഉണര്‍ന്നു സംഘടിക്കുവിന്‍ ഈ പറഞ്ഞാല്‍ കേള്‍ക്കാത്തവന്മാര്  തിരഞ്ഞു കളിച്ചു ഇമേജ് കാക്ക കൊണ്ട് പോയി, എന്നാല്‍ വിഷമിക്കേണ്ട, ദുപ്പ ശെരിയാക്കാം' എന്ന് അരുളി ചെയ്തു. തിരുവാതിര ഓമിക്രോണ്‍ എന്നീ തണ്ടുതുരപ്പന്മാരെ ഒഴിവാക്കാന്‍ കോടിയേരി സഖാവ് ഒരു അടവ് അങ്ങ് എടുത്തു പൂഴിക്കടകനും തട്ടാമുട്ടിയും ഒന്നും അല്ല, വര്‍ഗീയത. ഇന്ത്യാ മഹാരാജ്യത്തിന്റെ പിറവി മുതല്‍ കൂടെ കൂടിയ തോഴന്‍. അതങ്ങനെ കത്തി പടര്‍ത്തി ചെളിവാരി എറിഞ്ഞു വരുന്ന വരവ് കണ്ടാല്‍ കാള പൂട്ടിനു പാടത്തു ഇറങ്ങിയ ഒരു മൊഞ്ചാണ്. എല്ലാവര്‍ക്കും അറിയാം എന്നാല്‍ ആരും സമ്മതിക്കാത്ത ചില കാര്യങ്ങള്‍ ഉണ്ട് അതില്‍ ഒന്നാണ് ഈ വര്‍ഗീയത.  നാട്ടുകാര്‍ക്ക് കാല്‍ കാശിന്റെ ഉപകാരം ഇല്ലേലും ഇത് വിട്ടൊരു കളി  ഇല്ല. എന്തായാലും പാര്‍ട്ടിയുടെ ഇമേജ് കളയുന്നത് കോണ്‍ഗ്രസ് ആണെല്ലോ, എന്നാ അതങ്ങു ഒതുക്കിയാല്‍ പോരെ ? കോറോണയും കെ റെയിലും ഒക്കെ കുറച്ചു നാളത്തേക്ക് ചാനല്‍ ചര്‍ച്ചയുടെ പരിസരത്തു വരില്ലല്ലോ ?  ഏത്, ഡാം പൊട്ടിയാല്‍ വെള്ളം എങ്ങോട്ടു പോകണം എന്ന് തീരുമാനിക്കുന്നത് വരെ ഈ ചാനല്‍ ചര്‍ച്ചയാ . അപ്പൊ പിന്നെ വര്‍ഗീയത അല്ലേല്‍ ജാതി. ഇജ്ജാതി സാധനം ഇട്ടുകൊടുത്താല്‍ അതിന്റെ പുറക്കെ പൊയ്‌ക്കൊള്ളും നാട്ടുകാര്‍. ഇതാണ് രാഷ്ട്രീയ പ്രബുദ്ധ ബുജികളുടെ വിശ്വാസം. 

ഫേസ്ബുക് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം എന്ന് ഒരു ചോദ്യം വന്നു എന്ന് വിചാരിക്കുക, അതിനുള്ള മറുപടി അതെ പടി എടുത്തു ബാക്കി ഉള്ള സാമൂഹിക മാധ്യമങ്ങളില്‍ കൊണ്ട് ഒട്ടിച്ചാലും ശെരി തന്നെയാണ്. പക്ഷെ ശെരിക്കും ഈ പട പുസ്തകം കൊണ്ട് എന്താണ് ഉപയോഗം ? എന്ത് ഉപയോഗം ! ഏഴുകടലിനു അക്കരെ ഇരിക്കുന്നവന്റെ സമാധാനം കളയാന്‍ ഇവിടെ നിന്നും, ഇവിടെ ഉള്ളവന്റെ സമാധാനം കളയാന്‍ അവിടെ ഉള്ളവനും അവസരം കൊടുക്കുന്ന പ്രഹസനം. ലൈക് കിട്ടാന്‍ ഉള്ള പെടാപാട് കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല. എന്നാല്‍ ഇതൊന്നും അല്ലാത്ത ചില കൂട്ടര്‍ ഉണ്ട് , തങ്ങളുടേതായ ഫേസ്ബുക് ലോകത്തിലെ ദൈവങ്ങള്‍ . ആന മുദ്ര പതിഞ്ഞ കുപ്പിയില്‍ നിന്നും നുണഞ്ഞു കൊണ്ട് വേറെ ഒരു തൊഴിലും ഇല്ലാത്തതു കൊണ്ടോ ( അതോ വേറെ തൊഴിലിനു കൊള്ളാത്തതു കൊണ്ടോ ) ഒരു തോല്പാവക്കാരെന്റെ വേഷം എടുത്ത് ഇട്ടു - അവിടെ ഒരു ലൈക് , ഇവിടെ ഒരു ഒട്ടിപ്പോ (സ്റ്റിക്കറെ - മനോരമയുടെ ബാലരമ വായിക്കണം ഓര്‍മ ഉണ്ടൊ ?) , കുറച്ചപ്പുറത്തു കുത്തിത്തിരുപ്പു മറ്റൊരിടത്തു അറിയാന്‍ പാടില്ലാത്ത കാര്യത്തെ പറ്റി പ്രഭാഷണം, ഹൈ ഒരു വക സാധനം . ഒരുത്തന്റെ അഭിപ്രായം അത്  മതം ആവട്ടെ, രാഷ്ട്രീയം ആവട്ടെ അല്ലെങ്കില്‍ സമൂഹത്തെ പറ്റിയുള്ള കാഴ്ചപാടാവട്ടെ അതില്‍ പക കൊണ്ട് പോക കയറി 'ഞാന്‍ എന്ന സല്‍ഗുണ സമ്പന്നന്‍ ഇങ്ങനെ വളഞ്ഞു കുത്തി ഇരിക്കുമ്പോള്‍ അനുവദിക്കില്ല' എന്ന മട്ടില്‍ ചരട് വലി തുടങ്ങും അവന്റെ ജീവിതമോ ജീവിതമാര്‍ഗമോ എന്തിനു ജീവന്‍ തന്നെ പോയാലും കുഴപ്പമില്ല ഈ ലോകം എന്റെ നോട്ടത്തില്‍ ആയകാലത്തോളം സമത്വ സുന്ദരം ആയിരിക്കണം (എന്റെ ജാതി എന്റെ മതം). ഈ ദുരിതം അനുഭവിക്കുന്നതില്‍ കോടിയുടെ നിറമോ വിശ്വാസമോ ഒന്നും ഒരു പ്രേശ്‌നല്ല ഇഷ്ടാ, നീ എന്ത് ചെയ്യണം എങ്ങനെ ചിന്തിക്കണം എന്ന് തോല്പാവക്കാരനായ ഞാന്‍ തീരുമാനിക്കും മനസിലായ.  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ജനസംഖ്യയില്‍ രണ്ടാമത് എന്നിട്ടും ഈ നാട് ഇങ്ങനെ ആയെങ്കില്‍, ഇത് പോലുള്ള കുള അട്ടകള്‍ ഉണ്ടായതു കൊണ്ടാണ് . വിശ്വാസം അത് രാഷ്ട്രീയം ആയാലും മതം ആയാലും നമ്മള്‍ ധരിക്കുന്ന അടിവസ്ത്രം പോലെ ആണെങ്കില്‍ ഒരു പ്രേശനവും ഇല്ല അവനവന്‍ അറിഞ്ഞാല്‍ മതി എന്തിനാ ലോകം അറിയുന്നത്), അതെടുത്തു മേലങ്കി ആകുന്നതാണ് ഈ നാടിന്റെ ശാപം. അതിനുപുറകേ ഈ മാതിരി കുഴിലെ കൂത്താടി തമ്പുരാന്മാരും കൂടെ ആവുമ്പോള്‍ പൂര്‍ത്തി ആയി.

ചൊറിതണം : ഒന്നുകില്‍ ആശാനേ വാരി തറയില്‍ കുത്തുക അല്ലേല്‍ കളരി കുളം തോണ്ടുക എന്നതാണ് ഇപ്പോഴത്തെ ഒരു സമാധാന പാലകരുടെ ഇടയിലെ സമാധാനമില്ലാത്തവരുടെ ഒരു രീതി. പൈസ കണ്ടാല്‍ മറിയുന്ന കാവല്‍ക്കാരുള്ള നാട്ടില്‍ സമരം ചെയ്തു വിവാദം ഉണ്ടാക്കി പിന്നെ അതൊരു സമരത്തിന് കാരണം ആയ കാലം ഒക്കെ കഴിഞ്ഞു. വിവാദങ്ങളില്‍ നിന്ന് ശ്രെദ്ധ തിരിക്കാന്‍ പുതിയ വിവാദം എന്നതാണ് രീതി. അല്ലേല്‍ പിന്നെ ചൈന സോഷ്യലിസ്റ്റ് എന്നൊക്കെ പടച്ചു വിടേണ്ട വല്ല കാര്യവും ഉണ്ടോ. ഇന്ന് മിണ്ടിയവനെ നാളെ കാണാത്ത നാടാണ് ചൈന ഇനി അതിനെയാണോ സോഷ്യലിസം എന്ന് ബേബി സര്‍ ഉദേശിച്ചത് എന്നറിയില്ല. പണ്ട് ചൈന എന്നും പറഞ്ഞു ഉണ്ടാക്കിയ പുകില്‍ അത്ര പെട്ടെന്ന് മറക്കാന്‍ വഴിയില്ലല്ലോ സഖാവേ.

---------------------©saniyan-------------------------

Post a Comment

1 Comments

  1. ഫ്രാങ്ക് ആയിട്ട് പറഞ്ഞാൽ തോൽപ്പാവക്കൂത്ത് കലക്കി ശനിയാണ് പ്പോ താരം... ആശംസകൾ

    ReplyDelete