പ്രണയം വറ്റുമ്പോൾ | ഗ്രീഷ്മ ബേബി

pranayam-vattumpol-kavitha


പ്രണയം വറ്റുമ്പോൾ
നമുക്കിടയിൽ
ഒരു വൻകര രൂപപ്പെടും

മറുകരകളിലിരുന്നു നാം 
പിടഞ്ഞു ചത്ത മീനുകളെ
നോക്കി പരിതപിക്കും

നിലച്ച തോണിയൊന്നിൽ
അവസാന വറ്റും
തിന്നുതീർത്ത ബലികാക്കകളുടെ
കാറിച്ചകൾ കേൾക്കാം

കാർമേഘങ്ങളാൽ ആകാശം
ഇരുണ്ടുകുത്തുമെങ്കിലും
വഴിമാറി വീശിയ കാറ്റടിച്ച്
മഴ മാറി പെയ്യും

ദാഹിച്ചു വലഞ്ഞ
ചുണ്ടുകളുള്ള
പറവകൾ മറുകരയിൽ നിന്നും
ഇക്കരെ പാറിനടക്കും

കറുത്ത റോസാ പുഷ്പങ്ങളുള്ള
ചെടിയുടെ മുള്ളുകൊണ്ട്
പൊടിഞ്ഞ രക്തത്തുള്ളികൾ
അവിടിവിടെയായി കാണും

കൂട്ടിലടയ്ക്കപ്പെട്ട
പ്രണയപറവകൾ
ആകാശത്തേക്കു പറന്നകലും

നിറം മങ്ങിയ
ചിത്രശലഭങ്ങൾ
വഴി മറന്നു
നവ പുഷ്പങ്ങൾ തേടിയലയും

പ്രണയം വറ്റുമ്പോൾ...
നമുക്കിടയിൽ
ഒരു വൻ കര രൂപപ്പെടും

നിന്നിൽ നിന്നും
എന്നിലേക്കുള്ള ദൂരം
ഇന്ന്
വിദൂരം...
---------©greeshma baby--------

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

8 Comments

Previous Post Next Post