സീതാ കല്യാണം | റോബിന്‍ പള്ളുരുത്തി

story=-malayalam-robin-palluruthi


ന്റെ പഴയ സൈക്കിളുമായി പതിവുപോലെ ജോലിക്കിറങ്ങിയ വേലുഅടഞ്ഞുകിടക്കുന്ന അയല്‍വാസിയും സുഹൃത്തുമായ പളനി സാമിയുടെ വീട്ടിലേക്ക് നോക്കി.

'മോളെ സീതേ നാളുകുറച്ചായല്ലൊ , നമ്മുടെ പളനി സാമി നാട്ടില്‍പ്പോയിട്ട്. സാധാരണയായി ഇത്രയും വൈകാത്തതാണ് . '

' പളനി അണ്ണന്‍ വരാന്‍ വൈകിയാല്‍ അദ്ദേഹത്തിന്റെ കയ്യില്‍നിന്നും പണം കടം വാങ്ങിയവര്‍ക്കെല്ലാം സന്തോഷമായിരിക്കുമച്ഛാ. '

വേലുവിന്റെ ചോദ്യത്തിന് സീത ചിരിച്ചുകൊണ്ടാണ് മറുപടിപറഞ്ഞത്. 

'കഴിഞ്ഞപ്രാവിശ്യം നിന്റെ കോളേജ് ഫീസ്സിനുള്ള പണം തികയാതെ വന്നപ്പോള്‍ ആ നല്ല മനുഷ്യനാണ് സഹായിച്ചത്. തമിഴ് നാട്ടില്‍നിന്നും നമ്മുടെ നാട്ടിലെത്തിയ അയാളുടെ കയ്യില്‍നിന്നും, ഇവിടെയുളള എത്രയോ മാന്യന്മാരാണ് ഓരോ ആവശ്യങ്ങള്‍പറഞ്ഞ് പണം കടം വാങ്ങിട്ടുള്ളത്. ആരെല്ലാം എത്രയാണ് വാങ്ങിയതെന്നു പളനിസാമിക്ക് മാത്രമേ അറിയു.
'
' ആങ്ങ് ഹാ... അപ്പോളെന്റെ കോളേജ് ഫീസ്സ് കൊടുക്കുവാന്‍ സമയമായതു കൊണ്ടാണോ ? അച്ഛന്‍ പളനി അണ്ണനെ അന്വേഷിച്ചത് കൊള്ളാം. '

വേലുവിന്റെ വാക്കുകള്‍കേട്ടതും സീത കളിയാക്കിക്കൊണ്ട് ചോദിച്ചു.

' അതല്ല മോളെ ... അച്ഛന്‍ തെങ്ങ് ചെത്താന്‍ പോയാല്‍ കിട്ടുന്ന ചില്ലറകൊണ്ട് വീട്ടിലെ അന്നന്നുള്ള കാര്യങ്ങള്‍ നീക്കാമെന്നല്ലാതെ കുറച്ചു തുക ഒന്നിച്ച് കയ്യില്‍വരണമെങ്കില്‍, നമ്മളെപ്പോലുള്ളവര്‍ക്ക് പളനി സാമി തന്നെ ആശ്രയം. '

വേലു സീതക്ക് മറുപടി നല്‍കിക്കൊണ്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ സൈക്കിള്‍ചവിട്ടി മുന്നോട്ട് നീങ്ങി. അച്ഛന്‍ പോയതും , സീത തന്റെ പതിവ് വീട്ടുജോലികള്‍തീര്‍ത്ത് കോളേജില്‍ പോകുവാനുള്ള തയ്യാറെടുപ്പില്‍ മുഴുകി. 

'അണ്ണാ .....വേലു അണ്ണാ '

അകത്തെ മുറിയില്‍ മുടി കെട്ടിക്കൊണ്ട് നില്‍ക്കുകയായിരുന്ന സീത പുറത്തുനിന്നും പരിചിതമല്ലാത്ത തമിഴ്‌മൊഴി കേട്ട് വാതിക്കലേക്ക് ചെന്നു..
മുന്നില്‍ നില്‍ക്കുന്ന യുവകോമളന്റെ ഭാഷകേട്ടപ്പോള്‍തന്നെ ആള് തമിഴനാണെന്ന് സീതക്ക് മനസ്സിലായി.

'സെയില്‍സ്മാനാണോ ...? സോറി ഇവിടെയൊന്നും വേണ്ട. '

ബാഗുമായി മുന്നില്‍ നില്‍ക്കുന്ന യുവാവിനോടായി അവള്‍പറഞ്ഞു.

'അയ്യോ ... സിസ്റ്റര്‍ ഞാന്‍ ഇങ്കെ സെയില്‍സിന് വന്നതല്ല ... വേലു അണ്ണനുടെ വീടുതാനെ ഇത്. ഞാന്‍ വെങ്കിടേഷ്, പക്കത്തു വീട്ടിലെ പളനിചാമിയുടെ മകന്‍ . '

അതുകേട്ടതും മുന്നില്‍ നില്‍ക്കുന്ന യുവാവിനെ സീത കണ്ണുകള്‍കൊണ്ട് വിലയിരുത്തി.

' നിറം കറുപ്പാണെങ്കിലും ആള് കാണാന്‍ സുമുഖനാണ് , പൂച്ച കണ്ണുകളും മുടി ഒതുക്കി വെട്ടിയ ഹെയര്‍സ്റ്റെലും , ഉറച്ചശരീരവും ഒത്തഉയരവും , സംസാരത്തില്‍ തമിഴ്ചുവയുണ്ടെങ്കിലും നല്ലശബ്ദമാണ് '

' സിസ്റ്റര്‍, വീടിന്റെ കീ ഇങ്കെ തന്നിട്ടുണ്ടെന്ന് അപ്പ സൊല്ലിയിരുന്തത്.. അതിനാലെ താ ... '

വെങ്കിടേഷിന്റെ ശബ്ദം കേട്ട് സീത ചിന്തയില്‍ നിന്നും ഉണര്‍ന്നു.

' പളനിയണ്ണന്റെ മകനാണോ ? അണ്ണനെ കാണാഞ്ഞിട്ട്  അച്ഛന്‍ ഇന്ന് രാവിലെകൂടി അണ്ണനെ പറ്റി ചോദിച്ചതേയുള്ളു. '

അകത്തു നിന്നും താക്കോലെടുത്ത് വെങ്കിടേഷിന് നല്‍കിക്കൊണ്ട് സീത പറഞ്ഞു.

' ഞാന്‍ സീതാലക്ഷ്മി വേലു എന്റെ അച്ഛനാണ്. പളനിയണ്ണന്‍ വന്നില്ലെ ?'

താക്കോല്‍വാങ്ങി തിരികെ നടക്കുവാന്‍ തുടങ്ങിയ വെങ്കിടേഷിനോട് തന്നെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സീത ചോദിച്ചു 

'അപ്പാ ഒരു വാരം മുന്നാലെ കാലമാണാര്‍. കാര്‍ഡിക്കറസ്റ്റ് . ഇങ്കെ നിറയേപ്പേര്‍ക്ക് അപ്പാ പണം കടംകൊടുത്തിരിക്ക്. എല്ലാവരേയും പാക്കണം. പണത്തെപ്പറ്റി പേസണം. അതുക്ക് താന്‍ ഞാന്‍ ഇങ്കെവന്തത്. മാറ്ററെല്ലാം പേസിമുടിച്ച് ഒരു വാരത്ത്ക്കുള്ളെ തിരുമ്പി ഊരുക്ക് പോകണം '.

വെങ്കിടേഷ് തന്റെ വരവിന്റെ ഉദ്ദേശം സീതയോട് വ്യക്തമാക്കിക്കൊണ്ട് അടഞ്ഞുകിടക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു.
വെങ്കിടേഷ് പോയതും സീത വാതില്‍ ചാരിക്കൊണ്ട് കോളേജിലേക്ക് പുറപ്പെട്ടു.

' അവസാനവര്‍ഷമാണ്. പരീക്ഷകഴിഞ്ഞ് ഒരു ഡിഗ്രി പേരിനൊപ്പം ഉണ്ടെങ്കില്‍പ്പിന്നെ എവിടേയെങ്കിലും  ജോലിക്ക് ശ്രമിക്കാം '
മനസ്സില്‍ കണക്കുകള്‍കൂട്ടി  കല്‍പ്പൊടി നിറഞ്ഞ പാതയിലൂടെ ബസ്സ് സ്റ്റോപ് ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍
കവലയില്‍വെച്ച് സീത അവളുടെ അച്ഛനെ കണ്ടു.

' അച്ഛാ പളനിയണ്ണന്റെ മകന്‍വന്ന് അവരുടെ വീടിന്റെ താക്കോല്‍ വാങ്ങിച്ചൂട്ടോ.  വെങ്കിടേഷ് എന്നാണ് അയാള്‍ പേര് പറഞ്ഞത് പിന്നെ അച്ഛാ പളനിയണ്ണന്‍ മരിച്ചു ! നെഞ്ചുവേദനയായിരുന്നു എന്നാണ് പറഞ്ഞ് . '

വേലു ചേട്ടന്‍ തന്റെ മകളുടെ വാക്കുകള്‍ക്ക് മറുപടിയൊന്നും പറയാതെ എല്ലാം കേട്ടുകൊണ്ടുനിന്നു .

'അച്ഛാ കള്ളുകുടിച്ച് കയ്യിലെ കാശൊന്നും തീര്‍ക്കരുതെട്ടോ. പളനിയണ്ണന്‍ ഇല്ലാത്തതാണ് കോളേജില്‍ ഫീസ്സ് അടക്കാനുള്ളതാണേ ഓര്‍മ്മ വേണം.'

ബസ്സ് വന്നതും അച്ഛന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സീത ബസ്സില്‍ക്കയറി.
അവള്‍ പോകുന്നതും നോക്കി വേലുഅല്പനേരം അവിടെത്തന്നെ നിന്നു.

' പളനിസാമി .... അവന്‍ തനിക്ക് വെറുമൊരു അയല്‍വാസി മാത്രമായിരുന്നൊ ..? തന്നേയും സീതയേയും ഉപക്ഷിച്ച് തന്റെ ഭാര്യ അവള്‍ക്ക് ഇഷ്ടപ്പെട്ടവന്റെകൂടെ ഇറങ്ങിപ്പോയതു മുതല്‍ ഒരു കൂടപ്പിറപ്പിനെപ്പോലെ ആശ്വാസമേകി കൂടെനിന്നവനാണ് .. കാമുകന്റെ ഒപ്പം പോയി രണ്ടാം നാള്‍ അവളുടെ ശവശരീരം കായലില്‍ കണ്ടപ്പോഴും . നീ ...നിന്റെ മകള്‍ക്ക് വേണ്ടി ജീവിക്കണമെന്നു പറഞ്ഞ്, ധൈര്യം നല്‍കി കൂടെ നിന്നവന്‍. പളനിസാമി,അവന്‍ യാത്രപോലും പറയാതെ തന്നെവിട്ട് പോയിരിക്കുന്നു. മറ്റുള്ളവര്‍ക്ക് പളനിസാമി ഒരു തമിഴന്‍ പലിശക്കാരന്‍ മാത്രമായിരുന്നിരിക്കാം.. പക്ഷേ തനിക്ക് അങ്ങനെയായിരുന്നോ ? തന്റെ തുച്ഛമായവരുമാനത്തിലും സീതയുടെ പഠിപ്പിനുള്ള പണം നല്‍കിയിരുന്നത് അവനല്ലെ ? തമാശക്കാണെങ്കിലും പളനിസാമി സീതയെനോക്കി തന്നോട് പറയാറുള്ളത് വേലുവിന്റെ മനസ്സില്‍മുഴങ്ങി.

'സീതമ്മ , എങ്കവീട്ടുക്ക് മരുമകളായി വരണം... അതെന്നുടെ കനവ് . '

പഴയകാര്യങ്ങള്‍ മനസ്സില്‍ ചിന്തിച്ച് വേലു അടുത്തുള്ള കള്ള് ഷാപ്പിലേക്ക് നടന്നു.

സീത കോളേജില്‍നിന്നും തിരിച്ചെത്തുമ്പോള്‍ കവലയില്‍ പോലീസും ആളുകളും കൂടിനില്‍ക്കുന്നത് കണ്ട് കാര്യമെന്തെന്നറിയാതെ ചുറ്റും നോക്കി..

'അച്ഛന്‍ ഇവിടെയെവിടെയെങ്കിലും കാണും '
അവള്‍ മനസ്സില്‍ പറഞ്ഞു കൊണ്ട് ആള്‍ക്കൂട്ടത്തിലെ ഓരോ മുഖങ്ങളിലേക്കും മാറി മാറി നോക്കി. അല്പം കഴിഞ്ഞതും, അരോ വിളിച്ചു പറയുന്ന ശബ്ദം അവളുടെ ചെവികളില്‍ മുഴങ്ങി

' വേലുവിനെ കൊണ്ടുവരുന്നുണ്ട് '

കള്ള് ഷാപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിന്റെ പുറകില്‍നിന്നും കൈകളില്‍ വിലങ്ങുമായി രക്തത്തില്‍ കുളിച്ച് പോലീസുകാരോടൊപ്പം നടന്നുവരുന്ന പരിചിതമായ മുഖംകണ്ട് അവള്‍ ഞെട്ടി

' അച്ഛന്‍ '

അവള്‍ തന്റെ ബാഗ് തെരുവില്‍ വലിച്ചെറിഞ്ഞ് അച്ഛന്റെ അടുക്കലേക്ക് ഓടി ..

'അച്ഛാ.... എന്താണിത് ..... ?എന്താ ... പറ്റിയത് ...? '

സീത നിലവിളിച്ചുകൊണ്ട് ചോദിച്ചു.

'മോളെ ...വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ... ഇന്ന് , ഞാനവനെ കണ്ടു. എന്റെ കൂടെ നടന്ന് നിന്റെ അമ്മയുമായി നാടുവിട്ട് അവളെ നമ്മളില്‍നിന്നും അകറ്റിയവനെ. നിന്റെ , അമ്മയില്ലാത്ത ലോകത്തില്‍ അവനും വേണ്ട. അവനെ ഞാന്‍ കൊന്നു. പളനിസാമിയുടെ മകനെ എനിക്ക് കാണണം. നീ ... അവനേയുംകൂട്ടി എന്നെ കാണുവാന്‍ വരണം . '

സീതയ്ക്കുള്ള മറുപടി നല്‍കിക്കൊണ്ട്. തല ഉയര്‍ത്തിപ്പിടിച്ച് വേലു പോലീസ് ജീപ്പില്‍ക്കയറി.
അച്ഛനേയുംകൊണ്ട് കണ്ണില്‍നിന്നും മറയുന്ന പോലീസ് ജീപ്പിനെ നോക്കി ആളുകള്‍ തിങ്ങിയ കവലയിലെ കല്‍പ്പൊടി പാതയില്‍ അവള്‍ കരഞ്ഞുകൊണ്ട് മുട്ടുകുത്തി.

നാളുകള്‍ പലതുകഴിഞ്ഞു കൊടതി വിധിവന്നു. വേലുവിനെ പതിനാല് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.
കഴിഞ്ഞ നാളുകളത്രയും സീതയ്ക്ക് തുണയായ് നിന്നത് വെങ്കിടേഷായിരുന്നു. അതുകൊണ്ടു തന്നെ നാട്ടിലെ സദാചാരവാദികളുടെ ഭീഷണികളും അവരെത്തേടിയെത്താന്‍തുടങ്ങി.

പളനിസാമിയില്‍നിന്നും വാങ്ങിയ പണം ആരും തിരികെനല്‍കേണ്ടതില്ലെന്നും, പുതിയ നിയമങ്ങള്‍ പ്രകാരം പലിശക്ക് പണം കെടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നും, അവര്‍ വീടുവിടാന്തരം കയറിയിറങ്ങി പറഞ്ഞു. അന്യസംസ്ഥാന പണമിടപാടുകാരെ നാട്ടില്‍നിന്നും ഒഴിപ്പിക്കുവാനും അവര്‍ പദ്ധതികള്‍ തയ്യാറാക്കിത്തുടങ്ങി..

'ഇന്ന് തന്റെ അച്ഛന്റെയടുക്കല്‍ വെങ്കിടേഷിനേയും കൂട്ടി ചെല്ലാമെന്ന് പറഞ്ഞ ദിവസമാണ്. '
മനസ്സില്‍ മുന്‍കൂട്ടി നിശ്ചയിച്ച തീരുമാനത്തോടെ സീത രാവിലേതന്നെ അവളുടെ പണികളെല്ലാം ഒതുക്കിക്കൊണ്ട് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

'സീതാ ... നീ ഇന്ത നേരമായിട്ടും റഡിയായതില്ലയാ ? '

' ഇതാ ഇറങ്ങി. വാതിലൊന്നടച്ചാല്‍മതി '

ശബ്ദം കേട്ടതും
വീടിന് മുന്നില്‍ നില്‍ക്കുന്ന വെങ്കിടേഷിന് സീത മറുപടി നല്‍കി.

വീടുപൂട്ടിയിറങ്ങിയ അവള്‍ പുറത്തു കാത്തുനിന്നിരുന്ന വെങ്കിടേഷിന്റെ ബൈക്കില്‍കയറി. നാട്ടുകാരുടെ തുറിച്ചു നോട്ടങ്ങള്‍ക്കിടയിലൂടെ അവര്‍ ആരേയും കൂസാതെ മുന്നാട്ട് നീങ്ങി. വിജനമായ വീഥികള്‍ പിന്നിട്ട് സെന്റര്‍ ജെയിലിന്റെ കവാടവും കടന്ന്, അകത്തുള്ള വിസിറ്റിങ്ങിന് റൂമില്‍ വേലുവിനെ കാണുവാനായി ... അയാളുടെ വരവിനായി അവര്‍ കാത്തുനിന്നു.
അല്പനേരം കഴിഞ്ഞതും രണ്ട് പോലീസ്സുകാരുടെ അകമ്പടിയോടെ വേലു അവരുടെ മുന്നിലെത്തി.

'മോളെ സീതെ നീയെന്നോട് ക്ഷമിക്ക് . ഒരു നിമിഷം ഞാന്‍ നിന്നെ പറ്റി ഓര്‍ത്തിരുന്നുവെങ്കില്‍ ....'

അച്ഛന്റെ വാക്കുകള്‍ കേട്ടതും സീത കരയുവാന്‍ തുടങ്ങി.

' വേലു അണ്ണാ ഞാന്‍ വെങ്കിടേഷ്... പളനിചാമിയുടെ മകനാണ് ....'

'മനസ്സിലായി.. സീത പറഞ്ഞിരുന്നു പളനിയണ്ണന്റെ മകന്‍ വന്നിട്ടുണ്ടെന്ന്. പക്ഷേ നേരില്‍ കാണുന്നതിന് മുന്നേ ...'

'എല്ലാമെനിക്ക് തെരിയും വേലുവണ്ണാ ..അപ്പാ.. ശൊല്ലി, കുറേ കാര്യങ്കള്‍ എനിക്കും അറിയാം... ഒപ്പം കൊഞ്ചം മലയാളവും. ഞാന്‍ ഇപ്പോ ഉങ്കളെ കാണാന്‍ വന്തത് മറ്റൊരു വിഷയം പറയാന്‍ വേണ്ടിയാണ്. '
'
വേലു എന്താണെന്ന ഭാവത്തില്‍ വെങ്കിടേഷിനെ നോക്കി.

' അതു വന്ത് ... എനിക്ക് സീതാലച്മിയെ പുടിച്ചിരിക്ക് ... എനിക്ക് , അവളെ കല്യാണം പണ്ണണമെന്ന ആശയിരിക്ക്. നിങ്കെ തപ്പായെടുക്കാത് . എനിക്കിന്ത പലിശക്ക് പണം കൊടുക്കുന്നത് പുടിക്കാത്ത തൊഴില്‍ . ഞാന്‍ എം.ബി.എ വരെ പഠിച്ചിരുക്ക് , ഊരിലെന്‍ അപ്പാവുക്ക് അമ്പത് ഏക്കര്‍ നിലമിരുക്ക്... അതില്‍ സ്വന്തമായ് വ്യവസായം പണ്ണണം എന്നത് എന്നുടെ ആസൈ ... 
ഞാന്‍ നാളെ ഊരുക്ക് തിരുമ്പിപ്പോകും എന്‍ കൂടെ സീതാവും എന്‍ മനൈവിയായ് വരണം എന്നത് എന്‍ കനവ് . ഇനി നീങ്കള്‍ താന്‍ ഒരു മുടിവ് സൊന്നണം .'

വെങ്കിടേഷ് പറഞ്ഞു നിര്‍ത്തിയതും വേലു സീതയെ നോക്കി.
അച്ഛന്റെ നോട്ടത്തിലെ ചോദ്യം മനസ്സിലായപോലെ അവള്‍ പറഞ്ഞു.

' അച്ഛന്‍ ജെയിലിലായതില്‍പ്പിന്നെ എന്നെ സംരക്ഷിത് വെങ്കിടേഷാണ് . ആ സ്‌നേഹവും കരുതലും എനിക്കിഷ്ടമാണ് ....'

സീതയുടെ വാക്കുകള്‍ കേട്ട് നിറഞ്ഞ കണ്ണുകളോടെ വേലു . പറഞ്ഞുതുടങ്ങി.

' പളനിസാമി എനിക്ക് കൂടപ്പിറപ്പായിരുന്നു. തമാശക്കായിരുന്നെങ്കിലും അവന്‍ എന്നോട് പറയുമായിരുന്നു. സീതയെ അവന് മരുകളായി വേണമെന്ന് ... ഇത് അവന്റെ ആഗ്രഹമാണ് അവന്റെ തീരുമാനമാണ്. എനിക്കതില്‍ സന്തോഷമേയുള്ളൂ .. മക്കളെ ..'

വേലു പറഞ്ഞുകഴിത്തതും സമയം കഴിഞ്ഞെന്ന പോലീസുകാരന്റെ അറിയിപ്പെത്തി. സീതയേയും വെങ്കിടേഷിനേയും അനുഗ്രഹിച്ചശേഷം നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് അയാള്‍, തിരികേ നടന്നു ... അടുത്ത ദിവസ്സം തന്നെ സീത വെങ്കിടേഷിനോടൊപ്പം അവളുടെ പുതിയ ജീവിതം തുടങ്ങുവാന്‍ തമിഴ്മണ്ണിന്റെ മരുമകളായി  പുതിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയും തുടങ്ങി...
--------------©robin-pallurithi----------

Post a Comment

3 Comments

  1. വെങ്കിടേഷ് ചെയ്തത് വളരെ നല്ലൊരു കാര്യം. തന്റെ ഭാര്യ ഇല്ലാതാക്കിയ കാമുകനെ കൊന്നിട്ട് ജയിലിൽ പോയത് അഭിമാനം തന്നെ. നല്ല കഥ. അഭിനന്ദനങ്ങൾ

    ReplyDelete