നോവിന്റെ സംഗീതിക | മനോജ് ചാരുംമൂട്

kavitha-novinte-snageethika


നോവൂറ്റിയെഴുതിയ വരികളെ നുളളിക്കീറി 
അവന്‍ ഭ്രാന്തമായി ചിരിക്കെ ചിതറി വീണയക്ഷര
ക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു കവിത

കാവ്യ തപസ്സിന്നൊടുവില്‍ വീണു
കിട്ടിയ വാക്കുകളാല്‍ കുറിച്ച
കവിതക്കു ചോരയുടെ മണം
വരികളിലാകെ തീച്ചൂട് പുക

വിശപ്പിന്റെ സംഗീതം കുറിച്ച
തെരുവില്‍ പിഞ്ചിക്കീറിയ തുണി
കൂട്ടിപ്പിടിച്ചൊരു വേശ്യയിരിക്കുന്നു
അരുകിലെല്ലൊട്ടിയൊരു പൈതലും

പലരാല്‍ പിഞ്ചിയതുണിയിലേക്കു
പിന്നെയുംകൂര്‍ക്കുന്നുണ്ടാഭാസ
നോട്ടങ്ങള്‍ നിശീഥിനിയിലൊരു സുഖം
പകലോ വേശ്യയെന്നാര്‍ത്തു പുച്ഛം

നെഞ്ചിലേക്കെറിഞ്ഞ നാണയങ്ങള്‍
ക്കൂട്ടി കുഞ്ഞിന്നെരിവയര്‍ പാതി 
എങ്കിലും നിറക്കാന്‍ സ്ത്രീത്വമെരിച്ചാ
മാതൃത്വം സ്വയം നോവേറുന്നു

ഒരിക്കലൊരു കൂട്ടം ചെന്നായകള്‍
തെരുവില്‍വട്ടം കൂടി കടിച്ചു 
കുടഞ്ഞെറിയുമ്പോള്‍ പിഞ്ചിയ
ശരീരത്തില്‍ ജീവനില്ലാതെയായി

അനാഥനാം എല്ലൊട്ടിയോന്‍
എങ്ങോട്ടോ തേങ്ങിക്കരഞ്ഞോടി
നോവൂറ്റി എഴുതിയെഴുതി തളരുന്നു
ഭ്രാന്തമീ നോവിന്റെ സംഗീതിക.
-------------©manoj-charummoodu-------------

Post a Comment

1 Comments