ഇഷ്ടിക ജാതിക്കാരന്‍ | സജി.വി. ദേവ്

ishta-jaathikkaaran


നിങ്ങള്‍ അടുക്കുതോറും 
അടരുകയും
പൊട്ടി പിളരുകയും
ചെയ്യുന്ന നേരം
ചേലൊത്ത് വിടര്‍ന്ന്
അടരാതെ നില്‍ക്കുമീ
വന്‍മതില്‍ കോട്ട കണ്ടിട്ടാണോ
കൂട്ടുകാരാ
നിന്റെയുള്ളിലെ നീല വിഷം
തേച്ച നാവ് ഞങ്ങളെ
ഇഷ്ടിക ജാതിക്കാര്‍
എന്ന് വിളിച്ചത്.

വെറിയുടെ പ്രണയ ചത്വരത്തില്‍
പൂത്ത നെല്ലിമരത്തിലെ
കായ തിന്ന നിനക്കെന്നും
കാഞ്ഞിരകയ്പുനീരിറക്കം
മണ്‍വിളക്കുകളുടെ
വെട്ടത്ത് കൈക്കുമ്പിളില്‍
നിലാവിനെ കോരി
മധുരം നുകര്‍ന്നവര്‍
ഞങ്ങളല്ലേ.

എന്നിട്ടും നിന്റെയുളളിലെ
നീല വിഷം തേച്ച നാവ്
ഞങ്ങളെ ഇഷ്ടിക ജാതിക്കാര്‍
എന്ന് വിളിച്ചത്.

മരവിച്ച ചേഷ്ടകളുമായി നീ
പലായനം ചെയ്യേണ്ടി വരുo നേരം
നീ മരുഭൂമിയും ഞങ്ങള്‍
ആകാശവുമാവുന്നു.
അശാന്തമായ ചുഴലിയില്‍
നീ പമ്പരമാവുമ്പോള്‍
ഹൃദയത്തെ കുത്തി നോവിക്കാത്ത
കാറ്റായ് തഴുകുന്നവരാണ് ഞങ്ങള്‍ .

എന്നിട്ടും നിന്റെയുളളിലെ
നീല വിഷം തേച്ച നാവ്
ഞങ്ങളെ ഇഷ്ടിക ജാതിക്കാര്‍
എന്ന് വിളിച്ചത്.

പൂക്കാനറിയാത്ത മരമായി
വരണ്ട ഹൃദയത്തിനു ചുറ്റും
ഇരുട്ടിനാല്‍ മറക്കപ്പെട്ട
നിന്നിലവരിപ്പോഴും
വിഷം ചുരത്തും നേരം
മണ്‍വിളക്കുകള്‍ പൂത്ത്
കാറ്റിന് മുന്‍പേ ചതിയുടെ
ഗന്ധമറിഞ്ഞ് ഇഴഞ്ഞു നീങ്ങുന്നു
ഞങ്ങളെന്ന ഓര്‍മ്മ സര്‍പ്പം.

എന്നിട്ടും നിന്റെയുളളിലെ
നീല വിഷം തേച്ച നാവ്
ഞങ്ങളെ ഇഷ്ടിക ജാതിക്കാര്‍
എന്ന് വിളിച്ചത്.

നിന്റെ ഉടല്‍ മാനങ്ങളില്‍
ചെതുമ്പലടര്‍ന്ന
വാക്കുകള്‍ എന്റെ
അസ്ഥിയില്‍ പുതുഉറവ
പൊട്ടിക്കുന്നു.
പുഴയില്‍
വെയിലില്‍
മഴയില്‍
കാറ്റായ്
കതിരായ്
നിന്നെ ഒളിപ്പിക്കുവാന്‍
ആറടി മണ്ണ് തിരയുമ്പോഴും

എന്നിട്ടും നിന്റെയുളളിലെ
നീല വിഷം തേച്ച നാവ്
ഞങ്ങളെ ഇഷ്ടിക ജാതിക്കാര്‍
എന്ന് വിളിച്ചത്.

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

1 Comments

Previous Post Next Post