അവള്‍ വന്നത് ശ്രദ്ധിക്കാതെ കട്ടിലിന്റെ പടിയിലേക്ക് ചാരിവച്ച തലയിണയില്‍ ചാരികിടന്നു കൊണ്ട് അയാള്‍ എന്തോ ആസ്വദിച്ചു വായിക്കുന്നത് കണ്ടു. അവള്‍ കൈ കൊണ്ട് പുസ്തകത്തിന്റെ പുറം ചട്ടയില്‍ പിടിച്ചു ഒന്ന് നോക്കി , 'ഓ , ഇതാണോ ഇത്ര ആസ്വദിച്ച് വായിക്കുന്നത് ? '......അശ്വത്ഥാമാവ് വെറും ആന....' പുറം ചട്ടയിലെ പേര് ഒരു നീരസത്തോടെ ചുണ്ട് കോട്ടി കൊണ്ടവള്‍ പറഞ്ഞു.
'എന്തേ ..... നിനക്ക് പിടിച്ചില്ലേ ? നീ വായിച്ചിട്ടുണ്ടോ ? ' പുസ്തകത്തില്‍ നിന്ന് മുഖമുയര്‍ത്തി കൊണ്ട് അയാള്‍ അവളോട് ചോദിച്ചു.
'ങും , എനിക്ക് വേണ്ടായേ .... ടി.വി വാര്‍ത്തകളില്‍ ധാരാളം കേട്ടിട്ടുണ്ട് ...........അത് മതിയല്ലോ ...'
കുറച്ചു ഈര്‍ഷ്യയോടവള്‍ കിടക്ക വിരി വലിച്ചു വിരിച്ചിട്ടു. തലയിണ നേരെ വച്ചുകൊണ്ടു പറഞ്ഞു,'ഞാന്‍ ലൈറ്റ് അണക്കാന്‍ പോകാ.....നാളെ കുട്ടികള്‍ക്ക് സ്‌കൂള്‍ ഉണ്ട്, നേരത്തെ എണീക്കണം ' എന്ന് പറഞ്ഞു കൊണ്ടു ലൈറ്റ് അണച്ച് കിടക്കയില്‍ വന്ന് കിടന്നു. അയാള്‍ വായിച്ച പുസ്തകത്തിന്റെ പേജിന്റെ അരിക് മടക്കി അടയാളം വച്ച് കൊണ്ട് പുസ്തകം മേശപ്പുറത്തേക്ക് കയ്യെത്തിച്ചു വച്ച് നിശബ്ദനായി നിവര്‍ന്നു കിടന്നു.
തുറന്നിട്ട ജനല്‍ പാളിയിലൂടെ അരിച്ചിറങ്ങുന്ന നിലാ വെ.ളിച്ചത്തില്‍ കര കര ശബ്ദത്തില്‍ കറങ്ങുന്ന ഫാനിലേക്ക് നോക്കി കൊണ്ട് അവള്‍ ചോദിച്ചു, ' രവിയേട്ടാ ...... നിങ്ങള്‍ എപ്പോഴെങ്കിലും എന്നെ സ്‌നേഹിച്ചിട്ടുണ്ടോ ...........'
അയാള്‍ അവളുടെ അടുത്തേക്ക് ചെരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു,' നിമ്മീ .......... എന്താ നിനക്ക് ഇങ്ങനെ ഇപ്പോള്‍ തോന്നാന്‍ ....... '
കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീര്‍ കൈത്തലം കൊണ്ട് തുടച്ചു അവള്‍ ചോദിച്ചു ,....' എന്നെ നോക്കിയില്ലെന്നോ അസുഖം വന്നപ്പോള്‍ ചികില്‍സിച്ചില്ലെന്നോ അല്ല ..... മനസ്സ് കൊണ്ട് എന്നെങ്കിലും എന്നെ നിങ്ങള്‍ സ്‌നേഹിച്ചിട്ടുണ്ടോ .....? ' മൂക്ക് വലിക്കുകയും കൈകള്‍ കൊണ്ട് കവിളിലൂടെ ഒഴുകിയ കണ്ണീര്‍ ചാലുകള്‍ തുടച്ചു കൊണ്ട് അവള്‍ ജനാലയ്ക്ക് അഭിമുഖമായി ചെരിഞ്ഞു കിടന്നു ....' നിങ്ങളുടെ നഷ്ട്ട പ്രണയത്തിന്റെ ദുഃഖത്തില്‍ നിന്ന് കരകയറാന്‍ വീട്ടുക്കാരുടെ നിര്‍ബന്ധത്തിനു ഒരു വിവാഹം ....... അതിനപ്പുറം ......നിങ്ങള്‍ക്ക് ഞാന്‍ ആരുമായിരുന്നില്ല ... ...' അവള്‍ ഏങ്ങലടിക്കുവാന്‍ തുടങ്ങി .
'വിവാഹ പ്രായം കഴിഞ്ഞിട്ടും ജാതക ദോഷമോ നിന്റെ വിധിയോ എന്നെനിക്കറിയില്ല ... നിന്റെ വിവാഹം നടക്കാതെ പോവുകയും നിന്റെ താഴെയുള്ള രണ്ടു സഹോദരിമാരുടെയും വിവാഹം കഴിഞ്ഞു പോയിട്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ നിനക്ക് ഒരു ജീവിതം വച്ച് നീട്ടിയതാണോ ഞാന്‍ ചെയ്ത തെറ്റ് .. .... ? അയാള്‍ അല്‍പ്പം ക്ഷോഭത്തോടെ ചോദിച്ചു ......'
അവള്‍ ഒന്നും മിണ്ടിയില്ല ... തുറന്നിട്ട ജാലകത്തിലൂടെ അരണ്ട വെളിച്ചത്തില്‍ ആകാശത്തു തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങളെ നോക്കി കിടന്നു. തെല്ലു കഴിഞ്ഞു അവള്‍ അയാള്‍ക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു.
'രവിയേട്ടന് വിഷമമായോ ........ഞാന്‍ അങ്ങയെ വിഷമിപ്പിക്കാനോ ദേഷ്യം പിടിപ്പിക്കാനോ ചോദിച്ചതല്ല . എനിക്കും കുട്ടികള്‍ക്കും വേണ്ടി ഏട്ടന്‍ ജീവിച്ചിട്ടുണ്ടോ ........ഞങ്ങളോടൊപ്പം ജീവിച്ചിട്ടുണ്ടോ .... ഏട്ടനോടൊപ്പം ജീവിച്ചു കൊതി തീര്‍ന്നില്ല .... അതോണ്ട് ഓരോന്ന് ചോദിച്ചു പോയതാ ........... ' അവള്‍ അയാളുടെ നരകേറിയ നെഞ്ചിലെ രോമങ്ങള്‍ക്കിടയിലേക്ക് തലചേര്‍ത്ത് വച്ച് തേങ്ങി കരഞ്ഞു. അവളുടെ മുടിയിലൂടെ കൈകള്‍ കൊണ്ട് തലോടി കൊണ്ട് അയാള്‍ ഓര്‍ത്തു ........
ഒരു രാത്രിയില്‍ അച്ഛന്‍ ഞങ്ങളെ അമ്മയുടെ വീട്ടില്‍ കൊണ്ട് വിട്ട് ഉപേക്ഷിച്ചു പോകുമ്പോള്‍ ആറോ ഏഴോ വയസ്സ് മാത്രമേ തനിക്കുള്ളൂ. തന്നെക്കാള്‍ ഇളയതായി രണ്ടു പെണ്‍കുട്ടികള്‍......... രണ്ട് ദിവസം മുന്‍പ് അമ്മയുടെ ഒരേയൊരു ആങ്ങള ശബരിമലക്ക് കെട്ടും നിറച്ചു പോയിരിക്കുകയായിരുന്നു. അന്നൊക്കെ ശബരിമലയ്ക്ക് പോയി തിരിച്ചു വരാന്‍ പത്തും പതിനഞ്ചും ദിവസം പിടിക്കും. എരുമേലി മുതല്‍ കാല്‍നടയായിട്ടാണ് പോകുന്നതും വരുന്നതെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
അമ്മാവന്‍ മടങ്ങിയെത്തിയപ്പോള്‍ വിവരമറിഞ്ഞു അച്ഛനെ തേടി പോയി. പെങ്ങളെയും കുട്ടികളെയും ഉപേക്ഷിച്ചു പോയതിന്റെ കാര്യം അറിയാന്‍ ചെന്നപ്പോഴാണ് അച്ഛന് മറ്റൊരു സ്ത്രീയുമായി സംബന്ധമുള്ള വിവരം അറിയുന്നത്. അമ്മാവന്‍ അച്ഛനെ ദേഷ്യം തീരുവോളം തല്ലിയെന്നും കൊടുത്ത സ്ത്രീധനം തിരിച്ചു തന്നില്ലെങ്കില്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആള്‍ക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് . അച്ഛന്‍ അതോടെ ഉണ്ടായിരുന്ന വീടും പറമ്പും വിറ്റ് അമ്മാവന് കാശ് കൊണ്ട് കൊടുത്തു വെന്നും പിന്നീട് അച്ഛന്‍ ആ സ്ത്രീയുമായി നാട് വിട്ടു പോയെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീടൊരിക്കലും അച്ഛന്‍ ഞങ്ങളെ തേടി വന്നതായി അറിവില്ല.
പഠിക്കാന്‍ മിടുക്കനായത് കൊണ്ട് എന്നെ അമ്മ പഠിപ്പിച്ചു. പെണ്‍കുട്ടികളില്‍ മൂത്തവള്‍ പഠിക്കാന്‍ അത്ര മിടുക്കി ആയിരുന്നില്ല. പത്താം തരം കഴിഞ്ഞപ്പോള്‍ അമ്മയുടെ കൂടെ അടുത്ത വീട്ടുക്കാരുടെ പാടത്തു കൊയ്ത്തിനും പണിക്കും പോകും. ഒരിക്കല്‍ കൊയ്ത്തു കഴിഞ്ഞു കറ്റ മെതിയ്ക്കുമ്പോള്‍ ആ വീട്ടിലെ ഗോമതിയേടത്തി അവളോട് പറഞ്ഞു , 'മല്ലികേ ........... നീ ഈ പാടത്തും വെയിലത്തും നടന്ന് കറുത്ത് കരിവാളിയ്ക്കുന്നതിലും നല്ലത് തയ്യല്‍ പഠിക്കാന്‍ നോക്ക്. പഠിച്ചു കഴിയുമ്പോള്‍ ഒരു തയ്യല്‍ മെഷിന്‍ ഞാന്‍ വാങ്ങി തരാം ..........'
പിന്നീട് അവള്‍ ടൗണില്‍ ഒരിടത്തു തയ്യല്‍ പഠിക്കാന്‍ പോയി തുടങ്ങി. തയ്യല്‍ പഠിക്കാന്‍ പോയി വരുമ്പോള്‍ വഴിയില്‍ കണ്ട് ഇഷ്ട്ടമായെന്ന് പറഞ്ഞു മൂന്നാന്‍ കൃഷ്ണന്‍ കുട്ടിയേയും കൂട്ടി അങ്ങാടിയില്‍ തയ്യല്‍ കട നടത്തുന്ന ശ്രീധരന്‍ അവളെ പെണ്ണ് കാണാന്‍ വന്നു. പത്തൊമ്പതാം വയസ്സില്‍ അവളുടെ കല്യാണം നിശ്ചയിക്കുമ്പോള്‍ ഞാന്‍ ഡിഗ്രി അവസാന വര്‍ഷം പഠിയ്ക്കുന്നു. പലയിടത്തു നിന്നും കടംവാങ്ങിയും നാട്ടിലെ സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്തും അവളെ കല്യാണം കഴിപ്പിച്ചു വിട്ടു.
ഡിഗ്രി അവസാനവര്‍ഷത്തെ ഒടുവിലത്തെ പരീക്ഷ കഴിഞ്ഞു ഞാനും ഗീതയും നെഹ്‌റു പാര്‍ക്കിന്റെ ഒരൊഴിഞ്ഞ മൂലയിലെ സിമെന്റ് ബഞ്ചില്‍ ഇരുന്നു സംസാരിക്കുകയായിരുന്നു . ഡിഗ്രിക്കു ഒരേ കഌസ്സില്‍ പഠിയ്ക്കുന്ന ഒരേ പ്രായത്തിലുള്ള രണ്ടു ചെറുപ്പക്കാര്‍ തമ്മിലുള്ള പ്രണയം....... ' രവി, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പിടിച്ചു നില്‍ക്കുന്നതിനു പരിമിതിയുണ്ട് . രണ്ടു വര്‍ഷം എങ്ങനെയെങ്കിലും ഞാന്‍ കാത്ത് നില്‍ക്കാം. അതിനുള്ളില്‍ എന്നെ കൂട്ടി കൊണ്ട് പോകുവാനുള്ള കാര്യങ്ങള്‍ ചെയ്യണം .........' അവളുടെ ആ സംസാരം എന്റെ നെഞ്ചില്‍ തീ കോരിയിടുകയായിരുന്നു ......
ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞതേയുള്ളു. അതിന്റെ കടങ്ങള്‍ തീര്‍ക്കാനുണ്ട് . ഇനി വര്‍ഷം തികയുമ്പോഴേക്കും അവളുടെ പ്രസവം ..... മറ്റുള്ള കാര്യങ്ങള്‍ ......... അതൊക്കെ തീരുമ്പോഴേക്കും താഴെയുള്ള സഹോദരി ഉഷയുടെ വിവാഹ കാര്യം കൂടി ........ അതെല്ലാം ഗീത പറഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ തീരുമോ എന്ന ആധിയാണ് അയാളുടെ മനസ്സില്‍ നിറഞ്ഞത് .........
നെഹ്‌റു പാര്‍ക്കില്‍ നിന്ന് പിരിയുമ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള ധാരണയനുസരിച്ചു ജോലി തേടി ഞാന്‍ ബോംബെയിലേക്ക് പുറപ്പെട്ടു. ഒരു കമ്പനിയില്‍ നല്ല ജോലിയും കിട്ടി.
മല്ലികയുടെ രണ്ടു പ്രസവം , ഉഷയുടെ കല്യാണം എല്ലാം നടത്തുവാനുള്ള ഓട്ടത്തിനിടയില്‍ ഗീത പറഞ്ഞ രണ്ടു വര്‍ഷത്തെ കാര്യം നീട്ടി വച്ചു. മനഃപൂര്‍വം മറന്നതല്ല. പക്ഷേ, അവള്‍ കാത്തിരിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചു . എന്നാല്‍ അവളെ ഒരു ഗള്‍ഫുക്കാരന്‍ കല്യാണം കഴിച്ചു കൊണ്ട് പോയെന്ന് ഒരു സുഹൃത്തില്‍ നിന്ന് ഞാനറിഞ്ഞു. ആദ്യമൊക്കെ കുറെ കരയുകയും സങ്കടപ്പെടുകയും ചെയ്തു. പിന്നെ ഗീതയെ തനിക്ക് വിധിച്ചിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടാന്‍ ശ്രമിച്ചു.
ഉഷയ്ക്ക് കുറച്ചു കൂടി വിദ്യാഭ്യാസവും സൗന്ദര്യവും ഉണ്ടായിരുന്നത് കൊണ്ട് നല്ലൊരു വീട്ടില്‍ നിന്ന് ബന്ധുത കിട്ടി. തനിക്ക് ബാധ്യത കൂടി എന്ന് മാത്രം. ബോംബെക്കാരന്‍ ആയതിനാല്‍ മൂന്നാന്‍മാര്‍ സ്ത്രീധനം കൂടുതല്‍ ചോദിച്ചു. മാത്രമല്ല, അപ്പോഴേക്കും ഞങ്ങള്‍ അമ്മയുടെ വീട്ടില്‍ നിന്ന് ഭാഗം കിട്ടിയ സ്ഥലത്തു ഭേദപ്പെട്ട ഒരു വീടും പണിതിരുന്നു.
തനിക്ക് ഇനിയൊരു കല്യാണമേ വേണ്ടെന്ന് കരുതിയതാണ്. ഗീത വേറെ കല്യാണം കഴിച്ചു പോയത് താന്‍ വാക്ക് പാലിക്കാത്തത് കൊണ്ടാണെങ്കിലും അവളുടെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ സങ്കല്‍പ്പിക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ ഉഷ കല്യാണം കഴിഞ്ഞു വീടിന്റെ പടിയിറങ്ങിയതിന്റെ പിറ്റേന്ന് മല്ലിക എന്റെ കല്യാണക്കാര്യം ബന്ധുക്കളുടെ മുന്നില്‍ അവതരിപ്പിച്ചു.
എന്നാല്‍ അമ്മ പറഞ്ഞു, ' ആണുങ്ങള്‍ ഇച്ചിരി വൈകി കല്യാണം കഴിച്ചാലും മതി ...... പെങ്കുട്ട്യോളുടെ കാര്യങ്ങള്‍ എല്ലാം കഴിയട്ടെ .........'
രാത്രി ഭക്ഷണം കഴിഞ്ഞു കിടക്കാന്‍ പോകുമ്പോള്‍ മല്ലിക പറഞ്ഞു ,'ഏട്ടന് അമ്മ പറഞ്ഞത് എന്താണെന്ന് മനസ്സിലായോ ...'
ടവല്‍ കൊണ്ട് കയ്യും മുഖവും തുടച്ചു കൊണ്ട് ഞാന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി.' ഇനി ഉഷയുടെ പ്രസവവും കാര്യങ്ങളും കൂടി കഴിയട്ടെ എന്നാണ് അമ്മ ഉദ്ദേശിച്ചത് ..... ഇപ്പോ ഏട്ടന്‍ കല്യാണം കഴിച്ചാല്‍ ഉഷയുടെ കാര്യങ്ങള്‍ വരുമ്പോള്‍ വന്നു കയറുന്ന പെണ്ണിന്റെ മട്ടും മാതിരിയും കൂടി കാണേണ്ടി വരുമെന്നാ അമ്മ പറയുന്നത് ...............'
അയാള്‍ അവളെ ഒന്ന് രൂക്ഷമായി നോക്കി ...... എന്നിട്ട് ഒന്നും മിണ്ടാതെ അകത്തേയ്ക്കു പോയി. പെങ്ങളുടെ കല്യാണത്തിന് കുറച്ചധികം ലീവ് എടുത്താണ് നാട്ടിലേക്ക് വന്നതെങ്കിലും പിറ്റേന്ന് തന്നെ മടങ്ങാന്‍ അയാള്‍ തീരുമാനിച്ചു.
ബോംബെയിലെ ജോലിത്തിരക്കിടയില്‍ അടുത്ത രണ്ടു വര്‍ഷം നാട്ടിലേക്ക് വന്നില്ല . ഉഷയുടെ കല്യാണത്തിന്റെ കടങ്ങള്‍ തീര്‍ക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടയിലാണ് അമ്മയുടെ കത്ത് വന്നത്. ഉഷയെ പ്രസവത്തിന് കൊണ്ട് വരണം, ചിലവുണ്ട് .......... പ്രസവിച്ചാലും ചെലവ് കൂടുതലാ ... കുട്ടിയ്ക്ക് അത്യാവശ്യം അരയിലേക്കും കഴുത്തിലേക്കും സ്വര്‍ണ്ണം കൊടുക്കണം. അതോണ്ട് നീ ഇപ്പൊ തിരക്ക് പിടിച്ചു നാട്ടിലേക്ക് വരേണ്ട ..... ' അമ്മയുടെ കത്ത് വായിച്ചപ്പോള്‍ കടുത്ത നിരാശയാണ് തോന്നിയത് ...........
ഗള്‍ഫ് യുദ്ധം കഴിഞ്ഞു ആള്‍ക്കാര്‍ ഗള്‍ഫിലേക്ക് പോയി തുടങ്ങുന്ന സമയം ആയിരുന്നു അത്. ബോംബെയിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഞാനും ജോലിയ്ക്ക് അപേക്ഷിച്ചു. കുവൈറ്റില്‍ ഒരു കമ്പനിയിലേക്ക് ടൈപ്പിസ്റ്റ്ക്ലാര്‍ക്കിനെ വേണമെന്നും ആ പോസ്റ്റിലേക്ക് പോകാന്‍ താല്പര്യമുണ്ടോ എന്നും ചോദിച്ചു കൊണ്ട് ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ഒരു ടെലിഗ്രാം വന്നു. അക്കാലത്തു കമ്പ്യുട്ടര്‍ അത്ര പ്രചാരം നേടിയിട്ടില്ല.
ഡിഗ്രിക്ക് പഠിയ്ക്കുന്ന കാലത്തു തന്നെ ഞങ്ങളുടെ ടൗണിലെ ബിന്ദു ടൈപ്പ് റൈറ്റിങ് ഇന്‌സ്ടിട്യൂട്ടില്‍ ഞാനും പഠിച്ചിരുന്നു , ടൈപ്പിംഗും ഷോര്‍ട്ട് ഹാന്‍ഡും ലോവര്‍ പാസ്സായിട്ടുണ്ടായിരുന്നു. ഇക്കാര്യം തന്റെ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നതു കൊണ്ടാണ് അവര്‍ ആ പോസ്റ്റിലേക്ക് എന്നെ വിളിച്ചത്.
പിന്നെ ഒട്ടും ചിന്തിച്ചില്ല. ഇന്റര്‍വ്യൂന് പോയി. പല തസ്തികകളിലേയ്ക്കായ് ഇരുപതിലധികം പേര് ഇന്റര്‍വ്യൂനു ഉണ്ടായിരുന്നു. ഇന്റര്‍വ്യൂവിന്റെ ഫലം അവര്‍ പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഒരു ടെലിഗ്രാം , ഞാന്‍ സെലക്ട് ആയിട്ടുണ്ടെന്നും ഉടനെ ഓഫീസുമായി ബന്ധപ്പെടുവാനും ആവശ്യപ്പെട്ടിരിക്കുന്നു.
അവിടെ എത്തിയപ്പോള്‍ വിസയുടെയും ടിക്കറ്റിനെറെയും ചിലവിലേക്ക് ഏതാണ്ട് ഇരുപത്തിയയ്യായിരം രൂപ വരും. ആദ്യ ഗഡുവായി പതിനഞ്ചായിരം രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും അവര്‍ പറഞ്ഞു.
ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ നിരാശയായിരുന്നു ഫലം. ഇരുപത്തിയയ്യായിരം രൂപ ..... അതും കുറഞ്ഞ സമയം കൊണ്ട് ................... റൂമില്‍ ചെന്ന് കൂട്ടുക്കാരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, ' നീ നാട്ടില്‍ പോയി നിന്റെ പെങ്ങന്മ്മാരോട് അവരുടെ സ്വര്‍ണ്ണം പണയം വയ്ച്ചു കാശ് തരാന്‍ പറയണം. രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് സ്വര്‍ണ്ണം തിരിച്ചെടുത്തു കൊടുക്കാമല്ലോ .............. നീ അവര്‍ക്ക് വേണ്ടിയല്ലേ ഇത്രയും കാലം പണിയെടുത്തത് .................' പിന്നീട് രണ്ടും കല്പിച്ചു പിറ്റേന്ന് വൈകിട്ടുള്ള ട്രെയിനില്‍ നാട്ടിലേക്ക് പുറപ്പെട്ടു.
രണ്ടു വര്‍ഷത്തിന് ശേഷം നാട്ടില്‍ വന്നപ്പോഴത്തെ സന്തോഷം അപ്പോള്‍ അമ്മയ്ക്ക് ഉണ്ടായിരുന്നു. കുളി കഴിഞ്ഞു ഭക്ഷണം കഴിയ്ക്കുമ്പോള്‍ അമ്മയോട് ഗള്‍ഫ്ക്കാര്യം പറഞ്ഞു. അപ്പോള്‍ അമ്മയുടെ മുഖം വാടി ......' അതെങ്ങനെയാ ......നിന്റെ പെങ്ങന്മാര്‍ക്ക് അവരുടെ ഇഷ്ട്ടം പോലെ സ്വര്‍ണ്ണം ഊരി തരുവാന്‍ പറ്റോ .......? അവരുടെ ഭര്‍ത്താക്കന്മാരും വീട്ടുകാരും കൂടി സമ്മതിക്കേണ്ടേ ..........' അമ്മയുടെ മറുചോദ്യം കേട്ടപ്പോഴാണ് അതിലും കാര്യമുണ്ടെന്ന് ഓര്‍ത്തത്. എന്തായാലും പിറ്റേന്ന് അവരുടെ രണ്ടു പേരുടെയും വീടുകളില്‍ പോയി .....
മല്ലികയ്ക്കാണെങ്കില്‍ നല്ലൊരു വീട് പോലുമില്ല. കൊടുത്തതെല്ലാം അളിയന്‍ കള്ള് കുടിച്ചു നശിപ്പിച്ചെന്ന് പറഞ്ഞു കൊണ്ടവള്‍ കരയാന്‍ തുടങ്ങി. കുട്ടികള്‍ക്ക് കൊണ്ട് പോയ പലഹാര പൊതി അവളെ ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു.
ഉഷയുടെ വീട്ടില്‍ എത്തി , അവളോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. അവള്‍ പറഞ്ഞു, ' ഭര്‍ത്താവിനോടും അച്ഛനോടും ചോദിക്കട്ടെ ചേട്ടാ ....' അവള്‍, പറമ്പില്‍ പണിയെടുക്കുന്ന അച്ഛന്റെ അടുത്തേക്ക് ഇക്കാര്യം പറയുവാന്‍ പോയി. അപ്പോള്‍ അടുക്കളയില്‍ നിന്ന് ഒരു ഗ്ലാസ് ചായയുമായി നിര്‍മ്മല വന്നു.
ഉഷയുടെ ഭര്‍ത്താവിനേക്കാള്‍ മൂത്ത സഹോദരിയാണ് നിര്‍മ്മല. അളിയന്റെ താഴെയുള്ള രണ്ടു സഹോദരിമാരും വിവാഹം കഴിഞ്ഞു പോയിരുന്നു. . സുന്ദരിയും നല്ല വിദ്യാഭ്യാസവും ഉണ്ടായിട്ടും നിര്‍മ്മലയുടെ കല്യാണം മാത്രം നടന്നില്ല...അതിന്റെ നിരാശ അവളുടെ മുഖത്ത് കാണാമായിരുന്നു .... ജാതക ദോഷമാണത്രേ......
ഉഷയുടെ അമ്മായിച്ഛന്‍ പറമ്പില്‍ നിന്ന് വന്നു. ഉമ്മറത്തെ ചവിട്ടു കല്ലില്‍ നിന്നു കൊണ്ട് കയ്യും മുഖവും കഴുകി അകത്തേക്ക് കയറി വന്നു. വിശേഷങ്ങള്‍ പറഞ്ഞു താന്‍ വീട്ടിലേക്കു മടങ്ങി. വൈകിട്ട് അളിയന്‍ ജോലി കഴിഞ്ഞു വന്നിട്ട് കാര്യങ്ങള്‍ പറയട്ടെ , എന്നിട്ട് അറിയിക്കാം എന്ന് ഉഷ പറഞ്ഞു.
രാത്രി ഉറങ്ങാനാകാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇനിയും എത്ര പേരുടെ മുന്നില്‍ നാണം കെട്ട് നില്‍ക്കണം? എല്ലാം അറിയാവുന്ന തന്റെ സഹോദരിമാരുടെ മുന്നില്‍ പോലും കൈ നീട്ടേണ്ടി വന്നതിലെ സങ്കടം ആയിരുന്നു മനസ്സ് നിറയെ. ഇതിലും ഭേദം ബോംബെയിലേക്ക് തിരിച്ചു പോകുന്നതാണ്... ഇപ്പോള്‍ ചെയ്യുന്ന ജോലിയെങ്കിലും ചെയ്യാമല്ലോ .......
പിറ്റേന്ന് രാവിലെ തന്നെ ഉഷയും ഭര്‍ത്താവും കുട്ടിയും കൂടി വീട്ടില്‍ വന്നു. ഉഷ അടുക്കളയില്‍ ചെന്ന് അമ്മയോട് എന്തൊക്കെയോ കുശലം പറഞ്ഞു. ചായ കുടിയ്ക്കാന്‍ ഇരിക്കുമ്പോള്‍ അമ്മ പറഞ്ഞു, ' നിനക്ക് വിസയ്ക്ക് കൊടുക്കാനുള്ള കാശ് കിട്ടാനുള്ള ഒരു വഴി അവള്‍ പറഞ്ഞു. നിന്റെ അഭിപ്രായം എന്താ ............' അമ്മ കൊണ്ട് വച്ച ഉണ്ണിയപ്പം കടിച്ചു കൊണ്ട് അളിയന്‍ തല താഴ്ത്തിയിരുന്നു. കാശിനുള്ള പുതിയ പദ്ധതി എന്താണെന്ന് അറിയാന്‍ ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി ....
അമ്മ ഉഷയോട് എന്തോ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അപ്പോള്‍ അവള്‍ , ' 'അമ്മ തന്നെ ചേട്ടനോട് ചോദിച്ചോളൂ .....'
അല്പം മടിച്ചു കൊണ്ട് അമ്മ പറഞ്ഞു, ' നീ ഇതുവരെയും കല്യാണം കഴിച്ചില്ലല്ലോ. ഒരു കല്യാണം ആലോചിച്ചാല്‍ ആവശ്യത്തിനുള്ള പണവും കിട്ടും നിനക്ക് ഒരു കൂട്ടും ആകുമെന്നാ അവള്‍ പറയുന്നത്.....'
കല്യാണക്കാര്യം പറഞ്ഞപ്പോള്‍ അയാളുടെ ഉള്ളില്‍ ഗീതയുടെ മുഖമാണ് ഓര്‍മ്മ വന്നത്..... അവളുടെ സ്ഥാനത്തു മറ്റൊരാള്‍ ..................., വേണ്ട അതൊന്നും ഇപ്പോള്‍ വേണ്ട ...... അയാള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ കൃഷ്ണകുമാര്‍ അയാളുടെ കയ്യില്‍ പിടിച്ചു , ' അളിയന്‍ അവിടെ ഇരിക്ക് .... എനിക്ക് ഒരു കാര്യം പറയാനുണ്ട് ........'
അല്പം സങ്കോചത്തോടെ കൃഷ്ണകുമാര്‍ പറഞ്ഞു, ' ....... അളിയന് അറിയാലോ .... രണ്ടു പെണ്‍കുട്ടികളെ ഞങ്ങളും കല്യാണം കഴിപ്പിച്ചു ഇറക്കി വിട്ടതാ .... ആ താമസിക്കുന്ന വീടും പറമ്പും മാത്രമേ ഞങ്ങള്‍ക്കും ഉള്ളൂ ..' ഒന്ന് നിറുത്തി , പിന്നെ ഉഷയെയും അമ്മയെയും നോക്കി ....' നീ പറഞ്ഞോ ' എന്ന ആംഗ്യം 'അമ്മ കാണിച്ചപ്പോള്‍ അയാള്‍ തുടര്‍ന്നു, 'നിമ്മി ചേച്ചിടെ കല്യാണം വന്നാല്‍ നടത്താന്‍ ഞങ്ങളുടെ കയ്യില്‍ ഒന്നും ഇല്ല. ഉഷയുടെ സ്വര്‍ണ്ണം എടുത്തു നിമ്മി ചേച്ചിടെ കല്യാണം നടത്താം എന്നാണ് കരുതിയിരുന്നത്.. ഇപ്പോള്‍ അളിയന് വിസയ്ക്ക് വേണ്ടി ആ സ്വര്‍ണ്ണം തന്നാല്‍ ...... ചേച്ചിടെ കല്യാണം ............' അയാള്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി.
അപ്പോള്‍ അമ്മ പറഞ്ഞു , ' അവന്‍ പറഞ്ഞു വരുന്നത് ......... നീ നിമ്മിയെ കല്യാണം കഴിച്ചാല്‍ ഈ രണ്ടു പ്രശ്‌നങ്ങളും തീരുമെന്നാണ് ....., എന്താ നിന്റെ അഭിപ്രായം ...........?
തനിക്ക് ഒന്നും മിണ്ടാനായില്ല. എഴുന്നേറ്റ് അകത്തേക്ക് നടക്കാനൊരുങ്ങുമ്പോള്‍ ഉഷ വിളിച്ചു പറഞ്ഞു , ' ഇനിയും ആ പെണ്ണിന്റെ ഓര്‍മ്മകളുമായി ജീവിതം ഇങ്ങനെ കളയാനാണോ ചേട്ടന്റെ ഭാവം ........?.'
താന്‍ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി നടന്നു. ആ വീട്ടിനുള്ളില്‍ ഇരുന്നാല്‍ ഭ്രാന്ത് പിടിയ്ക്കുമെന്ന അവസ്ഥ..
പിന്നീട് നിമ്മിയുടെ കഴുത്തില്‍ താലിക്കെട്ടി അവളെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു നടക്കുകയായിരുന്നു. കല്യാണത്തിന്റെ മൂന്നാം ദിവസം വീണ്ടും ബോംബെയിലേക്ക് ..........പിന്നീട് രണ്ട് മാസം കഴിഞ്ഞു കുവൈറ്റിലേക്ക് പറന്നു. പിന്നീട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു.... വളരെ വൈകി രണ്ടു കുട്ടികള്‍ ഉണ്ടായി. എല്ലാവരുടെയും ബാധ്യതയും തീര്‍ന്ന് വരുന്നത് വരെ കാത്തിരിക്കുവാന്‍ നിമ്മിയെ ഞാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു.
എത്രയെത്ര വര്‍ഷങ്ങള്‍ ഗള്‍ഫില്‍ കഴിച്ചു കൂട്ടി...... മല്ലികയുടെയും ഉഷയുടെയും മക്കളുടെ വിവാഹം കഴിഞ്ഞു. ഗള്‍ഫുക്കാരനായ അമ്മാവന്‍ എല്ലാം അറിഞ്ഞു ചെയ്യണമല്ലോ.... സ്വര്‍ണ്ണമായും പണമായും കയ്യയച്ചു സഹായിച്ചു. അതിനൊന്നും കണക്കില്ല.... അതൊക്കെ അച്ഛനില്ലാത്ത കുടുംബത്തിലെ കാരണവരായ ആങ്ങളയുടെ കടമകളാണെന്നാണ് അമ്മ പറയാറുള്ളത് ......
കടമകള്‍ ഓരോന്നായി തീരുമ്പോള്‍ മെഴുകുതിരി പോലെ ഉരുകി തീരുന്ന ജീവിതത്തെ കുറിച്ച് ഓര്‍ത്ത് നിമ്മിയ്ക്ക് തോന്നിയ സങ്കടങ്ങള്‍ സ്വാഭാവികമല്ലേ ? അവള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല .... വളര്‍ന്നു വരുന്ന തന്റെ മക്കള്‍ക്ക് വേണ്ടി ഒന്നും സ്വരുകൂട്ടിയില്ല.... അതിന്റ്റെ വിഷമവും സങ്കടവുമാണ് അവളുടെ വാക്കുകളില്‍ ..........അവളുടെ പരിഭവങ്ങള്‍ തന്നോടല്ലാതെ ആരോട് പറയും ?
തന്റെ നെഞ്ചിലേക്ക് തല ചാരി കിടന്ന അവള്‍ എപ്പഴോ ഉറങ്ങി പോയി. നാളെ വൈകിട്ടത്തെ വിമാനത്തില്‍ ഞാന്‍ വീണ്ടും കുവൈറ്റിലേക്ക് മടങ്ങുകയാണല്ലോ.... അവളുടെ ഇഷ്ടത്തിന് അനുസരിച്ചു അവളെയും കുട്ടികളെയും സ്‌നേഹിച്ചു അവരോടൊപ്പം ജീവിയ്ക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല ..... പറ്റാഞ്ഞിട്ടാണ് ......അത് അവളും തിരിച്ചറിയുന്നുണ്ടാകും .........
ചെരിഞ്ഞു കിടന്ന അവളുടെ മൂര്‍ദ്ധാവില്‍ മൃദുവായി ഒന്ന് ചുംബിച്ചപ്പോള്‍ തന്റെ കണ്ണില്‍ നിന്ന് രണ്ടു തുള്ളി കണ്ണീര്‍ താഴെക്കുതിര്‍ന്നു. അത് അവളുടെ മുഖത്ത് വീണ് അവളുടെ ഉറക്കം നഷ്ട്ടപ്പെടാതിരിക്കുവാന്‍ താന്‍ പെട്ടെന്ന് മുഖം തിരിച്ചു.......എല്ലാവര്‍ക്കും വേണ്ടിയും ജീവിക്കുന്നതിനിടയില്‍ സ്വയം ജീവിക്കുവാന്‍ മറന്ന് പോയ തന്നെ കുറിച്ച് മനസ്സില്‍ ഒരു നിന്ദയാണോ അതോ എല്ലാവരെയും സംരക്ഷിക്കുവാന്‍ കഴിഞ്ഞതിലെ സംതൃപ്തിയാണോ എന്നറിയില്ല ...........
ജനല്‍ പാളിയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ നിറഞ്ഞ നിലാവില്‍ തന്നെ നോക്കി ചിരിയ്ക്കുന്ന അമ്പിളിയമ്മാവനെ കണ്ടു .... അപ്പോള്‍ ആ ചിരിയില്‍ ഒരു സ്വാന്തനമുണ്ടെന്ന് തോന്നി.
0 Comments