ഹൃദയം വല്ലാതെ നുറുങ്ങിപോകുന്നുണ്ട്.
ഒപ്പം വര്‍ഷങ്ങള്‍ക്കുമുന്‍പ് മനസ്സില്‍ പ്രതിഷ്ഠിച്ചൊരു മുഖം വല്ലാതെ പൊള്ളിക്കുന്നുമുണ്ട് .
യുദ്ധവും പാലായനവുമെല്ലാം വായിച്ചുംകേട്ടും മാത്രമറിഞ്ഞ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരിയായ എനിക്ക് യുദ്ധമൊരു സ്ത്രീജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് അക്ഷരാര്‍ത്ഥത്തില്‍ പഠിപ്പിച്ചു തന്നത് അവരായിരുന്നു .
' എലിസബത്ത് '
ഒരു ജനുവരിയിലെ തണുത്ത പുലരിയിലാണ് കരഞ്ഞുകൊണ്ടെനിക്ക് വെള്ളം വേണമെന്ന ആവശ്യവുമായി ആ ഫ്രാന്‍സുകാരിയെന്റെ ജീവിതത്തിലേയ്ക്ക് നടന്നു കയറിയത്.
വെള്ളംചോദിച്ച് കയറിവന്നവള്‍ ഹൃദയവുംകൊണ്ട് ഇറങ്ങിപ്പോയി
എന്ന് പറയുന്നതാവും ശരി.
തൃശ്ശൂരിലെ ഒരു സ്വകാര്യ ആയുര്‍വ്വേദ
ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു അന്ന് ഞാന്‍. വീട്ടിലേക്ക് നല്ല ദൂരമുള്ളതിനാല്‍ ആശുപത്രിവക ഹോസ്റ്റലില്‍ തന്നെയായിരുന്നു താമസം.
അന്ന് രാവിലെ മൂന്ന്മണിക്ക് ഹോസ്റ്റല്‍ മുറിയുടെ വാതിലില്‍ ആരോ ഉറക്കെ ഇടിക്കുന്നു പിന്നെ കരച്ചിലും
Water ... Water....
ആരാ ഈ പാതിരാത്രിയ്ക്ക് ?
വാതിലെന്തിനാ ഇങ്ങനെ ഇടിക്കണത് പതിയെ തട്ടിയാല്‍ പോരെ?
പിറുപിറുത്തു കൊണ്ട് ഞാനെഴുന്നേറ്റു വാതില്‍തുറന്നു.
ചുണ്ടിലും പുരികത്തിലുമൊക്കെ നിറയെ വെള്ളിയുടെ ആഭരണങ്ങള്‍ ധരിച്ച ടീഷര്‍ട്ടും ഷോട്ട്‌സുമിട്ടൊരു സ്ത്രീ.
രാത്രിയില്‍ യൂറോപ്പില്‍ നിന്നുവന്ന രോഗികളില്‍ ഒരാളായിരിക്കും ഞാനൂഹിച്ചു. വാതില്‍ തുറന്നപാടെ കൈയ്യിലുള്ള ചുവന്ന ഫ്‌ലാസ്‌ക് അവരെന്റെ നേര്‍ക്കു നീട്ടി വെള്ളം വേണമെന്ന് പറഞ്ഞ് കരച്ചിലോടു കരച്ചില്‍.
'ഇതൊരു വട്ട് കേസാണല്ലോ '
എന്ന് മനസ്സില്‍ പറഞ്ഞ് അടുക്കളയില്‍ പോയി വെള്ളം നിറച്ച്‌കൊടുത്ത് വാതിലടച്ച് ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു .
അന്നെനിക്ക് പിന്നെ ഉറങ്ങാന്‍ സാധിച്ചില്ല. എന്തോ അവരുടെ രൂപവും ഭാവവും കരച്ചിലും മാത്രമായിരുന്നു മനസ്സില്‍ .
പിന്നീട് ഞാനവരെ കാണുന്നത് രാവിലെ മരുന്ന് കൊടുക്കാന്‍ പോയപ്പോഴായിരുന്നു .ആ സമയത്തവര്‍ യോഗചെയ്യുകയായിരുന്നു.
മരുന്ന് വാങ്ങിക്കുടിച്ച അവരുടെ പെരുമാറ്റം എന്തോ എന്നിലാകെ
ഒരു അസ്വസ്ഥതയുടെ ചുഴലിക്കാറ്റടിച്ചു.
ഞാന്‍ തിരിച്ച് നടന്നു. രണ്ട്മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞുപോയി. അടുത്തദിവസം രാവിലെ അവര്‍ എന്റെ അടുത്തേയ്ക്ക് ഓടി വന്ന് ചോദിച്ചു ?
Can i hug you
ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞു
No I dont like it .
അവരുടെ മുഖം കാര്‍മേഘത്തുണ്ടുപോലെ കറുത്തതും
പെയ്‌തൊഴിയുന്നതും ഞാന്‍ ഒട്ടും കരുണയില്ലാതെ നോക്കിനിന്നു .
വൈകീട്ട് ആര്‍.എം.ഒ ( resident medical Officer) യുമായി സംസാരിക്കുന്നതിനിടയില്‍ ഇ സംഭവത്തെക്കുറിച്ച് പറഞ്ഞ് അവരെന്നെ കളിയാക്കിച്ചിരിക്കുകയും
ചെയ്തു.
ഒന്നും മിണ്ടാതെ ഞാന്‍ മുറ്റത്തേയ്ക്ക് വിരിഞ്ഞിറങ്ങുന്ന നാലുമണിപ്പൂക്കളെ നോക്കിയിരുന്നു.
പിറ്റെന്നു രാവിലെ വരാന്തയില്‍ വച്ച് യാദൃശ്ചികമായി അവരെ കണ്ടപ്പോള്‍ അവരെന്നെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു കവിളില്‍ കുറെ ഉമ്മവച്ചു അവസാനം പൊട്ടിക്കരഞ്ഞു .
ഉള്ളിലുരുണ്ടുകയറിയ വെറുപ്പ് ചവച്ചിറക്കി ഞാന്‍ ചോദിച്ചു
എന്തിനാ കരയുന്നത് ?
എനിക്ക് വല്ലാത്തപേടി തോന്നുന്നു !
എന്തിന് ?
എന്നെ ആരോ കൊല്ലാന്‍ വരുന്നുണ്ട് ബ്രസീലില്‍നിന്ന്
ആര് ?
ബ്രസീലില്‍ നിന്ന് ഈ കുഗ്രാമത്തിലേയ്ക്ക് ആര് വരാനാ നിങ്ങളെ കൊല്ലാന്‍
ആരും വരില്ല !
എന്തിനാ പേടിക്കുന്നത് ഞങ്ങളൊക്കെ ഇവിടെ ഇല്ലേ
എന്നോട് എന്തും പറയാം എപ്പോ വേണമെങ്കിലും വിളിക്കാം.
ഞാനതുപറഞ്ഞവരെ സമാധാനിപ്പിച്ചു .ചിരിച്ചമുഖവുമായവര്‍ തിരിഞ്ഞു നടന്നു.
മനസ്സില്‍ കുന്നുകൂടികിടക്കുന്ന എത്രവലിയ കനലുകളെയാണ് നിമിഷനേരംകൊണ്ട് വാത്സല്യത്തോടെയുള്ള ചേര്‍ത്തുപിടിക്കലുകള്‍ അതിവിദഗ്ദമായി തണുപ്പിക്കുന്നത്?
പിന്നെ ഡ്യൂട്ടിക്കിടയില്‍ സമയം കിട്ടുമ്പോഴൊക്കെ വെറുതെ ഞാനവരോടു സംസാരിച്ചു .
ഒരു രാത്രി അവരെന്നോട് അവരുടെ കഥ പറഞ്ഞു
സംസാരം കടുകട്ടി ഇംഗ്ലിഷിലായതിനാല്‍ മനസ്സിലാക്കാന്‍ ഞാന്‍
ഇത്തിരി പാടുപെട്ടിരുന്നു.
ഇറാക്കായിരുന്നു അവരുടെ ജന്മദേശം . അമ്മയും അച്ഛനും ഏട്ടനുമുള്ള ചെറിയ കുടുംബം.
ഇറാന്‍ ഇറാക്ക് യുദ്ധസമയത്ത് അവര്‍ എഴ് വയസ്സ് മാത്രമുണ്ടായിരുന്ന കുഞ്ഞായിരുന്നത്രേ.
യുദ്ധത്താല്‍ അവരുടെ ഗ്രാമത്തിലെ സമാധാനം മുഴുവന്‍ നഷ്ടപ്പെട്ടു .
ഭക്ഷണമോ വെള്ളമോ കിട്ടാതെ ദിവസങ്ങള്‍ കഴിഞ്ഞു പോയി.
അതിനിടക്ക് ഗവണ്‍മെന്റൊരു ഉത്തരവിട്ടു .
ഗ്രാമത്തിലെ ആറ് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളെ മുഴുവന്‍ യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെ പരിചരിക്കുവാനയക്കണം.
ഇടിത്തീപോലെയായിരുന്നു ആ വാര്‍ത്ത എലിസബത്തിന്റെ കുടുംബത്തിലെത്തിയത് .
ഓമനിച്ചു വളര്‍ത്തുന്ന മകളെ സൈനിക പരിചരണത്തിന് വിട്ടുനല്‍കുക .
അവരാകെ തകര്‍ന്നുപോയി.
എന്തുചെയ്യും ഗവണ്‍മെന്റിന്റെ ഉത്തരവ് അനുസരിച്ചില്ലെങ്കില്‍
ആജീവനാന്തം ജയില്‍ജീവിതം തന്നെയായിരിക്കും.
മനസ്സില്ലാമനസ്സോടെ അവളെയും മതാപിതാക്കള്‍ സൈനിക പരിചരണത്തിനുയാത്രയാക്കി .
ഭാഷയും നിറവും നാടും സാഹചര്യങ്ങളുമൊക്കെ വ്യത്യസ്ഥമാണെങ്കിലും എല്ലാവരും കടന്നുപോയതും, ഇനിപോകേണ്ടതുമായ ജീവിതവഴികളും ജീവിതമുഹൂര്‍ത്തങ്ങളും എക്കാലത്തും ഒന്നുതന്നെയായിരിക്കുമെന്ന്
കാലമെന്റെ മുന്നിലെത്ര മനോഹരമായാണ് വരച്ചിട്ടത്.
അങ്ങനെ അടുത്തദിവസം അവര്‍ക്ക് ഫ്രാന്‍സിലേയ്ക്കു തിരിച്ചുപോവാനുള്ള ദിവസമായെന്നു ഞാനറിഞ്ഞു .
ആകെ വിഷമത്തോടെയാണെങ്കിലും ഞാന്‍ ഡ്യൂട്ടിക്കു കയറി. മരുന്നു കൊടുക്കുമ്പോഴും മറ്റും അവരെ ഞാന്‍ പലവട്ടം കണ്ടു.
കണ്ടപ്പോഴൊക്കെയും അവരെന്നെ ചേര്‍ത്തണച്ചു പൊട്ടിക്കരഞ്ഞു. തെരുതെരെ ഉമ്മവെച്ചു.
എന്ത് പറയണമെന്നറിയാതെ ഞാന്‍ വിങ്ങിപ്പൊട്ടി.
ഡ്യൂട്ടി കഴിഞ്ഞ് ഞാന്‍ റൂമിലെത്തി ഹോസ്റ്റല്‍ മുറിയിലെ കിടക്കയില്‍ കമഴ്ന്നടിച്ചുവീണു .പേരറിയാത്തൊരു സങ്കടമെന്റെ ഹൃദയത്തെ തുളച്ചുകൊണ്ടേയിരുന്നു.
പിറ്റെ ദിവസം രാവിലെ ഡ്യൂട്ടിക്ക് കയറിയപാടെ എലിസബത്തിന്റെ മുറിയിലേയ്ക്ക് ഞാനോടി .
ഇന്നുമെന്റെ നാസികത്തുമ്പില്‍ നിന്നു വിട്ടുപോയിട്ടില്ലാത്ത അവരുടെ ഗന്ധം
പരതിനടക്കുന്നമുറി ശൂന്യമായിരുന്നു.
അവരെ എനിക്ക് കാണണമെന്ന്
തോന്നി. അപ്പോള്‍ തന്നെ ഫ്രാന്‍സിലേക്ക് പോവണമെന്ന് തോന്നി .ആരാരും കേള്‍ക്കാതെ ഞാന്‍ എത്രയോനേരം വാവിട്ട് കരഞ്ഞു.
വേഗം വീട്ടിലെത്തണം അമ്മയെ കാണണം കെട്ടിപ്പിടിച്ചൊന്നു കരയണം കിടന്നുറങ്ങണം. എന്ന ചിന്തയില്‍ ഞാന്‍
നീട്ടിവലിച്ചെഴുതിയ അവധി അപേക്ഷയുമായി ആര്‍.എം.ഒ യുടെ റൂമിലേക്കോടി എനിക്ക് കുറച്ച് ദിവസത്തെ ലീവ് വേണം
ഞാന്‍ വീട്ടില്‍ പോകുന്നു .
പറഞ്ഞു തീരുന്നതിനുമുന്‍പ് തന്നെ ഞാന്‍ തിരിഞ്ഞുനടന്നിരുന്നു .
രമ്യ ...... പുറകില്‍ നിന്നൊരു വിളിയെന്നെ കൊത്തിവലിച്ചു.
എനിക്കൊരു സാധനം തന്നെ ഏല്‍പ്പിക്കാനുണ്ട് ആര്‍. എം.ഒ
ഒരു പെട്ടിയും കത്തുമെന്റെ നേര്‍ക്കു നീട്ടി.
ഇതെന്താ? ഞാന്‍ തലയുയര്‍ത്തി ചോദിച്ചു.
ഇതൊന്നു പിടിക്ക് തുറന്നു നോക്ക് ആര്‍.എം.ഒ. പെട്ടിയും കത്തുമെന്റെ കൈകളില്‍ വെച്ചു.
ഞാനാ കത്തുപൊളിച്ച് വടിവൊത്ത ഇംഗ്ലീഷ് അക്ഷരങ്ങളിലൂടെ
പതിയെ കണ്ണോടിച്ചു .
പ്രിയപ്പെട്ട മകളെ ,
ഒരു യാത്ര ചോദിക്കലുകൊണ്ട് ഒരിക്കലും ,എന്റെ ഹൃദയത്തില്‍ നിന്ന് നിന്നെ പറിച്ചു മാറ്റാന്‍ കഴിയില്ല.
നീ തന്ന മനോഹരമായ ഓര്‍മ്മകള്‍ക്ക് നന്ദി.... നിറഞ്ഞ സ്‌നേഹത്തോടെ എലിസബത്ത്
ഞാന്‍ ആര്‍.എം.ഒയെ നോക്കി
രമ്യയെ ദത്തെടുക്കാനൊക്കെ എലിസബത്ത് ശ്രമിച്ചിരുന്നു. എന്നോട് അതിനെപ്പറ്റിയൊക്കെ അവര്‍ സംസാരിച്ചിരുന്നു .
ജനനതിയ്യതിയിലെന്തോ ചെറിയപ്രശ്‌നം അതുകൊണ്ടാണവര്‍ ആ ശ്രമം ഉപേക്ഷിച്ചത് അതിലവര്‍ക്ക് നല്ല സങ്കട മുണ്ടായിരുന്നു .
ആ പെട്ടിയില്‍ നിനക്കുള്ള സമ്മാനങ്ങളാണ് വീട്ടിലെത്തിയിട്ട് തുറന്നു നോക്കിക്കോളു .
ഞാനൊന്നും പറയാതെ തിരിച്ചു നടന്നു.
റൂമില്‍വന്നപാടെ ഞാന്‍ പെട്ടി തുറന്നു കരിമ്പനപ്പട്ട കൊണ്ടുണ്ടാക്കിയ ഒരു കരകൗശലവസ്തു. ഒരു കരടിയും ഗുരുവായൂരപ്പവിഗ്രഹവും.
ഞാന്‍ അവയെല്ലാം നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞു. അവയില്‍ എത്രയോ വട്ടം ചുംബിച്ചു.
വൈകാതെ വീട്ടിലേക്കുള്ള വണ്ടികയറി.
വീട്ടിലെ പൂജാമുറിയിലെ ഗുരുവായൂരപ്പന്റെ മുന്‍പില്‍ അവര്‍ക്കൊരു കുഞ്ഞിനെ കൊടുക്കണമെന്ന് അപേക്ഷിച്ച് പൊട്ടിക്കരഞ്ഞു. ഇന്നും ഞാനെന്റെ പ്രാര്‍ത്ഥനകളില്‍ അവരെ ഉള്‍പ്പെടുത്താറുണ്ട് .
പിന്നീടെന്റെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള എല്ലാ ജനുവരികളിലും
ഒരു ഫ്രാന്‍സുകാരിയുടെ വിളിക്കായ് ഞാന്‍ കാതോര്‍ത്തിട്ടുണ്ട്.
ഞാന്‍ കണ്ട ജീവിതത്തിലെ ഏറ്റവും വലിയ അതിജീവിതയും
ഒരു യുദ്ധത്തിന്റെ തിക്താനുഭവങ്ങള്‍ പേറുന്ന ഇരയുമാണവര്‍.
അന്നവര്‍ എന്നെ ദത്തുകൊണ്ടുപോയിരുന്നെങ്കില്‍ ഇന്നു ഞാന്‍ ചിലപ്പോളെതോ ഒരു ഫ്രാന്‍സുകാരന്‍ ആല്‍ബര്‍ട്ടോ ക്രിസ്റ്റോവിന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയും ആയിട്ടുണ്ടായിരിക്കുമെന്ന്
കണ്ണുനീരു കലര്‍ന്നൊരു പുഞ്ചിരിയോടെ
ഓര്‍ത്തെടുക്കുന്നു .
ഒത്തിരി ദൂരത്തുനിന്നും സനേഹത്തോടെ പ്രിയപ്പെട്ട അമ്മയ്ക്ക് എല്ലാവിധ നന്മകളും നേര്‍ന്നുകൊണ്ട്
പ്രിയപ്പെട്ട മകള്‍.
██████████████████████
© remya madathilthodi
0 Comments