ജോലി കഴിഞ്ഞു റൂമില്‍ എത്തുമ്പോഴേക്കും സമയം ആറു മണിയോട് അടുത്തു, ഉടനെ വസ്ത്രം മാറി കുളിക്കാന്‍ ചെന്നപ്പോള്‍ റൂമില്‍ ഉള്ള മറ്റുള്ളവരും തൂവര്‍ത്തും എടുത്തു കുളിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു....
ഉള്ളില്‍ ഈര്‍ഷ്യ വന്നു, ഇവരൊക്കെ നേരത്തെ എത്തിയതല്ലേ എന്നിട്ടും ഒന്നും ചെയ്യാതെ താന്‍ വരുന്ന ഈ സമയത്തു തന്നെ......
ദേഷ്യത്തോടെ മുറിയിലേക്ക് തന്നെ തിരിച്ചു ചെന്ന് എ. സി. ഓണ്‍ ആക്കി കട്ടിലില്‍ കിടന്നു.....
റൂമില്‍ എല്ലാവരും കൂടി നാല് പേരാണ് ഉള്ളത്, ഇപ്പോള്‍ അത് മൂന്നായി, തനിക്ക് എതിരെ ഉള്ള കട്ടിലില്‍ കിടന്നിരുന്ന ആരിഫ് ക്യാന്‍സല്‍ ആയി നാട്ടില്‍ പോയി.......
കുറെ വര്‍ഷങ്ങള്‍ ആയി തനിക്ക് അവനെ അറിയുന്നതാണ്, ഏകദേശം പതിനൊന്നു വര്‍ഷത്തോളമായി ഞങ്ങള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരേ സ്ഥാപനത്തില്‍ വ്യത്യസ്ത ജോലികളില്‍...
ഇടക്കൊക്കെ ഞങ്ങള്‍ വീട്ടു കാര്യങ്ങള്‍ സംസാരിക്കും, ആരിഫിനു അഞ്ചു സഹോദരിമാര്‍ ആണ്, അവന്‍ മാത്രമാണ് ആണായിട്ടുള്ളത്, ബാക്കി എല്ലാം പെണ്‍കുട്ടികള്‍.
ആരിഫ് ഇന്റെ ബാപ്പ ക്ക് ദുബായ് ഇല്‍ ഒരു കഫത്തേരിയ യില്‍ ആയിരുന്നു ജോലി, രാവും പകലും കിടന്നു ജോലി ചെയ്തു, എങ്ങിനെ എങ്കിലും കുടുംബത്തെ സംരക്ഷിക്കണം എന്ന ചിന്ത....
വൈകുന്നേരം ആകുമ്പോഴേക്കും കാലുകള്‍ നീര് വന്നു വീര്‍ക്കും, നല്ല വേദനയും ഉണ്ടാകും അപ്പോള്‍ ആശ്വാസത്തിന് ചൂട് വെള്ളത്തില്‍ ഉപ്പും, ചെറുനാരങ്ങയും ഇട്ടു അതില്‍ കാലുകള്‍ മുക്കിവച്ചു കുറച്ചു നേരം ഇരിക്കും.
അദ്ദേഹം അറിയുന്ന എല്ലാവരോടും മുന്‍കൂട്ടി പറഞ്ഞത് ഡിഗ്രി കഴിയാന്‍ പോകുന്ന തന്റെ മകനെ കുറിച്ചായിരുന്നു, അവന് നല്ലൊരു ജോലി ഇവിടെ ശരിയാക്കി കൊടുത്തിട്ട് വേണം തനിക്ക് നാട്ടില്‍ പോയി വിശ്രമിക്കാന്‍, ഇപ്പോള്‍ തന്നെ ശരീരം അനുസരണക്കേട് കാണിച്ചു തുടങ്ങിയിരിക്കുന്നു...
ഡിഗ്രി പഠനത്തിനൊപ്പം കമ്പ്യൂട്ടര്‍ കോഴ്‌സ് കൂടി കഴിക്കുന്നത് നല്ലത് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞതിനാല്‍ അത് കൂടി പഠിക്കുവാന്‍ പണം അയച്ചു കൊടുത്തു.
നല്ല മാര്‍ക്ക് വാങ്ങി മകന്‍ ജയിച്ചപ്പോള്‍ ആ പിതാവ് വളരെ അധികം സന്തോഷിച്ചു, തനിക്ക് ആറാം ക്ലാസ് വരെ മാത്രമാണ് പഠിക്കാന്‍ കഴിഞ്ഞത് അത് കൊണ്ടല്ലേ ഹോട്ടല്‍ പണിയില്‍ ഒതുങ്ങേണ്ടി വന്നത്, തന്റെ മകന്‍ അങ്ങിനെ ആകരുത്....
പഠനം കഴിഞ്ഞതോടെ വിസിറ്റിംഗ് വിസ ശരിയാക്കി ആരിഫ് ഇനെ ദുബായ് ഇല്‍ കൊണ്ടുവന്നു, പലയിടത്തും ഇന്റര്‍വ്യൂ വിനു പോയി അവസാനം ദുബായ് ജബലാലി യില്‍ ഉള്ള ഒരു കമ്പനിയില്‍ ജോലി ലഭിച്ചു, സാമാന്യം തരക്കേടില്ലാത്ത ശമ്പളം, ബാപ്പ ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ പെണ്‍ മക്കളെ കെട്ടിച്ചയക്കാന്‍ ചിലവായി എന്ന് മാത്രമല്ല അതിന്റെ കടം ഇപ്പോഴും ബാക്കിയുണ്ട്.
പ്രസവിക്കുന്നത് ഓരോന്നും പെണ്‍ കുഞ്ഞുങ്ങള്‍ ആയപ്പോള്‍ ഒരു ആണ്‍കുട്ടിയെ വേണം എന്ന ആഗ്രഹത്തില്‍ ഉമ്മ പ്രസവിച്ചു കൊണ്ടിരുന്നു, ഓരോ പ്രസവത്തിനും വേണ്ടി വലിയ തുകകള്‍ ചിലവായെങ്കിലും ബാപ്പ ആരുടെ മുന്നിലും കൈ നീട്ടാതെ രാവും പകലും അധ്വാനിച്ചു കാര്യങ്ങള്‍ നടത്തി....
ആരിഫ് ഗള്‍ഫ് ഇല്‍ എത്തിയ ശേഷം ആണ് ബാപ്പയുടെ കഷ്ടപ്പാടിനെ കുറിച്ച് അറിയുന്നത്, രണ്ട് വര്‍ഷം കഴിയുമ്പോള്‍ സുഗന്ധം പൂശി, പെട്ടി നിറയെ സാധനങ്ങളുമായി എത്തുന്ന ബാപ്പ ഇവിടെ ഇങ്ങനെ കഴുതയെ പോലെ പണി എടുത്തിട്ടാണ് എന്ന് അറിയില്ലായിരുന്നു.
ആരിഫ് ബാപ്പയെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ കണ്ണ് നിറഞ്ഞിരുന്നു, തനിക്ക് ശമ്പളം കിട്ടിത്തുടങ്ങിയപ്പോള്‍ ബാപ്പാക്ക് ആശ്വാസം ആയി, തന്റെ നിര്‍ബന്ധം നിമിത്തം അദ്ദേഹം ജോലി മതിയാക്കി നാട്ടില്‍ പോയി...
നാട്ടില്‍ എത്തിയ ആള്‍ കുറച്ചു നാള്‍ വീട്ടില്‍ തന്നെ ഇരുന്നു, ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയുടെ പരാതികളും, കുറ്റപ്പെടുത്തലുകളും കൂടി കൂടി വന്നു, ഒരു കാരണവും ഇല്ലാതെ തന്നെ പലതും കേട്ടു തുടങ്ങിയപ്പോള്‍ എന്തെങ്കിലും ജോലി കിട്ടുമോ എന്ന് തിരക്കി പല ഇടത്തും കയറി ഇറങ്ങി......
ഒരു ദിവസം ഉച്ച സമയത്തു ജോലി തിരക്കിനിടയില്‍ നിര്‍ത്താതെ ഫോണ്‍ അടിച്ചപ്പോള്‍ നോക്കി, നാട്ടില്‍ നിന്നാണ്. സാധാരണയായി ഈ സമയത്തു ആരും തന്നെ നാട്ടില്‍ നിന്നും വിളിക്കാറില്ല..... മറു തലക്കല്‍ ഒരു കരച്ചില്‍, കരയാതെ കാര്യം പറയൂ...
ആള്‍ നടക്കാന്‍ ഇറങ്ങിയതാണ്, വഴിക്കു വച്ചു ഒരു വശം തളര്‍ന്നു വീണു.....
ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ലേക്ക് കൊണ്ടുപോകാന്‍ നിക്കുകയാണ്.....
എന്ത് പറയണം, പെട്ടെന്ന് നാട്ടില്‍ പോകാന്‍ പറ്റുന്ന സാഹചര്യവും അല്ല, ഉടനെ കുറച്ചു പണം അയക്കണം.....
ഉടനെ തിരിച്ചു തരാം എന്നും പറഞ്ഞു പലരില്‍ നിന്നായി പണം വാങ്ങി നാട്ടിലേക്ക് അയച്ചു....
ചികിത്സക്ക് ചിലവുകള്‍ കൂടി വന്നു, ശമ്പളം ഒന്നിനും തികയാതെ വന്നപ്പോള്‍ ബാങ്ക് വച്ചു നീട്ടിയ ലോണ്‍ എടുക്കേണ്ടി വന്നു....
അതിനിടയില്‍ ആരിഫ്‌ന് സുഖം ഇല്ലാതെ ആയി അത് കൂടി ആയപ്പോള്‍ മാസം തോറും ഉള്ള അടവ് തെറ്റി......
ബാങ്കിലേക്ക് അയച്ച തുക എല്ലാം പലിശ ഇനത്തില്‍ ബാങ്ക് വിഴുങ്ങി, വാങ്ങിയ കടം അത് പോലെ തന്നെ ബാക്കി ആയി.......
ബാങ്കില്‍ നിന്നുള്ള പരാതി കമ്പനിക്ക് കിട്ടിയപ്പോള്‍ കമ്പനി വിട്ടുവീഴ്ച്ച നല്‍കാതെ പിരിച്ചു വിടുകയാണ് ചെയ്തത്, പിരിയുന്ന നേരത്ത് കിട്ടുന്ന സര്‍വീസ് പൈസ മുഴുവന്‍ ബാങ്ക് എടുത്തു......
കയ്യില്‍ ഒന്നും ഇല്ലാതെയാണ് അവന്‍ നാട്ടിലേക്ക് പോയത്...
ബാത്രൂം കാലിയാണ്, പോയി കുളിച്ചോ.....
ചിന്തയില്‍ നിന്നും പുറത്ത് വന്നപ്പോഴേക്കും ടി. വി യില്‍ പടം ഓടുന്നുണ്ടായിരുന്നു.....
അത് നോക്കാതെ തുവര്‍ത്തും എടുത്തു ബാത്റൂമിലേക്ക് പോയി.


0 Comments