വേട്ട ♥ റോബിന്‍ പള്ളുരുത്തി


'13-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടു കൂടി ഏഷ്യയിലെ തന്നെ പ്രബലശക്തിയായിരുന്ന ചോളരാജ്യ സാമ്രാജ്യം ക്ഷയിച്ചു തുടങ്ങി. ആ കാലയളവില്‍ ശക്തിപ്രാപിച്ചു കൊണ്ടിരുന്ന പാണ്ഡ്യരാജവംശവുമയുള്ള ചോളരാജാക്കന്‍മാരുടെ നിരന്തര യുദ്ധങ്ങളെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കുവാന്‍ പാലായനം ചെയ്ത ചോളന്മാര്‍ തങ്ങളുടെ സ്വത്തുകള്‍ മണ്ണിനടിയിലെ നിലവറകളിലും, മലനിരകളിലെ ഗുഹകളിലും, ക്ഷേത്രങ്ങളിലെ ഇരുണ്ട മുറികളിലും രഹസ്യമായി നിക്ഷേപിച്ചു. അവ ഇന്നും വിലമതിക്കാനാവാത്ത നിധിശേഖരമായി ഭൂമിയുടെ പല ഭാഗങ്ങളിലായി വിശ്രമിക്കുന്നുണ്ട് . 

ങ്ങ്ഹാ, അതൊരു സത്യമാണെങ്കിലും, അതില്‍ ചിലത് തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യ സ്വത്ത് പോലെ ഇന്നും  മനുഷ്യരുടെ കരങ്ങളില്‍ സുഭദ്രമാണ് കാലാകാലങ്ങളായി മണ്ണിനും പെണ്ണിനും പൊന്നിന്നും വേണ്ടി പടവെട്ടുന്ന മനുഷ്യര്‍ ഇന്നും ഈ നിധി ശേഖരം തേടിയുള്ള അന്വേഷണത്തിലാണ്. രാജരാജ ചോളന്‍ ചോര ചിന്തിവളര്‍ത്തിയ ചോളസാമ്രാജ്യത്തിന്റെ വഴികളും അതിരുകളുംതേടി ആ പാതകളില്‍ തമ്മില്‍ പടവെട്ടി നരബലി നടത്തിക്കൊണ്ട് ഇന്നും അവരുടെ യാത്ര തുടരുകയാണ്. കാലം മാറിയിട്ടും തലമുറകള്‍ മാറിയിട്ടും ഇനിയും അവസാനിക്കാത്ത നിധിവേട്ട. '

'ഈ പറയുന്നതെല്ലാം സത്യമാണോ മുത്തശ്ശാ ? നിധി എന്ന് പറയുന്നത് അത്രയും വിലയുള്ളതാണോ ?'

'ഉണ്ണിക്കുട്ടാ ഞാന്‍ നിന്നോട് പറഞ്ഞ കഥയില്‍ കുറച്ചൊക്കെ കേട്ടുകേള്‍വിയാണ്. പക്ഷെ നിധിയുടെ കാര്യം അത് സത്യമാണ്. മോന്‍ എന്റെ വിരലിലെ ഈ വജ്രമോതിരം കണ്ടോ ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതോ രാജകുടുംബം ഉപയോഗിച്ചിരുന്നതാണ്. ഇതു പോലെ ഒരെണ്ണം നിന്റെ അച്ഛന്റെ കയ്യിലുമുണ്ട്. '

'മുത്തശ്ശാ അപ്പോ മുത്തശ്ശന്‍ നിധി കണ്ടിട്ടുണ്ടല്ലേ ?'

'ഞാന്‍ നിധി കണ്ടിട്ടുണ്ടെന്ന് മാത്രമല്ല അതിപ്പോഴും സൂക്ഷിക്കുന്നുമുണ്ട്. എന്റെ കാലശേഷം നിന്റെ അച്ഛനാണ് അതിന്റെ കാവല്‍ക്കാരന്‍ . അവന്റെ കാലംകഴിഞ്ഞാല്‍ അടുത്ത തലമുറയിലെ  അതിന്റെ കാവല്‍കാരനും, അവകാശിയും നീയാണ്. '

'മുത്തശ്ശാ, എനിക്ക് മുത്തശ്ശന്‍ പറഞ്ഞ നിധിയൊന്ന് കാണണം.'

'എന്നായാലും നീയത് കാണേണ്ടതാണ്. പക്ഷെ ഇപ്പോളതിന് സമയമായിട്ടില്ല. അത് കൈക്കലാക്കാന്‍ നമുക്ക് ചുറ്റും ഒരു പാട് പേര്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ട്. അതുകൊണ്ടാണ് നിന്റെ അച്ഛനിവിടെ മലയാളമറിയുന്ന ആരെയും ജോലിക്ക് നിര്‍ത്താത്തത് . സമയമാകുമ്പോള്‍ ഞാന്‍തന്നെ നിന്നെ നിലവറയില്‍ കൊണ്ടുപോയി നിധി പേടകം കാണിച്ചു തരാം. രാത്രിയേറെ വൈകി. ഉണ്ണി ഉറങ്ങിക്കോളു മുത്തശ്ശന്‍ അടുക്കളവരെ പോയിട്ടു വരാം. അവിടെ ആ ഹിന്ദിക്കാരന്‍ പയ്യന്‍ ഉറങ്ങാന്‍കിടക്കുന്നുണ്ടായിരുന്നു. അവന്‍ വല്ലതും കഴിച്ചോന്ന് ചോദിക്കട്ടെ . ജോലിക്കാരനായാലും അത്താഴ പഷ്ണി കിടത്തുന്നത് ശരിയല്ലല്ലോ?'

'ശരി മുത്തശ്ശാ. പെട്ടെന്ന് വരണെ, ഞാന്‍ കാത്തിരിക്കും. '

ഉറക്കം ഉണ്ണിയുടെ കണ്ണുകളെ അമര്‍ത്തി ചുംബിച്ചതോടെ രാത്രിയുടെ നിശബ്ദത തിങ്ങിയ ഏതൊ ഒരു യാമത്തില്‍ അവന്റെ മനസ്സും ശരീരവും നിദ്രയില്‍ ലയിച്ചു.

പതിവു പോലെ പകലോന്‍ പ്രസന്നവദനനായി തന്റെ വരവറിയിച്ചു. ഉണ്ണി അല്പം മടിയോടെയാണെങ്കിലും കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കി. പക്ഷെ അവിടെയെങ്ങും തന്റെ മുത്തശ്ശനെ അവന്‍ കണ്ടതില്ല. അവനെഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അടുക്കളയുടെ വാതിലുകള്‍ തുറന്ന് കിടന്നിരുന്നെങ്കിലും അവിടം ശൂന്യമായിരുന്നു. അന്നേരമാണ് അവന്റെ മനസ്സില്‍ മുത്തശ്ശന്‍ പറഞ്ഞ നിലവറയുടെ കാര്യം ഓര്‍മ്മയില്‍ വന്നത് അവന്‍ ധൃതിയില്‍ താഴേക്കുള്ള പടികളിറങ്ങി നിലവറയുടെ മുന്നിലെത്തി.

'നിലവറയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു ആരാണിത് തുറന്നത് ?' 

അവന്‍ വിറയ്ക്കുന്ന ചുവടുകളോടെ അകത്തേക്ക് കയറി. അവിടെ നിറഞ്ഞു നില്‍ക്കുന്ന അന്ധകാരത്തെ വകഞ്ഞു മാറ്റിയ അരണ്ട വെളിച്ചത്തില്‍ താഴെ വീണുകിടക്കുന്ന തന്റെ മുത്തശ്ശന്റെ ചേതനയറ്റ ശരീരത്തെ അവര്‍ തിരിച്ചറിഞ്ഞു ഒപ്പം അവന്‍ ഒരിക്കലും കണ്ടട്ടില്ലാത്ത 'നിധി ' സൂക്ഷിച്ചിരുന്ന ശൂന്യമായ നിധിപേടകവും.


Post a Comment

0 Comments