കറുപ്പ് ♥ വിനോദ്.വി.ദേവ്

malayalam-kavitha


ന്റെ അച്ഛനുമമ്മയ്ക്കും
കറുപ്പായിരുന്നു.
എന്റെ മുത്തശ്ശനും മുത്തശ്ശിയും
മുതുമുത്തശ്ശന്‍മാരും
കറുത്തവരായിരുന്നു.
വീട്ടിലെ പയ്യും അതിന്റെ
കിടാവും
അമ്മ വളര്‍ത്തിക്കൊണ്ടുവന്ന
കോഴിയും കുഞ്ഞുങ്ങളും
കറുത്തവരായിരുന്നു.
കറുത്ത കോഴിക്കുഞ്ഞുങ്ങളെ
 ചെമ്പന്‍പരുന്ത്
റാഞ്ചുമ്പോള്‍
 മരണക്കരച്ചില്‍
സഹിയ്ക്കാന്‍ കഴിയാത്ത 
അമ്മ
വിഷാദിച്ചു പട്ടിണികിടക്കുമായിരുന്നു.
മുത്തശ്ശി പറഞ്ഞിട്ടുണ്ട് ,
നമ്മുടെ സൂര്യന്‍ കറുത്തതാണെന്ന്,
അതാണ് നിന്റെ മുതുമുത്തശ്ശന്‍മാര്‍
കറുത്തുപോയതെന്ന് .
നമ്മുടെ പാടങ്ങളും
നെല്‍ക്കറ്റയും വെള്ളവും
കറുത്തതാണ്,
നമ്മുടെ സ്വപ്നങ്ങള്‍ കറുത്തുകരുവാളിച്ചതാണ്.

മുതിര്‍ന്നപ്പോള്‍ അറിഞ്ഞു,
നമ്മുടെ ചോരയും വേര്‍പ്പും
കുമിഞ്ഞിറങ്ങിയാണ്
കറുത്തകൊടി ചുവന്നതെന്ന്.
കറുപ്പിന് ഏഴഴക്  മാത്രമല്ല ,
വ്യഥയുടെ ചൂരും ചൂടും
കണ്ണീരും മരണക്കടലിന്റെ
ആഴവുമുണ്ടെന്ന്.
ഒരിയ്ക്കല്‍ 
എന്നിലെ ശാക്യമുനിയുടെ
ബോധം കണ്ടെത്തി ,
കറുപ്പാണ് പരമസത്യം .
എരിയുന്ന സൂര്യന്റെ
വേദനയില്ലാതെ ,
ഉരുകുന്ന മെഴുകുതിരിയുടെ
വ്രണങ്ങളില്ലാതെ ,
ഒന്നിനെയും ഹിംസിയ്ക്കാതെ ,ഹിംസയ്ക്ക് വിധേയപ്പെടാതെ ,
ബുദ്ധനെപ്പോലെന്നും
കറുപ്പുനില്‍ക്കുന്നു.
കറുത്ത ചെങ്കൊടിതൊട്ട്
ഞാന്‍ പറഞ്ഞിട്ടുണ്ട്,
കറുപ്പിന്റെ പാരമാര്‍ത്ഥികമായ
അഴക് ഒരിയ്ക്കല്‍ ലോകം കാണും ,
അതിന്റെ അറിവില്‍ ലോകം വിസ്മയിയ്ക്കും.

എന്നാല്‍ വര്‍ത്തമാനത്തിന്റെ
വഴിയോരങ്ങളില്‍ ,
ഞാന്‍ പൊലിപ്പിച്ചെടുത്ത
കറുത്ത പൂക്കളെ ,
നിങ്ങള്‍ ചവുട്ടിയരയ്ക്കുമ്പോള്‍ ,
ഞാന്‍ വിതച്ചുകൊയ്തുമെതിച്ചെടുത്ത
നെന്മണിയ്ക്ക്
കറുത്ത നിറമാണെന്ന് കണ്ട്
അയിത്തം കല്പിയ്ക്കുമ്പോള്‍ ,
കറുപ്പിന്റെ അഴകിനെക്കുറിച്ചോര്‍ത്ത്
ഞാന്‍ ഭയപ്പെടുന്നു.
♥ vinod v dev

Post a Comment

0 Comments