മൈലാഞ്ചിയോര്‍മ്മകള്‍ ♥ സജി വി.ദേവ്




SAJI-V-DEV

വീട്ടിലെ മൈലാഞ്ചി 
പൂത്തതിന്റെയന്നാണ് 
വീണ്ടും നിന്നോര്‍മ്മകളില്‍
ചുവന്ന് പിടയുന്നത് .

നീലവിരി നാലുവശത്തേക്കും
വലിച്ച് മുറുക്കിയിരിക്കുന്നു
രണ്ട് കെട്ട് കെട്ടി നിന്നെയും
കഴുത്തിലെ കുരുക്ക് കാണാനുമില്ല.

ആരുടെയൊക്കെയോ 
നിലവിളികളറിയാതെ 
പാതിയടഞ്ഞ നിന്റെ 
കണ്ണുകള്‍ ആരെയോ 
കാത്തിരിക്കുന്നു. 

നിന്നെ പുതച്ച വെളുത്ത 
തുണിയിലെ അക്ഷരങ്ങള്‍ 
എനിക്ക് മാത്രം കാണാം.

എനിക്ക് പറക്കുവാന്‍
ഒരു ചിറക് തരുമെങ്കില്‍
ഒരുമിച്ച് പറക്കുവാനൊരു 
മേഘതുണ്ട് വരച്ച്തരാം. 

എനിക്കൊരു ഉമ്മ തരുമെങ്കില്‍
മരിക്കുമ്പോള്‍  എന്നെ 
തിരഞ്ഞ് നടക്കേണ്ട 
നിന്റെ ചുണ്ടുകള്‍ക്കിടയിലെ 
ശ്മശാനത്തിലൊരു 
പൂവായി ഞാന്‍ വിരിയും.

നിന്റെ കണ്ണുകളിലെന്തിന്
എന്നെ കെട്ടിയിട്ടിരിക്കുന്നു
ഉപ്പിലലിഞ്ഞ് ഇല്ലാതാവാനോ
പെയ്ത് പെയ്ത് ഇല 
തണുപ്പില്‍ പൊതിഞ്ഞ്
വെയ്ക്കുവാനോ .

വരില്ലന്നറിയാം
പച്ചമണ്ണില്‍ നീ നട്ട് 
വെയ്ക്കുകയൊരു 
മൈലാഞ്ചി ചെടി.

അതിന്റെ വേരിറങ്ങിയെന്‍ 
ഹൃദയം ചുവക്കും 
എനിക്കത് മതി 
പഞ്ചാരമണലിലിങ്ങനെ
ചുട്ടുപൊള്ളിക്കിടക്കുവാന്‍.

Post a Comment

0 Comments