തെരുവ് ജീവിതങ്ങള്‍ ♥ അഭിലാഷ് പണിക്കശ്ശേരി

malayalam-kavitha


വെയിലു തീപിടിപ്പിക്കുന്ന നഗരത്തി-
നരികെ മാലിന്യ പര്‍വ്വതക്കെട്ടിന്റെ
നിരയിലെന്തോ തിരഞ്ഞൊരാ
മിഴികളില്‍ ഇതളിടുന്നൊരു
പൊതി കാണ്‍കെ പുഞ്ചിരി.

ഇടയിലെപ്പൊഴോവുണ്ടു മടുത്തിട്ട്
ഇലകള്‍ മാറ്റി മടക്കി വച്ചിട്ടൊരാ
ധനികബാലന്റെയെച്ചിലോയിന്നതീ
പൊരിയുമീവയര്‍പാതിനിറക്കുവാന്‍
ഉഴലുവോനതിന്നമൃതമാം ഭോജ്യമായ്.

ഒരുവനിന്നു പോരാഞ്ഞതിന്നത്രയും
മറ്റൊരുവനിന്നേറെയാനന്ദമേകുന്നു
കരിനിഴല്‍ വീണ ജീവിതങ്ങള്‍ കണ്ട്
കരളിലായ് കൂരിരുള്‍ വന്നു മൂടുന്നു
ദുരിതമാം ജന്മ ചരിതമതു നീളുന്നു.

വയറെരിഞ്ഞീ വിശപ്പതിന്നറിയാത്ത
വിവിധവര്‍ണ്ണ രുചിക്കൂട്ടു നുണയുന്ന
നിറയുമാഡംബരത്തിന്റെ നിറുകയില്‍
കുറവതെന്തെന്നറിയാതെ വളരുന്നു
കൂടുതല്‍ ജനമിന്നേറെയിവിടെയും...
♥ Abhilash Panickasseri

Post a Comment

1 Comments