b-josekutty


സിഗ്‌നലുകള്‍ തകരാറിലായ 
മെട്രോ നഗരക്കവലയിലെ 
ഗതാഗതം നിയന്ത്രിക്കുന്നയാളുടെ 
ഏകാന്തത വാഹന മുരള്‍ച്ചകളില്‍ 
അലിഞ്ഞിരിക്കുന്നു. 

തലങ്ങും വിലങ്ങും പായുന്ന 
വണ്ടികളുടെ തീവ്ര സ്പന്ദനങ്ങളില്‍ 
അയാളുടെ ഏകാന്തത ശ്വാസം മുട്ടും. 
വണ്ടികള്‍ മുഴക്കുന്ന വിവിധ ഹോണുകളെ 
അയാള്‍ ഏഴാം സിംഫണിയാക്കി പരിഭാഷപ്പെടുത്തി 
ഏകാന്തതയ്ക്ക് പശ്ചാത്തല സംഗീതമാക്കും. 

ഒപ്പം, കൈമുദ്രകള്‍ കാട്ടി അയാള്‍ വാഹനങ്ങളെ 
പല വഴികളിലേക്ക് യാത്രയാക്കും.  
ആകസ്മിക മഴയില്‍ ഏകാന്തത ഒരു നനഞ്ഞ കാറ്റായി തഴുകും. 
ആംബുലന്‍സ് നിലവിളികളോടെ വരുമ്പോള്‍ 
അന്ത്യശ്വാസത്തിനായി കേഴുന്ന ഏകാന്തതയെ അതിലേറ്റി 
നിസ്സഹായത പറഞ്ഞ് വിടും. 

സിഗ്‌നലുകള്‍ ഇനിയും ശരിയാകാത്ത 
മഹാനഗരക്കവലയിലെ 
ഒരു ട്രാഫിക് പോലീസുകാരന് 
ഇതില്‍ കൂടുതലെന്ത് ചെയ്യാനാണ്.      
♥ b josekutty