സ്‌കൂളില്‍ ഏതോ ഒരു ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ്, ആദ്യം ആയി കല്ലുമ്മക്കായ പറ്റി അറിയുന്നത്. അത് ഇവിടെ ഒന്നും ഇല്ല. ദൂരേ സ്ഥലത്ത് മാത്രേ കിട്ടൂ എന്ന് എല്ലാവരും പറഞ്ഞു. ആ പ്രായം തൊട്ടു തന്നെ കല്ലുമ്മക്കായ തിന്നണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു അതേപോലെ കോഴിക്കോട് കാണണം എന്നും. കോഴിക്കോടിന് പണ്ട് തൊട്ടേ വല്ലാത്തൊരു ഇഷ്ടം ആയിരുന്നു. അവിടെ കൊറേ ഹല്‍വ കിട്ടും, നല്ലമ്പോലെ ഹിജാബ് സ്‌റ്റൈല്‍ കുത്തി നടക്കുന്ന പെണ്‍കുട്ടികള്‍ ആണ് പിന്നെ കോഴിക്കോട് ബിരിയാണി ഒക്കെ നല്ല ഫേമസ് ആണല്ലോ. പിന്നെ അവിടത്തെ മനുഷ്യര്‍ ഒക്കെ നല്ല സ്‌നേഹം ഉള്ളവരാണ് എന്നൊക്കെ ഉള്ള കേട്ടുകേള്‍വി മനസ്സിനെ ചെറുപ്രായത്തില്‍ തന്നെ മത്ത് പിടിപ്പിച്ചിട്ടുണ്ട്. അപ്പോളും ഒരിക്കലും പോവാന്‍ പറ്റില്ലേ എന്നൊരു ആശങ്ക ഉള്ളില്‍ ആഴത്തില്‍ വേരിട്ടിട്ട് ഉണ്ടായിരുന്നു. നാട്ടില്‍ നിന്നും ആദ്യം ആയി പുറത്തേക്ക് പോയി നില്‍ക്കുന്ന സ്ഥലം കൊച്ചി ആയിരുന്നു. കൊച്ചിയോട് എന്നും ഒരു വല്ലാത്ത പ്രണയം ആണ്. ഒരുപാട് ഇഷ്ടം ആണ്. ഒരിക്കലും വിട്ട് പോവാത്ത, പോകാന്‍ കഴിയാത്ത സ്ഥലം ആണ്. ആദ്യ പ്രസവത്തിലെ കുഞ്ഞിന്റെ കരുതല്‍ പോലെയാണ് ഞാന്‍ കൊച്ചിയെ കാണുന്നത്. അമ്മ എന്റെ അമ്മയാണെന്ന് ഞാന്‍ ഇടക്ക് ഇടക്ക് ഇടപ്പള്ളിയില്‍ നില്‍ക്കുമ്പോള്‍ മനസില്‍ വിളിച്ച് ഓതാറുണ്ട്.
കൊച്ചിയില്‍ പോയി നിന്നപ്പോള്‍ കോഴിക്കോട് നിന്നുള്ള ഒരുപാട് കൂട്ടുകാരെ കിട്ടി. നല്ല മനുഷ്യര്‍ എന്നൊക്കെ പറയുന്നത് ശരിയാണ് എന്നു മനസിലാക്കാന്‍ അത് മാത്രം മതിയായിരുന്നു. അത്രയ്ക്കും സ്‌നേഹ സമ്പന്നരായ മനുഷ്യര്‍. അതെല്ലാം കാണുമ്പോള്‍ ഞാന്‍ എന്താണോ അവിടെ ജനിക്കാഞ്ഞത് എന്ന കുറ്റബോധം എന്റെ ഉള്ളില്‍ തികട്ടി വരും. ഞാന്‍ എപ്പോള്‍ കോഴിക്കോട് കാണും എന്ന് എന്റെ ഉള്ളില്‍ ഇരുന്ന് ആരോ ചോദിക്കുന്ന പോലെ. എന്നാലും കാണും എന്ന് ഞാന്‍ എനിക്ക് തന്നെ ആത്മവിശ്വാസം കൊടുത്തു തുടങ്ങി.
അങ്ങനെ എനിക്കൊരു 22 വയസ്സ് ഉള്ളപോള്‍ ആണ് ഞാന്‍ ഒരു ആള്‍ കേരള യാത്ര നടത്തണം എന്ന് വിചാരിക്കുന്നത്. എല്ലാ സ്ഥലങ്ങളും പോണം കാണണം എന്നൊക്കെ അതിയായി ആഗ്രഹിച്ചു നില്‍ക്കുന്ന സമയം. ജീവിതം ക്ഷണികമായ ഒരു അവസ്ഥ ആണെന്ന് ഞാന്‍ സ്വന്തമായി മനസിലാക്കാന്‍ തുടങ്ങി. ഈ നിമിഷം മാത്രമേ നമ്മുടെ കയ്യില്‍ ഉള്ളൂ എന്ന എന്റെ തത്വം ഞാന്‍ മുറുക്കെ പിടിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ എന്തോ നഷ്ടപ്പെട്ടു എന്ന് വിചാരിച്ച് നില്‍ക്കുന്ന സമയം ആയിരുന്നു അത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല പോവാന്‍ ഉള്ളത് മാത്രേ പോയിട്ടുള്ളൂ എന്ന് വളരെ വൈകി ആണ് മനസ്സിലായത്. നമ്മുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ ഒന്നും ശരിക്കും നഷ്ടങ്ങള്‍ അല്ല. വേറെ ഒന്നിലേക്ക് ഉള്ള ആരംഭം ആണെന്ന് ഒക്കെ ജീവിതം കൊണ്ട് മനസ്സിലാക്കിയതാണ് .
അങ്ങനെ കോഴിക്കോട് ട്രിപ് ഒറ്റയ്ക്ക് പോവാന്‍ പ്ലാന്‍ ചെയ്ത്. ഞാന്‍ അവിടെ കുട്ടികളെ പഠിപ്പിച്ച് കൊണ്ട് ഇരിക്കുന്ന സമയം ആയിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു സ്റ്റുഡന്റ് (എന്റെ അനിയത്തിയെ പോലെ) , ഞാന്‍ ഇതുവരെ ട്രെയിനില്‍ കേറിയിട്ടില്ല എന്ന് പറഞ്ഞു. എന്നാല് ശരി അവളെ ട്രെയിന്‍ കൂടി കാണിച്ച് കൊടുക്കാമല്ലോ എന്നു വിചാരിച്ച് ഞങ്ങള്‍ രണ്ടു പെണ്ണുങ്ങള്‍ കൂടി കോഴിക്കോട് ട്രെയിന്‍ കേറി. കോഴിക്കോട് കാണാത്ത ഞാനും ട്രെയിന്‍ കേറാത്ത ആ കുട്ടിയും. നമ്മള്‍ ഒക്കെ എത്ര ഭാഗ്യം ഉള്ളവര്‍ ആണെന്ന ചിന്ത എന്റെ ഉള്ളില്‍ വരാന്‍ തുടങ്ങി. 18 വയസ് ആയിട്ടും ഇത് വരെ ട്രെയിനില്‍ കേറാന്‍ പറ്റാതെ പോയ ആ കുട്ടിയോട് എനിക്ക് വല്ലാത്ത വാത്സല്യവും സ്‌നേഹവും ഒക്കെ തോന്നാന്‍ തുടങ്ങി. ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഒക്കെ മനസ്സില്‍ ഒരു വല്ലാത്ത ഇരമ്പല്‍ ആയിരിന്നു. എന്തോ കീഴടക്കാന്‍ പോവുന്ന പോലെ. വര്‍ഷങ്ങള്‍ ആയി കാണാന്‍ കൊതിച്ച ഒരു സ്ഥലം കാണാന്‍ പോകുന്നു എന്ന ഒരു വലിയ സന്തോഷത്തില്‍ ഞാന്‍ ഓരോന്ന് ആലോചിച്ച് ഇരിന്നു. അവള് ആണെങ്കില്‍ ട്രെയിനില്‍ ആദ്യം ആയി കേറുന്ന ലഃരശലോലി േഇലും. ട്രയിന്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്ക് എന്തെന്ന് ഇല്ലാത്ത ഒരു പേടിയും കൗതുകവും ചേര്‍ന്ന് പുറത്തേക്ക് നോക്കി ഇരുന്നു. അവളുടെ ആ ഒരു ആഗ്രഹം നടത്തി കൊടുക്കാന്‍ പറ്റിയല്ലോ എന്നൊരു സന്തോഷം എന്റെ ഉള്ളില്‍ ഇങ്ങനെ കിടക്കുന്നുണ്ടായിരുന്നു. എവിടെയോ കേട്ടത് പോലെ മറ്റൊരാളടെ സന്തോഷത്തിന് നമ്മള്‍ കാരണം ആയാല്‍ നമുക്ക് ആയിരിക്കുമല്ലോ ഒരുപാട് സന്തോഷം. എന്റെ കോഴിക്കോട് സ്വപ്നം പോലെ വിലയേറിയതാണ് ആ കുട്ടിയുടെ ട്രെയിന്‍ യാത്രയും. ഇതേപോലെ ഓരോ മനുഷ്യര്‍ക്കും ഓരോ സ്വപ്നങ്ങള്‍, നടക്കുമോ ഇല്ലയോ എന്ന് പോലും ഉറപ്പില്ലാത്ത സ്വപ്നങ്ങള്‍. ഉദാഹരണം സുജാതയില്‍ മഞ്ജു വാരിയര്‍ പറഞ്ഞത് പോലെ, ' നമ്മുടെ ഒക്കെ സ്വപ്നത്തിന്റെ വില നമുക്ക് അല്ലേ അറിയൂ.
തിരൂര്‍ കഴിഞ്ഞപ്പോ തന്നെ ഹൃദയം ഇടിക്കാന്‍ തുടങ്ങി. പരപ്പനങ്ങാടി കഴിഞ്ഞ് ട്രെയിന്‍ മെല്ലെ ഓടാന്‍ തുടങ്ങി. അതിന് ഇടക് ഒരു 3 ചായ എങ്കിലും കുടിച്ചിട്ട് ഉണ്ടാവും. അവസാനം കോഴിക്കോട് എത്തി. ട്രെയിന്‍ ഇറങ്ങി കോഴിക്കോട് ബോര്‍ഡ് വായിച്ചപ്പോ തന്നെ കരച്ചില്‍ വരാന്‍ തുടങ്ങി. ഒരുപാട് സന്തോഷം വരുമ്പോ ആദ്യം കുറേ തുള്ളി ചാടിയിട്ട് ലാസ്റ്റ് കരച്ചില്‍ വരുന്നത് എന്റെ സ്വഭാവത്തില്‍ ഉള്ളതാണ്. ആദ്യം തന്നെ പോയത് ബീച്ചിലേക്ക് ആണ്. കോഴിക്കോടന്‍ ബീച്ച് അത്രയും പേര് കേട്ടത് ആണല്ലോ. ബുക്കുകള്‍ മാത്രം വായിച്ച് അറിഞ്ഞ ഒരു സ്ഥലത്തിലേക്ക് പോവുമ്പോ ഉണ്ടാവുന്ന സമ്മിശ്ര വികാരത്തില്‍ എന്റെ ഹൃദയം ഇടിക്കാന്‍ തുടങ്ങി. കോഴിക്കോട് ബീച്ചില്‍ വന്ന് കല്ലുമ്മക്കായ കഴിക്കാന്‍ ഉള്ള ന്റെ ആഗ്രഹം അങ്ങനെ നടക്കാന്‍ പോവുന്നു. അന്നത്തെ സൂര്യാസ്തമയം ഒരുപാട് സുന്ദരം ആയിരുന്നു. കണ്ടിട്ട് കണ്ടിട്ട് മതിയാവത്തപോലെ ഞാന്‍ അങ്ങനെ അവിടെ തന്നെ ഇരുന്നു. ഇതൊക്കെ കാണന് പറ്റിയല്ലോ എന്ന് എന്റെ ജീവിതത്തെ പറ്റി ഞാന്‍ ഓര്‍ത്തു. എത്രയോ വര്‍ഷം മുന്നേ കണ്ട സ്വപ്നങ്ങളില്‍ ജീവിക്കുന്ന എന്നോട് എനിക്ക് തന്നെ മതിപ്പ് തോന്നി. കല്ലുമ്മക്കായ എന്ന് എഴുതിയ ബീച്ചിന്റെ സൈഡില്‍ ഉള്ള കടയില്‍ കേറി.സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ട് കല്ലുമ്മക്കായ കഴിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് കിട്ടിയ അത്രയും കഴിച്ചു. നല്ല ആസ്വദിച്ച് കഴിച്ചു. അതിന്റെ ടെസ്റ്റ് ഇന്റെ കാര്യം ആലോചിച്ചില്ല. മനസ്സ് നിറഞ്ഞു കവിഞ്ഞു ഞാന്‍ അവിടെ കുറച്ച് നേരം ഇരുന്നു. അസ്തമനം കണ്ട് കണ്ട് അവസാനം സൂര്യന്‍ താഴ്ന്നു താഴ്ന്നു പോയി. നാളെ കാണാം എന്ന് പറഞ്ഞു പോകുന്നത് പോലെ .
പിന്നെ പോയത് മുട്ടായി തെരുവിലേക്ക് ആണ്. പലതരം മുട്ടായി ഉണ്ടാവും എന്നാണ് ഞാന്‍ വിചാരിച്ചത്. പേര് അങ്ങന്നെ ആണല്ലോ, അപ്പോ വിചാരിക്കുന്നതില്‍ തെറ്റ് ഇല്ലല്ലോ.
അവിടെ ചെന്നപ്പോ അതൊന്നും ഇല്ല ഒരുപാട് തുണികള്‍ ഇട്ടു വില്‍ക്കുന്നു, ചെറിയ കടകള്‍, ഹല്‍വ കടകള്‍, വീട്ടിലേക്ക് തിരക്ക് പിടിച്ച് പോകുന്ന മനുഷ്യന്മാര്‍, ചിരിച്ച് കൊണ്ട് പോകുന്ന കൂട്ടുകാര്‍, തട്ടമിട്ട കുറെ സുന്ദരി കുട്ടികള്‍. എല്ലാവരും എവിടെയോ എത്താന്‍ ഉള്ളപ്പോലെ ആകെ തിരക്കിലൂടെ ഓടുന്നു, ആകെ മൊത്തം ബഹളം.
അവിടെ കണ്ടൊരു ഹല്‍വ കടയില്‍ കേറി അനിയന് ഒരു ഹല്‍വ വാങ്ങി. നല്ല കോഴിക്കോടന്‍ ഹല്‍വ. അങ്ങനെ മിട്ടായി തെരുവിലൂടെ ഒരുപാട് നടന്നു. നടന്നു നടന്നു കാല്‍ വേദനിക്കാന്‍ തുടങ്ങി. ഞങ്ങള് തിരിച്ച് ബസ്സ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഉള്ള തയ്യാര്‍ എടുപ്പില്‍ തിരിച്ച് നടന്നു.
എന്റെ ഉള്ളില്‍ ഉള്ള സന്തോഷം ആരോട് പറയും, പറഞ്ഞാല്‍ അവര്‍ക്ക് ആ രീതിയില്‍ മനസ്സില്‍ ആവുമോ ന്തോ എന്നൊരു ശങ്ക ഉണ്ടായിരുന്നു. ഞാന്‍ ചെയ്ത ഓരോ യാത്രകളും ഇതേ പോലെ എനിക്ക് ഒരുപാട് പ്രിയപെട്ട യാത്രകള്‍ ആയിരിന്നു. കാണാന്‍ വര്‍ഷങ്ങള്‍ ആയി ഒരുപാട് കൊതിച്ചു നടന്ന സ്ഥലങ്ങളിലേക്ക് ഉള്ള യാത്രകള്‍. ഈ യാത്രകള്‍ ഒക്കെയാണ് എന്നെ ഞാന്‍ ആക്കി മാറ്റിയത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ ഒരു മൈന്‍ഡ് സെറ്റിലേക് എത്താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. പുസ്തകങ്ങളും യാത്രകളും സ്വാധീനിച്ചതിലും എത്രയോ കുറവാണ് മനുഷ്യരുടെ സ്വാധീനം.
അങ്ങനെ മനസ്സ് ഒരുപാട് സന്തോഷിച്ച് ഞാന്‍ ഇങ്ങനെ കോഴിക്കോട് തെരുവിലൂടെ നടന്നു കൊണ്ടേ ഇരിന്നു. മനസ്സ് ആ സമയത്ത് നടക്കുന്ന കാര്യങ്ങള്‍ ആസ്വദിച്ചു കൊണ്ടേ ഇരുന്നു. ഒരുപാട് സന്തോഷത്തിലും പല ചിന്തകളിലും എന്റെ കണ്ണ് വീണ്ടും നിറഞ്ഞു.
♥ Suneesa
0 Comments