ആത്മാവിന്റെ സഹചാരി • രശ്മി രാജ് ആര്‍, മാങ്കോട്

resmi-r-mankodu


ണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ ഒരു കസേരയില്‍, കാലുനിവര്‍ത്തി കൈകള്‍ രണ്ടും മേലേക്കുയര്‍ത്തി, ഡേവിഡ് എന്ന മുപ്പത്തിയഞ്ചുകാരന്‍ വലിച്ചു തീര്‍ത്ത സിഗരറ്റ്ക്കുറ്റികളിലേക്ക് ഒന്ന് നോക്കി ദീര്‍ഘമായി നിശ്വസിച്ചു. ദിവസംപ്രതിയുള്ള ഓഫിസ് ജോലികള്‍ അയാളെ നന്നേ മടുപ്പിച്ചിരുന്നു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് അയാളുടെ ഉറക്കമില്ലായ്മയെ അടയാളപ്പെടുത്തിയിരുന്നു. ഏറെനേരത്തെ ചിന്തകള്‍ക്ക് ഒടുവില്‍ ഡേവിഡ് കസേരയില്‍നിന്ന് എഴുന്നേറ്റ് ബാല്‍ഗണിയുടെ കൈവരിയില്‍ കൈചേര്‍ത്ത്, ഒരു സിഗരറ്റ് ചുണ്ടോട് ചേര്‍ത്ത് കത്തിച്ചു. ഉള്ളിലേക്ക് വലിച്ചു കയറ്റിയ പുകച്ചുരുളിനെ അവന്‍ പുറത്തേക്കൂതിവിട്ടു. (നേര്‍ത്ത പുഞ്ചിരിയോടെ ) തിരികെ മുറിയിലേക്ക് വന്ന് മലര്‍ന്നു കിടന്നു. കണ്ണുകളടച്ചു. ഏറെനേരം കഴിഞ്ഞാണ് ഡേവിഡ് ഉണര്‍ന്നത്. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് മേശയിലിരുന്ന ഫോണ്‍ കൈയ്യെത്തിയെടുത്തശേഷം ഓഫിസിലേക്ക് നീണ്ടൊരു ലീവിന് വിളിച്ചുപറഞ്ഞു. ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന 'മോര്‍ണിംഗ് എക്‌സ്പ്രസ്സിലെ 'യുവ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഡേവിഡ്. ഡേവിഡിന്റെ എഴുത്തുകളില്‍ സിംഹഭാഗവും ആത്മഹത്യ ചെയ്തവരെ കുറിച്ചുള്ളതായിരുന്നു.

ഡേവിഡിന്റെ ഓരോ രചനകളും ആത്മാവിനോട് നേരിട്ട് ബന്ധം പുലര്‍ത്തുന്ന ഒരാളെപോലെയായിരുന്നു. (അതുകൊണ്ട് തന്നെ ) സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ 'ആത്മാവിന്റെ സഹചാരി 'എന്ന് കളിയാക്കി വിളിക്കുമായിരുന്നു. രാത്രിയിലെ ഭക്ഷണത്തിന് ശേഷം ഉറക്കം വരാത്തതിനാല്‍ കബോര്‍ഡ് തുറന്ന് ഒരു ഷര്‍ട്ടെടുത്തിട്ട്, മുറി പൂട്ടി ഡേവിഡ് പുറത്തേക്ക് നടന്നു. ലിഫ്റ്റിന്റെ പണി നടക്കുന്നതുകൊണ്ട് സ്റ്റെപ്പിറങ്ങിയാണ് കാര്‍ പാര്‍ക്കിംഗ് ഏറിയയില്‍ വന്നത്. അവിടെനിന്ന് കാറെടുത്ത് സിറ്റിയിലേക്ക് വിട്ടു. നല്ല മഴയായിരുന്നതിനാല്‍ റോഡിലാകെ തിരക്കും ബഹളവും ആയിരുന്നു. മുംബൈ നഗരത്തിലൂടെയുള്ള യാത്രകള്‍ ഡേവിഡിനെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നതായിരുന്നു. രണ്ടുവര്‍ഷം കൊണ്ട് തന്നെ മുംബൈയിലെ ഓരോ പ്രദേശങ്ങളും കാഴ്ചകളും അദ്ദേഹത്തിന് മനപാഠമായിരുന്നു. പഴമയുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലാനായിരുന്നു ഡേവിഡിന് ഏറെ താല്പര്യം.

കാറ് ഫ്‌ലാറ്റിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞു. റൂമില്‍ വന്ന് സ്റ്റേഷനിലേക്ക് വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു. പിറ്റേന്ന് ഉച്ചക്ക് ശേഷം യാത്രയ്ക്ക് വേണ്ടതെല്ലാം പായ്ക്ക് ചെയ്തു. ഭക്ഷണം കഴിഞ്ഞ് ഒന്നു കിടന്നു. അല്പം മയങ്ങിയ ശേഷം എഴുന്നേറ്റു. തന്റെ ഡയറി തുറന്നുവെച്ചു. ദിവസവും ഡയറി എഴുതുന്ന ശീലമുള്ളതിനാല്‍ എന്നത്തെയും പോലെ അന്നെത്തെയും വിവരങ്ങള്‍ ഡയറിയില്‍ കൂട്ടിചേര്‍ത്തു. പിന്നെ രാവിലെ യാത്രയ്ക്ക് പോകേണ്ടതെല്ലാം ഒന്നുകൂടെ ഒരുക്കിവെച്ചു. കാലത്തെ ആറ് മണിക്ക് എഴുന്നേറ്റ് കുളിച്ച് ഫ്രഷായി സ്റ്റേഷനിലേക്ക് പോയി. അവിടെ ചെന്ന് ട്രെയിന് വേണ്ടി വെയിറ്റ് ചെയ്തു. ഏഴരക്കാണ് ട്രെയിന്‍. അല്പസമയത്തിന് ശേഷം ട്രെയിന്‍ വന്നു. ഡേവിഡ് ട്രെയിനില്‍ തനിക്കനുവദിച്ച സീറ്റില്‍ പോയിരുന്നു. ബാഗ് തുറന്ന് ഡയറിയില്‍ 'മുംബൈ ടു കോടേക്കനാല്‍ 'എന്ന് മാത്രം എഴുതി ഡയറി തിരികെ ബാഗില്‍ വെച്ചു. ട്രെയിന്‍ ഓടിത്തുടങ്ങി.

ഡേവിഡ് പുറം കാഴ്ചകളിലേക്ക് കണ്ണുനട്ടിരുന്നു. ഇടയ്‌ക്കെപ്പോഴൊ കണ്ണുകള്‍ താനേ അടഞ്ഞു പോയി. കണ്ണടച്ചു തുറന്നപ്പോഴേക്കും മണിക്കൂറുകള്‍ കടന്നുപോയിട്ടുണ്ടായിരുന്നു. തണുപ്പിന്റെ ആസക്തി കൂടി വന്നുകൊണ്ടിരുന്നു. അടുത്ത സീറ്റില്‍ ഇരിക്കുന്നവരെല്ലാം സെക്ടര്‍ ഇട്ടിട്ടുണ്ടായിരുന്നു. ഡേവിഡ് ബാഗില്‍ നിന്ന് സെക്ടര്‍ എടുത്തു ധരിച്ചു. ട്രെയിനില്‍ കൂടുതലും തമിഴന്മാരായിരുന്നു. ട്രെയിന്‍ 'കോടേക്കനാല്‍ 'സ്റ്റേഷനില്‍ എത്തിയിരുന്നു.

ട്രെയിനില്‍ നിന്ന് ഇറങ്ങിയ ഡേവിഡ് ഒരു ടാക്‌സി വിളിച്ച് നേരെ പോയത് ഒരു ഹോട്ടലിലേക്കാണ്. അവിടെ ചെന്ന് റൂം ബുക്ക് ചെയ്തു.ഏഴാം നമ്പര്‍ മുറി. ചെറുതാണെങ്കിലും നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്നു. (സാധാരണ ഇങ്ങനെയൊന്ന് കിട്ടാറില്ല.) ഡേവിഡ് മുറിയില്‍ കയറി നോക്കി. മുറിയിലൊരു കട്ടിലും മേശയും കസേരയുമുണ്ടായിരുന്നു. യാത്രാക്ഷീണം കാരണം അന്ന് റൂമില്‍ തന്നെ ചിലവഴിച്ചു.

എഴുന്നേറ്റപ്പോള്‍ മുറിയുടെ ഇടത്തു വശത്തെ നാലു പാളി ജനല്‍ തുറന്ന് ഡേവിഡ് പുറത്തേക്ക് നോക്കി. മഞ്ഞാല്‍ മൂടപ്പെട്ട അവിടം ഡേവിഡിന് ഒരുപാട് ഇഷ്ടമായി. പുറം കാഴ്ചകളിലേക്ക് നോക്കി നില്‍ക്കവേ ആരുടെയോ സാമിപ്യം ഡേവിഡ് തിരിച്ചറിഞ്ഞു. മഞ്ഞുതുള്ളികളാല്‍ പൊതിഞ്ഞിരുന്ന ലാവണ്ടര്‍ ചെടിയിലേക്ക് ഒരു നിമിഷം ഡേവിഡ് നോക്കി നിന്നു. കോടേക്കനാലിന്റെ കാണാപുറങ്ങളിലേക്ക് നടന്നു ചെല്ലാന്‍ ഡേവിഡ് വല്ലാതെ മോഹിച്ചു.

 പിറ്റേ ദിവസം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാതെ തന്റെ ക്യാമറയുമെടുത്ത് അദ്ദേഹം ഇറങ്ങി. തണുപ്പ് കാരണം അവിടെയുള്ള ഒരു കടയില്‍ നിന്ന് കാപ്പി വാങ്ങി കുടിച്ചു. കോടമൂടിക്കിടക്കുന്നതിനാല്‍ ചുറ്റുമുള്ള കാഴ്ചകള്‍ പലതും അവ്യക്തമായിരുന്നു. അത്തരമൊരു കാഴ്ചയിലാണ് ഡേവിഡ് ആദ്യമായി അവളെ കണ്ടുമുട്ടിയത്. ആത്മഹത്യമുനമ്പില്‍ നിന്ന് കാഴ്ചകള്‍ ആസ്വദിക്കുമ്പോള്‍, ഈ മുനമ്പില്‍ നിന്നും എത്രയോപേര്‍ ആത്മഹത്യ ചെയ്തിരിക്കാമെന്ന് തന്റെ ഉള്ളിലെ എഴുത്തുകാരന്‍ (ഒരു നിമിഷം ) ചിന്തിച്ചു പോയി.

പലതരത്തിലുള്ള ആളുകളെ കണ്ടെങ്കിലും ഡേവിഡിന് ഏറെ പ്രിയം തോന്നിയത് തന്റെ ക്യാമറാക്കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയാത്ത അവ്യക്തമായ ആ രൂപമായിരുന്നു. ദൂരെ എങ്ങോട്ടാ നോക്കി നില്‍ക്കുന്ന ഒരു പെണ്‍ക്കുട്ടി. കണ്ണ് ഒന്നടച്ചു തുറക്കുന്ന നേരം കൊണ്ട് അവള്‍ മുന്നില്‍ നിന്നും മറഞ്ഞിരുന്നു. നിരാശയോടെ തിരികെ റൂമിലെത്തിയപ്പോഴും തനിക്ക് പ്രതീക്ഷ തരുന്ന രൂപം അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അത് ശരിക്കും താന്‍ മുമ്പ് കണ്ടതുപോലെ അവളുടെ അവ്യക്തമായ രൂപമായിരുന്നു. ശരീരം എന്നയൊന്ന് ആ രൂപത്തിന് ഇല്ലായിരുന്നു. ഒരു ഭയപ്പാടോടെ പിന്നോട്ട് തിരിഞ്ഞെങ്കിലും,അവള്‍ ഡേവിഡിന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു. ശരിക്കും ഒരു ആത്മാവിനെ കണ്ടാല്‍ എന്താണുണ്ടാവുക, അതാണ് ഡേവിഡിനും സംഭവിച്ചത്. ഒന്നും മിണ്ടാതെ അവള്‍ ദൂരത്തേക്ക് അകന്നു പോയപ്പോള്‍, എന്തോ ഒരു വികാരം ഡേവിഡിനെ വന്നു പൊതിഞ്ഞു. പിറ്റേ ദിവസം ഡേവിഡ് ഉറക്കമുണര്‍ന്നപ്പോള്‍, തനിക്കരികില്‍ അവളുമുണ്ടായിരുന്നു. മുമ്പത്തെ പോലെ അവന് അപ്പോള്‍ പേടി തോന്നിയില്ല. അവനായി അവളൊരു പുഞ്ചിരി സമര്‍പ്പിച്ചുകിടന്നു.

#Resmi R Mankodu

Post a Comment

1 Comments