ee-nilavilikal-kaanathe-pokaruthee


നാഥമന്ദിരത്തിന്റെ
അകത്തളത്തിലിരുന്ന്
മായാത്ത സൂര്യന്‍
മിന്നാമിനുങ്ങായ് 
ജ്വലിക്കുന്നുണ്ട്

അഗ്‌നിക്കിരയാവാന്‍
പോവുന്ന 
കരിയിലകളെ
ചേര്‍ത്തു നിര്‍ത്തി 
ഗുരുമൊഴിയാല്‍ 
പരിതപിക്കുന്നുണ്ട്

ദാഹമകറ്റി
വളര്‍ത്തിയ
മരതൈകള്‍ 
വാനോളം
ഉയരണമെന്ന്
ആശിക്കാറുണ്ട്

നട്ടുവളര്‍ത്തിയ
ഇഷ്ടമരത്തിന്റെ
കായെടുത്ത് 
കൊഞ്ചി കുഴഞ്ഞ്
തൊട്ടാവാടിയാവാറുണ്ട്

ചീഞ്ഞുനാറിയ
കൈത്തടങ്ങളിലെ
മുറിവിലേക്ക് സൂചി 
കുത്തിയിറക്കി
അട്ടഹസിക്കാറുണ്ട്

തേഞ്ഞു പോയ
ചെരുപ്പിട്ട് 
അകലങ്ങളിലേക്ക്   
നടന്നു പോയി 
കാല്‍ കുഴയാറുണ്ട്

കാളവാഹനത്തിന്റെ
അകമ്പടിക്കായ്
ഈയാംപാറ്റയായ്
കാത്തിരിക്കാറുണ്ട്

വാത്സല്യ കഥകള്‍
വാനോളം പറയുന്ന 
മായാത്ത സൂര്യന്റെ
അസ്തമനം
കാത്തിരിക്കുന്ന
പുലരിയുണ്ട്.
© m.s.padmasree