ക്ഷേത്രായനം - 7 █ അനില്‍ നീര്‍വിളാകം

kshethrayamam-anil-neervilakam


മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുതന്നെയാണ് പ്രസിദ്ധമായ മമ്മിയൂര്‍ മഹാദേവക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ചരിത്രപരമായി ഏതാണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള മമ്മിയൂര്‍ മഹാദേവ ക്ഷേത്രം  കേരളത്തിലെ അറിയപ്പെടുന്ന നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനു വടക്കുഭാഗത്ത്കൂടി (തീര്‍ത്ഥക്കുളം സ്ഥിതിചെയ്യുന്ന ഭാഗം) കുന്നംകുളം-കോഴിക്കോട് റൂട്ടിലൂടെ ഒരുകിലോമീറ്ററിന് താഴയേയുള്ളു ദൂരം. കാല്‍നടയായും, റിക്ഷയിലും അനായാസം ഇവിടെ എത്തിച്ചേരാനാകും. 

  റോഡരികിലുള്ള രണ്ടുനില ഗോപുരനടയാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടമായ കിഴക്കേനട. ഗോപുരനടയിലൂടെ അകത്ത് പ്രവേശിക്കുന്നതിന് മുന്‍പായി അടുത്തുതന്നെ വലതുവശത്തായി ഒരു ഗണപതിപ്രതിഷ്ഠയുണ്ട്. ഈ ഗണപതിയെ തൊഴുതാണ് ഭക്തര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. ഗോപുരത്തിലൂടെ അകത്തുകടന്നാല്‍ ആദ്യം വലിയ ഒരാല്‍മരം കാണാം. അതുകടന്ന് ഇടതുവശം ചേര്‍ന്ന് അല്‍പ്പംകൂടി  മുന്‍പോട്ട്‌പോകുമ്പോള്‍ ഓഫീസുകളും വഴിപാട് വിവരങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുള്ള കൗണ്ടറുകളും, ആദ്മീയ ഗ്രന്ഥങ്ങള്‍ വില്പനക്കായുള്ള ഒരു ചെറു സ്റ്റോറും കാണാനാകും. വലതുവശത്ത് ഭക്തര്‍ക്ക് വിശ്രമിക്കാവുന്ന തരത്തില്‍ കസേരകളും മറ്റുമിട്ടുള്ള ഒരു ചെറു നിര്‍മിതിയും അതിനപ്പുറം 'നടരാജമണ്ഡപം' എന്ന സ്റ്റേജും കാണാം. ഇവിടെയാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളില്‍ നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികളൊക്കെ നടക്കുന്നത്. 

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ണമാകണമെങ്കില്‍ മമ്മിയൂര്‍ മഹാദേവക്ഷേത്രദര്‍ശനവും നടത്തണമെന്നുള്ളത് വളരെ ശക്തമായ ഒരു വിശ്വാസമാണ്. അതൊരു ആചാരമായി കണ്ട് ഗുരുവായൂരപ്പനെ കാണാനെത്തുന്ന നിരവധി ഭക്തര്‍  ഇവിടെയും എത്തി പ്രാര്‍ഥിക്കുന്നു. ശിവനും, വിഷ്ണുവും തുല്യരായി കുടികൊള്ളുന്ന പുരാതന ശിവക്ഷേത്രമാണിത്. മുഖ്യപ്രതിഷ്ഠ പാര്‍വ്വതീസമേതനായ പരമശിവനാണ്. ശിവകുടുംബസാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.  തൊട്ടടുത്തുതന്നെ മറ്റൊരു ശ്രീകോവിലില്‍ മഹാവിഷ്ണുവും കുടികൊള്ളുന്നു.  

കാര്യമായ ആര്‍ഭാടങ്ങളൊന്നും ഇല്ലാത്ത സാധാരണ ഒരു ഗ്രാമീണക്ഷേത്രത്തിന്റെ അന്തരീക്ഷത്തില്‍ ഉള്ളതാണീ ക്ഷേത്രം. കൊടിയേറി ഉത്സവമില്ലാത്തതിനാല്‍ ക്ഷേത്രത്തില്‍ കൊടിമരവുമില്ല. ശ്രീകോവില്‍ മതില്‍കെട്ടിനു വെളിയില്‍ രണ്ട് നടകളിലും വലിയ ബലിക്കല്ലുകളുണ്ട്. ഈ മതില്‍ കെട്ടിന് പുറത്തുനിന്നുതന്നെ  രണ്ട് വിഗ്രഹങ്ങളും നന്നായി കാണാനാകും.

ഇടതുവശത്തുള്ള നടയാണ് പരമശിവന്‍ന്റെത്. അതിലൂടെ കയറി തൊഴുത് പ്രദിക്ഷിണം വെച്ച്, വലതുവശത്തുള്ള ശ്രീകോവിലിലെ മഹാവിഷ്ണുവിനേയും ദര്‍ശിച്ച് ആ നടയിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്. ശിവന്റെയും, വിഷ്ണുവിന്റെയും നാടകള്‍ക്കൊന്നിച്ചാണ്  നടപ്പുര പണിതിട്ടുണ്ട്. എട്ടുതൂണുകളോടുകൂടിയ ഈ നടപ്പുരയുടെ ഓരോ തൂണിലും വിവിധ ദേവരൂപങ്ങള്‍ കാണാം. ചതുരാകൃതിയില്‍ ഇരുനിലയില്‍ പണിതിട്ടുള്ളതാണ്  ഇവിടെയുള്ള മുഖ്യശ്രീകോവിലുകള്‍. ഈ ശ്രീകോവിലുകളുടെ പുറംചുവരുകള്‍ ചുവര്‍ച്ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രണ്ടടിയോളം  ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗവും നാലടിയോളം ഉയരം വരുന്ന ചതുര്‍ബാഹുവിഷ്ണുവിഗ്രഹവും യഥാക്രമം തെക്കും വടക്കുമുള്ള ശ്രീകോവിലുകളില്‍ കിഴക്കോട്ട് ദര്‍ശനമായി കുടികൊള്ളുന്നു. 

അകത്ത് പ്രദിക്ഷണം വെക്കുമ്പോള്‍ കിഴക്കോട്ട് ദര്‍ശനമായി ഗണപതി ശ്രീകോവിലുണ്ട്. പടിഞ്ഞാറേ നടയില്‍ പ്രധാന ശ്രീകോവിലുകള്‍ക്കിടയിലെ മറ്റൊരു ചെറിയ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. വടക്കുപടിഞ്ഞാറേമൂലയില്‍ മറ്റൊരു ശ്രീകോവിലില്‍ ഹരിഹര പുത്രന്‍ അയ്യപ്പ സ്വാമി കുടികൊള്ളുന്നു. ശബരിമല അയ്യപ്പ സ്വാമിയുടെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുണ്ട് ഈ അയ്യപ്പ സ്വാമിയുടെ വിഗ്രഹത്തിന്. പാര്‍വ്വതീസമേതനായ പരമശിവന്‍, പുത്രന്മാരായ ഗണപതിയ്ക്കും, സുബ്രഹ്മണ്യന്നും, അയ്യപ്പന്നുമൊപ്പം വാഴുന്ന ഈ ശിവകുടുംബ പുണ്യക്ഷേത്രം കൈലാസത്തിന് തുല്യമാകുന്നു എന്നാണ് വിശ്വാസം..

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസം ആഘോഷിയ്ക്കപ്പെടുന്ന ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വൈദികാചാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് മമ്മിയൂര്‍ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം. ധനുമാസത്തിലെ തിരുവാതിരയാണ് മറ്റൊരു പ്രധാന ആഘോഷം. മംഗല്യസൗഭാഗ്യത്തിനും, നല്ല ദാമ്പത്യ ജീവിതത്തിനുമൊക്കെയായി നിരവധി സ്ത്രീകള്‍ ഇന്നും തിരുവാതിരവ്രതം അനുഷ്ഠിച്ച് ഇവിടെത്തി പ്രാര്‍ഥിക്കുന്നു. 

നാലമ്പലത്തിന് പുറത്ത് പ്രദിക്ഷിണ വഴിയില്‍ ബ്രഹ്മരക്ഷസ്സ് പ്രതിഷ്ഠയുണ്ട്. അതെ വഴിയില്‍ ഒരു കാവിന്റെ അന്തരീക്ഷമുള്ള ഭദ്രകാളി ശ്രീകോവിലും, അടുത്ത് നാഗദൈവങ്ങള്‍, ചെറുരക്ഷസ്സ് എന്നിവരുടെയും പ്രതിഷ്ഠകള്‍ ഉണ്ട്. അവിടെയെല്ലാം തൊഴുത് പ്രദിക്ഷിണം വെച്ച് നാലമ്പലത്തിന്റെ പ്രദിക്ഷിണം പൂര്‍ത്തീകരിക്കുന്നു.  

ഉദയാസ്തമനപൂജ, കൂവളമാല, ധാര, ഉമാമഹേശ്വരപൂജ തുടങ്ങിയവയാണ് മമ്മിയൂരപ്പന്റെ പ്രധാന വഴിപാടുകള്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം.

ഗുരുവായൂരില്‍ എത്തുന്നവര്‍ തീര്‍ച്ചയായും മമ്മിയൂരിലുമെത്തി പ്രാര്‍ഥിക്കുന്നത് അതിവിശിഷ്ട അനുഭവം തന്നെയാകും.

Post a Comment

1 Comments

  1. അനിൽ, മമ്മിയൂർ ക്ഷേത്രദർശനം വിവരണം വളരെ നന്നായി

    ReplyDelete