ക്ഷേത്രായനം-14 ► അനില്‍ നീര്‍വിളാകം



കുബേര ക്ഷേത്രം

ഉത്രാളികാവ് ക്ഷേത്രത്തില്‍ നിന്നും മടങ്ങി പ്രധാന റോഡിലെത്തുമ്പോള്‍ രാവിലെ ഒന്‍പതരമണി കഴിഞ്ഞിരുന്നു. ഒരു ചായ പോലും കുടിക്കാതെയാണ് ഇത്രയും നേരം പിടിച്ചു നിന്നത് എന്നതു കൊണ്ട് ഏവര്‍ക്കും വിശപ്പും ദാഹവും കലശലായിരുന്നു. എന്തെങ്കിലും കഴിക്കുന്നതിനായി അവിടമെല്ലാം  ഒന്ന് പരതിയെങ്കിലും ഒന്നും കാണാതിരുന്നതിനാല്‍ വണ്ടിയെടുത്ത് മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു. അങ്ങനെ അല്‍പ്പം നീങ്ങിയപ്പോള്‍ കണ്ടു ഇടതു സൈഡില്‍ ഒരു ചെറു ഹോട്ടല്‍ 'പത്മനാഭ'.  അതൊരു പുതു നിര്‍മ്മിതിയാണെന്ന് കാണുമ്പോഴേ മനസിലാകുമായിരുന്നു. ആശ്വാസത്തോടെ വണ്ടി നിര്‍ത്തി അതില്‍ ഓടിക്കയറി എന്ന് പറയാം. പ്രദര്‍ശിപ്പിച്ചിട്ടുള്ള വിഭവങ്ങള്‍ നോക്കി തങ്ങളുടെ ഇഷ്ട വിഭവങ്ങള്‍ മനഃപാഠമാക്കി കൗണ്ടറിലേക്കു വെച്ചുപിടിച്ചു ചിലര്‍. ഞാനും, നാരായണേട്ടനും  എത്തുന്നതെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ആദ്യം പോയവര്‍ അതേപോലെ മടങ്ങി വന്ന് കഴിക്കാനൊന്നുമില്ല എന്ന് പറഞ്ഞ് സങ്കടപ്പെട്ടു. അപ്പോഴാണ് വളരെ മാന്യതയോടെ ഇതിന്റെ ഉടമയാണ് എന്ന് പരിചയപ്പെടുത്തി ഒരാള്‍ (പേര് മറന്നു) അടുത്തെത്തി കുശലാന്വേഷണവും പിന്നെ കഴിക്കാനൊന്നും ഇല്ലാത്തതിലുള്ള ക്ഷമാപണവും നടത്തിയത്. താനൊരു പ്രവാസി ആയിരുന്നെന്നും, ഈ അടുത്ത കാലത്താണ് ഈ ഹോട്ടല്‍ തുടങ്ങിയതെന്നും മറ്റും പറഞ്ഞു. ബസ്സില്‍ പോയ ഒരു കല്യാണപ്പാര്‍ട്ടി അല്‍പ്പം മുന്‍പ് വന്ന് എല്ലാം കാലിയാക്കിപ്പോയതാണെന്നും, ചായയും തല്‍ക്കാലം പിടിച്ചു നില്‍ക്കാനാകുന്ന എന്തെങ്കിലും നല്‍കാമെന്നും മറ്റും പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചപ്പോഴാണ് ഒരു സമാധാനമായത്. പ്രതീക്ഷയോടെ എല്ലാവരും ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചപ്പോഴേക്കും നാരായണേട്ടന്‍ ആ പ്രവാസിയുമായി വലിയ ലോഹ്യത്തിലായിക്കഴിഞ്ഞിരുന്നു. എന്തൊക്കെയോ ചോദിക്കുകയും പറയുകയും ഫോണ്‍നമ്പര്‍ കൊടുക്കല്‍- വാങ്ങലുകളുമൊക്കെ തകൃതിയായി നടക്കുന്നത് കണ്ട് ഞങ്ങള്‍ ആസ്വദിച്ചിരുന്നു. കൂടെ അടുത്ത ലക്ഷ്യത്തിലേക്കുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. 

അടുത്ത ഞങ്ങളുടെ ലക്ഷ്യം പാലക്കാട്ട് അതിര്‍ത്തിയില്‍ പുതുതായി നിര്‍മ്മിച്ച കുബേര ക്ഷേത്രം ആയിരുന്നു. തിരക്കിയപ്പോള്‍ ഇവിടെനിന്നും ഏകദേശം ഒരു മണിക്കൂര്‍ യാത്ര. ഞാന്‍ വാച്ചിലേക്ക് നോക്കി സമയം പത്തു മണിയോടടുക്കുന്നു. ചര്‍ച്ചയായി ഇനി ഇവിടെ നിന്നും യാത്ര ചെയ്തവിടെ എത്തുമ്പോള്‍ ക്ഷേത്രം അടക്കുമോ. അവിടുത്തെ പ്രവര്‍ത്തന സമയവും, കൂടുതല്‍ വിവരങ്ങളും ഒന്നും ആര്‍ക്കും അത്ര അറിയുമായിരുന്നില്ല എന്നതിനാല്‍ ഞാന്‍ ആ യാത്ര പിന്നൊരിക്കല്‍ ആകാം എന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ പദ്മിനിചേച്ചിക്ക് ഭയങ്കര ഉത്സാഹമായിരുന്നു അവിടെ പോകണെമെന്നുള്ളതിന്.  നമ്മുക്ക് പോകാം, പതിനൊന്നു മണിക്ക് മുന്‍പായി അവിടെ എത്താനാകും എന്ന് ചേച്ചിക്കുറപ്പുള്ള പോലെ ചേച്ചി വാദിച്ചുകൊണ്ടിരുന്നു. ചേച്ചി ആരേയോ വിളിക്കുന്നു, അവര്‍ കഴിഞ്ഞവാരം അവിടെപോയ വിവരങ്ങള്‍ തിരക്കുന്നു, എന്നിട്ടും പത്തരയാണോ, പതിനൊന്നാണോ നടയടക്കുന്ന സമയം എന്നതിന് ഒരു ഉറപ്പും കിട്ടിയില്ല. പിന്നീട് ഇന്റര്‍നെറ്റില്‍ നോക്കി പതിനൊന്നെന്നുറപ്പിക്കുന്നു. ചേച്ചിയുടെ ഉത്സാഹം കണ്ട് ഞാനും പറഞ്ഞു എന്തായാലും പോകുക തന്നെ. ഹോട്ടല്‍ ജീവനക്കാര്‍ അപ്പോള്‍ സംഘടിപ്പിച്ചു തന്ന ലഖുഭക്ഷണവും, ചായയും എല്ലാവരും പെട്ടെന്ന് തന്നെ കഴിച്ച് ഞങ്ങള്‍ അവിടെനിന്നും ഇറങ്ങി. ഉച്ചക്ക് ഊണിന് ഞങ്ങള്‍ ഉണ്ടാകും വൈകിയാലും ഞങ്ങളുടെ ഭക്ഷണം കരുതണം എന്ന് നാരായണേട്ടന്‍ ആ ഉടമയോട് പറഞ്ഞാണ്  വണ്ടിയില്‍ കയറിയത്. (തിരിച്ചു വരുമ്പോള്‍ അത് പാലിക്കുകയും ചെയ്തു).

പിന്നെ പെട്ടന്നൊരു യാത്രയായിരുന്നു. അവിടെ നിന്നും ഏതാണ്ട് 27 കിലോ മീറ്റര്‍ അകലെ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിനടുത്ത് ചളവറ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം എന്ന് മനസിലാക്കി. പതിനൊന്നു മണിക്ക് മുന്‍പായി അവിടെ എത്തിക്കാം എന്ന ഡ്രൈവര്‍ ബ്രോയുടെ ഉറപ്പ് ഞങ്ങള്‍ക്ക് കരുത്തേകി. ചെറുതുരുത്തി -കുളപ്പുള്ളി- ചെറുപ്പളശ്ശേരി റോഡിലൂടെയാണ് ഞങ്ങള്‍ സഞ്ചരിച്ചത്. ഒരു ഉല്ലാസയാത്ര പോലെ വളരെ സുന്ദരമായ ഒരു യാത്രയായിരുന്നു ഇത്. രണ്ടു വശവും തിങ്ങി നിറഞ്ഞ വൃക്ഷലതാതികള്‍ക്കിടയിലൂടെ അധികം വീതിയില്ലാത്ത അതിസുന്ദരമായ റോഡ്. ഇടയ്ക്കിടെ മാത്രം എതിര്‍ ദിശയിലേക്ക് പോകുന്ന വണ്ടികള്‍. വനാന്തരത്തിലൂടെ പോകുന്ന ഒരു അനുഭവമായിരുന്നു അത്. ട്രാഫിക് തടസങ്ങള്‍ ഒന്നുമുണ്ടായതേയില്ല. 

അങ്ങനെ ചളവറയില്‍ എത്തി അന്വേഷിച്ചപ്പോള്‍ പോകേണ്ട വഴി ഒരാള്‍ കാണിച്ചു തന്നു. പ്രധാന റോഡില്‍ നിന്നും നാട്ടിന്‍ പുറത്തെ പോലെ അല്‍പ്പം താഴ്ന്ന പ്രദേശത്തേക്ക് പോകുന്ന ഒരു ചെറുറോഡിലേക്ക് തിരിഞ്ഞാണ് അവിടേക്ക് പോകേണ്ടത്. ഇതിലൂടെ അല്‍പ്പം സഞ്ചരിച്ചപ്പോള്‍ ഇടതു വശത്തായി ''പാലാട്ട് പാലസ്'' എന്ന് ബോര്‍ഡുള്ള ഒരു വലിയ ഗേറ്റും അതിനു പിന്നില്‍ അല്‍പ്പം ഉയര്‍ന്ന ഭാഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന പാലസും,  പാലസിനോടു തന്നെ ചേര്‍ന്നു നില്‍ക്കുന്ന പാലസ് രീതിയില്‍ത്തന്നെയുള്ള കുബേര ക്ഷേത്രവും കണ്ടു. പാലസും, ക്ഷേത്രവും അല്‍പ്പം ഉയര്‍ന്ന പ്രദേശത്തിലാണിതുള്ളത്.  



ഡ്രൈവര്‍ ബ്രോയുടെ ഉറപ്പു പോലെ തന്നെ ഞങ്ങള്‍ പതിനൊന്നു മണിക്ക് ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പായിത്തന്നെ അവിടെയെത്തി. പടികള്‍ കയറി മുകളിലെത്തി. പതിനൊന്നരവരെ പ്രവേശന സമയം ഉണ്ടെന്നറിഞ്ഞപ്പോള്‍ ഏതായാലും യാത്ര പാഴായില്ല എന്ന് സമാധാനിച്ചു. അകത്തു പ്രവേശിച്ചാല്‍ അമ്പലമായി. നാട്ടിന്‍ പുറത്തെ നമ്മുടെ ക്ഷേത്ര സങ്കല്‍പ്പവുമായി ഒരു ബന്ധവുമില്ല ഇവിടുത്തെ നിര്‍മ്മിതികളും ഞങ്ങള്‍ കണ്ട പൂജകളും. വടക്കന്‍-തെക്കന്‍ താന്ത്രിക വിദ്യകളുടെ സമ്പൂര്‍ണ്ണ സംയോജനമാണ് ക്ഷേത്രം എന്നാണ് അവിടയുണ്ടായിരുന്ന ഒരു കാര്‍മ്മികന്‍ പറഞ്ഞത്. ഒരു നേപ്പാള്‍/ ഭൂട്ടാന്‍ നിര്‍മിതികളോട് സാമ്യം ഉള്ളതു പോലെയാണ് എനിക്ക് തോന്നിയത്. അകത്ത് സര്‍വ്വം സ്വര്‍ണ്ണമയമാണ്. വിഗ്രഹങ്ങള്‍ ഉള്‍പ്പടെ സകലതും സ്വര്‍ണ്ണം പൂശിയിരിക്കുന്നു. 

ഉള്ളിലായി കിഴക്കു ദര്‍ശനമായി 20 അടിയോളം ഉയരമുള്ള പീഠത്തില്‍, ലക്ഷ്മി വിനായക സങ്കല്‍പ്പത്തിലുള്ള,  ഇരിക്കുന്ന വിനായക വിഗ്രഹം ആകര്‍ഷകരമായ അതിഗംഭീര മൂര്‍ത്തിയാണ്. ഞാനാദ്യമായാണ് ഇത്തരം ഒരു മൂര്‍ത്തിയെ കാണുന്നത്. അവിടെ തൊഴുത് പിന്നെ വരേണ്ടത് കനകധാരാ സങ്കല്‍പ്പത്തിലുള്ള മഹാലക്ഷ്മി നടയിലേക്കാണ്. താമരയില്‍ ഇരിക്കുന്ന അഞ്ചടിയോളം ഉയരമുള്ള പ്രതിഷ്ഠ.  പിന്നെ വരുന്നത് രാജഗോപാല സങ്കല്‍പ്പത്തിലുള്ള ശ്രീകൃഷ്ണ നടയിലേക്കാണ്. ഓടക്കുഴല്‍ ഊതി നില്‍ക്കുന്ന ഏതാണ്ട് ആറടിയോളം ഉയരമുള്ള ശ്രീ കൃഷ്ണനാണ് പ്രതിഷ്ഠ. ഇവിടെയും തൊഴുത് പിന്നീടാണ് കുബേര നടയിലേക്കെത്തേണ്ടത്. ഇടംകൈയ്യില്‍ നിധി കുംഭവും വലം കൈയാല്‍ അനുഗ്രഹവും ചൊരിയുന്ന ഏഴടിയോളം ഉയരമുള്ള, തെക്കു ഭാഗത്തേക്ക് ദര്‍ശനമായി നില്‍ക്കുന്ന പ്രതിഷ്ഠയാണിത്. ഇവിടെ നാണയപ്പറ (വിവിധ ഇന്ത്യന്‍ കോയിനുകള്‍) ഒരു പറയില്‍ നിറച്ചു വെച്ചിരിക്കുന്നു. അത് പറയിടുന്നതും, പറയിട്ട കോയിനുകള്‍ ഓരോന്ന് ഭക്തര്‍ക്ക് കൊടുക്കുന്നതും ഒരു വ്യത്യസ്ഥ കാഴ്ചയായിരുന്നു. കുബേരനെ തൊഴുതു പുറത്തേക്കിറങ്ങിയാല്‍ ദര്‍ശനം പൂര്‍ണ്ണമായി. എല്ലാ ദേവതകള്‍ക്കും തുല്യ പ്രാധാന്യം കാണാനായെങ്കിലും കുബേരനെയാണ്  മുഖ്യമായി ഇവിടെ കണക്കാക്കുന്നത്.

പാലാട്ട് കൊട്ടാരത്തിന്റെ  കുടുംബ ക്ഷേത്രമായിരുന്ന ഈ ക്ഷേത്രം, കൊട്ടാരം പ്രധാനി ഡോ.ടി.പി.ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ഒരുപാട് പഠനങ്ങള്‍ക്കും, വാസ്തു വിദ്യാ പൂജാദി കര്‍മ്മങ്ങള്‍ക്കും ശേഷം കുബേര ക്ഷേത്രമായി പുനരുദ്ധരിക്കപ്പെടുകയായിരുന്നു. 2021-ല്‍ നവംബറിലാണ് ഇത് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ക്ഷേത്രത്തിന് മുന്‍വശം താഴ്ന്ന ചതുപ്പു നിലവും, മണ്‍ തിട്ടകളും, കുന്നുകളുമൊക്കെ ചേര്‍ന്ന ഭംഗിയുള്ള ഒരു ഭൂപ്രദേശമാണ്.



എല്ലാ വെള്ളി ഞായര്‍ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ പൂജകള്‍ നടക്കുന്നുണ്ടിവിടെ. അക്ഷയ ത്രിതീയ മുതല്‍ ദീപാവലി വരെയുള്ള സമയമാണിവിടുത്തെ അതി ശ്രേഷ്ഠ പൂജകള്‍ നടക്കുക. മഹാ കുബേര പൂജ, ലക്ഷ്മീ നാരായണ പൂജ, കനകധാര പൂജ, ധനവാഹിനേ പൂജ, ശ്രീചക്ര പൂജ, ലക്ഷ്മി കുബേര പൂജ എന്നിവ വിശേഷ പൂജകളാണ് ഇവിടെ. ഡോ.ടി.പി.ജയകൃഷ്ണന്റെ മകന്‍ ശ്രീ ജിതിന്‍ ജയകൃഷ്ണനും അവിടുത്തെ കാര്യങ്ങള്‍ നോക്കി നടത്തുന്ന   പ്രധാനികളില്‍ ഒരാളാണ്. അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്താണ് വിഗ്രഹങ്ങളുടെ പ്രാധാന്യവും മറ്റുകാര്യങ്ങളും ഒക്കെ മനസിലാക്കാനായത്. 

തൃശൂരില്‍ നിന്നും  ഏതാണ്ട് ഒന്നര മണിക്കൂര്‍ (46 KM) യാത്ര ചെയ്താല്‍ ഇവിടെ എത്താനാകും. രാവിലെ 6 മുതല്‍ 11.30 വരെയും, വൈകിട്ട് 5 മുതല്‍ 7.30 വരെയുമാണ് സന്ദര്‍ശന സമയം. 

© അനില്‍ നീര്‍വിളാകം


Post a Comment

0 Comments