ക്ഷേത്രായനം - 15 ► അനില്‍ നീര്‍വിളാകം



പഴനി വേല്‍മുരുഗന്‍ ക്ഷേത്രം

കുറച്ചു ദിവസങ്ങള്‍ ഗുരുവായൂര്‍ താവളമാക്കി നടത്തിയ യാത്രകള്‍ക്കൊടുവില്‍ അവിടം വിട്ട് പളനി വേല്‍മുരുഗ സന്നിധിയിലേക്കാണ് അടുത്ത യാത്ര പുറപ്പെട്ടത്. കാലങ്ങളായി ആഗ്രഹിച്ചിരുന്ന പളനിയാത്ര അങ്ങനെ സഫലമാകുകയായിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി അമൃത എക്‌സ്പ്രസ്സ് ട്രെയിനില്‍ വെളുപ്പിന് രണ്ടു മണിയോടെ ഞങ്ങള്‍ വണ്ടി കയറുകയും റെയില്‍വേ ട്രെയിന്‍ വളരെ കൃത്യത പാലിച്ച് രാവിലെ ഏഴുമണിക്ക് തന്നെ പളനി റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങളെ എത്തിക്കുകയും ചെയ്തു. വലിയ ഒരു സ്റ്റേഷന്‍ ആകും പളനിയില്‍ ഉള്ളത് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ സാധാരണ ഒരു ചെറു റെയില്‍വേ സ്റ്റേഷന്‍ മാത്രമായിരുന്നു അത്. ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ വന്നു പോകുന്ന ഇന്ത്യാ മഹാരാജ്യത്തെ അതിപ്രശസ്തമായ  വേല്‍മുരുഗ സ്വാമിയുടെ നാട്ടിലെ സ്റ്റേഷന്‍ എന്തുകൊണ്ടാവും ഇപ്പോഴും വെറും ഒരു സാധാരണ സ്റ്റേഷനായി നിലനില്‍ക്കുന്നത് എന്നോര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെട്ടു.    

ട്രൈനിറങ്ങി സ്റ്റേഷന് പുറത്തെത്തുമ്പോള്‍ റിക്ഷകളും, കുതിരവണ്ടികളും യാത്രക്കാരെ തേടി നില്‍ക്കുന്നത് കാണാം. ഒരു റിക്ഷയിലാണ് ഞങ്ങള്‍ യാത്ര തിരിച്ചത്.  തോന്നുന്ന റിക്ഷാ കൂലിയൊക്കെയാണ് അവര്‍ പറയാറ്. എന്നാല്‍ ചാര്‍ജ് പറഞ്ഞുറപ്പിച്ചതിന് ശേഷം മാത്രം വണ്ടിയില്‍ കയറുക എന്നതാണ് അഭികാമ്യം.


ഏതാണ്ട് മൂന്ന് കിലോമീറ്ററിന് താഴയേ ഉള്ളു ക്ഷേത്ര മലയുടെ അടിവാരത്തെത്താന്‍. 80 മുതല്‍ 100 വരെയാണ് ഓട്ടോ ചാര്‍ജ്. നേരത്തെ തന്നെ അവിടുത്തെ രീതികളൊക്കെ മനസിലാക്കി വെച്ചിരുന്നതിനാല്‍ എനിക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. മലയുടെ അടിവാരത്ത് വണ്ടിയിറങ്ങി. വിവിധ നിലവാരത്തിലുള്ള അനേകം ലോഡ്ജുകളും, ഹോട്ടലുകളും, ഭക്ഷണ ശാലകളും ഒക്കെ അവിടെ കാണാനാകും. ഞങ്ങള്‍ അടുത്തു കണ്ട 'അരുണാചലേശ്വര്‍ മഹല്‍' എന്ന ഹോട്ടലിലേക്ക് കയറി റൂമൊക്കെ ഒന്ന് കണ്ടു. മഹല്‍, പാലസ്, ലക്ഷ്വറി എന്നൊക്കെ പേരിലുള്ള നിരവധി ഹോട്ടലുകളും, സത്രങ്ങളുമൊക്കെ കാണാനുണ്ടെങ്കിലും എല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള സാധാരണ താമസ സൗകര്യങ്ങള്‍ മാത്രം ഉള്ളവയാണ്. വലിയ സ്റ്റാര്‍ ഹോട്ടലുകളുണ്ടാകാം ചുറ്റുവട്ടത്ത്. പക്ഷെ ഒന്നും എനിക്ക് കാണാനായില്ല. ഞങ്ങള്‍ കയറിയ മഹലില്‍ വൃത്തിയും, വെടിപ്പും, ഞങ്ങള്‍ക്കു വേണ്ട സ്ഥല സൗകര്യങ്ങളും ഒക്കെ നോക്കി തൃപ്തി വരുത്തി അവിടെ റൂമെടുത്തു. അവിടെ ഭക്ഷണശാല ഇല്ലായിരുന്നു. എന്നാല്‍ അടുത്തു തന്നെ 'ഗണപത്' എന്ന ഹോട്ടലും ഭക്ഷണശാലയും ഉണ്ടായിരുന്നത് ഞങ്ങള്‍ക്ക് സൗകര്യമായിരുന്നു. അവിടെ റിസിപ്ഷനില്‍  കണ്ട പതിനെട്ടാം നൂറ്റാണ്ടിലെ പഴനിമലയുടെ ഒരു ചിത്രം വളരെ കൗതുകത്തോടെ ഞാന്‍ നോക്കി കണ്ടു. അന്നത്തെ മലയും, ഇപ്പോഴുള്ളതുമായി ഒന്ന് താരതമ്യം ചെയ്തു നോക്കാനൊരു രസമായിരുന്നു. 


പളനിമല (അഥവാ പഴനിമല) ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകാനിടയില്ല. തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലാണ് വിശ്വാസങ്ങളാലും ഐതിഹ്യങ്ങളാലും സമ്പന്നമായ, പ്രശസ്തമായ പളനിമല ക്ഷേത്രം. വര്‍ഷത്തില്‍ ഏതു സമയത്തും പോയി വരാന്‍ പറ്റുന്ന ഒരു ക്ഷേത്രം. ബസ് മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും ഇവിടെ എത്താനാകുമെങ്കിലും സൗകര്യപ്രദവും,  ചിലവ് കുറഞ്ഞതുമായ യാത്ര ട്രെയിന്‍ വഴി ആണെന്നാണ് ഞാന്‍ മനസിലാക്കിയത്. കേരളത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ പോയി വരുവാന്‍ സാധിക്കുന്ന  ക്ഷേത്രങ്ങളില!!ൊന്നാണിത്.  ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണ് കണക്കുകള്‍. 

ഞങ്ങള്‍ രാവിലെ ഒന്‍പതു മണിയോടെത്തന്നെ തയ്യാറായി, മലകയറാനായി ഇറങ്ങി. ദര്‍ശനത്തിന് സമയമെടുക്കും എന്തെങ്കിലും കഴിച്ചിട്ടു പോകണം എന്നുള്ള നിര്‍ദേശം ഹോട്ടല്‍ റിസിപ്ഷനില്‍നിന്നും ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. അതിനാല്‍ ഹോട്ടല്‍ ഗണപതില്‍ കയറി ലഘു ഭക്ഷണം കഴിച്ചിട്ടാണ് പോയത്. മല കയറാനുള്ള യാത്രാ മധ്യേ റോഡിനിരുവശവും പൂജാദ്രവ്യങ്ങളും മറ്റും അടങ്ങുന്ന നിരവധി ചെറുകിട കടകള്‍ കാണാനാകും. പലരും നമ്മളെ സമീപിച്ച് പല ഓഫറുകളും, പ്രലോഭനങ്ങളും ഒക്കെ നല്‍കും, ദേവസം ജീവനക്കാരെന്നൊക്കെ പറഞ്ഞ് സമീപിച്ചേക്കാം. ആര്‍ക്കും പിടികൊടുക്കാതെ നേരെ നമുക്കാവശ്യമുള്ള കടകളില്‍ കയറി വേണ്ട പൂജാദ്രവ്യങ്ങള്‍ വില മനസിലാക്കി നമ്മുക്ക് വേണ്ടതുമായി ഇറങ്ങുക. എന്താവശ്യങ്ങള്‍ക്കും സമീപിക്കാനായി വലിയ ഒരു ഇന്‍ഫര്‍മേഷന്‍ കാര്യാലയവും ഈ വഴിയില്‍ കാണാനാകും.

ശിവഗിരി എന്നറിയപ്പെടുന്ന ഒരു മലമുകaളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൗമാരത്തിലെ മുരുകന്റെ ഏറ്റവും പവിത്രമായ ആരാധനാലയങ്ങളിലൊന്നാണ് പഴനി. മുരുകന്റെ (അറുപടവീട്) ആറ് വാസ സ്ഥലങ്ങളുടെ ഭാഗമായ ''തിരുആവിനന്‍കുടി'' എന്ന പേരില്‍ മലയുടെ അടിവാരത്ത് ഒരു ക്ഷേത്രവുമുണ്ട്. കുളന്തൈ വേലായുധ സ്വാമി തിരുക്കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. മല കയറാന്‍ തുടങ്ങുന്നിടത് 'പാദ വിനായകര്‍' എന്ന് വിളിക്കപ്പെടുന്ന ഗണപതിയുടെ ഒരു ചെറിയ ആരാധനാലയമുണ്ട്.  ഇവിടെ തൊഴുത്തിട്ടാണ് ഭക്തര്‍ മലകയറ്റം തുടങ്ങുന്നത്. 


ഏതാണ്ട് എഴുന്നൂറോളം കല്‍പ്പടികള്‍ ചവിട്ടിയാണ് ക്ഷേത്രത്തില്‍ എത്തേണ്ടത്. മറ്റൊരു വഴി സുഖപ്രദമായ സ്റ്റെപ്പ് വേ കൂടിയുണ്ട്. അതിലൂടെയും ഭക്തര്‍ കയറുന്നു.  കൂടാതെ, മൂന്ന് ട്രാക്കുകളും, ഒരു റോപ്പ് വേയും ഉള്ള ഒരു വിഞ്ച് പുള്‍ഡ് റെയില്‍വേ പ്രവര്‍ത്തിക്കുന്നു. 50 രൂപ ആണ് ഇതിനായി ഈടാക്കുന്നത്. പടികള്‍ കയറാന്‍ കഴിയാത്തവര്‍ക്ക് വിഞ്ച് & റോപ്പക്കറിലൂടെയോ ക്ഷേത്രത്തിലെത്താം.  മലമുകലിലേക്കുള്ള യാത്രയിലുടനീളം പളനി എന്ന പട്ടണത്തിന്റെ സുന്ദരമായ കാഴ്ചകള്‍ കണ്ണുകള്‍ക്ക് കുളിര്‍മ്മയേകും. സ്പീഡില്‍ കയറുന്നവര്‍ക്ക് മുപ്പത് മിനിറ്റിനുള്ളില്‍ കയറാം എങ്കിലും ഞങ്ങള്‍ പടികള്‍ ചവുട്ടി, ചുറ്റുവട്ട കാഴ്ചകളും കണ്ട് 45 മിനിറ്റെടുത്ത് സന്നിധാനത്തെത്തി.  വളരെ മനോഹരമാണ് മലമുകളില്‍ നിന്നുള്ള ദൃശ്യം.

ഞങ്ങള്‍ മലയിലെത്തുമ്പോള്‍ വളരെ വലിയ ഒരു നിര തന്നെ ദര്‍ശനത്തിനായി ഉണ്ടായിരുന്നു. ഞങ്ങളും ആ നിരയിലേക്ക് കയറി. അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ക്ക് ദര്‍ശനം നടത്താനായി. പാലഭിഷേകം നടന്നു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. നില്‍ക്കുന്ന വേല്‍മുരുഗ സ്വാമിയുടെ വിഗ്രഹത്തിലൂടെയുള്ളപാലാഭിഷേക കാഴ്ച അവിസ്മരണീയമായിരുന്നു.  

രാവിലെ 8 മണി മുതല്‍ രാത്രി ഏകദേശം 10 മണിവരെ ഇലയിട്ട് അവിടെ അന്നദാനം ഉണ്ട് എന്നറിയാന്‍ കഴിഞ്ഞു. താഴേക്ക് ഇറങ്ങുന്നതിനു മുന്‍പായി പഞ്ചാമൃതവും പ്രസാദവും ഒക്കെ വാങ്ങാവുന്നതാണ്. നിരവധി കൗണ്ടറുകള്‍ മലയുടെ മുകളില്‍ത്തന്നെയുണ്ട് . വളരെ കൃത്യമായി പൂജയുടെയും, പ്രസാദത്തിന്റെയും, റെയില്‍ റോപ്പിന്റേയും ഒക്കെ റേറ്റുകള്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് നോക്കി മനസിലാക്കി വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. പറ്റിക്കുന്ന കുറെ സംഘങ്ങള്‍ മലക്കടിവാരത്തും, മല മുകളിലും ഉണ്ട്. അവര്‍ക്കു തോന്നുന്നത് പറയും അതൊരിക്കലും ശരിയായിരിക്കണമെന്നില്ല. പറഞ്ഞുറപ്പിച്ചതിനു ശേഷം മാത്രമേ ഏതു കാര്യവും ചെയ്യാവു. കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ നാന്നായി ആസ്വദിച്ച് ഞങ്ങള്‍ കാല്‍നടയായി തന്നെ ഒരു ബുദ്ധിമുട്ടും കൂടാതെ മലയിറങ്ങി. ഭഗവാന് നന്ദിയറിയിച്ചു മടങ്ങുമ്പോള്‍ എന്തെന്നില്ലാത്ത ഒരു മനഃശാന്തി എനിക്കനുഭപ്പെടുന്നത് ഞാനറിഞ്ഞു.    

മലയടിവാരത്ത്  ചെറിയ രീതിയില്‍ ഷോപ്പിംഗ് ഒക്കെ നടത്തുവാനുള്ള സൗകര്യങ്ങളുണ്ട്. വിലപേശി വാങ്ങുക. പളനിയെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡ് TNSTC ബസുകള്‍ കാണാനായി. കോട്ടയം, കോഴിക്കോട്, കാസര്‍കോട്, ഗുരുവായൂര്‍, എറണാകുളം, തൃശൂര്‍, പാലക്കാട്, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നമ്മുടെ  കെ.എസ്.ആര്‍.ടിസി. ബസ്സുകളും പഴനി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ ലഭ്യമാണ് എന്നും  മനസ്സിലാക്കാനായി. 

ജന ലക്ഷങ്ങള്‍ സന്ദര്‍ശിക്കുന്ന, ഇത്രയും പേരുകേട്ട അതിപുരാതനമായ ക്ഷേത്രം, വേണ്ട രീതിയില്‍ പരിപാലിച്ച് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി ലോകശ്രദ്ധ നേടാനുള്ള  പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കാണാനായില്ല എന്നതില്‍ എനിക്കത്ഭുതമാണുണ്ടായത്. ഒരുപാട് പുരോഗമന സാധ്യതകളുള്ള ഒരു ദേശമാണ് പളനി. പക്ഷെ പണ്ടുള്ളതില്‍ നിന്നും അല്‍പ്പ സ്വല്‍പ്പം മാറ്റങ്ങളുണ്ടെന്നല്ലാതെ ഇപ്പോഴും അര്‍ഹിക്കുന്ന പുരോഗമനം അവിടെ എത്തിയിട്ടില്ല എന്നത് ഒരു ചിന്താ വിഷയം തന്നെയാണ് എന്നതില്‍ സംശയമില്ല.   

 © അനില്‍ നീര്‍വിളാകം


Post a Comment

0 Comments