തിരുവനന്തപുരം ശ്രീ പത്മനാഭക്ഷേത്രം
പളനിയില്‍നിന്നും തിരികെ എന്റെ ഗ്രാമത്തിലെത്തിയ ഞങ്ങള്‍, രണ്ടു ദിവസം കഴിഞ്ഞ് തിരുവനംന്തപുരത്തേക്ക് യാത്രയായി. ട്രെയിന്‍ യാത്ര വളരെ സുഖമായിരുന്നതിനാല്‍ ഈ യാത്രയും ട്രെയിനില്‍ത്തന്നെ ആയിരുന്നു. ലോകപ്രസിദ്ധ മഹാക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീ പത്മനാഭക്ഷേത്രം ആയിരുന്നു അവിടെ നടത്തിയ ആദ്യ ക്ഷേത്രദര്‍ശനം. അവിടെ പോകാത്തവരായും ക്ഷേത്രത്തെപ്പറ്റി അറിയാത്തവരുമായി കേരളക്കരയില്‍ ആരും ഉണ്ടായിരിക്കാന്‍ ഇടയില്ല, എന്നിരുന്നാലും എന്റെ അറിവിന്റെ പരിമിതിക്കുള്ളിലുള്ള കൊച്ചു കൊച്ചു വിവരങ്ങള്‍ ഒന്ന് പറഞ്ഞുപോകാം.
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത്, കിഴക്കേ കോട്ടയ്ക്കകത്ത് സ്ഥിതിചെയ്യുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ലോകമെമ്പാടും പേരുകേട്ട അതിസമ്പന്നവും, അതിസുന്ദരവുമായ ഒരു മഹാക്ഷേത്രമാണ്. 5000 വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിന് ഭൂലോകവൈകുണ്ഡം എന്ന വിശേഷണവുമുണ്ട്. ഒരുകാലത്ത് തിരുവതാംകൂര്‍ രാജ്യത്തിന്റെ ഉടമയും, രാജാധിരാജനും ആയിരുന്നു ശ്രീ പത്മനാഭസ്വാമി. ''തിരു-അനന്ത-പുരം'' അതായത് അനന്തപത്മനാഭന്റെ പുണ്യസ്ഥലം എന്ന അര്‍ത്ഥത്തിലാണ് തിരുവനന്തപുരം അറിയപ്പെടുന്നതുതന്നെ.
വളരെ ആകര്‍ഷണീയവും, ശ്രേഷ്ഠവുമായ കലയിലൂടെയും, വാസ്തുവിദ്യയിലൂടെയും വിസ്മയിപ്പിക്കുന്ന ആത്മീയത തുളുമ്പുന്ന രൂപകല്‍പ്പനയാണ് ഈ ക്ഷേത്രത്തിന്റെത്. ഏക്കറുകണക്കിന് വ്യാപ്തിയുള്ള ക്ഷേത്രത്തിന് ഉയര്‍ന്ന മതില്‍കെട്ടും, നാലു ദിക്കിലും നാല് പ്രവേശന കവാടങ്ങളോടെകൂടിയുമാണ് സ്ഥിതിചെയ്യുന്നത്. പത്മതീര്‍ത്ഥം എന്ന് പേരുള്ള ക്ഷേത്രക്കുളം പ്രധാന കവാടത്തിനരുകിലായി കാണാം. ഉത്സവസമയങ്ങളിലും മറ്റും പൂജാദികര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്ന നിരവധി മണ്ഡപങ്ങള്‍ ഈ കുളക്കരയില്‍ കാണാനാകും.
കിഴക്കുവശത്തുള്ള വലിയ ഗോപുരത്തോടുകൂടിയ കവാടമാണ് മുഖ്യ പ്രവേശന കവാടം. പ്രധാന റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലേക്ക് സഞ്ചരിച്ചുവേണം ഇവിടെ എത്തേണ്ടത്. ഇവിടെ വഴിക്കിരുവശവും പുരാതന കാലത്തെ ഓടുമേഞ്ഞ ചെറു അഗ്രഹാര നിര്‍മ്മിതികള്‍ ഉണ്ട്.
മുഖ്യ ഗോപുരനട, പ്രധാന കവാടം ഉള്‍പ്പടെ, ഏഴു തട്ടുകളായുള്ള ഒരു പ്രത്യേക നിര്‍മ്മിതിയാണ്. ഇത് നിരവധി പൗരാണിക ശില്പങ്ങളാലും, കൊത്തുപണികളാലും നിറഞ്ഞിട്ടുള്ളവയാണ്. ഏതാണ്ട് 30-35 മീറ്റര്‍ ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകള്‍ഭാഗം ഒരു വഞ്ചിയുടെ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ ഒരേ അകലത്തില്‍ ഏഴ് കലശങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഏഴു ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. മുകളില്‍ നിന്നും താഴോട്ട് അഞ്ചു നിലകളുടെ മധ്യഭാഗം ഒരു ചെറു വാതില്‍ പോലെ തുറന്നിരിക്കുന്നു. വിഷുദിനത്തില്‍ സൂര്യന്‍ ഗോപുരത്തിന്റെ ഈ വാതിലിനു എത്തിവശത്തത് കൃത്യ നേര്‍രേഖയിലാണ് അസ്തമിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ മുകളില്‍ നിന്നും താഴേക്ക് ഓരോ വാതിലും കടന്ന് പൊന്‍കിരണങ്ങള്‍ പ്രകാശിച്ച് കടന്നുപോകുന്ന അസ്തമയ സൂര്യന്‍ ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ്. ആധുനിക സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ നിര്‍മ്മിതി ഒരത്ഭുതംതന്നെയാണ്.
ഈ ഗോപുരമാണ് ക്ഷേത്രത്തിന്റെ ദൃശ്യമുഖമുദ്ര എന്നുപറയാം. ഗോപുരനട നല്ല ഉയരത്തിലാണുള്ളത്. പടികള്‍ കയറിവേണം അവിടെ എത്താന്‍. ഗോപുരവാതലില്‍ ഇടവും വലവും രണ്ടു വ്യാളിശില്‍പ്പങ്ങള്‍ കാവല്‍ക്കാരേപ്പോലെ നില്‍ക്കുന്നുണ്ട്. മറ്റു മൂന്നു ദിക്കുകളിലുള്ള കവാടങ്ങളും സമതലത്തില്‍ രണ്ടു നിലകളുള്ള പടിപ്പുരകളായാണുള്ളത്. ശ്രീ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് ഈ ഗോപുരവും ക്ഷേത്രത്തിന്റെ ഇപ്പോഴുള്ള രീതിയില്‍ ക്ഷേത്ര പുനരുദ്ധാരണവും ചെയ്ത് നവീകരിക്കപ്പെട്ടിട്ടുള്ളത്.
പ്രധാന കവാടത്തിന് താഴെ ഒരു നിലയുണ്ട്, ഇത് നാടകശാല എന്നറിയപ്പെടുന്നു. ഇവിടെ വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന 10 ദിവസം നീളുന്ന ഉത്സവസമയം കഥകളി അരങ്ങേറുന്നു. ശ്രീകോവിലിലേക്ക് നീളുന്ന പ്രൗഢഗംഭീരമായ ശീവേലിപ്പുരക്ക് കൊത്തുപണികളാല്‍ വിസ്മയം തീര്‍ത്തിട്ടുള്ള 365 തൂണുകളാണുള്ളത്. ശ്രീകോവിലിനു മുന്‍പിലുള്ള പ്രദേശത്ത് സ്വര്‍ണകൊടിമരവും, വലിയ ബലിക്കല്ലും, ഗരുഡന്റെയും, ഹനുമാന്റെയും വലിയ വിഗ്രഹങ്ങള്‍ കൂപ്പുകൈകളോടെ നില്‍ക്കുന്നു. ക്ഷേത്രത്തിന്റെ അകത്തളങ്ങള്‍ മനോഹരമായ ചിത്രങ്ങളും ചുവര്‍ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശ്രീപദ്മനാഭ സ്വാമി ധ്യാനനിമഗ്‌നനായ അനന്ത-ശയന ഭാവത്തില്‍, നാഗങ്ങളുടെ രാജാവായ ആദിശേഷനില്‍ കിടക്കുന്നതായാണുള്ളത്. ശ്രീ മഹാവിഷ്ണുവിന്റെ ഇരുപത്തിനാലു സങ്കല്‍പ്പങ്ങളില്‍ ഒന്നാണ് ശ്രീ. പദ്മനാഭന്‍ എന്ന് പറയുന്നു. 18 അടിയോളം നീളമുള്ള വിഗ്രഹമാണിത്. ഭഗവാന്റെ നാഭിയില്‍ നിന്ന് പുറപ്പെടുന്ന താമരയില്‍ ബ്രമ്മവുമുണ്ട്. അതാണ് പദ്മനാഭന്‍ എന്നറിയപ്പെടാന്‍ കാരണം. സമൃദ്ധിയുടെ ദേവതയായ ശ്രീദേവി-ലക്ഷ്മിയും, ഭൂമിയുടെ അഥവാ പ്രകൃതിയുടെ ദേവതയായ ഭൂദേവിയും പത്മനാഭസ്വാമിക്കരികിലായുണ്ട്. മൂന്ന് വ്യത്യസ്ത വാതിലുകളിലൂടെയാണ് ഈ മൂര്‍ത്തിയെ ദര്‍ശിക്കാനാകുക. ഉയര്‍ന്നു നില്‍ക്കുന്ന ശ്രീകോവിലില്‍ ഇടതു വശത്തുകൂടെ പടികള്‍ കയറി മുകളിലേക്ക് എത്തുമ്പോള്‍ കാണുന്ന ആദ്യവാതിലില്‍ ഭഗവാന്റെ ശിരസ്സും, നെഞ്ചും, വലംകൈ ഒരു ശിവലിംഗത്തിന് മുകളിലേക്ക് നിവര്‍ന്നുനില്‍ക്കുന്നതും കാണാം. രണ്ടാം വാതലില്‍ ഉടലിന്റെ മധ്യഭാഗവും, മൂന്നാം വാതിലിലൂടെ പാദങ്ങളും കണ്ട് തൊഴുത് താഴേക്ക് പടികളിറങ്ങിയാണ് പോരേണ്ടത്. ഈ ദര്‍ശനം മനസിനുണ്ടാക്കുന്ന ഉല്ലാസം പറഞ്ഞറിയാനാകുന്ന ഒന്നല്ല എന്നാണെന്റെ അനുഭവം.
മതില്‍കെട്ടിനുള്ളില്‍ 'ഉഗ്ര നരസിംഹ ക്ഷേത്രം' തെക്കേടം എന്ന പേരില്‍ അറിയപ്പെടുന്നു. കൂടാതെ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമുണ്ട്. തിരുവമ്പാടിനടയില്‍ പ്രത്യേക നമസ്‌കാര മണ്ഡപവും ബലിക്കല്ലും കൊടിമരവുമുണ്ട്. ശ്രീരാമന്‍, സീത, സഹോദരന്‍ ലക്ഷ്മണന്‍, ഹനുമാന്‍, വിഷ്വക്‌സേനന്‍, വ്യാസന്‍, അശ്വത്ഥാമാവ് ചിരഞ്ജീവികള്‍, ഗണപതി, ശാസ്താവ്, ക്ഷേത്രപാലന്‍ എന്നിവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഇവിടുത്തെ വിശേഷമാണ്. ആറുമാസത്തിലൊരിക്കല്‍ കൊണ്ടാടുന്ന പൈഗുനി (മാര്‍ച്ച്-ഏപ്രില്‍), അല്‍പ്പസി, (ഒക്‌റ്റോബര്‍-നവംബര്‍) ഉത്സവങ്ങള്‍ വളരെ വിശേഷവും, വര്‍ണ്ണപ്പൊലിമകളും നിറഞ്ഞതാണ്. അല്‍പ്പസി അതിമനോഹരമായ ആറാട്ടു ചടങ്ങോടെയാണ് പര്യവസാനിക്കുന്നത്. ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശംഖുമുഖം ബീച്ചിലേക്ക് പോയി കടലിലാണ് ദേവതകള്‍ ആറടി വരുന്നത് എന്ന പ്രത്യേകതയുണ്ട്. അതിവിശിഷ്ടവും ചരിത്രപരവുമായ ആചാരനുഷ്ടാനങ്ങളും, വാദ്യ മേളങ്ങളും, താലപ്പൊലിയും, ആനയും അമ്പാരിയും എന്നുവേണ്ട സായുധപോലീസും അവരുടെ പ്രത്ത്യേക ചടങ്ങുകളോടെ ഇതില്‍ അണിനിരക്കും. അതിമനോഹരമായ ഒരുത്സവമാണിത്. ഒട്ടനവധി ഉത്സവങ്ങള്‍ കൊണ്ടാടുന്ന ഒരു മഹാക്ഷേത്രമാണിത്. ഓണവും, നവരാത്രിയുമൊക്കെ വളരെ വിശേഷമാണിവിടെ.
ആറുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ''മുറജപം'' ഉത്സവം അതുല്യമാണ്. 56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപം പ്രാര്‍ഥനകളോടെയും, മൂന്ന് വേദങ്ങളുടെ പാരായണങ്ങളോടെയുമാണ് പര്യവസാനിക്കുന്നത്. അവസാന ദിവസം ഒരുലക്ഷം എണ്ണവിളക്കുകള്‍ തെളിയിച്ചുകൊണ്ടാണ് ഈ മഹാ ഉത്സവത്തിന് തിരശീല വീഴുന്നത്. 2022-ല്‍ മുറജപ ഉത്സവം നടന്നിരുന്നു. അടുത്തത് 2028-ലാണ് നടക്കുക.
അമ്പലത്തില്‍ പ്രവേശിക്കാന്‍ കര്‍ശനമായ വസ്ത്രധാരണ കോഡ് ഉണ്ട്. ആവശ്യക്കാര്‍ക്ക് അതിനുള്ള വസ്ത്രങ്ങള്‍ പ്രധാന നടയില്‍ വാടകക്ക് ലഭ്യമാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒന്നും അകത്തു കൊണ്ടുപോകാന്‍ സാധിക്കില്ല. തിരുവനന്തപുരം സെന്‍ട്രല്‍ ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. അവിടെനിന്നും വാഹനത്തില്‍ ഏതാണ്ട് അഞ്ചുമിനിറ്റുകൊണ്ട് ഇവിടെ എത്താം. ട്രിവാന്‍ഡും എയര്‍പോര്‍ട്ടും ഏതാണ്ട് നാല് കിലോമീറ്ററിനുള്ളിലാണുള്ളത്.
അവിടെയെത്തുന്ന ഭക്തര്‍ക്ക് ശ്രീപദ്മനാഭക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയേയും എത്ര കണ്ടാലും മതിയാകാത്ത ഒരനുഭൂതിയാണ് സമ്മാനിക്കുക. മഹാക്ഷേത്രങ്ങള്‍ക്കു വേണ്ട എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നിട്ടുള്ള ഇവിടുത്തെ ഒരു ദര്‍ശനം ആയിരം ക്ഷേത്രദര്‍ശനങ്ങള്‍ക്ക് തുല്യമാകും എന്നാണ് വിശ്വാസം. അതില്‍ ഒരതിശയോക്തിയുമില്ല എന്നത് അവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് അനുഭവപ്പെടുകതന്നെ ചെയ്യും. അതുകൊണ്ടുതന്നെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടേയ്ക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നു.
© അനില്‍ നീര്‍വിളാകം
0 Comments