പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം
കേരളത്തിലെ ഏറ്റവും പേരു കേട്ടതും, വിനായക ചതുർത്ഥി അതിവിപുലമായി ആഘോഷിക്കപ്പെടുന്നതുമായ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് പഴവങ്ങാടി മഹാഗണപതിക്ഷേത്രം. ശ്രീപദ്മനാഭ ക്ഷേത്രത്തിന് വളരെ അടുത്തു തന്നെയാണെന്നതിനാൽ ശ്രീപദ്മനാഭ സ്വാമിയെ തൊഴുത് ഞങ്ങൾ നേരെ പോയത് പഴവങ്ങാടിയിലേക്കാണ്. മഹാത്മാ ഗാന്ധി റോഡരികിലുള്ള പത്മനാഭസ്വാമിക്ഷേത്ര കിഴക്കേനട കമാനത്തിന് അല്പം വടക്കു മാറി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണിത്. വലതുകാൽ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി, കിഴക്കോട്ടു ദർശനമായി പീഠത്തിലിരിയ്ക്കുന്ന ഗണപതി ഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമന്റാണ് ക്ഷേത്രം നോക്കി നടത്തുന്നത് എന്ന ഒരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. തിരുവിതാംകൂർ സൈന്യവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ ക്ഷേത്രത്തിനുള്ളത്. പണ്ട് തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന ഇന്നത്തെ തിരുവനന്തപുരത്തായിരുന്നു തിരുവിതാംകൂർ കരസേന രൂപം കൊണ്ടത്. അവിടെ ഉണ്ടായിരുന്നവർക്ക് അടുത്തുള്ള പുഴയിൽ നിന്ന് ഒരു ഗണപതി വിഗ്രഹം കിട്ടുകയും അവരതിനെ ഭക്തിയോടെ പരിപാലിച്ച് ആരാധിക്കുകയും പിന്നീട് അവരുടെ ശക്തിയായ പരദേവതയായി മാറുകയും ചെയ്തു. തുടർന്ന് പഴവങ്ങാടിയിൽ ക്ഷേത്രം പണിയുകയുമായിരുന്നു എന്നാണ് ചരിത്ര രത്നച്ചുരുക്കം. വളരെ ചെറിയ ഒരമ്പലമായിരുന്നു അന്നുണ്ടായിരുന്നത്. പിൽക്കാലത്ത് ഓരോരോ കാലഘട്ടങ്ങളിലെ പുനർ നിർമ്മാണത്തിലൂടെ നവീകരിക്കപ്പെട്ടുവന്നിട്ടുള്ള ഈ ക്ഷേത്രം ഇപ്പോൾ അതി മനോഹരമായ, സാമാന്യം വലിപ്പമുള്ള ക്ഷേത്രം തന്നെയാണ്.
വളരെ ഉയരമുള്ള ക്ഷേത്ര മന്ദിരം. ചുവരുകളിൽ ചാരുതയാർന്ന അനേക ശിൽപ്പങ്ങളും, ഗണപതി രൂപങ്ങളും ആലേഖനം ചെയ്‌തിരിക്കുന്നു. വളരെ മനോഹരമായ ചിത്രപ്പണികളോടുള്ളതാണ് ചുറ്റുമതിൽ. ഗണപതി രൂപങ്ങളുൾപ്പടെ വിവിധ ശില്പങ്ങളാൽ നിറഞ്ഞതാണ് ക്ഷേത്ര കവാടങ്ങൾ. മനോഹരമായ രണ്ടു നിലയുള്ള ഗോപുരമാണുള്ളത്. അകത്തു കടന്നാൽ, നാളികേരം ഉടയ്ക്കാനുള്ള സൗകര്യമുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടും ഇതു തന്നെ. നിത്യേന പതിനായിരക്കണക്കിന് നാളികേരമാണ് ഇവിടെ ഭക്തർ ഉടക്കുന്നത്. ക്ഷേത്രത്തിനകത്തും പുറത്തും ആവശ്യമുള്ള നാളികേരം വാങ്ങാനാകും. ഗണപതി ഹോമം, അപ്പം, മോദകം തുടങ്ങിയ ഗണപതിയുമായി ബന്ധപ്പെട്ട മറ്റ് വഴിപാടുകളും ഇവിടെ നടത്തപ്പെടുന്നു.
കിഴക്കേ കവാടത്തിലൂടെ കയറി ദർശനം കഴിഞ്ഞ് തെക്കേ നടയിലൂടെയാണ് പുറത്തേക്കിറങ്ങേണ്ടത്. അവിടയുള്ള നടയിലും വ്യാളികളുടെയും, ഗണപതിയുടെയും മറ്റും മനോഹര ശിൽപ്പങ്ങൾ കാണാം.
തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളി പണിതിട്ടുണ്ട്. പഴവങ്ങാടി ദേശത്തിന്റെ
ഒത്ത നടുക്കാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ വിവിധ സ്ഥലങ്ങളിലായി 32 ഗണപതി രൂപങ്ങൾ ദർശിക്കാനാകും. നാലമ്പലത്തിനകത്ത് ഉപദേവതകളായി അയ്യപ്പൻ, ദുർഗ്ഗാ ഭഗവതി, നാഗ ദൈവങ്ങൾ എന്നിവരുടെ ശ്രീകോവിലുകളും കാണാം.
തെക്കു പടിഞ്ഞാറു ഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് താരക ബ്രഹ്മ സ്വരൂപനും ഹരിഹര പുത്രനുമായ അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠ. ഈ നടയിൽ ശബരിമല തീർത്ഥാടകർ മാലയിടുകയും കെട്ടു നിറയ്ക്കുകയും ചെയ്യുന്നു.
വടക്കു പടിഞ്ഞാറു ഭാഗത്ത് കിഴക്കോട്ട് ദർശനമായി ചതുർ ബാഹുവായ ദുർഗ്ഗാദേവി (ഭഗവതി) കുടി കൊള്ളുന്നു. പുറകിലെ വലതു കയ്യിൽ ശ്രീചക്രവും പുറകിലെ ഇടതു കയ്യിൽ ശംഖും ധരിച്ച ഭഗവതിയുടെ താഴത്തെ രണ്ടു കൈകളും അഭയവരദമുദ്രാങ്കിതങ്ങളാണ്.
തെക്കു പടിഞ്ഞാറു ഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് നാഗ ദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവും നാഗയക്ഷിയും ചിത്രകൂടവും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. നൂറും പാലും നിവേദ്യവും മഞ്ഞൾപ്പൊടി അഭിഷേകവുമാണ് പ്രധാന വഴിപാടുകൾ. ആയില്യം നാളിൽ വിശേഷാൽ പൂജകളുണ്ടാകും.
ചിങ്ങ മാസത്തിലെ വെളുത്ത ചതുർത്ഥി ദിവസം ആഘോഷിയ്ക്കുന്ന വിനായക ചതുർത്ഥിയാണ് പഴവങ്ങാടി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ ആഘോഷണങ്ങളിൽ ഒന്നാണിത്. അന്നേദിവസം അഷ്ടദ്രവ്യ മഹാഗണപതിഹോമമാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ഹോമത്തിൽ നൂറ്റെട്ട് നാളികേരങ്ങളാണ് ഉപയോഗിക്കുന്നത്. ക്ഷേത്രം നടത്തിപ്പുകാരായ മദ്രാസ് റെജിമന്റുകാരുടെ വകയാണ് അന്നത്തെ മുഴവൻ അലങ്കാരങ്ങളും ഉണ്ടാകുക. കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളിലെയും പോലെ, പ്രധാന ക്ഷേത്ര സമുച്ചയത്തിൽ പ്രവേശിക്കുന്നതിന് പരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും 0.5 കിലോ മീറ്റർ അകലെയാണ് ക്ഷേത്രം. കിഴക്കേ കോട്ടയിലാണ് ഏറ്റവും അടുത്തുള്ള സിറ്റി ബസ് സ്റ്റാൻഡ്.
ക്ഷേത്രത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
സർവ്വ വിഘ്‌നഹരം ദേവൻ പഴവങ്ങാടി ഗണേശന്റെ മുൻപിൽ നാളീകേരമുടച്ചുള്ള പ്രാർത്ഥന നൽകുന്ന ആത്മ സംതൃപ്തിയും, കരുത്തും ചെറുതല്ല. ഉദ്ധിഷ്ഠ കാര്യ സിദ്ധി നിശ്ചയം എന്നാണ് ഭക്തരുടെ സാക്ഷ്യപ്പെടുത്തൽ.
©അനിൽ നീർവിളാകം
0 Comments