തിരുവനന്തപുരം നഗരത്തില്‍നിന്നും ഏകദേശം 2 കിലോമീറ്റര്‍ തെക്കുമാറി ആറ്റുകാല്‍ എന്ന സ്ഥലത്ത് കരമനയാറിന്റെയും, കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്ന അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാല്‍ ശ്രീ ഭഗവതി ക്ഷേത്രം. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ഇവിടെ 'ആറ്റുകാലമ്മ' എന്നപേരില്‍ അറിയപ്പെടുന്നത്. കണ്ണകി, അന്നപൂര്‍ണേശ്വരി ഭാവങ്ങളിലും ആരാധിക്കപ്പെടുന്ന ആറ്റുകാലമ്മയുടെ ചിരപുരാതനമായ ഈ ക്ഷേത്രം 'സ്ത്രീകളുടെ ശബരിമല' എന്ന പേരിലും പ്രസിദ്ധമാണ്.
പുരാതന ദ്രാവിഡദൈവമായ ഭദ്രകാളിയാണ് ആറ്റുകാലമ്മ എന്ന് പറയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ ദാരുവിഗ്രഹത്തിലുള്ള ശ്രീഭദ്രകാളി തന്നെ. ദാരികവധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന ചതുര്‍ബാഹുവായ രൂപം വടക്കോട്ട് ദര്‍ശനമായി വാഴുന്നു. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ശാക്തേയര്‍ പ്രകൃതീശ്വരിയായ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് ഭഗവതിയുടെ പര്യായമായും രൂപപ്പെട്ടു. ദക്ഷയാഗത്തിലും, ദാരികവധത്തിലും പറയുന്ന ശിവപുത്രിയും, ബാലത്രിപുരയും, സപ്തമാതാക്കളില്‍ ചാമുണ്ഡിയും, മഹാകാളിയും, പ്രകൃതിയും, കുണ്ഡലിനീ ശക്തിയുമെല്ലാം ഈ പരാശക്തിതന്നെയാണ്.
ഉയരം കൂടിയ ക്ഷേത്ര ഗോപുരമാണിവിടുള്ളത്. ക്ഷേത്രത്തിനു പുറത്ത് ഗോപൂരത്തിന് മുന്‍പില്‍ത്തന്നെ ഏതാണ്ട് പത്തു നിലകളുള്ള ഓട്ടുവിളക്ക് സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നുകൊണ്ടുതന്നെ ശ്രീകോവിലും, പ്രതിഷ്ഠയും കാണാനാകും. ഭീമാകാരമായ തൂണുകളും രണ്ടു വ്യാളി രൂപങ്ങളുമാണ് പ്രധാന ക്ഷേത്ര ഗോപുര കവാടത്തിലുള്ളത്. ഗോപുര മുകളില്‍ മുന്‍ഭാഗത്ത് അസുര രാജാവായ ദാരുകനെ വധിച്ച മഹാകാളിയുടെ രൂപം കാണാനാകും. കൂടാതെ നിരവധി ശില്പങ്ങളാല്‍ നിറഞ്ഞവയാണ് ക്ഷേത്ര ഗോപുരം. പ്രധാന ഗോപുരത്തിനടുത്തുതന്നെ ക്ഷേത്രക്കുളവും കാണാം. ക്ഷേത്ര മതില്‌കെട്ടിനു മുന്‍പ് ഗോപുരത്തിലേക്കെത്തുന്നതിനു മുന്‍പായി നടക്ക് നേരെ നിരവധി തട്ടുകളോട് കൂടിയ ഓട്ടുവിളക്കുകള്‍ നിരത്തി വെച്ചിട്ടുണ്ട്. ഇതില്‍ നാരങ്ങാവിളക്കുകള്‍ കത്തിച്ച് അമ്മയെ പ്രാര്‍ഥിക്കുന്നത് ശ്രേഷ്ഠമെന്നാണ് ഭക്തരുടെ വിശ്വാസം.
അകത്തു പ്രവേശിച്ചു തൊഴുതു വലം വെക്കുമ്പോള്‍ ഉപദേവതകളായ ശിവന്‍, ഗണപതി, നാഗദൈവങ്ങള്‍, മാടന്‍ തമ്പുരാന്‍ എന്നിവരുടേയും ശ്രീകോവിലുകള്‍ ദര്‍ശിക്കാനാകും. നടപ്പന്തല്‍ ഭംഗിയുള്ള കൊത്തുപണികളുള്ള കോണ്‍ക്രീറ്റ് തൂണുകളില്‍ കോണ്‍ക്രീറ്റ് മേഞ്ഞതാണ്. ചുറ്റമ്പല മതിലിനുള്ളിലെ ഭിത്തികളളില്‍ ദേവിയുടെ ചരിത്രങ്ങള്‍ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. പ്രാര്‍ഥനാബോര്‍ഡുകളും കാണാം.
ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് 'പൊങ്കാല മഹോത്സവം'. കുംഭമാസത്തില്‍ കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം, പൂരം നാളും, പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി. മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങെന്ന നിലയില്‍ 2009-ല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുകയുണ്ടായി. അന്ന് 25 ലക്ഷത്തിലധികം സ്ത്രീകളാണ് പൊങ്കാല മഹോത്സവത്തിനായി എത്തിയത് എന്നാണ് കണക്ക്.പൊങ്കാല ഒരു ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. അന്നപൂര്‍ണേശ്വരിയായ ദേവിയുടെ ഇഷ്ടവഴിപാടാണിത്. പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരു ദിവസമെങ്കിലും വ്രതം നോക്കുകയും കഴിവതും ക്ഷേത്രദര്‍ശനം നടത്തുകയും വേണം എന്നാണ് ചിട്ട. ക്ഷേത്ര ദര്‍ശനം എന്നത് പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് സങ്കല്‍പ്പം.
പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുകയും ചെയ്യുന്നു എന്നാണ് ഇത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്ഷേത്രത്തിന് മുന്‍പിലുള്ള പ്രത്യേക പണ്ഡാര (ഭഗവതിയുടെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിന് ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കുകയുള്ളൂ.
തറയില്‍ അടുപ്പുകൂട്ടി അതില്‍ മണ്‍കലം വെച്ച് ശുദ്ധജലത്തില്‍ ഉണക്കലരിയും, തേങ്ങയും, ശര്‍ക്കരയും ചേര്‍ത്ത് പൊങ്കാല തയ്യാറാക്കുന്നു. സാധാരണ വഴിപാടായ ശര്‍ക്കര പായസത്തിന് പുറമേ ഭദ്രകാളിക്ക് ഏറ്റവും പ്രധാനമായ കടുംപായസം, വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി എന്ന അട, പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുട്ട്, മറ്റ് പലതരം പലഹാരങ്ങള്‍ എന്നിവയും പൊങ്കാലദിനം തയ്യാറാക്കുന്ന നിവേദ്യങ്ങളാണ്. വിട്ടുമാറാത്ത തലവേദന, മാരകരോഗങ്ങള്‍ എന്നിവയുള്ളവര്‍ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് മണ്ടപ്പുട്ട്. അഭീഷ്ടസിദ്ധിക്കുള്ളതാണ് വെള്ളച്ചോറ്. ഭഗവതിക്ക് ഏറ്റവും വിശേഷമായ കടുംപായസം കടുത്ത ദുരിതങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുന്നു എന്ന് വിശ്വാസം, അരി, ശര്‍ക്കര, തേന്‍, പാല്‍, പഴം, കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്ന നവരസപ്പായസം സര്‍വൈശ്വര്യങ്ങള്‍ക്കായി പ്രത്യേകം അര്‍പ്പിക്കുന്ന പൊങ്കാലയാണ്. അരി, തേങ്ങ, നെയ്യ്, ശര്‍ക്കര, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തു തയ്യാറാക്കുന്നതാണ് പഞ്ചസാരപ്പായസം കാര്യസിദ്ധിക്ക് വേണ്ടിയുള്ളതാണ്. പൊങ്കാലനിവേദ്യ സമര്‍പ്പണത്തിനുശേഷം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളു. ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ പൊങ്കാല നിവേദ്യത്തിന് തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാലക്ക് സമാപനമാകും.
ഉത്സവകാലത്തില്‍ എല്ലാ ദിവസവും പകല്‍ ഭഗവതി കീര്‍ത്തനങ്ങളും, ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും, നാടന്‍ കലകളും അരങ്ങേറും. ഭദ്രകാളിപ്പാട്ടും, കണ്ണകീചരിതവും തോറ്റംപാടി കാപ്പുകെട്ടി കൊടുങ്ങല്ലൂരില്‍ നിന്നും വരുന്ന പരാശക്തിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ശിവനേത്രത്തില്‍ നിന്നും ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ അവതാരവും, ദാരികനിഗ്രഹവും തുടര്‍ന്ന് ഭഗവതിയുടെ മനുഷ്യരൂപത്തിലുള്ള കണ്ണകിയുടെ ജനനത്തില്‍ തുടങ്ങി മധുരാദഹനം വരെയുള്ള ഭാഗങ്ങളാണ് തോറ്റംപാട്ടായി പൊങ്കാലയ്ക്ക് മുമ്പ് പാടിത്തീര്‍ക്കുന്നത്. അതിനുശേഷമാണ് പൊങ്കാല അടുപ്പില്‍ തീ കത്തിക്കുന്നത്. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ് ബാലന്മാരുടെ കുത്തിയോട്ടവും, ബാലികമാരുടെ താലപ്പൊലിയും.
കന്യകമാരാണ് താലപ്പൊലി എടുക്കുന്നത്. വ്രതശുദ്ധിയോടുകൂടി കുളിച്ച് പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് മാതാപിതാകളോടും മറ്റ് ബന്ധുക്കളോടും കൂടി ദേവിയുടെ എഴുന്നള്ളത്തിന്റെ കൂടെ ക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് ഒന്നരകിലോമീറ്റര്‍ ദൂരത്തുള്ള മണക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. സര്‍വൈശ്വര്യത്തിനായും, രോഗബാധ അകറ്റാനും, ഭാവിയില്‍ നല്ലൊരു വിവാഹജീവിതത്തിനായുമാണ് പെണ്‍കുട്ടികള്‍ പ്രധാനമായും താലപ്പൊലി എടുക്കുന്നത്. കമുകിന്‍പൂക്കുല, പൂക്കള്‍, അരി എന്നിവ നിറച്ച താലത്തില്‍, ദീപം കത്തിച്ച്, പൂക്കള്‍കൊണ്ടുള്ള മാലയും കിരീടവുമൊക്കെ അണിഞ്ഞാണ് താലപ്പൊലി എടുക്കുന്നത്.
താലപ്പൊലിപോലെതന്നെ വളരെ പ്രധാനപ്പെട്ട വഴിപാടാണ് ആണ്‍കുട്ടികളുടെ കുത്തിയോട്ടവും. ഇതില്‍ പതിമൂന്ന് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുവാന്‍ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. മഹിഷാസുരനെ വധിച്ച യുദ്ധത്തില്‍ ദേവിയുടെ ഭടന്‍മാരാണ് കുത്തിയോട്ടക്കാര്‍ എന്നതാണ് സങ്കല്പം. കാപ്പ്‌കെട്ടി മൂന്നാം നാള്‍ മുതല്‍ വ്രതം ആരംഭിക്കുന്നു. മേല്‍ശാന്തിയുടെ കയ്യില്‍ നിന്നും പ്രസാദം വാങ്ങിയാണ് വ്രതത്തിന്റെ തുടക്കം. വ്രതം തുടങ്ങിയാല്‍ അന്ന് മുതല്‍ പൊങ്കാല ദിവസം വരെ കുട്ടികള്‍ ക്ഷേത്രത്തിലാണ് കഴിയുന്നത്. അതിരാവിലെ 4.30-ന് ഉണര്‍ന്ന് കുളിച്ച് ഈറനണിഞ്ഞ് ദേവീചിന്തയോടെ ഏഴു ദിവസം കൊണ്ട് 1008 തവണ ദേവിക്ക് പ്രദക്ഷിണം വയ്ക്കുന്നു. എല്ലാ വ്രതങ്ങളേയുംപോലെ മല്‍സ്യമാംസാദികള്‍, കൂടാതെ ചായ, കാപ്പി എന്നിവയും കുത്തിയോട്ട ബാലന്മാര്‍ക്ക് നല്‍കാറില്ല. രാവിലെ കഞ്ഞി, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ, രാത്രിയില്‍ അവിലും, പഴവും, കരിക്കിന്‍ വെള്ളവുമാണ് വ്രതക്കാരുടെ ഭക്ഷണക്രമം. പൊങ്കാല കഴിയുന്നതുവരെ വീട്ടില്‍ നിന്നോ മറ്റ് സ്ഥലങ്ങളില്‍ നിന്നോ വ്രതക്കാര്‍ക്ക് ഒന്നും തന്നെ നല്‍കില്ല. മാത്രവുമല്ല അവരെ തൊടാന്‍ പോലും ആര്‍ക്കും അവകാവും ഊണ്ടായിരിക്കുന്നതല്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോട് കൂടി ദേവിയുടെ മുന്‍പില്‍ വച്ച് എല്ലാവരുടേയും വാരിയെല്ലിനു താഴെ ചൂരല്‍ കുത്തുന്നു. വെള്ളിയില്‍ തീര്‍ത്ത നൂലുകളാണ് ചൂരലായി ഉപയോഗിക്കുന്നത്. യുദ്ധത്തിലുണ്ടായ വേദനകളേയും, മുറുവുകളെയും തരണംചെയ്തുള്ള വിജയ ഘോഷയാത്രയാണിത്. അതിനുശേഷം നല്ലതുപോലെ അണിയിച്ചൊരുക്കി മാതാപിതാക്കളുടെ കൂടെ എഴുനള്ളത്തിന് അകമ്പടിക്കായി വിടുന്നു.
പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കല്‍, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു.
പൊങ്കാല കൂടാതെ കന്നി-തുലാമാസത്തിലെ നവരാത്രിയും, വൃശ്ചികമാസത്തില്‍ തൃക്കാര്‍ത്തികയും ഈ ക്ഷേത്രത്തില്‍ വിശേഷങ്ങളാണ്. തുലാമാസത്തിലെ 'നവരാത്രിയും', 'വിദ്യാരംഭവും', വൃശ്ചികത്തിലെ 'തൃക്കാര്‍ത്തികയുമാണ്' മറ്റു വിശേഷ ദിവസങ്ങള്‍. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റെര്‍ ദൂരത്താണ് ഈ ക്ഷേത്രം.
സര്‍വ്വദുഃഖ നിവാരണിയാണ് ഈ അമ്മ. ഭക്തിയോടെ നൊന്തുവിളിക്കുന്ന ഭക്തര്‍ക്ക് അമ്മയുടെ കാരുണ്യഹസ്തങ്ങളുടെ തലോടല്‍ അനുഭവിക്കാനാകും നിച്ഛയം.
© അനില്‍ നീര്‍വിളാകം
0 Comments