'ഇന്നലെ ഉച്ചയ്ക്ക്, കാർ ഷെഡ്‌ഡിലെ അഴയിൽ ഞാൻ, ഉണങ്ങാത്ത തുണികൾ വിരിച്ചിടുകയായിരുന്നു. അപ്പോഴാണ് മഴ വലിയ ശബ്ദത്തോടെ പെയ്തത്. പെട്ടെന്നു എനിക്ക് തോന്നി, ഭീമാകാര ശരീരമുള്ള ഒരു പക്ഷി, അതിന്റെ ചുവന്ന കൊക്കുകൾ വിടർത്തി എന്നെ അപ്പാടെ വിഴുങ്ങിയെന്ന്. സത്യമായും, ഞാൻ ഭയന്നു പോയി. '
"ഇന്നലെ ഉറങ്ങുന്നതിനു മുൻപ്, ദിവ്യ എന്നോട് പറഞ്ഞതാണ്, വിശാൽ. എനിക്കറിയില്ല അവൾക്കിത് എന്തുപറ്റിയെന്ന്. "
കായലിൽ, ബോട്ട് അടുക്കുന്ന ശബ്ദം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു. വിശാൽ, വെറുതേ, മേഘങ്ങളാൽ പൊതിഞ്ഞ ആകാശത്തെ നോക്കി. അയാൾ തന്റെ സുഹൃത്ത് പറഞ്ഞ കാര്യത്തെക്കുറിച്ച്, ചിന്തിക്കുകയാണോ , അതോ, ആകാശത്തിന്റെ സൗന്ദര്യത്തെ വീക്ഷിക്കുകയാണോയെന്ന് തോന്നിപ്പോകും.
" വിശാൽ "?
അരുണും അതേ സന്ദേഹത്തോടെ വിശാലിന്റെ തോളിൽ തട്ടി വിളിച്ചു.
" ഉം, ഞാൻ ദിവ്യയുടെ ആ മനോഹരമായ സങ്കല്പത്തെ കുറിച്ചു ചിന്തിക്കുകയായിരുന്നു. അവൾ, എഴുതുമോ അരുൺ? കഥയോ, കവിതയോ അങ്ങനെ എന്തെങ്കിലും? "
വിശാൽ, വളരെ ആകാംക്ഷയോടെയാണ് ചോദിച്ചത്. അരുൺ, ജ്യൂസ് ജാറിൽ ബാക്കിയുണ്ടായിരുന്ന ജ്യൂസ് കൂടി കുടിച്ചിട്ട്, പറഞ്ഞു.
" ഹേയ്, ഇല്ല. I mean എന്റെ അറിവിൽ ഇല്ല. ഇനി പണ്ട്, പഠിക്കുന്ന കാലത്ത് എഴുതിയിരുന്നോ എന്നൊന്നും അറിയില്ല. "
" ഉം "
അരുണിന്റെ, സാദാമട്ട്, വിശാലിനെ ചെറുതായിട്ടല്ല, സ്വല്പം വലുതായിട്ട് തന്നെ നിരാശപ്പെടുത്തി.
" താൻ, ഇതിനു, ഒരു സൊല്യൂഷൻ പറ. "
അരുൺ, വിടുന്ന മട്ടില്ല. വിശാൽ അയാളെ വെറുതേ നോക്കി.
" ഇത്, അതിന് പ്രശ്നം അല്ലല്ലോ, പരിഹാരം തേടാൻ. "
" അല്ലെ? എനിക്ക് തോന്നുന്നത് അവൾക്ക് ഭ്രാന്ത് ആണെന്നാണ്. "
അരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.
" എങ്കിൽ, നീ അവളെ ഒരു ഡോക്ടറേ കാണിക്ക്. "
തന്റെ ശബ്ദത്തിൽ അറിയാതെ വന്ന കോപം അയാളെ പൊടുന്നനെ അസ്വസ്ഥനാക്കി.
" ഇതുപോലെ, രണ്ടു മൂന്ന് ദിവസങ്ങൾക്കു മുൻപ്, പാതിരാത്രി എഴുന്നേറ്റു. എന്നിട്ട് എന്നോട് പറയുവാ, ' ദേ, എന്റെ നട്ടെല്ലിൽ, ഡെലിവറിയ്ക്ക് വേണ്ടി എടുത്ത ഇൻജെക്ഷന്റെ പാട് ഉണ്ടോന്ന് നോക്കാൻ. '"
"എന്നിട്ട്? എന്നിട്ട് നീ നോക്കിയോ?"
" ഉം, അവളുടെ സമാധാനത്തിനു വേണ്ടി നോക്കി. ഒന്നുമില്ലെന്ന് പറഞ്ഞു. "
" അപ്പോൾ? "
വിശാൽ വീണ്ടും ചോദിച്ചു.
" അപ്പോൾ പറഞ്ഞത് കേട്ടാൽ, നിനക്കും ഉറപ്പാകും അവൾക്ക് ഭ്രാന്താണെന്ന്. "
അരുണിന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിടർന്നു.
" എന്താണ് പറഞ്ഞത്? "
തന്നിൽ വീണ്ടും ആകാംക്ഷയുടെ വിത്തുകൾ മുളയ്ക്കുന്നത്, വിശാൽ ഒരല്പം ഞെട്ടലോടെ തിരിച്ചറിഞ്ഞു.
" മ്മ്മ് എന്താണ്!!? "
അയാൾ ഓർമ്മിക്കുന്നത് പോലെ നെറ്റി ചുളിച്ചു.
" ങ്ഹാ, ആ പാട് അവിടെ തന്നെ ഉണ്ട്. അതിലൂടെയാണ് , എന്റെ നട്ടെല്ലിന് പകരമുള്ള, കറുത്ത സർപ്പം പുറത്തേയ്ക്ക് ഇഴഞ്ഞു പോകാറുള്ളത് എന്ന്. താൻ തന്നെ പറയൂ, ഇത് ഭ്രാന്തല്ലാതെ മറ്റെന്താണ്? "
വിശാൽ, ഒന്നും തന്നെ പറഞ്ഞില്ല. അടുത്ത ബോട്ട് എത്തുകയും, ബിൽ പേ ചെയ്ത് അരുൺ പോകുകയും ചെയ്തു. ശേഷം, എണ്ണുവാൻ കഴിയാത്തവിധം ബോട്ടുകൾ പോകുകയും വരികയും ചെയ്തു. വിശാലിന്റെ മനസ്സ്, അപ്പോഴും, ആ ഭീമാകാരനായ പക്ഷിയും, നട്ടെല്ലിന് പകരം മുതുകിലൂടെ ഇഴഞ്ഞു പുറത്തേക്ക് വരുവാൻ വെമ്പൽ കൊള്ളുന്ന സർപ്പവുമായിരുന്നു. ആ നടപ്പാതകളിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു. ഉന്തുവണ്ടി കച്ചവടക്കടയിൽ നിന്നും കടല വറുക്കുന്ന ഗന്ധമുയർന്നു. കച്ചവടക്കാരന്റെ റാന്തൽ വിളക്കിന് ചുറ്റും വട്ടമിട്ടു പറന്ന ഈയലുകൾ ചിറകുകൾ കരിഞ്ഞു താഴെ കെട്ടി നിന്നിരുന്ന വെള്ളത്തിലേയ്ക്ക് അറ്റുവീണു.
രണ്ട്
" നിങ്ങൾ, ഈ കാട്ടുറുമ്പുകളെ കാണുന്നുണ്ടോ? എത്രയൊക്കെ ഞാൻ, ഇവിടെ അടിച്ചുവാരി വൃത്തിയാക്കിയിട്ടാലും, ഇത് വീണ്ടും വന്നു നിറയും. നിങ്ങളുടെ അച്ഛന്റെ മുറിയിൽ ഇവറ്റകളുടെ ഒരു കൂമ്പാരം തന്നെയുണ്ട്. ഞാൻ അത് ഇപ്പോൾ തുറക്കാറില്ല. തുറന്നാൽ, ചീഞ്ഞ മാംസത്തിന്റെ ഗന്ധമാണ്. കള്ളിന്റെയും. "
ഒരാഴ്ചയ്ക്ക് ശേഷം, അതേയിടത്ത് അവർ തമ്മിൽ കണ്ടുമുട്ടി. അതേ കായൽ തീരം, അതേ ബോട്ടുകളുടെ ശബ്ദം, മേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശം. ഏക വ്യത്യാസം, അന്നേദിവസം മഴയുടെ കെട്ടുപിണഞ്ഞ നനവ് ഭൂമിയിൽ അവശേഷിച്ചിരുന്നില്ല.
" നീയും, ദിവ്യയും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടോ? "
വിശാൽ കൂടുതൽ മുഖവുരയൊന്നുമില്ലാതെ ചോദിച്ചു.
" അങ്ങനെ, കാര്യമായത് ഒന്നുമില്ല. "
" ഉം "
ഒരു ബോട്ട് പോകാൻ എടുത്ത മൗനത്തിന്റെ ദൂരം. ശേഷം, അയാൾ വീണ്ടും ചോദിച്ചു.
" നിങ്ങൾ തമ്മിൽ പ്രണയമുണ്ടോ? "
അരുൺ, ആ ചോദ്യത്തിന് പെട്ടെന്ന് മറുപടി നൽകുവാൻ കഴിയാതെ കുഴങ്ങി.
" ഉണ്ട്. "
ഒന്നു നിർത്തി.
" ഉണ്ടെന്ന് തോന്നുന്നു. "
വിശാൽ ഒന്നും മിണ്ടാതെ ആകാശത്തെ നോക്കി. ആ ഭീമാകാരനായ പക്ഷിയെ അപ്പോഴും കണ്ടു. അതവിടെ, മേഘക്കൊമ്പിൽ ഇരുന്ന് തങ്ങളെ വീക്ഷിക്കുന്നത് പോലെ.
" അയാളെന്നെ, പ്രണയിക്കാതെയായ കാലം മുതൽ, ഞാൻ വെറുതേ ഒരു മനുഷ്യജീവിയായിപ്പോയി. എത്ര ഭംഗിയോടെ സാരി ഉടുത്താലും, അതനിക്ക് നൽകിയ, രൂപഭംഗിയെ പുകഴ്ത്തുവാൻ ആരുമില്ലാതെയായി. എന്റെ മുഖത്തിന്റെ സൗന്ദര്യം നശിച്ചു, ഞാൻ വികൃതമാക്കപ്പെട്ടു. ആരും എന്റെ മുടിയിഴകളിൽ തഴുകിയില്ല, ഞാൻ, പുതുതായി വാങ്ങുന്ന പുസ്തകങ്ങൾ അയാളെ വായിച്ച് കേൾപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിന് ശേഷം, ആരുമെന്നെ കേൾക്കാൻ ഉണ്ടായില്ല. ഞാൻ പുസ്തകങ്ങൾ വാങ്ങുന്നത് പോലും നിർത്തുകയാണ് ഉണ്ടായത്. എനിക്ക് പ്രേമത്തെ കുറിച്ചു കവിതകൾ എഴുതുവാൻ കഴിയാതെ പോയി. എന്റെ അച്ഛനെ എനിക്ക് ഭയമായിരുന്നു. അച്ഛനോട് പറയുവാൻ ആഗ്രഹിച്ചതും, എന്നാൽ ഭയപ്പെട്ടിരുന്നതുമായ എല്ലാം, ഞാൻ അയാളോട് പറഞ്ഞു. അയാൾ എന്നെ അച്ഛനെപ്പോലെ നോക്കി, നെഞ്ചിൽ കിടത്തി ഉറക്കി. ആഹാരം വാരിത്തന്നു. അയാൾ പോയി. വിദൂരത്തിൽ പോലും ഇന്ന് എനിക്ക് അയാൾ ഇല്ല.
അയാൾ പോയി.
അയാൾ പോയി. "
വിശാൽ, ആ പക്ഷിയുടെ ചുവന്ന കൊക്കുകളിൽ ചൂഴ്ന്നു നോക്കി.
" ഹലോ സാർ "
അവ്യക്തമായ ഒരു ശബ്ദം. അയാൾ തിരിഞ്ഞു നോക്കി. മുപ്പത്തിയഞ്ച് വയസ്സോളം തോന്നിപ്പിക്കുന്ന ഒരു വെൽഡ്രസ്സ്ഡ് യുവാവ്. വിശാലിനു അയാളെ മനസ്സിലായില്ല.
" സാറിന് സുഖമാണോ? ഒത്തിരി ആയല്ലോ കണ്ടിട്ട്? "
വിശാൽ, അയാളെ നോക്കി മന്ദഹസിച്ചു. അയാളെ മനസ്സിലായില്ലയെന്ന്, ആ ചിരി വിളിച്ചു പറഞ്ഞു.
" സാറിന്, എന്നെ മനസ്സിലായില്ലേ? ഞാൻ അശോക്. പയ്യമ്പലത്ത്, നമ്മൾ ഒരുമിച്ചു ഉണ്ടായിരുന്നു. "
" ഓഹ്, അശോക്. സുഖമാണോ? "
" അതേ, സാർ. സാർ ഇവിടെ? "
" ഞാൻ, ഇപ്പോൾ ഇവിടെയാണ് അശോക്. "
അയാൾ പൊടുന്നനെ അരുണിനെ, അശോകിനു പരിചയപ്പെടുത്തി.
" എന്റെ സുഹൃത്ത്, അരുൺ. "
അരുൺ, അശോകിനെ നോക്കി ചിരിച്ചു. അശോക്, ഒരു പകച്ച നോട്ടം തിരികേ നൽകി.
വീണ്ടും ബോട്ടിന്റെ ശബ്ദം.
" ഓഹ്, ബോട്ട് വന്നു. ശരി സാർ. ഞാൻ പോകുന്നു. ഇത് പോയാൽ പിന്നെ, റൂമിൽ എത്താൻ വൈകും. ഞാൻ സാറിനെ വിളിക്കാം. "
" അങ്ങനെയാകട്ടെ. "
അവർ കൈകൊടുത്തു പിരിഞ്ഞു. ബോട്ട് അടുപ്പിച്ചയിടത്തേയ്ക്ക് ഓടുന്നതിനു ഇടയിൽ അശോക്, തിരിഞ്ഞു നോക്കി. വെറുതേ, അരുണിന് നൽകിയ അതേ നോട്ടം.
" ഞാൻ, അയാൾക്ക്, അവസാനമായി ഒരു കത്തെഴുതി. എന്നെ ഉപേക്ഷിച്ചു പോകരുതെന്ന്. എനിക്ക് ആരുമില്ലെന്ന്. അയാൾ, അതിന് മറുപടിയൊന്നും തന്നെ അയച്ചില്ല. എന്റെ കത്ത് അത്ര തന്നെ ബാലിശമായിരുന്നു. പ്രണയം ഉണ്ടായിരുന്ന എല്ലാ കാലത്തും, ഞാൻ അയാൾക്ക്, തേനേ, കൽക്കണ്ടമേ എന്നൊക്കെ ചേർത്ത് എഴുതിയിരുന്നു. അതും ബാലിശമായിരുന്നു. എന്നാൽ പ്രേമത്തിൽ അതിനൊക്കെ പ്രാധാന്യം ഉണ്ട്. അയാൾ മറുപടി അയച്ചില്ല. ഒരുപക്ഷെ അത് അയാൾക്ക് കിട്ടിയിരിക്കുകയില്ല. "
നേർത്ത മഴച്ചാറൽ മാത്രമേ ആ സമയം ഉണ്ടായിരുന്നുള്ളൂ. എങ്കിലും, കുടകൾ ചൂടിയും, കക്ഷത്തിലോ തറയിലോ ഊന്നിയും, നിരവധി മനുഷ്യർ പിറുപിറുക്കലോടെ അവിടെ തടിച്ചു കൂടിയിരുന്നു. ആദ്യം വന്ന ബോട്ടിൽ അശോകും ഉണ്ടായിരുന്നു.
" എന്തോ, ചെയ്യാനാ? അല്ലേ, അയ്യാള് കുറച്ചീസം ആയിട്ട് ഇവിടെ ഒക്കെ ചുറ്റി നടക്കുന്നുണ്ടായിരുന്നു. ഇതിനാണ് ന്ന് നമ്മൾ അറിഞ്ഞോ? "
ആളുകളുടെ പിറുപിറുക്കൽ തുടർന്നു കൊണ്ടിരുന്നു. എളുപ്പം കഥ മെനയുന്ന കഥാകാരനെ പോലെ അവർ കഥകൾ പടച്ചു വിടുകയാണ്. അശോക്, ആൾക്കൂട്ടത്തെ മാറ്റി മുന്നോട്ട് നീങ്ങി. കഴുത്തിൽ, പായൽ ചുറ്റി പിടിച്ചു കിടക്കുന്നുണ്ട്. ചുണ്ടിൽ ഇന്നലെ തന്നോട് ചിരിച്ച അതേ മന്ദഹാസം. ദൃഷ്ടി അപ്പോഴും ആകാശത്തേയ്ക്ക് തന്നെയാണ്.
അയാൾ ഇന്നലത്തെ വൈകുന്നേരത്തെ വീണ്ടും ഓർത്തു.
തനിയെ, സംസാരിക്കുന്ന വിശാൽ, തൊട്ടടുത്ത്, ഒഴിഞ്ഞ കസേര ചൂണ്ടി, ഏതോ പേര് പറഞ്ഞു പരിചയപ്പെടുത്തിയ വിശാൽ. താൻ തിരിഞ്ഞു നോക്കുമ്പോൾ, വീണ്ടും ഒറ്റയ്ക്ക് സംസാരിച്ചു കൊണ്ടിരിക്കുന്ന വിശാൽ. അയാൾ മരിച്ചു. എന്തിന്? അയാൾക്ക് കൂടുതൽ സമയം അവിടെ നിൽക്കുവാൻ തോന്നിയില്ല, തിരക്കിട്ടു ബസ്സ്സ്റ്റാന്റിലേയ്ക്ക് പോയി.
ആഹ്, മരിച്ചു. മരിച്ചെന്നു ഉറപ്പാണ്.
" എന്റെ കത്ത് അയാൾക്ക് കിട്ടിയോയെന്ന് എനിക്ക് ഉറപ്പില്ല. ഒരുപക്ഷേ കിട്ടിക്കാണില്ല. "
കായലിൽ, ഇര തേടിയിറങ്ങിയ മത്സ്യം കീറിപ്പറിഞ്ഞ ഒരു കടലാസ് കഷ്ണം വിഴുങ്ങി.
അതിൽ,
" ആരുമില്ല " എന്നൊരു വാചകം ഉണ്ടായിരുന്നു. മത്സ്യം കണ്ണുകൾ മിഴിച്ചു, വീണ്ടും ഇര തേടി ഇറങ്ങി. ആകാശം ശാന്തമായിരുന്നു. ആ പക്ഷി അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. നട്ടെല്ലിന് പകരമുള്ള സർപ്പം, കായലിലൂടെ ഇഴഞ്ഞു നീങ്ങി വായുവിൽ വാൽ ചുഴറ്റി സ്വയം വിഴുങ്ങി ചത്തു പോയി.
"അയാൾ വിളിക്കുമെന്ന്, ഞാൻ പ്രതീക്ഷിച്ചു. ഇല്ല, ക്ലോക്കിന്റെ സൂചികൾ നീങ്ങിയത് അല്ലാതെ, ചുമരിലെ പല്ലി, ഈയലിനെ തിന്നു കഴിഞ്ഞു, മറ്റൊരു ഇരയെ തിരഞ്ഞ് പോയതല്ലാതെ അയാൾ വിളിച്ചില്ല. പിന്നീട് ഞാൻ കാത്തിരുന്നുമില്ല."
0 Comments