ഉരുളന്‍ കല്ലുകളെ
പ്രസവിച്ചുകൂട്ടുന്ന
ഒരു പുഴയുടെ വളവില്‍
എത്ര കഥകള്‍ ഒളിച്ചിരിപ്പുണ്ടാവും.
വെള്ളത്തെ ഉമ്മവെയ്ക്കുന്ന
വളളിപ്പടര്‍പ്പുകളില്‍
എത്ര സ്വപ്നങ്ങളാണ്
നനച്ച് തോരയിട്ടിരിക്കുന്നത്...

പുഴയരികില്‍
നീളന്‍ മരങ്ങള്‍
ആകാശത്തെ തൊടുന്നത്
കിനാവ് കാണുന്നു.

പക്ഷികള്‍ തൂവലടര്‍ത്തി
മോഹങ്ങളില്‍ പിടഞ്ഞ്
മരച്ചില്ലകളില്‍ അടയിരിക്കുന്നു.

കഥകളുടെ കുത്തൊഴുക്കില്‍
പരസ്പരം തൊട്ടുരുമ്മി
നൃത്തം വെയ്ക്കുന്നു
നീളന്‍ കണ്ണെഴുതിയ മീനുകള്‍

അതാ നമ്മില്‍ നിന്നും
ചോര്‍ന്നു പോയ
പ്രണയത്തിനിടയിലെ 
ദൂരങ്ങള്‍ കൊത്തിയ
മൈല്‍ കുറ്റികള്‍ പോലെ
നിറഞ്ഞൊഴുകുന്ന പുഴയിലെ
മണലാഴങ്ങളില്‍ വേരൂന്നിയ
കറുത്ത പാറക്കൂട്ടങ്ങള്‍.