പടര്‍ന്ന മുള്‍ക്കൂര്‍പ്പിനിടയില്‍
വിടര്‍ന്ന ചെമ്പനീര്‍ പൂക്കളായും,
കൂട്ടത്തിലേതിലോ പുഴുക്കുത്തു
കുരുടിച്ച താരുമൊരേ തണ്ടില്‍.
ചേര്‍ച്ചയില്ലാ ജീവിതം താണ്ടും
തോര്‍ച്ചയില്ലാ കണ്ണുകളെങ്കിലും
ആര്‍ജ്ജവമൊന്നാല്‍ പൊരുതി
ആര്‍ച്ചകളാകും കരുത്തിലും,
കാലം കുറിച്ചന്നേ ചരിത്രങ്ങള്‍.
വിസ്മയമെത്ര വിളക്കായ് നിന്നൂ
നിസ്തുല സ്‌നേഹ പ്രകാശങ്ങള്‍.
മാറു മറയ്ക്കാക്കാലം വീറാല്‍
ചേറില്‍ നിന്നും പൊന്തീ മാനം
കാക്കാന്‍ കുജം പറിച്ചെറിവോള്‍.
തുടിച്ച ചോരയില്‍ അണയാ വീര്യം
പടുത്ത വിപ്ലവമരങ്ങിലേക്കുനയിച്ചു.
കനത്ത വിവേചന ദൂരം, താണ്ടാന്‍
മിനുത്ത ദേഹമൊരുക്കും കവചം
ദുഷിച്ച ചിന്തയില്‍ തീയാവുകയല്ലോ.
സ്‌നേഹാര്‍ദ്രമാകുമുള്ളറിയാ ദുഷ്ട
കാമത്തിന്റെ വരിയുടയ്ക്കാ കാലം
കണ്ണീരോടെയടിമ കിടക്കുന്നവള്‍.
കലഹത്തിന്റെ കാരണം പേറിയും
കദനത്തിലെ കണ്ണീരണിഞ്ഞും
കരിപുരണ്ടേറുവാനാകില്ല ജന്‍മം.
വികാര വിചാരങ്ങളകമേ നിര്‍ത്തി
പുറമേയനുസരിച്ചു പുലരുകയില്ല,
മുന്‍വിധി പതിയെ പിന്‍തള്ളുന്നു.
പുഞ്ചിരി പുതിയ പ്രഭാതം തീര്‍ക്കും,
ചതുരത്തടവുകള്‍ ഭേദിച്ചും വിരഹ
വിഷാദ കണ്ണി തകര്‍ത്തുമവഗണന
വേരാഴ്ന്നിടങ്ങളില്‍ പൊരുതിയേറുക.
1 Comments
Super
ReplyDelete