ഒഹ്..... നിന്നിടത്തു നിന്നുള്ള എന്റെ ഈ തുള്ളല്‍ ഇത്തിരി നീളത്തില്‍ ആയി യിരുന്നേല്‍ ഞാന്‍ എപ്പോഴേ....
നാട്ടില്‍ എത്തിയേനെ . എന്നും
രാവിലെയുള്ള എന്റെ ഈ ജോഗിങ്ങിനെ കുറിച്ചാ പറഞ്ഞത്.... കേട്ടോ....
തടി എങ്ങനെ കുറയാനാ....
അങ്ങനെയുള്ള തീറ്റി അല്ലേ.... എന്നു നിങ്ങള്‍ കരുതുന്നുണ്ടാവും ഇല്ലേ....
സത്യത്തില്‍ ഞാന്‍ ഭക്ഷണം കുറച്ചേ എടുക്കാറുള്ളൂ
രാവിലെ ഒരു മൂന്നു നാലു ചപ്പാത്തി.
അതിന്റെ കൂടെ എന്തേലും ഒരു കറി.പിന്നെ ഉച്ചക്ക്.
ഒരി....ത്തിരി ചോറ്.ഇത്തിരി കറി. പിന്നേം ഇത്തിരി ചോറ്. ഇത്തിരി കറി.
നല്ല രുചിയുള്ള കറി ആണേല്‍ പറയേം വേണ്ടാ .
എടുക്കുന്നതിന്റെ തവണ കുറച്ചു കൂടി കൂടും. അത്രേ ഉള്ളു. എന്നാലും എടുക്കുന്നത് ഇത്തിരിത്തന്നെയാണല്ലോ....അത്താഴവും അതുപോലെ തന്നെ. ഒരിത്തിരി ചോറ്. ഇത്തിരി കറി. പക്ഷെ ഇങ്ങനെ ഇത്തിരി ഇത്തിരി ഒരഞ്ചാറ് വട്ടം മാത്രേ കഴിക്കുന്നുള്ളു . എന്നിട്ടും തടി കൂടുന്നതാണ് അതിശയം.
ഞാന്‍ തുള്ളല്‍ മതിയാക്കി. തൂക്കം നോക്കി യന്ത്രത്തെ നോക്കി.അതിനു കണ്ണുണ്ടാ-
യിരുന്നു എങ്കില്‍ അതെന്നെ രൂക്ഷമായി നോക്കിയേനെ. മണിക്കൂറുകള്‍ ഇടവിട്ട് എന്റെ ഭാരം താങ്ങിത്താങ്ങി തൂക്കം നോക്കി യന്ത്രവും മടുത്തു കാണും.
സഹിക്കുന്നതിനുമില്ലേ.... ഒരു പരിധി... സംസാരിക്കാന്‍ കഴിയുമായിരുന്നു എങ്കില്‍ അതു പറഞ്ഞേനെ .
'മണിക്കൂറുകള്‍ കൊണ്ടൊന്നും ഒരു മാറ്റവും വരില്ല. ആദ്യം ചോറിനോടുള്ള നിങ്ങടെ ഈ ആക്രാന്തം ഒന്നു കുറയ്ക്കൂ.'
ഇതിനൊന്നും സംസാരശേഷി ഇല്ലാത്തത് മഹാ....ഭാഗ്യം. ഞാന്‍ മെഷീനില്‍ കയറി നിന്നു താഴേക്ക് നോക്കി.
അയ്യോ... അതു കാണുന്നില്ലല്ലോ... വയറ് മാത്രേ കാണുന്നുള്ളൂ.
എന്തൊരു കഷ്ടാണ്....പണ്ടു ചെറുപ്പമായിരുന്ന കാലത്ത് അയല്‍ക്കാരി പറഞ്ഞിരുന്നു .
'ഹും !....കണ്ടാല്‍ പറയില്ല....അഞ്ചു പെറ്റ വയറാണെന്ന്.'
അന്നു ഞാന്‍ വിചാരിച്ചത് അവരെന്നെ പ്രശംസിച്ചതാണെന്നായിരുന്നു. ഞാന്‍ അന്നു സന്തോഷത്തോടെ എന്റെ ആലില വയര്‍ തഴുകിയിരുന്നു.
പിന്നീട് ആണ് മനസിലായത്..... മെലിഞ്ഞു ഉണക്കമീന്‍ പോലിരുന്ന എന്നെ നോക്കിയുള്ള ബോഡി ഷെയ്മിങ്ആയിരുന്നു അതെന്ന്.
അല്ല.... എന്റെ
ഭാഗത്തും തെറ്റുണ്ട്. അവരില്‍ നിന്നും ഞാന്‍ അങ്ങനെ നല്ലതു പ്രതീക്ഷിക്കാന്‍ പാടില്ലായിരുന്നു.
അവര്‍ കണ്ണുവെച്ചതായി രിക്കും. ഇന്നു
ദേ.... അഞ്ചുമാസം ഗര്‍ഭിണിയെ പോലെയുണ്ട്. ഞാന്‍ വീണ്ടും വയറു തടവി. മക്കളെ ഗര്‍ഭം ധരിച്ചിരുന്നകാലം ഓര്‍ത്തു പോയി.
സമയം പോയത് അറിഞ്ഞില്ല വല്ലതും കഴിക്കട്ടെ .
ഇത് എന്തൊരു വിശപ്പാണ്. വിശപ്പ് ഇല്ലായിരുന്നു എങ്കില്‍ നമ്മള്‍ ഭക്ഷണം കഴിക്കുമായിരുന്നോ എന്തോ.....
ഞാന്‍ പറഞ്ഞില്ലേ കുറേച്ചേ കഴിക്കുള്ളു എന്ന്. അത് സത്യം ആണ് . ഞാന്‍ രണ്ടു ചപ്പാത്തി പ്‌ളേറ്റിലേക്ക് എടുത്തു വച്ചു. മീന്‍ കറിച്ചട്ടി മേശപ്പുറത്ത് തന്നെ വച്ചിട്ടുണ്ട്.
ഓ... പിന്നേ.... ഞാന്‍ മാത്രം ഉള്ള ഈവീട്ടില്‍ എന്തു ഫോര്‍മാലിറ്റി.
എപ്പോഴും എന്നീറ്റു പോയി ചട്ടീടെഅടപ്പിളക്കണ്ടല്ലോ...
ഞാന്‍ ആ മണ്‍ചട്ടിയുടെ അടപ്പു തുറന്നു.മൂക്കു വിടര്‍ത്തി ആ ഗന്ധം അങ്ങട് നന്നായി ആസ്വദിച്ചു.
ആഹാ.... സൂപ്പര്‍.
എന്താ ഒരു മണം.
നല്ല മണമുള്ള പച്ചമുളകും തക്കാളിയും
കീറി ഇട്ട് തേങ്ങാ അരച്ചു വച്ച അടിപൊളി മത്തിക്കറി. അതും ചെറിയ ഉള്ളി വട്ടത്തില്‍ അരിഞ്ഞിട്ട്
കറിവേപ്പിലയും
വറ്റല്‍ മുളകും ചേര്‍ത്തു വെളിച്ചെണ്ണയില്‍ കടുക് വറുത്തത്. നാട്ടിലെ വിറകടുപ്പില്‍
മണ്‍ ചട്ടിയില്‍
കിടന്നുവറ്റിയ മീന്‍ കറിയുടെ മണം ഞാന്‍ ഓര്‍ത്തു. നാവില്‍ വെള്ളമൂറുന്നു .അതിന്റെ രുചി എത്ര പറഞ്ഞാലും മതിയാവില്ല. ആഹാ.... സൂപ്പറേയ് സൂപ്പര്‍.
ഇപ്പോള്‍ വായില്‍ ഒരു തുള്ളി വെള്ളം എങ്കിലും ഊറാത്ത ഏതെങ്കിലും മനുസേന്മാര്‍
ഉണ്ടെങ്കില്‍ പറഞ്ഞോളിന്‍.
നിങ്ങള്‍ക്ക് കാര്യമായിട്ട് എന്തോ തകരാറുണ്ട് . സത്യം .ന്യായം വച്ചുകൊണ്ട് ഇരിക്കാന്‍ സമയമില്ല .
നേരം ഇപ്പോള്‍ ഉച്ചയാകും. അതിനു മുന്‍പ് ഇതു കഴിച്ചു
തീര്‍ക്കണം. ഇല്ലെങ്കില്‍ ഉച്ചയാകുമ്പോ
പിന്നെ വിശപ്പേ... ഉണ്ടാവില്ല.
വിശക്കുമ്പോഴല്ലേ അല്ലേ ഭക്ഷണം കഴിക്കാന്‍ പാടുള്ളു .
ഞാന്‍ ചപ്പാത്തിയുടെ മുകളിലേക്കുചെറിയ ചിരട്ടത്തവി കൊണ്ട് മീന്‍കറി കോരി വച്ചു.ആദ്യം തന്നെ ഒരു കറിവേപ്പില എടുത്തു നക്കി. അതില്‍ പറ്റിയിരുന്ന കറിയുടെ രുചി ആസ്വദിച്ചു.
ആഹാ...എന്താ.... സ്വാദ്.
പിന്നെ മണമുള്ള മുളക് കയ്യില്‍ എടുത്തു. 'ഒടങ്കൊല്ലി' എന്നോ മറ്റോ പേരുള്ള ഒരിനം മുളക് ആണെന്ന് തോന്നുന്നു.
ഞാന്‍ ആ മുളക് മെല്ലെ നാവുകൊണ്ടു നക്കി. എന്നിട്ട് വായില്‍ വച്ചൊന്നു നുണഞ്ഞു. മുട്ടായി നുണയും പോലെ.
'ന്റെമ്മച്ചിയേ...'
ഞാന്‍ ചാടി എണീറ്റ്
വെള്ളമെ -
ടുക്കാന്‍ ഓടി .
'ഇത്തിരി വെള്ളം ഇങ്ങ് തായോ...'
എന്നലറി വിളിക്കാമെന്ന് വച്ചാല്‍ ഇവിടെ ആരും ഇല്ലല്ലോ ഒരിത്തിരി വെള്ളം തരാന്‍ പോലും. എരിഞ്ഞിട്ട് ചുണ്ടും വായും
കണ്ണും മൂക്കും ഒക്കെ നീറിപ്പുകയുന്നു.
തല വരെപെരുത്തു
പോകുന്നു എന്നു തോന്നിപ്പോയി.
രണ്ടു ഗ്ലാസ് വെള്ളം കുടിച്ചിട്ടും എരിവ് മാറുന്നില്ല.
എരിവു കാരണം വായില്‍ നിന്നും കൊഴുകൊഴേ ഉമിനീര് ചാടാന്‍ തുടങ്ങി.
പഞ്ചാര ഉപേക്ഷിച്ചിരുന്ന ഞാന്‍ ഓടിപ്പോയി പഞ്ചാരട്ടിന്നു
തുറന്നു.
ഒരു പിടി വാരി വായിലേക്കിട്ടു.
പഞ്ചാരയേ ഉപേക്ഷിച്ചുള്ളൂ
ലഡ്ഡു ജിലേബി ഹല്‍വാ ഒക്കെ ഇവിടെ സ്റ്റോക്കാണ്.
എരിവ് ലേശം ഒന്നടങ്ങി. ചുണ്ട് ലിപ്സ്റ്റിക് ഇട്ടപോലെ ചുവന്നു.പുറത്തേക്കെവിടെയെ ങ്കിലും പോകുമ്പോ
ലിപ് സ്റ്റിക് തീര്‍ന്നുപോയാല്‍ ഇതു നല്ലൊരു ടിപ്പ് ആയിരി
ക്കുമെന്നു തോന്നുന്നു . എന്റെ യൂടൂബ് ചാനലിലേക്ക് അടുത്ത ദിവസത്തേക്കുള്ള സബ്‌ജെക്ട് റെഡി.
ഒഹ്.! വെള്ളം കുടിച്ചു വയറ് വീര്‍ത്തു .
കണ്ടിട്ട് ഒരു മാസം കൂടി കൂടിയത് പോലെ ആയെന്നു തോന്നുന്നു. ഞാന്‍ വീണ്ടും വയറിലേക്കു നോക്കി.
നെടുവീര്‍പ്പിട്ടു.
അതിനേക്കാള്‍ നീളത്തില്‍ നെടുവീര്‍പ്പിട്ടുപോയത് തൊട്ടു പിന്നാലെയാണ്.
ഇനി ഞാന്‍ എങ്ങനെ നാലു ചപ്പാത്തി കഴിക്കുമെന്റെ ദൈവമേ... നോക്കട്ടെ.
ഒരു മൂന്നെണ്ണം എങ്കിലും പറ്റുമോയെന്ന്. ഞാന്‍ വീണ്ടും കഴിക്കാന്‍ ഇരുന്നു. ചപ്പാത്തി നീളത്തില്‍ കീറി എടുത്തു.
നല്ല സോഫ്റ്റ് ചപ്പാത്തി.ഇതു ഞാനുണ്ടാക്കിയതല്ല .ആയിരുന്നെങ്കില്‍ എപ്പോഴേ റബ്ബര്‍ ഷീറ്റ് പോലെ ആയേനെ. രണ്ടുപേര് ഇരുവശവും നിന്നു വലിച്ചാലും കീറാത്ത വിധത്തില്‍.
ജോലിക്കാരിയുടെ കൈപ്പുണ്യമാണോ അതോ അവളുടെ പരിശീലനം കൊണ്ട് സിദ്ധിച്ചതാണോ. എന്തായാലും ചപ്പാത്തി അടിപൊളിയാ.
നല്ല ചപ്പാത്തി ഉണ്ടാക്കി തരുന്നതിന് അവള്‍ക്ക് നല്ലതു വരട്ടേ എന്നു പറഞ്ഞു കൊണ്ട് ഞാന്‍ കീറിയെടുത്ത ചപ്പാത്തിത്തുണ്ടിലേക്ക് മത്തിയുടെ പള്ളയില്‍ നിന്നും മാംസം പിച്ചെടുത്തുവച്ചു കൊണ്ട് അതു ചുരുട്ടി വായിലേക്കു വച്ചു .
പുത്രന്‍ കൂടെ ഉണ്ടായിരുന്നു എങ്കില്‍ ഇതു കേട്ടാല്‍ ഇപ്പോള്‍
കളിയാക്കിച്ചോ ദിച്ചേനെ.
'അല്ലമ്മാ....
അപ്പൊ
നല്ല ചപ്പാത്തി അല്ലായിരുന്നു എങ്കില്‍ അവര്‍ നശിച്ചു പോട്ടേ എന്നാണോ...'
അവന്‍ ഇപ്പൊ ഇവിടെ ഇല്ലാഞ്ഞത് നന്നായി.ഭാഗ്യം നിറയെ മുള്ളാണെങ്കിലും നല്ല രുചിയുള്ള മീന്‍.
ഞാന്‍ അതുനന്നായി ആസ്വദിച്ചു-
കൊണ്ടുതന്നെ ചവച്ചിറക്കി.
'എന്റെ ദൈവമേ... നീ പിന്നേം ചതിച്ചു. അല്ലേ'.... മീനിന്റെ കുനുകുനുത്ത മുള്ളുകളില്‍ ഒരണ്ണം അണ്ണാക്കില്‍ തറച്ചു. ഈ കുനുകുനെ ഓര്‍ത്തപ്പോ ഒരു പാട്ട് കൂടി ഓര്‍മ വന്നു.
കുനു കുനെ ചെറു കുറുനിരകള്‍
ചുരുളിടും കവിളുകളില്‍...
ഓ പിന്നേ.... ഇപ്പോ പാടാം.പാട്ടും പാടി ഇരിക്കാന്‍ പറ്റിയ സമയം.
ഇതിനാണു പണ്ടുള്ളോരു പറയുന്നത് അമ്മക്ക് പ്രാണ വേദന മോള്‍ക്ക് വീണ വായന എന്ന് .
ഞാന്‍ അണ്ണാക്കില്‍ കയ്യിട്ടു. ഒരു രക്ഷയും ഇല്ല വിരല്‍ കൊണ്ടു തോണ്ടി നോക്കി . മുള്ള് കൂടുതല്‍ ഉറച്ചതല്ലാതെ ഇളകി വന്നില്ല .
എന്റീശ്വരാ..... ഇതു ഏതു നേരത്താണോ ആവോ..... ഞാന്‍ ഈ ചപ്പാത്തി കഴിക്കാന്‍ എടുത്തത്.
കൊണ്ടത് മീന്‍മുള്ള് ആയിരുന്നിട്ടും കുറ്റം ചപ്പാത്തിക്ക് .
ഞാന്‍ ചപ്പാത്തിയും മീന്‍കറിയുമൊക്കെയെടുത്ത് അടച്ചു വച്ചു.
ദൈവത്തെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് കൈ കൂപ്പി.
'ദൈവമേ ഒരു പരിഹാരം എത്രയും പെട്ടെന്ന് കാണിച്ചുതരേ ണമേ......'
എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് കണ്ണടച്ചു.
ധ്യാന നിമഗ്‌നയായി ഇരുന്നുകൊണ്ട് ഞാന്‍ മൊബൈല്‍ കയ്യിലെടുത്തു. പരിഹാരമില്ലാത്ത എന്തു പ്രശ്‌നമാണ് ഇതിലുള്ളത്.
ഞാന്‍ യൂട്യൂബ് തുറന്നു. മുകളില്‍ ടൈപ്പ് ചെയ്തു. തൊണ്ടയില്‍ മീന്‍ മുള്ള്..... മുഴുവനും എഴുതേണ്ടി വന്നില്ല.
'ന്റെ ശിവനേ....ഭാഗ്യം ദേ വരുന്നു
തുരു തുരെ പരിഹാരങ്ങളുടെ
നീണ്ട നിരകള്‍.'
ഏതു പരിഹാരം ആണ് നോക്കേണ്ടത് എന്നു കണ്‍ഫ്യൂഷന്‍ ആയിപ്പോയി.
തമ്പ്‌നെയില്‍ നോക്കി നല്ലത് ഒരെണ്ണം കണ്ടു പിടിച്ചു.
ഓ.... തുടങ്ങി. 'നിങ്ങള്‍ ആദ്യമായിട്ടാണ് ഈ ചാനല്‍ കാണുന്ന-
തെങ്കില്‍.....
അല്ല അവസാന
മായിട്ടാ- കാണുന്നത്.
ഇതു കണ്ടു തീര്‍ന്നിട്ട് വേണം എനിക്കൊന്നു തൂങ്ങിച്ചാവാന്‍. അല്ല പിന്നെ.
ഒന്നു പോ....പെണ്ണേ...
പിന്നേ.....
ബെല്‍ ബട്ടണ്‍ സബ്‌സ്‌ക്രൈബ്.....സ്‌കിപ് ചെയ്യാതെ കാണണം.
ഓ...എനിക്കിപ്പോ ഇതിനൊക്കെ തന്നെ നേരം.
അതെല്ലാം സ്‌കിപ് ചെയ്തു ഞാന്‍ നേരേ കാര്യത്തിലേക്ക് കടന്നു .ആവശ്യം ഉള്ളത് വല്ലതുംകൂടി സ്‌കിപ് ആയിപ്പോയോ എന്തോ.ഞാന്‍ സൗണ്ട് കൂട്ടി വച്ചു .
ഒന്നാമത്തെ ടിപ്പ്. ചോറ് ഉരുളയാക്കി വിഴുങ്ങുക.
ഞാന്‍ ചോറുകലം തുറന്നു. ആവിപറക്കുന്ന ചൂട് . സാരമില്ല. മുള്ള് തറഞ്ഞിട്ട് ഉമിനീര് ഇറക്കാന്‍ പോലും വയ്യ.
ചൂട് സഹിച്ചു കൊണ്ട് ചോറ് വാരി ഉരുട്ടി ഉരുളയാക്കി .
ഇതിനി തണുത്താല്‍ അല്ലേ വിഴുങ്ങാന്‍ പറ്റൂ.
പച്ച വെള്ളം കുടിച്ചു വിഴുങ്ങിയാലോ...
ഞാന്‍ ഒരു ഗ്ലാസ് വെള്ളമെടുത്തു വായിലേ
ക്കൊഴിച്ചു. കൂടെ ഉരുളയും വായില്‍ വച്ചു . വെള്ളത്തില്‍ കുതിര്‍ന്ന ചോറ് ഒറ്റഒറ്റയായി അണ്ണാക്കിലൂടെ താഴേക്കു ചാടി.
ഹും! ഇതു ശരിയാവില്ല .ഞാന്‍ അടുത്ത ടിപ്പ് കേട്ടു.
ടൂത് ബ്രെഷ് കൊണ്ടു മെല്ലെ
വായില്‍ കൊണ്ട മുള്ളിനെ സാവകാശം മാറ്റാന്‍ ശ്രമിക്കുക.
ഓ....ക്കേ. ഞാന്‍ പോയി ടൂത്ബ്രഷ് എടുത്തു. തേഞ്ഞു തീരാറായ ബ്രഷ് കൊണ്ട് അണ്ണാക്കില്‍ കുത്തി.
ഓ...ബ്രഷ് ഒക്കെ എങ്ങനെ ഇരുന്നാലെന്താ....
ബ്രഷ്...വീട്ടില്‍ ഇടുന്ന ചെരുപ്പ് ഞെക്കിഞെക്കി ഊപ്പാട് വരുത്തിയ
ടൂത് പേസ്റ്റ് തേഞ്ഞു തീര്‍ന്ന സോപ്പ്..
കരിമ്പനടിച്ച തോര്‍ത്ത്... ഇതൊന്നുംവെളിയില്‍ ആരുംകാണില്ലല്ലോ അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല .പുറമേ കാണുന്ന ഡ്രസ്സ്....ചെരുപ്പ്എന്നിവയൊക്കെ ഒക്കെ കേമനാ
യിരിക്കണം. അത്രേ ഉള്ളു .
അണ്ണാക്കില്‍ കുത്തിയിട്ടും രക്ഷയില്ല. ഒന്നുകൂടി ശ്രമിക്കാം. അസാധ്യമായത് ഒന്നും ഇല്ല എന്നല്ലേ പ്രമാണം.
വെണ്ണ
കട്ടുതിന്നില്ല എന്നു കാണിക്കാന്‍ അമ്മയുടെ മുന്നില്‍ വാ തുറന്നു കാണിച്ച ഉണ്ണിക്കണ്ണനെ പോലെ ഞാന്‍ വാ വലിച്ചു തുറന്നു കണ്ണാടിയില്‍ നോക്കി.
യുറേക്കാ....
ഞാന്‍ അലറി വിളിച്ചു.(ഡ്രസ്സ് ഇട്ടുകൊണ്ടുതന്നെ.)
പുറത്തേക്ക് ഒന്നും ഓടിയില്ല. ഓടിയാല്‍ ചിലപ്പോള്‍ ഫ്‌ലാറ്റില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യക്കു ശ്രമിച്ചു എന്നു ചിലപ്പോള്‍ നിങ്ങള്‍ക്കു കേള്‍ക്കേണ്ടി വന്നേയ്ക്കും.
കണ്ണാടിയില്‍ നോക്കി ഞാന്‍ ബ്രഷ് കൊണ്ട് മുള്ളില്‍ മെല്ലെ ത്തോണ്ടി. നാവു വടിച്ചാല്‍ തന്നെ ഛര്‍ദ്ദിക്കുന്ന ഞാന്‍ ആണ് . അണ്ണാക്കില്‍ ബ്രഷ് തൊട്ടതും നേരത്തേ കുടിച്ച വെള്ളം എല്ലാം കൂടി ദേ.... പുറത്തേക്ക്.ഞാന്‍ വായും പൊത്തി ഓടി. വാഷ് ബേസിനില്‍
തല കുനിച്ചു.
ഇനി അടുത്ത ടിപ്പ് നോക്കണോ.... നോക്കാം അല്ലേ.
'തളരരുത് രാമന്‍ കുട്ടീ....
തളരരുത്.'ഉള്ളിലിരുന്നുകൊണ്ട് ആരോ മന്ത്രിച്ചു .അടുത്ത ടിപ്പ് കണ്ട് എനിക്കു ദേഷ്യം വന്നു.പഴം വിഴുങ്ങാന്‍.
ഞാന്‍ ലൈക് ചെയ്ത ബട്ടണ്‍ ഒന്നുകൂടി ഞെക്കി ലൈക് മാറ്റി .
അല്ല പിന്നെ ഇവള്‍ക്ക് എന്റെ ഇരട്ട പേര് എങ്ങനെ അറിയാം. പഴം വിഴുങ്ങീ.... ന്ന്.
ഓ.... അങ്ങനെ വിളിച്ചത് അല്ലല്ലോ.... വിഴുങ്ങാന്‍ പറഞ്ഞത് ആയിരുന്നു അല്ലേ....
എന്റെ ദേഷ്യം പോയി ഞാന്‍ പിന്നേം ഞെക്കി ലൈക്ക് ബട്ടനില്‍ .ഇവിടെ പഴം ഇല്ലല്ലോ.
ഇതിപ്പോ ഈ ഇല്ലാത്ത സാധനം എങ്ങനെ മുണുങ്ങാനാണ് . ഇതാണെനിക്കീ യൂ ട്യൂബ് നോക്കുമ്പോള്‍ ദേഷ്യം വരുന്നത്.
വല്യ കാര്യമായിട്ട് വായിച്ചു വരുമ്പോ കാണാം. നമ്മുടെ വീട്ടില്‍
ഇല്ലാത്ത ഒരു സാധനം.അതിപ്പോ പാചകത്തില്‍ ആയാലും മുഖം മിനുക്കാന്‍ ആയാലും മുടി കറുപ്പിക്കാനോ വളര്‍ത്താനോ ആയാലും ഒരുപോലെതന്നെ.
അതുവരെ കേട്ടതെല്ലാം വെറുതേ ആകും . നെറ്റ് പോയത് മിച്ചം ദേഷ്യം വരുമോ ഇല്ലേ....
'കേലേ... യ്..
കേലെ
കേലേ....യ്'
അയാള്‍ ഇങ്ങനെതന്നെ യാണോ വിളിക്കുന്നത്....? എനി-
ക്കറിയില്ല.പക്ഷെ ഞാന്‍ കേള്‍ക്കുന്നത് ഇങ്ങനെയാണ് .
പെട്ടെന്ന് മറ്റൊരു സംഭവം ഓര്‍ത്തു പോയി.
അക്യു പങ്ച്ചര്‍ചെയ്തു കിടക്കുകയായിരുന്ന ഒരു ഹിന്ദിക്കാരന്‍ പേഷ്യന്റ് വാക്കല്ലാതെ കിടന്നിട്ട് വേദന എടുത്തു നിലവിളിക്കുന്നത് കേട്ടപ്പോ
'ഇത് ഏതോ പഴക്കച്ചോട
ക്കാരന്റെ വിളിയാ ഡോക്ടറെ' എന്നു പറഞ്ഞ എന്റെ പുത്രന്റെ കൂട്ടുകാരിയെ എനിക്കോര്‍മ വന്നു.
അങ്ങനെ കേട്ടത് ആക്കുട്ടിയുടെ തെറ്റാണോ.
അല്ല ഇപ്പറഞ്ഞതുകേട്ട് ഈ അക്യു പന്‍ക്ച്ചര്‍
വേദനയുള്ള സംഭവം ആണെന്ന് നിങ്ങളാരും തെറ്റിദ്ധരിക്കരുത് കേട്ടോ. അയാള്‍ക്ക് വേദനിച്ചത് അയാളുടെ കിടപ്പിന്റെ പ്രശ്‌നം കൊണ്ടായിരുന്നു.
ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു അയ്യോടാ....
എന്താ ആ കേള്‍ക്കുന്നത്.
അതന്നെ.
മ്മടെ നാട്ടിലെ 'പഴേ..... പഴം.... പഴേ.... പഴം' എന്നതിന്റെ ഹിന്ദി തന്നെ .
ഞാന്‍ താഴേക്ക് എത്തിനോക്കി. ഉന്തു വണ്ടിയുമായി പഴക്കാരന്‍ ഇത്തിരി ദൂരെ നിന്നും വരുന്നു.
ഇതാണ് പറയുന്നത് ദൈവം ഉണ്ട് ദൈവം ഉണ്ട് എന്ന്.
ഞാന്‍ നിമിഷം നേരം കൊണ്ട് ലെഗിന്‍സിനുള്ളിലേക്കിറങ്ങി.
നൈറ്റി മാറ്റി.ടോപ് തലവഴി ഇറക്കി . നോക്കണേ ഈ ഡ്രസ്സിന്റെ ഒരു ഗുണം സാരി ആയിരുന്നു എങ്കിലോ..... അടിപ്പാവാട... മേപ്പാവാട... ഇറുകിയ ബ്ലൗസ്.
പിന്നെ ആ നെടുനീളന്‍ തുണിയില്‍ വട്ടം കറങ്ങി പിന്നും കുത്തി വരുമ്പോഴേക്കും പഴക്കച്ചവടക്കാരന്‍ സ്ഥലം വിട്ടിട്ടുണ്ടാവും.
ഞാന്‍ ലിഫ്റ്റില്‍ പോകാന്‍ വേണ്ടി മൂന്നാം നിലയില്‍ നിന്നു കൊണ്ട് മൂന്ന് അമര്‍ത്തി. എന്തൊരു കഷ്ടം
ലിഫ്റ്റ് അനങ്ങുന്നില്ല.
അത് എങ്ങനെ അനങ്ങും. മൂന്നില്‍ നിന്നുകൊണ്ട് മൂന്നില്‍ത്തന്നെ ഞെക്കിയാല്‍.
ഇതൊക്കെ
ആരോടു. പറയാന്‍.
ഈ
ലിഫ്റ്റ്‌ന് ഗുണം പിടിക്കാ...തെ പോട്ടേ എന്നുമനസ്സില്‍ പ്രാകിക്കൊണ്ട് ഞാന്‍ സ്റ്റെപ്പിറങ്ങി
താഴെക്കോടി. മൊബൈല്‍ എടുക്കാന്‍ മറന്നില്ല.
സത്യത്തില്‍ ഇപ്പോള്‍ ഇതാണുദൈവം
എന്നു തോന്നിപ്പോ
കാറുണ്ട് പലപ്പോഴും .
ഞാന്‍ താഴെ എത്തി. പഴക്കാരനോട് ചോദിച്ചു.
Jiii...Google pay hai apke pas ?
'Nahi Ma'am'
അയാളും ഞാനും ഒരുപോലെ നിരാശരായി.
അടുത്ത് ഒരു പയ്യന്‍ നില്‍ക്കുന്നുണ്ട് അവനു ജി പേ ചെയ്താല്‍ അവന്‍ സഹായിക്കുമായിരുന്നോ എന്ന് വെറുതേ ആലോചിച്ചു.
എന്നോട് ആരേലും ചോദിച്ചാല്‍ ഞാന്‍ സഹായിച്ചേനെ.
ഞാന്‍ അവനെ നോക്കി അവന്‍ മൈന്‍ഡ് പോലും ചെയ്യുന്നില്ല . അല്ല പഴം വാങ്ങാന്‍ നില്‍ക്കുന്ന അവന്‍ എന്നെ എന്തിന് മൈന്‍ഡ് ചെയ്യണം.
അഥവാ നോക്കിയിരുന്നെങ്കിലോ അപ്പൊ വിചാരിക്കും. 'ഹും.അവന്റെ അമ്മൂമ്മ ആകാനുള്ള പ്രായം ഉണ്ട്. എനിക്ക്. എന്നിട്ടും നോക്കണ നോട്ടം കണ്ടാ.....'
ഞാന്‍ മുന്നോട്ടു നടന്നു . കുറച്ചു കൂടി മുന്നോട്ടു പോയാല്‍ ഒരു തുണിക്കടയുണ്ട് . അവിടെയുള്ള പെണ്‍കുട്ടിയെ അറിയാം.
അപ്പോഴാണ് വീണ്ടും ബോധോദയം ഉണ്ടായത്.
അല്ല ഞാന്‍ പോയിട്ട് വരും വരെ ഈ പഴക്കച്ച
വടക്കാരന്‍ ഇവിടെ നിക്കുമോ.
ഞാന്‍ തിരിഞ്ഞു നടന്നു. പൊള്ളുന്ന വെയില്‍. ഈശ്വരാ ഞാന്‍ 'ടാന്‍ '
ആകുകയേ ഉള്ളു . ഓ അത് സാരമില്ല യൂട്യൂബ്ണ്ടല്ലോ.... ഞാന്‍ സമാധാനിച്ചു .
പഴക്കാരന്‍ നടക്കാന്‍ തുടങ്ങിയിരുന്നു.
ഞാന്‍വിളിച്ചു.
'ഭയ്യാ....' അയാള്‍ വണ്ടി നിര്‍ത്തി.
അല്ല...
അയാളോട് ഹിന്ദിയില്‍ പറഞ്ഞത് ഞാന്‍ എന്തിനാ ഇവിടേം ഹിന്ദിയില്‍ തന്നെ പറയുന്നത്...?
ഞാന്‍ അയാളോട് സംഭവം പറഞ്ഞു . എന്റെ തൊണ്ടയില്‍ മീന്‍ മുള്ള് തറച്ചു. ഞാന്‍ ആ കടയില്‍ പോയി പൈസ വാങ്ങി വരാം. അതുവരെ ദയവായി ഒന്നു നിക്കാമോ....
അയാള്‍ സമ്മതിച്ചു. പാവം നല്ല വെയിലത്താണ് അയാള്‍ നില്‍ക്കുന്നത്. അയാള്‍ക്ക്
യൂ ട്യൂബ് നോക്കാന്‍ അറിയാമോ ആവോ....
ഞാന്‍ മെല്ലെ ഓടിയും സ്പീഡില്‍ നടന്നും കടയില്‍ എത്തി. എത്തും മുന്നേ കണ്ടിരുന്നു കടയില്‍
നീല ഷട്ടര്‍ ഇട്ടിരിക്കുന്നു.
അവള്‍ കട തുറന്നിട്ടില്ല.
അല്ലെങ്കിലും ഒരത്യാവശ്യം വരുമ്പോ ഇങ്ങനെ തന്നെ
ശ്ശെടാ...
ഇനീപ്പോള്‍ എന്താ ഒരു വഴി .തൊണ്ട
ഇപ്പോഴും നോവുന്നുണ്ട്. ഞാന്‍ പ്രശ്‌നം പറഞ്ഞപ്പോ അയാള്‍ക് ഒരു പഴം എനിക്കു വെറുതേ തരാരുന്നു. 'ദുഷ്ടന്‍.... അല്ലേ വേണ്ട പാവം.' ആരെങ്കിലും വില്‍ക്കാന്‍ ഏല്പിക്കുന്ന-
തായിരിക്കു മെങ്കില്‍ അയാള്‍ക്ക് കിട്ടുന്നത് എത്ര തുച്ഛമായ ശമ്പളം ആയിരിക്കും. വെയിലും കൊണ്ട് മൈലുകളോളം നടന്ന് തൊണ്ട പൊട്ടി വിളിക്കുന്ന
അയാളോട് എനിക്കു സഹതാപം തോന്നി.
അപ്പോഴേക്കും ഞാന്‍ സാധാരണ പോകാറുള്ള മറ്റൊരു കടയുടെ മുന്നില്‍ എത്തി. ഓ . അവിടെയും പരിചയമുള്ള ആളെ കാണുന്നില്ല. അയാളായിരുന്നു എങ്കില്‍ കൊള്ളാമാ
യിരുന്നു.
'ഓ...അല്ലെങ്കില്‍ ആരായാലെന്താ .
സഹായം കിട്ടിയാല്‍ പോരേ .'
ഞാന്‍ കടയിലേക്ക് കയറി. വെയിലില്‍ നിന്നും
തണലിലേക്കു മാറിയപ്പോ എന്താ..... ആശ്വാസം.
എന്താ ഇപ്പൊ വാങ്ങുക. ചുമ്മാ ജി പേ ചെയ്യുമ്പോ പകരം ആ പൈസ തിരിച്ചു തന്നു സഹായിക്കാന്‍ അയാള്‍ എന്റെ കുഞ്ഞമ്മേടെ മോനൊന്നും അല്ലല്ലോ.
ഞാന്‍ ചോദിച്ചു. 'ദഹി ഹൈ.....'
ഓ മലയാളം മതിയല്ലോ. ഞാന്‍ മറന്നു പോയി.
'തൈര് ഉണ്ടോ.....' വെയില് കൊണ്ടു തളര്‍ന്നത് അല്ലേ. വീട്ടില്‍ ചെന്നിട്ട് മോരും വെള്ളം കുടിക്കാല്ലോ.
കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ഒക്കെയുണ്ട് .
അതിനിനി യൂട്യൂബ് നോക്കുന്നില്ല.
നാരകത്തി-
ലയുടെ പ്രയോഗം വല്ലതും പറഞ്ഞാല്‍ അതു ഞാനിനി
എവിടെ പോയി ഒപ്പിക്കും .
തത്കാലം അറിയാവുന്ന പോലെ ഉണ്ടാക്കാം.
തൈര് മുഖത്തു പുരട്ടി വെയില് കൊണ്ട കരിവാളിപ്പും മാറ്റാം. ആഹാ. തൈര് വാങ്ങാന്‍ തോന്നിയ എന്റെ ബുദ്ധിയെ ഞാന്‍ തന്നെ പ്രശംസിച്ചു . നമ്മള്‍ തന്നെ തന്നെ നമ്മളെ പ്രസംസിക്കണം.
നമുക്കു വേണ്ടി മറ്റാരും അതു ചെയ്തു എന്നു വരില്ല .
ഇതും ഇന്നാളൊരു
യൂട്യൂബ് ചാനലില്‍ പറയുന്നത് കേട്ടതാ .
അയാള്‍ തൈര് എടുക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
'ഞാന്‍ ഇരുന്നൂറ് രൂപ ഗൂഗിള്‍ പേ ചെയ്താല്‍ എനിക്കു തൈരിന്റെ പൈസ എടുത്തിട്ട് ബാക്കി തരാമോ....'
ചെയ്യുന്ന ജോലി തുടര്‍ന്നുകൊണ്ട് അയാള്‍ തല കുലുക്കി.
'ആ പഴക്കച്ച-
വടക്കാരന്റെ കയ്യില്‍ നിന്നും പഴം വാങ്ങാനാ ....'
കടക്കാരന് പഴക്കാരനെ കാണാന്‍ പറ്റില്ല അത്രേം ദൂരത്തില്‍ ആണ്. എന്നാലും അയാള്‍ ചോദിച്ചില്ല
ഏതു പഴക്കാരനെന്ന്. അയാള്‍ മലയാളി അല്ലല്ലോ... എന്നോട് കുശലം ചോദിക്കാന്‍.
കുറച്ചകലെ യായി പഴക്കാരന്റെ ഉച്ചത്തില്‍ ഉള്ള ക്ഷീണിച്ച ശബ്ദം കേള്‍ക്കുന്നുണ്ട്.
'കേലേ..... യ്.... കേലെ
കേലേ.... യ് .'
അയാള്‍ കരുതി കാണുമോ ആവോ ഞാന്‍ മുങ്ങി എന്ന് . പോയ വഴിക്കു പുല്ലുപോലും കിളിര്‍ത്തില്ല എന്നു വിചാരിക്കുമോ.
ഞാന്‍ പിന്നേം ഓടി നടന്നു.
അയാളോട് ഞാന്‍ കാര്യം പറഞ്ഞു. ആദ്യത്തെ കട അടച്ചിരുന്നു അതാ വൈകിയത്. അയാളുടെ കയ്യില്‍
നിന്നും പഴം വാങ്ങുമ്പോള്‍
വീണ്ടും ഞാന്‍ മുള്ളിന്റെ കാര്യം ഒന്നു കൂടി പറഞ്ഞു . അയാളും
യൂ ട്യൂബ് നോക്കുമെന്ന് തോന്നുന്നു . അല്ലെങ്കില്‍ അയാള്‍ എങ്ങനെ അറിഞ്ഞു പഴം വിഴുങ്ങിയാല്‍ മുള്ള് പോകുമെന്ന് .
പഴം എടുത്തു കവറിലാക്കി. അയാള്‍ മറ്റൊരു ഫ്രൂട്ടില്‍ നിന്നും കത്തികൊണ്ട്
പകുതി മുറിച്ച് എന്റെ നേരേ നീട്ടിക്കൊണ്ടു ചോദിച്ചു
ഇതു കൂടി എടുക്കട്ടെ....
ബേര്‍ആപ്പിള്‍ ആണ് .കൊള്ളാം കുഴപ്പമില്ല ചെറിയ മധുരമൊ
ക്കെയുണ്ട്.
ഞാന്‍ വില ചോദിച്ചു കൊണ്ടു പറഞ്ഞു അരക്കിലോ തരൂ.....
സത്യത്തില്‍ കച്ചവടക്കാര്‍ അങ്ങനെ ചെയ്യുന്നത് നമ്മോടുള്ള സ്‌നേഹം കൊണ്ടൊന്നും അല്ലല്ലോ.അത് അവരുടെ കച്ചവടതന്ത്രം മാത്രം.
സാധാരണ അങ്ങനെ ആരെങ്കിലും ഇങ്ങനെ പറഞ്ഞു കൊണ്ട് എന്നെക്കൊണ്ട് ഒരു സാധനം വാങ്ങിപ്പിക്കാന്‍ നോക്കിയാല്‍ ആവശ്യം ഉള്ള സാധനം ആണേലും ഞാന്‍ വാങ്ങില്ല 'ങ് ആഹാ. അങ്ങനെ ഇപ്പൊ വേണ്ട.ഹും.! എന്നു ഞാന്‍ കരുതും.
ഇതിപ്പോ ഒരു പാവം മനുഷ്യന്‍ ഇത്തിരി പഴം വില്‍ക്കാന്‍ വേണ്ടി അയാള്‍ എത്ര നേരം വെയില്‍ കൊണ്ടു
കാണും. ഞാന്‍ സാധനം വാങ്ങി. വീട്ടില്‍ എത്തി.
പഴം എടുത്തു. തൊലികളഞ്ഞു. ഒരു വലിയ കഷണം ഒടിച്ചു വായിലേക്കിട്ടു. ഇനി ഞാന്‍ നിങ്ങളോട് ഒരു സത്യം പറയട്ടേ. എനിക്ക് ഒന്നും വിഴുങ്ങാന്‍ അറിഞ്ഞൂടായിരുന്നു .
ഞാന്‍ പഴം വിഴുങ്ങാന്‍ ഒരു പാഴ് ശ്രമം നടത്തി . പിന്നെ അത് ചവച്ച് വിഴുങ്ങി . വീണ്ടും വലിയൊരു കഷ്ണം ഒടിച്ചെടുത്തു.വായിലേക്കിട്ടു.
അതും പറ്റുന്നില്ല
വിഴുങ്ങാന്‍.
എനിക്ക് എന്റെ കുഞ്ഞിലത്തെ എന്നെ ഓര്‍മവന്നു. എന്നും ഓരോരോ അസുഖം. മിക്കവാറും കാണും ഈ ഗുളിക വിഴുങ്ങല്‍ കലാപരിപാടി.
അമ്മ ഗുളിക വായിലേക്കിട്ടു തരും പിന്നെ വെള്ളം കുടിച്ചു വിഴുങ്ങാന്‍ പറയും. ഞാന്‍ അതുപോലെ ചെയ്യും .
'ആ.....കാണിച്ചേ..നോക്കട്ടെ....'
ഞാന്‍ വാതുറക്കും. ഗുളിക ദേ.... നാവിന്‍തുമ്പില്‍.
(താളവട്ടത്തിലെ മോഹന്‍ ലാലിനെ യാണ്
എനിക്കിപ്പൊ ഓര്‍മവന്നത്.)
പിന്നെയും ഇതെല്ലാം പലവട്ടം ആവര്‍ത്തിക്കും
ഗ്ലാസിലെ വെള്ളം തീരുമെന്നല്ലാതെ ഗുളിക ഇറങ്ങില്ല.
ഒടുവില്‍ നാവില്‍കിടന്ന് അലിഞ്ഞഗുളിക
കയ്ക്കാന്‍ തുടങ്ങും. ഞാന്‍
ഓക്കാനിക്കാനും.
അതുകൊണ്ടാ അമ്മ ബുദ്ധിപൂര്‍വ്വം എന്നെ ഹോമിയോ ഡോക്ടറെ കാണിക്കാന്‍ തുടങ്ങിയത്. അമ്മ കാണിച്ചു തന്ന ബുദ്ധി ഞാനും
പിന്തുടര്‍ന്നു. എന്റെ മക്കളുടെ കാര്യത്തിലും
ഞാന്‍ ഈ ബുദ്ധി തന്നെ കാണിച്ചു.
മുള്ള് പോകുന്നില്ല. എത്ര ശ്രമിച്ചിട്ടും എങ്ങനെ പോകാനാണ് രാവിലെ അത് എടുക്കാനുള്ള ശ്രമത്തില്‍ ഞാന്‍ തന്നെ ചുറ്റിക ഇല്ലാതെ അത് അണ്ണാക്കില്‍ അടിച്ചുറപ്പിച്ചിരുന്നല്ലോ.
എനിക്കു വിശക്കാന്‍ തുടങ്ങി മുള്ള് അവിടെതന്നെ ഇരുന്നോട്ടെ.
അതു പോയിട്ട് ഭക്ഷണം കഴിക്കാം എന്നു വച്ചാല്‍ ഇന്നൊന്നും നടക്കില്ല .
ഞാന്‍ വീണ്ടും ഭക്ഷണം കഴിക്കാന്‍ ഇരുന്നു .
ഇനി മത്തിക്കറി
ഞാന്‍ ഈ ജന്മത്തുതൊടില്ല.
ഞാന്‍ മനസ്സില്‍ ശപഥം ചെയ്തു.
നേരം ഉച്ചയായി.ഇനി ഇപ്പൊ ചോറുതന്നെ കഴിക്കാം.ഒരു പാത്രത്തിലേക്കു ചോറു വിളമ്പി. മീന്‍ചട്ടി മേശമേല്‍ തന്നെ ഉണ്ട്. അടപ്പ്
അല്‍ല്പം മാറിഇരിക്കുന്നു. അതില്‍ നിന്നും പിന്നേം ആ കൊതിപ്പിക്കുന്ന മണം.
'ഓ... പിന്നേ....ഒരിക്കല്‍
ചക്ക വീണു മുയല് ചത്തൂന്ന് പറഞ്ഞ് എപ്പോഴും ചക്ക വീഴുമ്പോ മുയല് ചാവ്വോ......'
പഴഞ്ചൊല്ല് ഓര്‍ത്തുകൊണ്ട് ഞാന്‍ പ്‌ളേറ്റിലേക്കു മത്തിക്കറി കോരിക്കോരി വച്ചു
1 Comments
തൊണ്ടയിൽ മുള്ള് കുടുങ്ങി കിടന്നിട്ടും, ഏറ്റവും ഒടുവിൽ മത്തിക്കറി തന്നെ വീണ്ടും കോരിക്കോരി വെയ്ക്കുന്നതിലാണ് പഞ്ച്. ഏറെ ദീർഘമാണെങ്കിലും, കഥ നന്നായിരിക്കുന്നു.
ReplyDelete