ദൈവരാജ്യം | കവിത | ഷാഫി മുഹമ്മദ് റാവുത്തര്‍



വിശക്കുന്ന രാജ്യം
വിയര്‍ക്കാത്ത ദൈവം
വിതുമ്പുന്ന മര്‍ത്യന്നിതാ
ക്ഷേത്രഹര്‍മ്യം

സ്തുതിക്കുന്നു ശ്ലോകം
വെറുക്കുന്നു തമ്മില്‍ 
ഒരേ ദൈവതത്താല്‍ 
ചിരം വൈരമായോര്‍!

രഥം പാഞ്ഞു,യുദ്ധം
ഹനിച്ചെത്ര ജീവന്‍
അധോചിന്തമാത്രം 
ജയിക്കുന്നു വീണ്ടും

ദിനേയഞ്ചുനേരം 
നിലം കുമ്പിടുന്നോര്‍-
ക്കരുള്‍ ബാങ്കു 
നാദം പരത്തും മിനാരം

തകര്‍ത്തങ്ങുതീര്‍ത്തി
ട്ടടിക്കല്ലുതോണ്ടി-
ക്കളഞ്ഞിട്ടു ദൈവം
സ്വരൂപത്തിലാളാന്‍!

അസത്യപ്പെരുക്ക-
ങ്ങളൊട്ടേറെനീര്‍ത്തി
ഇരുട്ടില്‍ വെറുപ്പി-
ന്നിരുള്‍ ധൂമകര്‍മ്മം

മദച്ചൂരിനൂറ്റം മുഴക്കുന്ന
കൂട്ടര്‍ക്കിതാ-
ണൊറ്റരുന്നം 
മതത്തിന്റെ നേട്ടം

പരപ്രേമസൂക്തം
പൊഴിക്കുന്ന വേദം
മൊഴിഞ്ഞിട്ടുയിര്‍
ചീന്തിയേറ്റുന്നു ഭക്തി

ഒഴുക്കുന്ന ചോരയ്ക്കിര,
നൂറു ജീവന്‍
തിളങ്ങുന്ന വാളാല്‍
ജയിക്കുന്ന ദേവാ

അനീതിയ്ക്കുമീതേ 
കരിങ്കല്ലടുക്കി
നിനക്കായിരിക്കാ-
നിടം വെട്ടി നേടി

പച്ചയ്ക്കരിഞ്ഞിട്ടു
കത്തിച്ചെറിഞ്ഞും
കബന്ധങ്ങളേറെ-
ത്തുലാഭാരനേദ്യം

ഉടവാളിനറ്റത്തു-
ടല്‍ച്ഛേദമേറി
നിണധാരയേറ്റം 
നിറവോടൊഴുക്കി

ശവക്കച്ചപോലും
കരയുന്ന കാലം
ഒരേ സോദരങ്ങള്‍
നയിക്കുന്നു യുദ്ധം

മതപ്പാടു തീണ്ടാത്തവര്‍ 
നീളെ നാളില്‍
പുണര്‍ന്നങ്ങു നില്പൂ
മനുഷ്യത്വമോടെ

പശിക്കാലമാറ്റാ-
നിരുള്‍തൂത്തകറ്റാ-
നൊടുങ്ങാപ്രയത്നം 
നടത്തുന്നനിസ്വര്‍

അരക്കെട്ടുവിറ്റി-
ട്ടശിക്കാനൊരുക്കാന്‍
മുഴുക്കാമവമ്പിന്‍ 
നുകം തേടുമമ്മ

ചെരുപ്പിന്റെ വാറില്‍ 
തിളക്കംപെരുക്കി-
ക്കിടയ്ക്കുന്നതുട്ടിന്ന-
ടുപ്പൊന്നെരിക്കാം

കുതിയ്ക്കുന്ന റിക്ഷ,-
ച്ചവിട്ടിക്കിതയ്ക്കും
കറങ്ങുന്ന ചക്രം 
നിലയ്ക്കാതെ പായും

ധനം തിന്നു നിത്യം
വിസര്‍ജ്ജിച്ചു കൂട്ടും
ധനാഢ്യര്‍ക്കുനോട്ടം
ഷെയര്‍ രേഖയേറ്റം

പണത്തിന്‍ പുരങ്ങള്‍
ക്ഷയിക്കാതിരിക്കാന്‍
വണങ്ങുന്ന മൂര്‍ത്തി-
യ്ക്കിരക്കുന്നു തോട്ടി!

അമേധ്യക്കയങ്ങള്‍
നിറഞ്ഞാലവര്‍തന്‍
സമാധാനമാകും 
വിശപ്പെന്ന സത്യം!

പെരും ചേരിയോരത്തിണ 
ചേര്‍ന്നു മോഹം
കൊരുക്കുന്നൊരിന്ത്യന്‍ 
ദരിദ്രന്റെ തേട്ടം

അടുത്തൊന്നുനേരം
പുലരുന്ന നേര-
ത്തുദരം കരയാ-
തിരിക്കാനുപായം

വിശപ്പിന്നുമുന്നില്‍
മതം ക്ഷിപ്രശൂന്യം
അരിച്ചാക്കു തന്നെ
ദരിദ്രന്റെ ദൈവം...

Post a Comment

0 Comments