സ്‌ത്രൈണം | കഥ |ഹരീഷ് മൂര്‍ത്തി



വാസന്തി,

അക്ഷരത്തെറ്റോടെയുള്ള ഈ കത്ത് വായിച്ചുകഴിയുമ്പോള്‍, ചിലതെങ്കിലുമൊക്കെ നിനക്ക് മനസ്സിലാകുമെന്നു കരുതുന്നു. കത്തിന്റെ ദൈര്‍ഘ്യതയില്‍ മടുക്കാതെവായിക്കണം, കാരണം ഇനിയൊരു കത്തെഴുതാന്‍ വിറയ്ക്കുന്ന എന്റെ വിരലില്‍ ഉതിര്‍ന്നുവീഴാന്‍ അക്ഷരങ്ങള്‍ ബാക്കിയില്ല. ഇതെന്റെ മനസ്സിന്റെ വിഷമതകള്‍ക്കുമപ്പുറമുള്ള കുമ്പസാരമാണ്.
തെറ്റുകളൊന്നുംചെയ്യാത്ത വിശുദ്ധിയുടെ കുമ്പസാരം. 

വാസന്തി, ആദ്യമേ പറയട്ടെ,
മാപ്പ്. നീ ഓങ്ങിയടിച്ച കവിളില്‍, 
തിണിര്‍ത്തുപോയ ചോരപൊടിയുന്ന വിരല്‍പ്പാടുകളില്‍ ഞാന്‍ നിറുത്താതെ സ്പര്‍ശിച്ചുകൊണ്ടേയിരിക്കുന്നു. വേദന കവിളിലല്ല
കീറിമുറിഞ്ഞുപോയ ഹൃദയത്തിലാണ്. 

എന്റെ കടന്നുവന്ന ജീവിതത്തിന്റെ ഓര്‍മ്മകളുടെ ചില്ലുകൊട്ടാരം, ഞാന്‍ തുറക്കാം മെല്ലെ. എന്നെങ്കിലുമൊരിക്കല്‍ നേരിട്ടു നിന്നോട് പറയണമെന്ന് 
കരുതിവച്ചകാര്യങ്ങള്‍. ഈ ഏറ്റുപറച്ചിലിലൂടെ എന്തെങ്കിലും നേടാമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് മറ്റൊന്നുംവേണ്ട നിന്നില്‍നിന്നും, ഒരു മനസ്സിലാക്കലിന്റെ നേര്‍ത്ത നിശ്വാസമെങ്കിലുംമതി. 

ഓര്‍മ്മവച്ചനാള്‍മുതല്‍ ഞാന്‍ അച്ഛനെ കണ്ടിട്ടില്ല. വടക്കെങ്ങാണ്ട് മരപ്പണിക്ക്‌പോയ അച്ഛന്‍ പിന്നീടൊരിക്കലും വന്നില്ല. 
ഒറ്റമുറി അടുക്കളയുടെകൂരയില്‍ അമ്മ മാത്രമായിരുന്നു എനിക്കെല്ലാം. ചുരം കയറിവരുമ്പോള്‍ മുളങ്കാടുകളില്‍ മറഞ്ഞുനില്‍ക്കുന്ന കുമ്മായംതേക്കാത്ത എന്റെ വീടും മുഷിഞ്ഞതും, ഒറ്റപ്പെട്ടതുമായിരുന്നു എന്നെയും, അമ്മയെയുംപോലെ. 

അടുത്തുള്ള സര്‍ക്കാര്‍സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ എന്നെ അവിചാരിതമായി, മെല്ലെ തിരിച്ചറിയാന്‍ തുടങ്ങിയത്. അമ്മയുടെ വട്ടപൊട്ടിനോടും, കരിവളകളോടുമുള്ള മോഹം ആദ്യമൊക്കെ മറച്ചുവച്ചു. അമ്മയോടൊപ്പം തോട്ടത്തില്‍ പണിക്കുപോകുന്ന ചെറിയ പെണ്‍കുട്ടികളുടെ തലമുടിക്കെട്ടിലെ നിറമുള്ളറിബ്ബണുകളും,കൈവിരല്‍ നഖങ്ങളിലെ നിറങ്ങളും, എന്റെ വല്ലാത്ത കൗതുകങ്ങളായിരുന്നു. കൂട്ടുകൂടുവാന്‍ ആരുമില്ലാത്ത ഒറ്റയാനായിരുന്നു ഞാന്‍. എന്നിലെ ഞാനറിയാത്ത പ്രത്യേകതകളുടെ തുടക്കവും ഒരുപക്ഷെ, അവിടെനിന്നുതന്നെയാകണം.
കൂടെപ്പഠിക്കുന്നവരുടെ കണ്ണില്‍ ഞാനൊരു അപൂര്‍വ്വതയായിരുന്നു. എന്റെ നടത്തത്തിലെ അവര്‍ക്കില്ലാത്ത 'താളം' അവരാണ് ആദ്യമായി കണ്ടുപിടിച്ചത്. 'പുഷ്പ്പന്‍' എന്ന എന്റെ പേരു ലോപിപ്പിച്ചു 'പുഷ്പ്പയാക്കിയതും' ആദ്യമായി അവരായിരുന്നു. ഉടലിന്റെ ഒളിയിടങ്ങളില്‍പ്പോലും പലപ്പോഴും, അവരുടെ കൈവിരലുകള്‍ എനിക്കസഹീനമായ കുസൃതികള്‍ കാട്ടിത്തുടങ്ങിയപ്പോള്‍, 
റാന്തലിന്റെ ചിമ്മിനിപ്പുകയില്‍ 
വിരലുകള്‍കൊണ്ട് ചിത്രംവരച്ചു ഒരു സന്ധ്യയില്‍ അമ്മയോട് 
വിക്കിപ്പറഞ്ഞു.

'അമ്മ, എനിക്കിനി പഠിക്കാന്‍ പോകണ്ട'...

ഇടവപ്പാതിമഴ കുത്തിയൊലിക്കുന്ന ഒറ്റമുറിയില്‍, അമ്മ മണ്‍പാത്രങ്ങള്‍ നിരത്തിവച്ചുകൊണ്ടു എന്നെ 
തുറിച്ചുനോക്കി.

'എന്താടാ നിനക്ക്, പഠിക്കണ്ടേ'.?
'വേണ്ട'.

മഴത്തുള്ളികളെ വിരല്‍കൊണ്ട് 
തട്ടിത്തെറിപ്പിച്ചു ഉറച്ചുതന്നെ പറഞ്ഞു. അച്ഛന്റെ ചിതല്തിന്നു ഇളകിയാടുന്ന ഫോട്ടോയിലേക്കുനോക്കി ഒന്ന് നിശ്വസിച്ചതല്ലാതെ അമ്മ, പ്രതീക്ഷിച്ചതുപോലെ ഒന്നും പറഞ്ഞില്ല. പിന്നെ എന്റെ പകലുകളില്‍ ഞാന്‍ ഒറ്റക്കായിരുന്നു. 
അമ്മ തോട്ടത്തിലേക്കു പോയ്ക്കഴിഞ്ഞ വിരസമായ ഏതോ പകലില്‍, ഞാന്‍ അമ്മയുടെ വാര്‍മുടി തലയില്‍ 
ചേര്‍ത്തൊതുക്കിവച്ചുനോക്കി.  പുരികക്കൊടികളില്‍, കണ്‍തടങ്ങളില്‍ കണ്മഷിതേച്ചു. നീലറിബ്ബണ്‍കൊണ്ട് തലമുടി ചേര്‍ത്ത്‌കെട്ടി. ചെറിയചുണ്ടുകള്‍ മെല്ലെ കടിച്ചുചുവപ്പിച്ചു. എന്റെ വസ്ത്രത്തിനുമേല്‍ അമ്മയുടെ പഴയ സാരിയൊന്നെടുത്ത് 
അലങ്കോലമായി വാരിച്ചുറ്റി. മുറ്റത്തെ 
നന്ത്യാര്‍വട്ടത്തില്‍നിന്നും 
കുറെമൊട്ടുകള്‍ പറിച്ചെടുത്തൊരു മാലകോര്‍ത്തു, തലമുടിയില്‍ 
വശംചേര്‍ത്ത് സ്ലൈഡ്പിന്‍  കുത്തിവച്ചു.മങ്ങിയ നിലക്കണ്ണാടിക്ക് മുന്നില്‍ വന്നുനിന്ന് അമ്മയുടെ സിന്ദൂരപ്പെട്ടി തുറന്നു വട്ടമൊക്കാതെയെങ്കിലും ഒരു 
പൊട്ടുചാര്‍ത്തി. ഞാന്‍ ആദ്യമായി കാണുന്നതുപോലെ കണ്ണാടിയില്‍ എന്നെ തുറിച്ചുനോക്കിനിന്നു എത്രയോനേരം. എന്റെ കവിളുകള്‍ നാണംകൊണ്ട് മെല്ലെ ചുവക്കുന്നതും, ഹൃദയമിടിപ്പ് എന്റെ കാതുകളില്‍ മുഴങ്ങുന്നതും ഞാനറിഞ്ഞു. ആര്‍ത്തലച്ചു പെട്ടെന്ന് പെയ്തമഴയിലേക്ക് ഓടിയിറങ്ങണമെന്നും, മഴയില്‍ കുതിര്‍ന്നു തിക്കിമുട്ടുന്ന ഉള്ളൊന്നു തണുപ്പിക്കണമെന്നും ഞാന്‍ മോഹിച്ചു. എന്നെ പൊതിഞ്ഞുനിന്ന കാരണമറിയാത്ത ഭയത്തിലും മഴയുടെ തണുവില്‍, ചോര്‍ന്നൊലിക്കുന്ന കൂരയില്‍ എന്റെ പുതിയപിറവിയെ ഞാന്‍ ആദ്യമായി മെല്ലെ അറിയുകയായിരുന്നു. എന്നില്‍ ഉറങ്ങിക്കിടന്ന സ്‌ത്രൈണത്തിന്റെ, സമ്മോഹനത്തില്‍ മനസ്സ്  ഒരു ഉന്മാദിനിയെപോലെ തിരതല്ലി. ഉടല്‍ വല്ലാതെ വിറച്ചുകൊണ്ടിരുന്നു.   എന്റെയുള്ളില്‍ നിന്നും ആരോ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ഇതാണ് നീ, മായ്ച്ചാലും, മറച്ചാലും വീണ്ടും തിളങ്ങി തിരിച്ചുവരുന്ന 'സ്‌ത്രൈണം' ഉറങ്ങിക്കിടക്കുന്ന നീ. 

ചുരമിറങ്ങി, മുളംകാട്ചുറ്റി വനാന്തര്‍ഭാഗത്തെ വല്ലപ്പോഴും വരുന്ന മൃതദേഹങ്ങളെ  ദഹിപ്പിക്കുന്ന ശ്മശാനത്തിനരുകിലെ 
പാലമരച്ചുവടായി എന്റെ പിന്നെയങ്ങോട്ടുള്ള നേരംകൊല്ലി സ്ഥലം. കനത്തനിശബ്ദതയില്‍ ഇടയ്ക്കുമൂളുന്ന കാട്ടുപക്ഷികളും, ചുരമിറങ്ങി മൂളലോടെവരുന്ന കാറ്റുമൊഴിച്ചാല്‍ അവിടമെന്നും വിജനമാണ്. എക്കാലത്തും 
പൂത്തുനില്‍ക്കുന്ന പാലമരം ആദ്യമൊക്കെ, എനിക്ക് പേടിയായിരുന്നു. പിശറന്‍കാറ്റു പിടിച്ചുകുലുക്കുന്ന ചില്ലകളെ, ഞാന്‍ ഭയത്തോടെ നോക്കിനിന്നിരുന്നു. ആരോ എന്നോ പണിതിട്ട 
പാലമരചുവട്ടിലെ കരിങ്കല്‍തിട്ടക്ക് എന്നും എന്ത് തണുപ്പാണെന്നറിയാമോ വാസന്തി .?  

തോട്ടപ്പണിക്ക് അമ്മ ആസ്തമയും വലിച്ചുപൊയ്‌ക്കൊണ്ടിരുന്നു. 
മഴമാറിയകാലം അമ്മ പറഞ്ഞു, ചുരമിറങ്ങി, കുറച്ചുകാലം കുട്ടന്‍ മേസ്തിരിയോടൊപ്പം നിന്നു 
മരപ്പണിപഠിക്കാന്‍. വിസ്സമ്മതങ്ങള്‍ വിലപ്പോകാതെവന്ന ഒരു പ്രഭാതത്തില്‍, അമ്മയുടെകൂടെ നിഴലുപോലെ കുട്ടന്‍ 
മേസ്തിരിയുടെ പണിപ്പുരയിലെത്തി. നീണ്ടനിറംമങ്ങിയ ടാര്‍പോളിന്‍ വലിച്ചുകെട്ടിയപണിപ്പുരയില്‍, വീതുളി മൂര്‍ച്ചവരുത്തി മേസ്തിരി എന്നെയൊന്നു ചുഴിഞ്ഞുനോക്കി, വെറ്റിലമുറുക്കിയത് നീട്ടിത്തുപ്പി. 

അച്ഛന്റെ സ്‌നേഹിതനായിരുന്ന മേസ്തിരിയോട്, അമ്മ 
പഴയതുപലതും 
പതംപറഞ്ഞുകരഞ്ഞു. പാതികൊത്തി ഉപേക്ഷിച്ചപോലെ നിര്‍ത്തിയ ഒറ്റത്തടിയിലെ ആള്‍രൂപത്തിലെ അറിയാത്ത സ്ത്രീയേ  
വിസ്മയത്തോടെ തിരയുകയായിരുന്നു എന്റെ കണ്ണുകളപ്പോഴും. 

തലയില്‍തടവി, മുഷിഞ്ഞ 
കുറച്ചുനോട്ടുകള്‍ പാതികീറിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ത്തിരുകി അമ്മ കണ്ണുതുടച്ചു, പെട്ടെന്ന് പിന്തിരിഞ്ഞുനടന്നു. മേസ്തിരിയുടെ  കനത്തകൈപ്പടം തോളത്തു 


മെല്ലെപതിഞ്ഞു. 

'പുഷ്പ്പ, ഇനി കുറച്ചുകാലം 
ഇവിടെകൂടിക്കോ, തച്ചന്‍ പണിയൊക്കെ പഠിക്കണ്ടേ.? 
ഡാ.. നിന്റെ തുണീം, മണീം, സഞ്ചിയുമൊക്കെ പണിപ്പുരയുടെ പുറകിലോട്ടു വച്ചോ.'? 

മേസ്തിരി വെറ്റിലക്കറയുള്ള പല്ലുകള്‍ പുറത്തുകാട്ടി പറഞ്ഞു. 
സംശയിച്ചുനിന്ന എന്നെ നോക്കി മേസ്തിരി വീണ്ടുംപറഞ്ഞു. 

'പേടിക്കണ്ട നീയ്യ്, വീടും, പണിപ്പുരയും ഒക്കെ, ഇതുതന്നെ. താമസിക്കാന്‍ ഞാന്‍ മാത്രം, ഇപ്പൊ നീയുമായി.'

മേസ്തിരി വലിയ ഒച്ചയില്‍ച്ചിരിച്ചു. പരുക്കന്‍ കൈകള്‍കൊണ്ട് എന്റെ കവിളുകളില്‍ അമര്‍ത്തിതടവി. പണിപ്പുരക്കപ്പുറം മറ്റൊരു 
ടാര്‍പോളിനില്‍ ചായ്ച്ചുകെട്ടിയ ചായ്പ്പില്‍, ഞാന്‍ എന്റെ 
തുണിസഞ്ചി ഒതുക്കിവച്ചു. 
കയറുകെട്ടിയ ഒരുകട്ടിലും, അതിന്മേല്‍ മുഷിഞ്ഞ ഒരു തലയിണയും പിന്നെ അതിനുമുകളിയായി
അയഞ്ഞുപോയ കൊടിക്കയറില്‍, മേസ്തിരിയുടെ ഒന്നുരണ്ടു 
മുഷിഞ്ഞവസ്ത്രങ്ങളും ഉണ്ടായിരുന്നു. 
ചായ്പ്പിന്റെ വശംതുറന്നു കീറിവച്ച ജനാലയിലൂടെ, ദൂരെ 
തോട്ടം തൊഴിലാളികളുടെവീടുകള്‍ കാണാം. ചായ്പ്പിന്റെകോണില്‍ ചാരംമൂടികിടന്ന അടുപ്പും, 
പിന്നെക്കുറച്ചുപാത്രങ്ങളും ഒരു 
ദുരന്തക്കാഴ്ച്ചപോലെ തോന്നി.  കാരണമറിയാത്ത 
ഒരസ്വസ്ഥതയുടെ കാര്‍മേഘം, എന്നെ വല്ലാതെ വരിഞ്ഞുമുറുക്കി കൊണ്ടിരുന്നു. 

പട്ടണത്തിലെ ചില കടകള്‍ക്കുവേണ്ടിയുള്ള ഫര്‍ണീച്ചറുകളും, പിന്നെ 
തോട്ടംതൊഴിലാളികളുടെ വീടുകളിലെ മരസാമഗ്രഹികളുടെ അറ്റകുറ്റപണികളുമായിരുന്നു മേസ്തിരി ചെയ്തിരുന്നത്. വീതുളിയും, കൊത്തുളിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞുതന്നു മേസ്തിരി തുടങ്ങി. അമ്മതന്ന വെറ്റിലയില്‍ അടക്കയും, പിന്നൊരു ഒറ്റരൂപാതുട്ടും വച്ച്, മേസ്തിരിയുടെ കറുത്തനഖങ്ങളുള്ള കാലില്‍തൊട്ടു ഞാന്‍ വന്ദിച്ചു,പച്ചമരത്തില്‍ ആദ്യമായി കൈവിരലുകളോടിച്ചു. 

'ഒറ്റരൂപായിലൊന്നും ദക്ഷിണ തീരില്ല കേട്ടോ പുഷ്പ്പാ'.

മേസ്തിരിയുടെ നീട്ടിപ്പറച്ചില്‍ വീതുളിയുടെ മൂര്‍ച്ചക്കുള്ള ഉരസലില്‍ കേള്‍ക്കാത്തപോലെയിരുന്നു ഞാന്‍. 
വിയര്‍ത്തുനനഞ്ഞപ്പോള്‍ ഊരിയിട്ട മുറിക്കയ്യന്‍ ബനിയനപ്പുറത്തേക്കു,  എന്റെ നഗ്‌നമായ ഉടലിലേക്കു മേസ്തിരിയുടെ കണ്ണുകള്‍,വല്ലാതെ ഉഴിഞ്ഞുകൊണ്ടിരുന്നു. മടക്കിക്കുത്തിയ കൈലിമുണ്ടു അഴിച്ചിട്ടു ഞാന്‍ പച്ചമരത്തില്‍ പാളിപ്പോകുന്ന ചിന്തേരുറപ്പിച്ചു പിടിക്കാന്‍ പാടുപെട്ടു. 

സന്ധ്യക്ക് അടുത്തുള്ള പുഴയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ സുഖംതോന്നി. വള്ളിപ്പടര്‍പ്പുകള്‍ക്കപ്പുറം 
കാട്തുടങ്ങുന്നു. അവിടെയായിരുന്നു പിന്നീടെന്നും  പ്രഭാതകൃത്യങ്ങള്‍. കുളിച്ചുവന്നപ്പോള്‍ മേസ്തിരി കഞ്ഞിവാര്‍ത്തിരുന്നു.
പുഴമീന്‍ കറിയാകുമ്പോഴേക്കും  മേസ്തിരി കുളികഴിഞ്ഞുവന്നു. ഇളകുന്ന ബഞ്ചിന്റെ അറ്റത്തിരുന്നു റാന്തല്‍ ചിമ്മിനി 
തുടച്ചുവൃത്തിയാക്കി കത്തിച്ചു. കട്ടിലിനടിയിലെ 
തകരപ്പാത്രത്തില്‍നിന്നും വലിച്ചെടുത്തറാക്കിന്റെ 
കുപ്പിയുടെകോര്‍ക്ക് തുറന്നു, ചില്ലുഗ്ലാസ്സിന്റെ അരയോളം പകര്‍ത്തി വെള്ളംചേര്‍ത്ത് ഒറ്റവലിക്ക് കുടിച്ചു. 

'പുഷ്പ്പ'.. മേസ്തിരി കുഴഞ്ഞു വിളിച്ചു. 
'വന്നിരിക്കു ഇവിടെ'. 

അയാള്‍ക്കരുകിലേക്കു കൈചൂണ്ടി മേസ്തിരി പറഞ്ഞു. 

അടുത്തിരുന്നപാടേ എന്റെ വലംകൈയെടുത്തുവച്ച്, മേസ്തിരി ചിരിച്ചു. അയാളുടെ 
തടിച്ചവിരലുകള്‍ എന്റെ ഉള്ളംകയ്യിലും, ഓരോ വിരലഗ്രത്തിലും വല്ലാതെ 
ഓടിനടന്നുകൊണ്ടിരുന്നു. 

'പുഷ്പ്പ, നിന്നെ ഞാനൊരു വലിയ മേസ്തിരിയാക്കും, പെരുന്തച്ചനെക്കാള്‍ വലിയ മേസ്തിരി.'

അയാള്‍ ഉറക്കെച്ചിരിച്ചു
വെറുപ്പുപോലെ എന്തോ ഒന്ന്, എന്റെ ഉള്ളില്‍ 
ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. 

'നിനക്കു വേണോ പുഷ്പ്പ, ശകലം.'? 

അയാള്‍ ചോദിച്ചു. വേണ്ടെന്നു ഞാന്‍ ചുമലിളക്കി.കണ്ണുകളില്‍ പെട്ടുപോയ ഉറക്കം 
കലശലാകുംവരെ അന്ന്, ഞാന്‍ അയാളുടെ പരസ്പരബന്ധമില്ലാത്ത 
സംസാരംകേട്ടിരുന്നു. കൂമ്പിയടയുന്ന കണ്ണുകള്‍ കണ്ടപ്പോള്‍ അയാള്‍ എന്നോട് 
കഞ്ഞികുടിച്ചുകിടന്നോളാന്‍ പറഞ്ഞു. വിശപ്പ്‌കെട്ടുപോയ ഞാന്‍, കയറ്റുകട്ടിലിനു താഴെ തഴപ്പായവിരിച്ചു കിടന്നതും ഉറങ്ങിപ്പോയി. 

വാസന്തി, ഇതുവരെ പറഞ്ഞതൊക്കെ നീ 
മനസ്സിരുത്തിവായിച്ചിരിക്കും എന്ന് ഞാന്‍ കരുതട്ടെ. നീണ്ട രണ്ടുവര്‍ഷങ്ങള്‍  ഞാന്‍ അവിടെ കഴിച്ചുകൂട്ടി. വീതുളിയുടെ മൂര്‍ച്ചകൂട്ടി, വിറക്കാതെ മുഴക്കോലുപിടിച്ചു ഞാന്‍ പച്ചമരത്തില്‍ പലതും പണിതേറ്റി. മേസ്തിരിയുടെ 
തുറിച്ചുനോട്ടങ്ങളെയും, അനവസരത്തിലും എന്റെ ഉടല്‍സ്പര്‍ശിക്കുന്ന വിരലുകളെയും, 
കര്‍ക്കശനോട്ടത്തിലൂടെ ഒരു പരിധിവരെ ചെറുത്തുനിന്നു. അമ്മ ഇടയ്ക്കു 
വന്നുംപോയുമിരുന്നു. മേസ്തിരി  ഉപേക്ഷിച്ചുവച്ച ഒറ്റത്തടിയില്‍, സമയംകിട്ടുമ്പോഴൊക്കെ എന്റെ വിരലുകള്‍ മനസ്സില്‍വരാത്ത ഒരു സ്ത്രീരൂപം 
കൊത്തിയൊരുക്കികൊണ്ടിരുന്നു. അവസാനവട്ടം കാണാന്‍വന്ന അമ്മയുടെ ശ്വാസത്തിനുവേണ്ടിയുള്ള കിതപ്പും, കണ്‍തടങ്ങളിലെ കറുപ്പും, നരകേറി പിഞ്ഞിപ്പോയ തലമുടിയും കണ്ടു, മേസ്തിരിയോട് അനുവാദം ചോദിച്ചു, ഒരു മടങ്ങിപ്പോക്കിന്. 
കാലിപ്പുകയിലഞെട്ട് കടിച്ചിറക്കി മേസ്തിരി മൂളിയൊരു അനുവാദം തന്നു. 

അന്ന് രാവുറങ്ങിയപ്പോള്‍ കാട്ടിനുള്ളില്‍ ഏതോ 
പേരറിയാപക്ഷി വികൃതമായിചിലച്ചു രാപ്പകുതിയില്‍ എന്റെ കണ്ണുകള്‍ തുറപ്പിച്ചു. എന്റെ 
ഉടലിലിഴയുന്നവിരലുകളെ തിരിച്ചറിയാന്‍, എനിക്ക് ഏറെനേരം വേണ്ടിവന്നില്ല. റാക്കിന്റെ പുളിച്ചഗന്ധം എന്റെ വിയര്‍പ്പില്‍ തൊട്ടുനിന്നു. പുകയിലക്കറയുള്ള പല്ലുകള്‍, കവിളില്‍, ചുണ്ടുകളില്‍ പോറലുകള്‍ വീഴ്ത്തി,മേസ്തിരി  എന്റെമേല്‍ വല്ലാത്തൊരു ഘനമായി 
മാറിക്കഴിഞ്ഞിരുന്നു. മേസ്തിരിയുടെ  തടിച്ചവിരലുകള്‍ എന്റെ കൈകള്‍ ബലമായിമലര്‍ത്തി തഴപ്പായോട് ചേര്‍ത്തമര്‍ത്തിവച്ചിരുന്നു. കനത്ത 
നരച്ചമീശത്തുമ്പുകള്‍ 
കാതോരംമുട്ടിച്ചു മേസ്തിരി മെല്ലെ പറഞ്ഞു. 

'പുഷ്പ്പ, അനുവാദമില്ലാതെ, ഏറെനാളത്തെ 
ആഗ്രഹവുംചേര്‍ത്ത്, ഞാനെന്റെ ഗുരുദക്ഷിണ ഇങ്ങെടുക്കുവാ. പ്രതിഷേധിക്കാന്‍ ശ്രമിക്കേണ്ട.'

എന്റെ ബലത്തിന്റെ അവസാന നൂലിഴയുംപൊട്ടുംവരെ, പ്രതിരോധിച്ചു ഞാന്‍ തോറ്റു. എപ്പോഴോ വിയര്‍പ്പില്‍ക്കുളിച്ചു 
മേസ്തിരി എന്നില്‍നിന്നും 
അകന്നുമാറിയപ്പോള്‍, എന്റെ കണ്ണുകള്‍ വല്ലാതെനനഞ്ഞും, ചുണ്ടുകള്‍ മുറിഞ്ഞുമിരുന്നു. ഏങ്ങലടികളില്‍ ശ്വാസംവിലങ്ങി ഞാന്‍, തഴപ്പായുടെനാരുകള്‍ പല്ലുകളില്‍ കടിച്ചുപിടിച്ചുകിടന്നു വെളുക്കുവോളം.

പുലരുംമുന്‍പേ, 
പൊട്ടിയമനസ്സുമായി 
മേസ്തിരിയോട് പറയാതെ ഞാന്‍ യാത്രതിരിച്ചു. ബസ്സിറങ്ങി ചുരംകയറുമ്പോള്‍, എന്നെ ചുഴിഞ്ഞുനോക്കുന്ന കണ്ണുകളെ ഞാന്‍ സംശയിച്ചു നോക്കി,അവഗണിച്ചു നടന്നു. ഏങ്ങലടിച്ചു അമ്മയുടെ മടിയില്‍വീഴുമ്പോള്‍, അമ്മ കാരണമറിയാതെ പരിഭ്രമിച്ചു എന്റെ തലമുടിയിഴകള്‍ തടവിക്കൊണ്ടിരുന്നു. അമ്മയോട്, കാരണംപറയാതെകരഞ്ഞ എന്റെ ആദ്യ കരച്ചില്‍ ഒരുപക്ഷെ അതാവാം. 

വാസന്തി, ജീവിതം എന്നെ എങ്ങോട്ടാണ് 
പിടിച്ചുവലിച്ചുകൊണ്ടുപോയതെന്നു ഇന്നും, എനിക്ക് വ്യക്തതയില്ല. ഒറ്റമുറിയുടെ കോണില്‍ ഞാന്‍ ഒരു 
പാഴ് വസ്തുവിനെപ്പോലെകിടന്നു ദിവസങ്ങളോളം. മനസ്സ് 
മുറിവുകള്‍കരിയിക്കാനൊരു 
മരുന്ന്‌തേടുകയായിരുന്നു. പിന്നെയൊരുനാള്‍ 
മതിഭ്രമംവന്നവനെപ്പോലെ ഞാന്‍ 
പുറത്തുവന്നു, 
നനഞ്ഞ കണ്ണുകള്‍തുടച്ചു. വീതുളിയുടെ മൂര്‍ച്ചനോക്കി, മുഴക്കോലിലെ പൊടിതട്ടിമാറ്റി. കൊട്ടുവടിയുടെ ഇളകിയ പിടിമുറുക്കി, അടുത്ത 
ജന്മത്തിലേക്കെന്നപോലെ മെല്ലെ നടന്നുകയറി. ആരോടോക്കെയോ ഉള്ള വാശിക്കപ്പുറം, പകല്‍വെളിച്ചത്തില്‍ ഞാന്‍ എനിക്കൊരു സുരക്ഷയുടെകോട്ട സ്വയം തീര്‍ക്കുകയായിരുന്നു പിന്നെ. ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ഞാന്‍ എന്നെ, ഞാനല്ലതാക്കി. പകലുകളില്‍ ചിന്തേരിന്റെ താളത്തില്‍ കൊക്കിച്ചുമച്ചു ബീഡി വലിച്ചുപഠിച്ചു. വൈകുന്നേരങ്ങളില്‍ ചുരമിറങ്ങി റാക്ക്മണത്തു. കാലിപ്പുകയിലകൂട്ടി മുറുക്കിപ്പഠിച്ചു. നീട്ടിവളര്‍ത്തിയ തലമുടിക്കുമപ്പുറം രോമം അറച്ചുനിന്നു 
എന്നില്‍പടര്‍ന്നേറാന്‍ എങ്കിലും, 
മടക്കികുത്തിവച്ച ഉടുമുണ്ടിലും, വല്ലാതെവിരിച്ചുപിടിച്ച നെഞ്ചിലും ഞാന്‍, പകലുകളില്‍ പുരുഷത്വം ആവാഹിച്ചുനിറച്ചുകൊണ്ടിരുന്നു. വീടിന്റെമുറ്റത്തു ഒഴിഞ്ഞകോണില്‍ 
പഴയപടുത വലിച്ചുകെട്ടി, പണിയും, കിടപ്പും അങ്ങോട്ടുമാറ്റി. അമ്മ നിശ്വാസങ്ങള്‍ക്കപ്പുറം വാക്കുകള്‍ മറന്നുതുടങ്ങിയിരുന്നു. ഏറെ നാളേക്ക്‌ശേഷം 
നഗരത്തില്‍പോയപ്പോള്‍ വാങ്ങികൂട്ടിയതെല്ലാം, ഞാന്‍ വീട്ടിയില്‍പണിത മരപ്പെട്ടിയില്‍, നിലാവുള്ളരാത്രിയില്‍ എടുത്തു വയ്ക്കുംമുന്‍പേ, ആര്‍ത്തിയോടെ ഒരോന്നും എടുത്തുനോക്കി. 
തടിച്ച കസവുകരയിട്ട സാരി,  അതിനു ചേരുന്ന കോറതുണിയുടെ ബ്ലൗസ്, ഇരുണ്ടനിറമുള്ള അടിപ്പാവാട, പിന്നെ, 
മുഖത്ത്‌തേക്കുന്ന വാസനപൌഡര്‍, കണ്മഷി, നിറമുള്ളവട്ടപ്പൊട്ടുകള്‍. ചുണ്ടുകള്‍ ചുവക്കുന്നചായം, പലവര്‍ണ്ണ കുപ്പിവളകള്‍ അങ്ങിനെയെല്ലാം. പഴയ നന്ത്യാര്‍വട്ടച്ചെടി മെല്ലെ വളര്‍ന്നു 
മരംപോലെയായിരിക്കുന്നു. 

പകല്‍പ്പണികളില്‍ ഞാന്‍ മരത്തിന്റെഗന്ധമറിഞ്ഞു. വീതുളിയുടെപിടിയില്‍ എന്റെ വിരലുകള്‍ ലാസ്യതകാട്ടുമ്പോള്‍ ഞാന്‍ സ്വയം നിയന്ത്രിച്ചു.  രാത്രികളില്‍ പക്ഷെ, ഞാനെന്ന പുരുഷനെ എനിക്ക് നഷ്ടപ്പെടുകയായിരുന്നു. രാപ്പക്ഷികള്‍ ചിറകടിക്കുമ്പോള്‍ ഞാന്‍ എന്നെ നിയന്ത്രിക്കാനാവാതെ, എന്തിനെന്നറിയാതെ, 
മരപ്പെട്ടിതുറന്നു അണിഞ്ഞൊരുങ്ങി. അവസാനം നന്ത്യാര്‍വട്ടത്തിന്റെ പൂക്കള്‍ അഴിച്ചിട്ട നീളന്‍തലമുടിയില്‍ ചൂടിക്കഴിയുമ്പോള്‍, എന്നിലെ പുരുഷന്‍ എന്നും  അസ്തമിക്കുമായിരുന്നു. ചുരമിറങ്ങി കൂമന്‍മൂളുന്ന 
കാട്ടിലൂടെ ഒട്ടും ഭയമില്ലാതെ ഞാന്‍ നടന്നു പാലമരച്ചോട്ടിലെത്തും. മരിച്ച മൃതദേഹങ്ങളുള്ളപ്പോള്‍ ശ്മശാനത്തില്‍ കനലെരിയും. ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കും, പാലമരം എന്നെ കേട്ടുകൊണ്ടും. ഇടയ്ക്കു ഉതിര്‍ന്നുവീഴുന്ന പാലപ്പൂക്കള്‍ എന്നെ സാന്ത്വനിപ്പിച്ചാലും, ഒടുവില്‍ എന്തിനെന്നറിയാതെ ഞാന്‍ ചിരിച്ചുകൊണ്ട് കരയും. എന്റെ സ്‌ത്രൈണതയില്‍ ഞാന്‍ സ്വയം വിരലോടിക്കും. പിന്നെ വികൃതമായ പാദചലനങ്ങളില്‍ ചിലപ്പോള്‍ മെല്ലെ താളമില്ലാതെ, ലയമില്ലാതെ ആടിത്തിമിര്‍ത്തു പാലച്ചുവട്ടില്‍  കഴച്ചിരിക്കും. എപ്പോഴും മറക്കാതെ കൂടെക്കൊണ്ടുണ്ടുവരുന്ന കുഞ്ഞു വട്ടകണ്ണാടിയില്‍ നോക്കി 
മേല്‍ചുണ്ടിലെ വിറയ്ക്കുന്ന വിയര്‍പ്പുകണങ്ങളെണ്ണും, ഒടുവില്‍ ഏതെങ്കിലും 
മൃതദേഹത്തിന്റെ കനല്‍ച്ചൂടോ, അല്ലെങ്കില്‍ പാലച്ചുവട്ടിലെ തണുവോ, പറ്റിക്കിടന്നുറങ്ങും. ആദ്യ സൂര്യകിരണം പൊഴിയുംമുന്‍പേ കണ്ണുതുറക്കും. അഴിഞ്ഞുപോയ ഉടയാടകളുമായി, ഇരുട്ടിലൂടെതന്നെ ഞാന്‍ തിരിച്ചു വീട്ടിലെത്തും.എന്റെ ഒരുക്കങ്ങള്‍, രാത്രി സഞ്ചാരങ്ങള്‍ അമ്മക്കുപോലും 
സംശയംതോന്നാതെ ഞാന്‍ മറച്ചുവെച്ചു. ജന്‍മം, എന്നില്‍ പാതിവച്ച സ്‌ത്രൈണം അസ്തമയങ്ങള്‍ക്കുവേണ്ടി 
ദാഹിച്ചുകാത്തിരുന്നു ഓരോ ദിവസവും. വെന്താറുന്നപകലിന്റെ അവസാനവെളിച്ചത്തിന്റെ കണികയും വിട്ടുപോകുംവരെ, ഞാന്‍ എന്നിലെ പുരുഷനെയും വെറുത്തുസ്‌നേഹിച്ചു, തുല്യതയുടെ കണക്കറിയാതെ. എന്റെ 
രണ്ട് ഭാവങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് ചുരുങ്ങാനാവില്ല എനിക്കെന്ന സത്യം, ആദ്യം എനിക്കുള്‍ക്കൊള്ളാനായില്ല. പൊള്ളിനീറ്റുന്ന ഉള്ളിലെകനലുകളേ, ആരെയെങ്കിലും  കാണിക്കാനും ഞാന്‍ ഭയന്നു. പത്രങ്ങളിലും, പുസ്തകത്താളിലും ഞാന്‍ എന്നെപോലെ ഒരുവനെ, അല്ലെങ്കില്‍ ഒരുവളെ, തിരഞ്ഞുകൊണ്ടിരുന്നു. 'സ്‌ത്രൈണം ലാസ്യമാകുന്ന ഒരു പുരുഷനെ', പക്ഷെ കണ്ടെത്താനായില്ല. ചികിത്സയിലൂടെ എനിക്ക് എന്നിലെ പുരുഷനെ മറന്നുവയ്ക്കാമെന്നു, എന്തൊക്കെയോവായിച്ചു ഞാന്‍ മനസ്സിലാക്കി പക്ഷെ, എന്നിലെ പുരുഷന്‍ മരിച്ചാല്‍, അതെന്റെ ജീവനായ സ്‌ത്രൈണത്തിന്റെയും മരണമായിരിക്കുമെന്നെനിക്കു തോന്നി. റാക്കിന്റെലഹരി തലച്ചോറില്‍ 
തിങ്ങിനിറയുമ്പോഴൊക്കെ, എന്നിലെ അര്‍ദ്ധപ്രാണനായ 'പുഷ്പ്പനും' എനിക്കുമാത്രമറിയുന്ന 'പുഷ്പ്പയും' തമ്മില്‍ ഏറ്റുമുട്ടും. ആരും ജയിക്കാത്ത, ആരും തോല്‍ക്കാത്ത, യുദ്ധങ്ങളില്‍  എനിക്ക് മാത്രം മുറിവുകള്‍ ഏറെയുണ്ടായിരുന്നു. 

കൊക്കിച്ചുമച്ചു ശ്വാസം 
വല്ലാതെവിലങ്ങിയ ഒരു സന്ധ്യക്ക്. അപ്പുവൈദ്യരുടെ ഗുളികകള്‍ വിഴുങ്ങാന്‍ വിസമ്മതിച്ചു, എന്റെ വലതുകരം അമ്മയുടെ 
നെറുകയില്‍തൊടുവിച്ചു  അമ്മ എന്നില്‍നിന്നും നിര്‍ബന്ധിച്ചു നേടിയെടുത്തു, ഒരു സത്യം.  വിസമ്മതങ്ങളൊക്കെ മാറ്റിവച്ചു, അമ്മ പറയുന്ന ഏതു പെണ്ണിനെയും, ഞാന്‍ താലികെട്ടാമെന്നു. വിലങ്ങിപ്പോയ ശ്വാസം നേരെവീണപ്പോഴോ, പിന്നെ അമ്മയുടെ മടിയില്‍ക്കിടന്നു അമ്മയുടെ 
നെഞ്ചിന്റെകുറുങ്ങലുകളും കേട്ടു 
കണ്ണ്‌നനയാതെ കരഞ്ഞപ്പോഴോ, ഞാനെന്ന സത്യം അമ്മയോടെങ്കിലും പറയണമെന്ന് മനസ്സ് 
പലവട്ടംപറഞ്ഞു. പ്രതീക്ഷകള്‍ വറ്റിപ്പോയ ആ കണ്ണുകളിലെ എന്റെ വിവാഹമെന്ന തിളങ്ങിനില്‍ക്കുന്ന സ്വപ്നത്തിന്റെ നനുത്ത സ്വര്‍ണ്ണവെളിച്ചത്തില്‍ നോക്കി, ഞാനെന്തെന്നു പറയാന്‍ പക്ഷെ, എനിക്ക് ഭയമായിരുന്നു വാസന്തി. 

ചടങ്ങിനുവന്നു. മൂന്നാന്റെ 
ഉറക്കെചിരിക്കൊപ്പം, നിന്നെയൊന്നു 
പാളിനോക്കിയപ്പോള്‍ ഞാനാകെ വിയര്‍ത്തിരുന്നു. അന്ന് രാവില്‍ എന്റെ വേഷപ്പകര്‍ച്ചയുടെ നിശ്ശബ്ദതയിലും, ഞാന്‍ നിന്നെ വല്ലാതെയോര്‍ത്തു. നിന്റെ 
വലതുകവിളിലെ കറുത്ത 
സുന്ദരമറുകിനെയും. എന്റെ തീരുമാനത്തിന്റെപതര്‍ച്ചകള്‍ അറിയാതെ, ഇനി 
കണ്ണുകള്‍തുറക്കാതെ, എന്നോടൊന്നും പറയാതെ ഒരുനാള്‍ അമ്മ നിശബ്ദയായി, എന്റെ വിവാഹമെന്ന സ്വപ്നവും ചേര്‍ത്തുവച്ചുകടന്നുപോയി. ചോണനുറുമ്പുകള്‍ വട്ടമിട്ടുനടന്ന അമ്മയുടെ തണുത്ത ശരീരത്തില്‍ ചേര്‍ന്നിരുന്നു ഞാന്‍, കാലങ്ങള്‍ക്കുശേഷം 
ഉറക്കെക്കരഞ്ഞു. അമ്മക്ക് വിരലഗ്രങ്ങളില്‍ നിന്നും ഞാന്‍ ഊര്‍ത്തിട്ടുകൊടുത്ത വിവാഹം എന്ന സത്യത്തെക്കുറിച്ചു ഓര്‍ത്തു, പിന്നെ അധികമാലോചിക്കാതെ എപ്പോഴോ മൂന്നാനോട് സമ്മതം ഒരു 
മൂളലായിപറഞ്ഞു.

വാസന്തി, നീ കടന്നുവന്ന എന്റെ നിശബ്ദതയുടെ വീട്ടില്‍, ഞാന്‍ വല്ലാതെ ജാഗരൂകനായിരുന്നു. വീതുളിയുടെ മൂര്‍ച്ചകൂട്ടുന്ന സൂക്ഷ്മതയോടെ ഞാന്‍ എന്നെ നിന്നില്‍നിന്നും മറച്ചുവെച്ചു. നിന്റെ വളകിലുക്കങ്ങള്‍ എന്നെ വല്ലാതെ ഉന്‍മത്തനാക്കികൊണ്ടിരുന്നു. പകലില്‍ എന്റെ പുരുഷാംശങ്ങള്‍ നിന്നെ വിഭ്രാന്തികലര്‍ന്ന കൗതുകത്തോടെനോക്കി. 
രാവിന്റെയിരുളിമയില്‍, എന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറം എന്നിലെ സ്ത്രീ തലയുയര്‍ത്തുമെന്ന സത്യം സ്വയം തിരിച്ചറിഞ്ഞ ആദ്യരാത്രിയില്‍, നീ തന്ന പാല്‍പാത്രം പാതികുടിച്ചു ബാക്കിമടക്കുമ്പോള്‍, അങ്ങാടിയിലെ ഭരതന്‍ വൈദ്യര്‍ പ്രത്യേകം തയ്യാറാക്കിതന്ന 
ഉണക്കനീലച്ചടയന്റെവേരുകള്‍ 
പൊടിച്ചുചേര്‍ത്ത ചൂര്‍ണ്ണം അതിലലിഞ്ഞിരുന്നു. പിന്നെയങ്ങോട്ടുള്ള കഴിഞ്ഞ പതിനാലുരാവുകളിലും, 
പാല്‍പ്പതയിലൊളിഞ്ഞിരുന്ന ഉറക്കത്തിന്റെ ലഹരി നീയറിഞ്ഞില്ല.  
കസവുസാരിചുറ്റി, കവിളിലും, ചുണ്ടുകളിലും നിറങ്ങള്‍ചേര്‍ത്ത്, ഒതുക്കികെട്ടിവച്ച മുടിയില്‍ 
പൂക്കള്‍ചൂടി, രാത്രിയുടെ ഇരുളിലേക്ക് ഊളയിടും മുന്‍പ്, നിന്റെ വലതുകവിളിലെ കറുത്തമറുകില്‍ ഞാന്‍ അസൂയയോടെ വിരലോടിച്ചിരുന്നു എന്നും. ചാരിവയ്ക്കുന്ന മുന്‍വാതിലിനപ്പുറം ഞാന്‍ എന്നും എന്തുകൊണ്ടോ തെറ്റുചെയ്യുന്നകുട്ടിയെപ്പോലെ  അസ്വസ്ഥനായിരുന്നു. പുലര്‍കാലത്തെ തണുത്ത മഞ്ഞുകണങ്ങളുമായി, 
ഗാഢമായുറങ്ങുന്ന നിന്നരുകിലേക്കു നിശബ്ദമായി തിരിച്ചുവന്നു അഴിച്ചുവച്ച സ്‌ത്രൈണത അയവിറക്കി കിടക്കുമ്പോഴും, എന്റെ പരിഭ്രാന്തികളില്‍, എന്റെ നിയന്ത്രിക്കാനാവാത്ത നിസ്സഹായതയില്‍, ഞാന്‍ സ്വയം പഴിച്ചുകൊണ്ടിരുന്നു. 

ഈ രാവ് വെളുക്കാതിരുന്നെങ്കില്‍ എന്നാശിക്കുന്നു, വാസന്തി ഞാന്‍. ഇന്നലെ സന്ധ്യയുടെ 
ഇരുള്പരക്കുന്നനേരത്തു എന്തോ തിരഞ്ഞുപോയ നിന്റെ കയ്യില്‍ ഞാന്‍ അതിസൂക്ഷ്മമായി 
ഒളിപ്പിച്ചുവച്ച മരപ്പെട്ടി, കിട്ടാതിരുന്നെങ്കില്‍, എന്റെ നിസ്സഹായതയുടെ ഈ കഥ, 
ഇനിയും തുടരുമായിരുന്നു. നീ 
തുറന്നുവച്ചപെട്ടിയിലെ 
അത്ഭുതക്കാഴ്ച്ചകള്‍, നിന്നെ തകര്‍ത്തുതീര്‍ത്ത കോപത്തിന്റെ, സങ്കടങ്ങളുടെ,വിഭ്രാന്തിയുടെ അന്ധതയില്‍ നീ 
നിലവിളിച്ചുഴറിപതംപറഞ്ഞു കരഞ്ഞതും, പിന്നെ  നീ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു ചിതറിപ്പോയ എന്റെ പെട്ടിയിലെ കസവുസാരിയും, കുപ്പിവളകളും, നിറങ്ങളും, എന്നെ വേദനിപ്പിച്ചതിലുപരി, എന്നിലേക്ക് തറഞ്ഞുകയറിയത് നിന്റെ കരച്ചിലുകള്‍ക്കിടയില്‍ നീ പല്ലിറുമ്മി പറഞ്ഞ 'രണ്ടും കെട്ടവന്‍, വഞ്ചകന്‍' എന്ന വാക്കുകളായിരുന്നു. . ഉത്തരങ്ങള്‍ തീര്‍ന്നുപോയവനെ പോലെനിന്ന എന്റെകണ്ണുകളിലെ നനവ്മാത്രം നീ കണ്ടില്ല. അഴിഞ്ഞുലഞ്ഞ മുടിവാരികെട്ടാന്‍ മുതിരാതെ, ഞാനെന്തെന്ന തിരിച്ചറിവില്‍, കരഞ്ഞുചുവന്ന കണ്ണുകളില്‍ തീയും, 
ശ്വാസംവിലങ്ങിപോയനെഞ്ചുമായി, വലംകൈയാല്‍ നീ വിറച്ചുവീശി ഓങ്ങിയടിച്ച എന്റെ വലതുകവിളില്‍ ചോരതിണിര്‍ക്കും മുന്‍പേ, മുന്‍വാതില്‍ ശക്തമായി വലിച്ചടച്ചു നീ വീടിനകത്തേക്ക് പോയിരുന്നു. 

വാസന്തി, പതിവില്ലാതെ മാനത്ത് അല്‍പ്പാല്‍പ്പമായി മറയാന്‍തുടങ്ങിയനിലാവില്‍ ഞാന്‍ കിതച്ചു, തരിച്ചിരുന്നു, സന്ധ്യമാറി ഇരുള് കനക്കുവോളം. നീ മുന്‍വാതില്‍തുറന്നു ഇനിയും, പുകക്കറയുള്ള റാന്തല്‍ വിളക്കുമായെത്തുമെന്ന പ്രതീക്ഷ തീര്‍ന്നുപോയയാമപകുതിയില്‍, വീണ്ടും മെല്ലെ തെളിഞ്ഞ നിലാവില്‍, എന്റെ സ്‌ത്രൈണം പതുക്കെ  വിറച്ചുണര്‍ന്നു. നീ വലിച്ചെറിഞ്ഞു ചുളിഞ്ഞു ചെളിപറ്റിയ കസവുസാരി, നിവര്‍ത്തിയുടുത്തു. കവിളും, ചുണ്ടകളും നിറംചേര്‍ത്തു, 
ഉലഞ്ഞ നീണ്ടമുടിചീകിയൊതുക്കി 
നന്ത്യാര്‍വട്ടപൂക്കള്‍ തലയില്‍ചൂടി, പൊട്ടിയകുപ്പിവളകള്‍ 
കരങ്ങളില്‍ചേര്‍ത്തിട്ടു എന്റെ പതിവുയാത്രക്ക് മുന്‍പ് പതിവ്‌തെറ്റി, ഞാന്‍ പിടിച്ചുനിര്‍ത്താനാവാതെ, അര്‍ത്ഥമില്ലാതെ ഒന്ന്  വിങ്ങിപൊട്ടിക്കരഞ്ഞിരുന്നു. 

വാസന്തി, തണുത്തുറഞ്ഞ ഈ പാലമരച്ചുവട്, എന്റെ മനസ്സുപോലെ ഇന്ന് നിര്‍വികാരമാണ്. ഇന്ന് ചിതയിലെരിയുന്ന ഈ 
മൃതശരീരംപോലും എന്നെ
കേള്‍ക്കുന്നതുപോലെതോനുന്നു. ഇന്നെനിക്കു ഉന്മാദത്തോടെ വിറച്ചാടാനാവില്ല. നാളെ പുലരിയില്‍ നിന്നിലൂടെ ദേശമറിയുന്ന എന്റെ യാഥാര്‍ത്ഥകഥ എന്നെ 
വല്ലാതെപേടിപ്പിക്കുന്നു. എന്റെ 
സൂക്ഷ്മതയില്‍ സ്വയം കാത്ത്‌സൂക്ഷിച്ച ഞാന്‍, നാളെ കൂടുതുറന്നുവെളിവാകുന്നവരുടെ ഇടയില്‍, ഇനിയുമെനിക്ക് 
ജീവിച്ചുതീര്‍ക്കാനാവില്ല എന്ന ഭയവും ഞാനറിയുന്നു. 
ശാപജന്മത്തിലേക്കു നിന്നെയും  വലിച്ചിഴക്കരുതായിരുന്നു ഒരിക്കലും. അളവുകള്‍ കുറിച്ചുമറന്ന മുറിപ്പെന്‍സിലില്‍, നിറംപോയ 
പഴയതാളുകളില്‍ കുറിച്ചിട്ട എന്റെ കഥയില്‍ പലയിടത്തും എന്റെ 
കണ്ണ്‌നീരുവീണുമാഞ്ഞ അക്ഷരങ്ങള്‍ ഇനി തിരുത്താന്‍ ഞാന്‍ ശ്രമിക്കുന്നില്ല. കത്തിത്തീരുന്ന ചിതയുടെ വെളിച്ചത്തില്‍ ആരും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത, ഞാനെന്ന എന്നെ, കളവുകളില്ലാതെ അക്ഷരത്തെറ്റോടെ എഴുതി നിറച്ചിരിക്കുന്നു. തണുത്തകാറ്റ് ചിതയിലെ തീനാളങ്ങളെ വല്ലാതെ വളച്ചൊടിക്കുന്നു. 

വാസന്തി, എന്നത്തേക്കെന്നറിയാതെ, എപ്പോഴോ കരുതിവച്ച ചെറിയ കുപ്പിയിലെവിഷത്തുള്ളികള്‍ എന്റെ വരണ്ടദാഹം ശമിപ്പിക്കുമിന്ന്.  ഉടയാത്തചേലോടുകൂടി, ഒരു സ്ത്രീയായിത്തന്നെ, മരിക്കണമെന്നുള്ള എന്റെ ഗൂഢമായ  ആഗ്രഹത്തിന്റെ 
സമാഗതസമയമായിരിക്കുന്നു. നാളെ ഈ ചിതക്കരുകില്‍ വിറങ്ങലിച്ച എന്റെ ശരീരത്തിലേക്ക്,
സൂക്ഷ്മതയോടെപാഞ്ഞുകയറി എന്നെ വിവസ്ത്രയാക്കുന്ന അനേകം കണ്ണുകളെ, ഞാന്‍ 
ഭാവനയില്‍കാണാന്‍ ശ്രമിക്കുന്നു. എന്റെ രഹസ്യങ്ങളുടെ അവസാനയറയും തുറന്നു,
നാളെമുതല്‍ ജനിക്കുന്ന വിചിത്രകഥകളില്‍ ഇനി ഞാനുണ്ടാകും. വൈചിത്ര്യങ്ങളുമായി. 

വാസന്തി, സങ്കരപ്പെട്ടുപോയ എന്റെ ജീവിതത്തില്‍ നീ എനിക്കെന്തായിരുന്നു എന്നെനിക്കറിയില്ല. പകലുകളില്‍ ഞാനെന്ന ദുര്‍ബലപുരുഷന്റെ കാമനകള്‍ എപ്പോഴെങ്കിലും ഉണര്‍ത്തിവിട്ട സ്‌ത്രൈണമോ.? രാവുകളില്‍ ഏറെനേരം 
നോക്കിനിന്നു, വിരലഗ്രത്താല്‍ വിറച്ചുതൊട്ടുനോക്കിയ, ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന  സ്‌ത്രൈണസഹജമായ  അസൂയയോ.? 
അക്കമിട്ടുപറയാനറിയില്ല. 
ഒന്നുമാത്രം പറയാം. 
നിന്നെ ഞാന്‍ 
വല്ലാതെസ്‌നേഹിച്ചിരുന്നു. വ്യക്തമായി നിവചിച്ചു
ഉത്തരംപറയാനാവാത്ത, ആരും ഇന്നുവരെ അനുഭവിച്ചിറഞ്ഞിട്ടില്ലാത്ത ഒരു സ്‌നേഹഭാവത്തോടെ. 

വാസന്തി, എന്റെ സ്‌ത്രൈണതയുടെ ശാപജന്മം, ഇവിടെ പൂര്‍ണ്ണമാകുന്നു, പരാതികളും, പരിഭവവുമില്ലാതെ. മെല്ലെ ഉള്ളില്‍ പരന്നുപടരുന്നവിഷം. കൈവിരലുകള്‍ മരവിപ്പിക്കുന്നു. അവസാന ഊര്‍ജ്ജകണികകള്‍ എനിക്ക് വേണം. എന്റെ വേഷവിധാനങ്ങള്‍ ഒന്ന് കൂടി ചെറിയ വട്ടക്കണ്ണാടിയില്‍ 
ഉറ്റുനോക്കിത്തിരുത്തുവാന്‍. ജ്വലകളടങ്ങിയ ഈ ചിതക്കരുകില്‍ ഒന്ന് നിവര്‍ന്നുകിടക്കുന്ന നാളേക്കുള്ള 
പ്രദര്‍ശനവസ്തുവാകാന്‍ തയ്യാറെടുക്കാന്‍,ഒടുവില്‍ എന്റെ കഥകള്‍കേട്ടു എന്നെ മനസ്സിലാക്കിയ, എന്നെ അറിയുന്ന, ഞാനറിയുന്ന, ഇലകളിളകുന്ന പാലമരം, ഒന്ന് കൂടി 
കണ്ണ്‌നിറച്ചുകാണുവാന്‍. ആ പൂക്കളുടെഗന്ധം അവസാനമായി നെഞ്ചകംനിറച്ചുവയ്ക്കാന്‍, പിന്നെ എന്നിലേക്ക് അവിചാരിതമായി കടന്നുവന്നു ഇനിയും വാക്കാല്‍ പറയാനറിയാത്ത,  
തീരാത്തയിഷ്ട്ടമുള്ള നിന്നെ, ഒന്നോര്‍ത്തു കണ്ണ്‌നനക്കുവാന്‍. ചോര്‍ന്നുപോകുന്ന അവസാന ഊര്‍ജ്ജകണികകളെ ഞാന്‍ ചേര്‍ത്തുവയ്ക്കട്ടെ അതിനുവേണ്ടി. 

വാസന്തി, നിനക്കെന്നെശപിക്കാം മനസ്സ് തണുക്കുംവരെ.നിന്റെ സ്‌നേഹത്തിനു പകരംതരാന്‍ എന്റെ കയ്യില്‍ ഇനിയൊന്നുമില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഞാന്‍ വരാം, പൂര്‍ണ്ണസ്‌ത്രൈണത നിറഞ്ഞൊരു സ്ത്രീയായി, അന്ന് എന്നെ നിന്റെ നെഞ്ചോട് ചേര്‍ത്ത്‌നിര്‍ത്തുന്ന, ഒരു പൂര്‍ണ്ണപുരുഷനായി നീ ജനിക്കുമെങ്കില്‍. എന്നെ തേടിപ്പിടിക്കുമെങ്കില്‍.എണ്ണിപ്പറഞ്ഞു ക്ഷമചോദിക്കാന്‍, 

അടയുന്നകണ്ണുകകള്‍ക്കും,ഇഴയുന്നശ്വാസത്തിനുമിനിയാവില്ല.  ഒറ്റവാക്കില്‍ യാചിച്ചുചോദിക്കാം, എല്ലാ തെറ്റുകള്‍ക്കും ....മാപ്പ്.

©Hareesh Moorthi


Post a Comment

0 Comments