മരണം കൂക്കിവിളിച്ച് നിസാമുദിന്‍ | കഥ | ജോസഫ് മണക്കാട്ട്



'നമുക്ക് എങ്ങോട്ടെങ്കിലും പോയി ചത്താലോ
ആര്‍ക്കാ ചേതം...'

എന്നത്തേയും പോലെ അവളുടെ ചേഷ്ടകള്‍ ഭ്രാന്തായി മാറുമെന്ന് തോന്നി. നരച്ച മുടിയിഴകള്‍ വലിച്ചുപൊട്ടിച്ചു, പിറുപിറുക്കുന്നുണ്ടായിരുന്നു.

അടുത്തകാലത്തായി അവളിങ്ങനയാ, വാര്‍ത്തമാനങ്ങളില്‍ സ്വഭാവികവും അസ്വഭാവികവുമായ മരണങ്ങളുടെ ഊരും പേരുംപൊരുളും തേടി കണക്കെടുത്തു കണ്ടമാനം വിയര്‍ക്കും. ആത്മഹത്യകള്‍ എളുപ്പത്തിലാക്കുന്നതിനെക്കുറിച്ച് ഗവേഷകയാകും
'നിങ്ങള്‍ക്കറിയാമോ കുന്നിലൊരു പൂജാരിയുള്ളത് അയാളുടെ പെമ്പിറന്നോത്തി രുഗ്മണി ഗ്യാസ് തൊറന്നു വിട്ടാ ചത്തത്, ഗ്യാസില്ലെങ്കില്‍ മണ്ണെണ്ണ മതി... ' മറിയ പറഞ്ഞതില്‍ പിന്നെയാ അടുക്കളേല് ഗ്യാസടുപ്പിന്റെ കണക്ഷന്‍ വേണ്ടെന്ന് വെച്ചത്, അടച്ചു പൂട്ടി താക്കോല് ഒളിപ്പിച്ചുവെച്ചത്.

തൊടിക്കും
പാടത്തിനും
പുഴയ്ക്കുമക്കരെ   പൊന്തകള്‍ വളര്‍ന്ന് കാടുപോലായിരിക്കുന്നു.
പാമ്പിന്‍പടങ്ങള്‍ മഞ്ഞവെയിലില്‍ തിളങ്ങി, കുറുനരികളുടെ ഓരികള്‍ കുറ്റിപ്പുല്ലുകളില്‍ ഉണങ്ങിഞരണ്ടു
'പൊന്തകളില്‍ മറഞ്ഞിരുന്ന് തെക്കുവടക്ക് മരണം കുക്കിവിളിച്ച് നിസാമിദിന്‍എക്‌സ്‌പ്രെസ് പാഞ്ഞു പോകുമ്പോള്‍ഒറ്റശ്വാസത്തിനു വണ്ടി മുറിച്ച് കടക്കണം, നമ്മളെ ആരും തിരിച്ചറിയില്ല... '
കൊച്ചുവേളി നിസാമുദിന്‍ കുക്കിവിളിക്കുമ്പോള്‍ വല്ലാണ്ട് പേടിയായിരിക്കുന്നു.

പാടത്തിനപ്പുറം പുഴയാണ്, ജലം നിറഞ്ഞുസമൃദ്ധം . മണല്‍വാരിയകുഴികളില്‍ ശവങ്ങള്‍ ഒഴുകിയെത്തുന്ന മഴക്കാലം മരണം പോലെ മരവിക്കും. വേനലില്‍ മണല്‍വണ്ടികള്‍ പൊടി പറത്തി ഞെങ്ങിഞരങ്ങിപോകുന്നത് കണ്ടുകണ്ട് മടുത്തു.
'അലക്കിക്കുളിക്കാനെന്നേകാണുന്നോര്‍ക്ക് തോന്നു,അലക്കിയലക്കിനനഞ്ഞ തുണികള്‍മണല്‍ത്തിട്ടയില്‍ വിരിച്ചിട്ട് പതുക്കെ കുളിച്ചുകുളിച്ച്ജലക്കൈകളില്‍ കുരുങ്ങി അകക്കടലിലേക്ക്...'
പുഴയിലേക്ക് പോകേണ്ടന്ന് എത്ര പറഞ്ഞാലുംകേള്‍ക്കില്ല, തുണിയെല്ലാം വാരിക്കെട്ടി ഒരുപോക്കാ.തിരിച്ചു വരുന്നതു വരെ പേടിച്ചിരിക്കും, കാണാതെ വരുമ്പോള്‍ പാടത്തൂടെ കുറച്ചുദൂരം നടക്കും.പുഴയില്‍ നിന്നന്നേരം മറിയകയറിവരും.

തെക്ക് വടക്ക് തീവണ്ടിപ്പാ തയ്ക്കും അപ്പുറം തൂക്കായകുന്ന്, കയറ്റം കയറി ചെന്നാല്‍ തണുത്ത കാറ്റ്. കുറ്റിപ്പുല്ലുകള്‍ക്കിടയില്‍ മുയല്‍ക്കാട്ടം, ജൈവനൂലില്‍ കുടുങ്ങിയ ചിലന്തി , പാമ്പും കീരിയും. പാമ്പിന്‍പടം പോലെ പൊടിഞ്ഞു തുടങ്ങിയ വെയില്‍!

പൊക്കംകുറഞ്ഞ
പേഴുമരങ്ങളില്‍ ആള്‍പ്പൊക്കത്തിനും മുകളില്‍ 
ഊഞ്ഞാല്‍കൊമ്പുകള്‍,
ഊഞ്ഞാല്‌കെട്ടും പോലെ ഒറ്റമുണ്ടില്‍ കുരുക്കിട്ട് ഒറ്റ ക്കുതിപ്പ്... അപ്പോള്‍ ആരുടയോ നിലവിളിപോലെ മരങ്ങളില്‍ കാറ്റിളകും!വീടിനുചുറ്റും, കുന്നിന്‍പ്പുറത്തെ കാറ്റടിക്കുമ്പോള്‍ മെഴുതിരികളുടെയും കുന്തിരിക്കത്തിന്റെയും മണംകൊണ്ടുപിടിക്കും. ശവം അഴിച്ചിറക്കി പായില്‍ പൊതിഞ്ഞുക്കെട്ടി താഴെ പാടത്തേക്ക് എടുക്കുമ്പോഴേക്കുംചുമക്കുന്നോര് വിയര്‍ത്തൊലിക്കും.
'പറഞ്ഞത് കേട്ടില്ലേ? ആര്‍ക്കാചേതം 
നമ്മള് ചത്താല് '
കടുപ്പിച്ചൊരു നോട്ടം, മെലിഞൊട്ടിയ  മുഖത്ത് ചിരി വറ്റിയിരിക്കുന്നു.
'മറിയ,നമ്മള് ചത്താല് ആര്‍ക്കെന്ത് വരാനാ... കുഞ്ഞുങ്ങള് ഏഴാംദിനം പള്ളീലെ ചടങ്ങ് കഴിയുമ്പോള്‍ മറക്കും, ആണ്ടിലൊരു വീടു വെഞ്ചിരിപ്പ് അതും കഴിഞ്ഞാല്‍ ആരോര്‍മ്മിക്കാന്‍?'

'അപ്പൂപ്പ, ആനകളിക്കാം'
മുറ്റത്തെ പഴുത്ത ചരലില്‍ ആനകളിക്കും, തുമ്പിക്കൈ പൊക്കി പൊടിമണ്ണ് വാരിയെറിയും, ചെവിയിളക്കി, കളിച്ചു കളിച്ച് മദപ്പാടിന്‍ചീങ്കണ്ണ് പൊട്ടും!
ആനവാല്‍ മോതിരം കെട്ടി കുഞ്ഞുങ്ങള്‍ ഓടിമറയും.
'അപ്പൂപ്പ, കൂട്ടില്‍ ക്കിടക്കുന്ന
ടൈഗറെപോലെ കുരയ്ക്കാമോ... '
അതിനെപ്പോലെ കുരച്ചുചാടി, വാലിളക്കി, കുരച്ചുംചാടിയും വല്ലാണ്ട് കിതച്ച്
നുരയും പതയും കടവായിലൊലിക്കും, ഭ്രാന്തിന്റെ കനലിളകുന്ന നേരങ്ങളില്‍ , കണ്ണുകളില്‍ ചെമ്പരത്തിപ്പൂവിന്റെ ഭ്രാന്ത്വിരിയും !

മറിയ അന്നേരം ഒന്നും മിണ്ടിയില്ല.
കണ്ണുകള്‍അപ്പോഴും വരണ്ടിരുന്നു, ഒരു നക്ഷത്രം പോലും കുരുക്കാത്ത ആകാശത്തിന്റെ നിശൂന്യതയും നിര്‍വികാരതയും !
തുറന്നുകിടക്കുന്ന ജനാലയിലൂടെ അവള്‍ പുറത്തേക്ക് നോക്കിയിരുന്നു. അകലെ, തൂക്കായ കുറുക്കന്‍ കുന്നും തീവണ്ടിപ്പാതയും  കാട്ടുപൊന്തയും പാടവും നനച്ച് മഴ പറന്ന് മുറ്റത്തെ ചരലിലേക്ക്‌പെയ്തിറങ്ങി,ഒരിക്കലും ഒടുങ്ങാത്ത വിഷാദത്തിന്റെകറുത്ത മഴ. ഹാളില്‍ ടീവീ യുടെ ഒച്ച കേള്‍ക്കുന്നുണ്ടായിരുന്നു, ഗൗരി സീരിയല് കാണുകയായിരിക്കുമെന്ന് അയാള്‍ കരുതി. കോളേജില്‍ നിന്നുംവന്ന് കുളികഴിഞ്ഞാല്‍ടീവീ കാണുന്ന പണിമാത്രം. ബാത്ത്‌റൂമില്‍ വെള്ളം വീഴുന്നശബ്ദം മഴയ്‌ക്കൊപ്പം കേട്ടു.
'മറിയെ, ടെറസില് ഉണങ്ങാനിട്ട തുണിയൊക്കെ നനഞ്ഞിട്ടുണ്ട് '
അയാള്‍ പെട്ടെന്ന് ടെറസിലേക്ക് പോകാന്‍ മുറിക്ക്പുറത്തേക്കിറങ്ങി 
'വയ്യാത്ത കാലും വലിച്ചോണ്ട് പോകേണ്ട, ഞാന്‍ പൊക്കോളാം...'
മുറിയുടെ വാതില്‍ക്കലേക്ക് വന്ന ഗൗരിപറയുന്നത് അയാള്‍ കേട്ടു.
'ഉണക്കനിട്ട തുണിയൊക്കെ നനഞ്ഞില്ലേ, ആരെടുക്കാന്‍,  നാളത്തേക്കുള്ള അരി അരച്ചുവെക്ക് കറന്റ് പോയാലോ, സിങ്ക് നിറയെ പാത്രങ്ങളാ കഴുകാതെയും... പിള്ളേര്‍ക്കുള്ള പാല് തിളപ്പിച്ച് വെക്കണം... '
അയാള്‍ സ്റ്റെപ്പ് കയറി
ടെറസിലേക്ക് പോയി.സ്റ്റെപ്പ് കയറി നല്ലവണ്ണം കിതച്ചു. അകലെ കുന്നും പാടവും തൊടിയും ചരല്‍ മുറ്റവും ടെറസും മഴയില്‍ നനയുന്നത് അയാള്‍ കണ്ടു.
മഴ നനഞ്ഞ് തുണികള്‍ പെറുക്കിയെടുത്തു മുറിയിലേക്ക് പോന്നു. കിതച്ചു കിതച്ച്അയാള്‍ക്ക് ശ്വാസംമുട്ടി.

ഗൗരി ആരെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ മൊബൈലില്‍ ഗെയിം കളിച്ചോണ്ടിരുന്നു.
ബാത്‌റൂമില്‍ അപ്പോള്‍ വെള്ളം വീഴുന്ന ഒച്ച കേള്‍ക്കുന്നില്ല, മനു കുളികഴിഞ്ഞ് തല തോര്‍ത്തിക്കൊണ്ട് ഇറങ്ങി വരുന്നത് അയാള്‍ കണ്ടു.
'നാളെ രാഘവനും മകനും കണ്ടം കിളയ്ക്കാന്‍ വരും, തെങ്ങിന്‍ത്ത ടവും കൊത്തിയൊരുക്കണം. മഴക്കാലം ഉടനെയെത്തും'
അയാള്‍ ഒന്നും മിണ്ടാതെകേട്ടിരുന്നു.
'അപ്പനും അവരുടെ കൂടെ പോകണം, കൂടെ ഇറങ്ങിയില്ലേല്‍ അവറ്റകള് ഒന്നും ചെയ്യത്തില്ല'
'കാല് അനക്കാന്‍ മേലാത്ത വേദനയുംനീരുമുണ്ട്, ചെളീലൊക്കെ നിന്നാല്‍ വാതം കൂടും...'
'മേലനങ്ങി പണിയാതിരുന്നാല്‍ വാതോം പിത്തവും കൂടത്തേയുള്ളൂ,ടൈഗറിനെരാവിലെതന്നെ കുളിപ്പിക്കണേ... '
അടുക്കളയില്‍ മിക്‌സിയുടെ മടുപ്പിക്കുന്ന ഒച്ച മഴയ്‌ക്കൊപ്പം ഒലിച്ചിറങ്ങി, കുക്കറിന്റെ വിസിലൊച്ച നിസാമുദിന്റെ കൂക്കുവിളിപോലെ തോന്നി,
കുക്കറെങ്ങാനുംപൊട്ടിത്തെറിച്ചാലോ, പാല് തിളച്ചു തൂവിപ്പോയാലോ ഗൗരി ഒച്ച വെക്കും.പാളം മുറിച്ച് നിസാമുദിന്‍, അതങ്ങുപോയി.

അകലെ കുറുക്കന്‍ കുന്നിലെ , നനഞ്ഞ  ഓരിയൊച്ചകള്‍പൊന്തയിലേക്ക് ചാഞ്ഞു.
'അപ്പൂപ്പ, കുറുക്കന്‍ കൂവുന്നതാണോ കേള്‍ക്കുന്നത് 'ഓരിയൊച്ചകള്‍ക്കൊപ്പം തീവണ്ടിപ്പാതയില്‍ ഒരുവണ്ടി കിതച്ചു കടന്നു പോയി.
അയാള്‍മുറിയിലേക്ക് പോയി.
കട്ടിലില്‍ മലര്‍ന്നു കിടന്നു, കാല് പൊള്ളി പെരുത്തു 
'ഈശോയേ...എന്തൊരു വേദനയാ '

അടുക്കളയിലെഒച്ചകളൊക്കെ നിലച്ചിരുന്നു. ഹാളില് ടീവീയുടെ കനത്ത ശബ്ദം ത്തിനൊപ്പം ഗൗരി കുഞ്ഞുങ്ങളോടെ വഴക്കുണ്ടാക്കുന്ന ഒച്ചമാത്രം!

മറിയമുറിയിലേക്ക് വന്നിട്ട് അയാള്‍ക്ക് കഴിക്കാനുള്ള. മരുന്നുകള്‍ എടുത്തുവെച്ചു.
'മരുന്ന് കഴിച്ചിട്ട് കിടക്ക്...'
ജനാലയ്ക്കരികിലേക്ക് നീങ്ങി അവള്‍ പുറത്തേക്ക് നോക്കി നിന്നു. ചരലിലേക്ക് ആരുടയോ കാലൊച്ച പോലെ മഴ അന്നേരവും പെയ്തിറങ്ങി.
മറിയയുടെകണ്ണുകളില്‍ മഴയുടെ നനവ് കാണാനേയില്ലായിരുന്നു, മരുഭൂമി പോലെ കനത്തതായിരുന്നു.
'മറിയ, നമുക്ക് മരിക്കാതിരിക്കാം, പണ്ട് ഒരു മാസം ജ്വരം പിടിച്ചു കിടന്നിട്ടും നമ്മള് ചത്തില്ല, എന്നെ ഡോക്ടര്‍ ഉപേ ക്ഷിച്ചതാ...'
'അന്ന്ഞാനും മരിച്ചെന്നാ ഓര്‍ത്തത്...'
'നമ്മള് ചത്താല്‍ കുഞ്ഞുങ്ങള്‍ക്ക് ആര് കളിപ്പാട്ടം എടുത്തുക്കൊടുക്കും, ആനക്കളിക്കണ്ടേ, കഥ പറഞ്ഞുകൊടുക്കേണ്ടേ...'
അവളുടെ കണ്ണുകളില്‍ മഴയുടെ നനവ് ഒലിച്ചിറങ്ങുമെന്ന് അയാള്‍ കരുതി.
'ആത്മഹത്യ ചെയ്യാതിരിക്കാന്‍ നമുക്ക് പഴേയത് പോലെ ആയാലോ...
നാളെ നീ പുഴയിലേക്ക് പോകും,  കുഞ്ഞുങ്ങളുടെയും മനുവിന്റെയും ഗൗരിയുടെയുംവിയര്‍പ്പ് പുരണ്ട തുണി അലക്കാന്‍, തുണിയെല്ലാം അലക്കി ഉണങ്ങാനിടണം...
കുളിച്ച് കുളിച്ച് ജലക്കൈകളില്‍ കുരുങ്ങി നീന്തി നീന്തി...'
അവള്‍ കണ്ണടച്ചു കിടന്നു.
'മറിയ, മറിയക്കൊച്ചേ...നീ എവിടെയാ,  ആത്മഹത്യ ചെയ്യാതിരിക്കാന്‍ നീ പുഴയിലേക്കും ഞാന്‍ രാഘവനൊപ്പം പാടത്തേക്കും പോകും '
അയാള്‍ പലവട്ടം അലറിവിളിച്ചു.

നാളെ, നേരം 
പരപരാ വെളുക്കുമ്പോഴേക്കും എഴുന്നേറ്റ് പട്ടിക്കൂടിനരികിലേക്ക് പോയി , ടൈഗറിനെ കുളിപ്പിക്കും, ഒരു കപ്പ് ചായ മൊത്തിമൊത്തിക്കുടിക്കും
അന്നേരത്തേക്ക് മറിയഎഴുന്നേറ്റ് പഴേന്‍കഞ്ഞി എടുത്തുവെക്കും, അതും മോന്തീട്ട് രാഘവാന്റെയുംമകന്റെയും കൂടെ കണ്ടത്തിലേക്ക്‌പോകും.

വെയില് മുറിവുകളില്‍ ഒലിച്ചിറങ്ങുമ്പോഴ് പുഴയിലേക്ക് പോയി മുങ്ങിക്കുളിക്കും. പുഴയ്ക്കുമപ്പുറം വെയില്‍ വാടിക്കിടക്കുന്ന പൊന്തയില്‍ ആരും കാണാതിരിക്കും തെക്കുവടക്ക് നിസാമുദിന്‍മരണത്തിലേക്ക് കൂക്ക് വിളിച്ചെത്തുന്നതിന് മുമ്പേ ഒരു ബീഡി വലിച്ചു തീര്‍ന്നിരിക്കും!

© joseph manakkattu


Post a Comment

0 Comments