തീരെ വിദ്യാഭ്യാസമില്ലാത്ത അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായ് മകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങി കൊടുക്കാന്‍ ഒരു മടിയും ഉണ്ടായില്ല. കാരണം തന്റെ മകള്‍ പഠിച്ച് നല്ല നിലയില്‍ എത്തണം. തങ്ങളെപ്പോലെ കൂലിപ്പണിക്കൊന്നും പോയി അവള്‍ കഷ്ടപ്പെടരുത് എന്നവര്‍ ആഗ്രഹിച്ചു. മകള്‍ക്ക് പഠിക്കാനായി എന്ത് വിലകൊടുത്തും, എത്ര കഷ്ടപ്പെട്ടും അവര്‍ എല്ലാം എത്തിച്ചു കൊടുത്തു. തങ്ങള്‍ക്ക് ഓണാക്കാന്‍ പോലും അറിയാത്ത കമ്പ്യൂട്ടറില്‍ അവളുടെ കൈ വിരലുകള്‍ ചലിക്കുന്നതും, സ്‌ക്രീനില്‍ തെളിയുന്ന വിസ്മയങ്ങളും കണ്ട് അവര്‍ അഭിമാനിച്ചു.
അധികം വൈകാതെ തന്നെ കമ്പ്യൂട്ടര്‍ അവളുടെ ഉറ്റ ചങ്ങാതിയായി. സ്‌കൂള്‍ പ്രൊജക്റ്റുകളും മറ്റും ചെയ്ത് ചെയ്ത് അവള്‍ കമ്പ്യൂട്ടറില്‍ കൂടുതല്‍ എക്‌സ്‌പേര്‍ട്ട് ആയി. അവള്‍ക്ക് ഒന്നിനും നേരമില്ലാതായി തുടങ്ങി.
ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ രുചിയോടെ ആസ്വദിച്ച് കഴിച്ചിരുന്ന അവളുടെ അടുത്ത് ഇന്നിതാ ഇഷ്ട വിഭവങ്ങള്‍ തണുത്താറി മണിക്കൂറുകളോളം അവള്‍ക്കായ് കാത്തിരിക്കുന്നു.......
മുറ്റത്ത് പൂമ്പാറ്റയെ പോലെ ഓടിനടന്ന് പല തരം കളികള്‍ കൂട്ടുകാരോടൊപ്പം കളിച്ചിരുന്ന അവളുടെ കളികളെല്ലാം കമ്പ്യൂട്ടര്‍ ഗെയിംസിലേക്ക് വഴിമാറി.
മുറ്റത്തെ ചങ്ങാതിമാര്‍ക്ക് പകരം ഒരിക്കലും കാണാത്ത ഇന്റര്‍നെറ്റ് കൂട്ടാളികളിലേക്ക് വഴിമാറി..... അയല്‍ വീടുകളിലെ ഉഷ, രമ, ബീന ഇവര്‍ക്ക് പകരം ഒരിക്കലും കാണാത്ത കുറെ വിദൂര കൂട്ടുകാര്‍ മനസ്സില്‍ ഇടം നേടി. അച്ഛനും അമ്മയും വെറും ഒരു നിഴലായ് മാറി. തലയുയര്‍ത്തി അവരെയൊന്ന് നോക്കാന്‍ പോലും സമയമില്ലാതായി. ആകാശ നക്ഷത്രങ്ങള്‍ പോലെ അവളുടെ രാത്രികള്‍ കമ്പ്യൂട്ടര്‍ വെളിച്ചത്തില്‍ പകലുകളായ് മാറി.
പരസ്പരം പാടിയും ആടിയും കളിച്ചിരുന്ന ആ നിമിഷങ്ങളെല്ലാം വിരലിലൂടെ ചലിക്കുന്ന ചാറ്റിംഗിലേക്ക് വഴിമാറി. പഴയ ഫ്രണ്ട്‌സ് എല്ലാം അവള്‍ക്ക് ഓര്‍മ്മയായി .
പെട്ടെന്നാണ് ഒരു പുതിയ ഫ്രണ്ട് റിക്വസ്റ്റ് അവളുടെ ശ്രദ്ധയില്‍ പെട്ടത്. അതിസുന്ദരി.... സിനിമാ നടിയെപ്പോലുള്ള ഒരു കൊച്ചു സുന്ദരി.... പ്രൊഫൈല്‍ സൂപ്പര്‍....
റിക്വസ്റ്റ് സ്വീകരിച്ചു.ചാറ്റിംഗ് ആരംഭിച്ചു. മധുരമൂറുന്ന ആ വാക്കുകളില്‍ അവള്‍ ലയിച്ചു. ഓരോ മെസേജ് അയച്ചാലും മറുപടിക്കായ് അവളുടെ മനസ്സ് വെമ്പി. തേനൂറുന്ന വാക്കുകള്‍ ....
ഓരോ ഇമോജികളും കൂടുതല്‍ വാക്കുകളേക്കാള്‍ സംസാരശേഷിയുമായെത്തി. രാപകല്‍ ചാറ്റിംഗില്‍, വിശേഷങ്ങളും വിശാലമായി തുടങ്ങി. നീയാണ് എന്റെ ഏറ്റവും അടുത്ത ചങ്ങാതി... നീയല്ലാതെ എനിക്ക് വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ല എന്ന മറുപടിയില്‍ മിനിമോള്‍ വീണു. അവള്‍ തന്റെ പേര് സിനിയെന്ന് പരിചയപ്പെടുത്തി.
സിനി- മിനി നല്ല സാമ്യം....
ഒരു ദിവസം സിനി ,നിന്നെ കാണാന്‍ കൊതിയാവുന്നു ഫോട്ടോ അയക്കാമോ എന്ന് ചോദിച്ചു . തന്റെ കയ്യില്‍ ഫോട്ടോ ഇല്ല എന്ന് പറഞ്ഞിട്ടും അവള്‍ നിര്‍ബന്ധിച്ചു. ഇല്ല എന്ന് എത്ര പറഞ്ഞിട്ടും അവള്‍ ശാഠ്യം പിടിച്ചു കൊണ്ടിരുന്നു.. അവസാനം ഒരു ഫോട്ടോ വിട്ടുകൊടുത്തു. പിന്നീട് നേരിട്ട് കാണണമെന്നായി. സ്ഥലവും പറഞ്ഞ് കൊടുത്തു.വീട്ടില്‍ പറയാതെ തനിയെ വരണമെന്നും, നിനക്കായ് ഒരു സമ്മാനം കരുതിയിട്ടുണ്ട് എന്നും പറഞ്ഞപ്പോള്‍ അവള്‍ അതില്‍ വീണു..... സിനി പറഞ്ഞതനുസരിച്ച് റെയില്‍വേ സ്റ്റേഷനില്‍ പോയി അവള്‍ പ്രിയ സഖിയെയും നോക്കി മണിക്കൂറുകള്‍ കാത്തിരുന്നു . പരീക്ഷയുണ്ടെന്ന കള്ളം പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
അവളിലെ മാറ്റം അച്ഛനും അമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.പക്ഷെ ,ആ പാവങ്ങള്‍ കരുതിയത് അവളുടെ രാപകലുള്ള പഠിപ്പിന്റെ സ്‌ട്രെസ് ആയിരിക്കും എന്നാണ്.
അവളാകട്ടെ വേറെ ഏതോ മായാ ലോകത്തും......
ഏറെ നേരത്തെ കാത്തിരിപ്പിന് ഒടുവില്‍ മിനിക്കുട്ടിയുടെ അച്ഛന്റെ പ്രായമുള്ള ഒരാള്‍ വന്ന് അവളുടെ തോളില്‍ തട്ടി. മിനി ഞെട്ടി പോയി. ആരാ നിങ്ങള്‍? അവള്‍ പേടിച്ചു ചോദിച്ചു. മിനി പേടി കൊണ്ട് വിക്കുന്നുണ്ടായിരുന്നു.
ഞാനാണ് മോളെ സിനി എന്ന നിന്റെ ചങ്ങാതി. നിന്നെ കൂട്ടു കൂടാന്‍ ഇഷ്ടപ്പെടുന്ന അങ്കിള്‍. ഈ പ്രായക്കാരെയാണ് എനിക്കിഷ്ടം. അയാളുടെ നോട്ടവും ഭാവവും അവളില്‍ പരിഭ്രമം പരത്തി.താനോ? എന്റെ സിനിയെന്ന ചങ്ങാതി? അവള്‍ ഞെട്ടി തരിച്ചിരുന്നു.അവള്‍ ഉച്ചത്തില്‍ കരഞ്ഞു .ആളുകള്‍ ഓടിക്കൂടി,അയാളെ പിടികൂടി.....
മിനിക്കുട്ടിക്ക് കാര്യം പിടികിട്ടി. ഇന്റര്‍നെറ്റിന്റെ കെണി. താന്‍ തന്റേതായ ലോകത്തേക്ക് ഒതുങ്ങിയതിന്റെ പ്രതിഫലം . തനിക്ക് ആരുമില്ലാതായ അവസ്ഥ അവര്‍ക്ക് ബോധ്യപ്പെട്ടു.
തന്റെ പണ്ടത്തെ കൂട്ടുകാരികള്‍ തന്നെ മതി തനിക്ക്.... തനിക്ക് വേണ്ടി രാപകല്‍ കഷ്ടപ്പെടുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തേക്കോടിയവള്‍. അവരുടെ കാല്‍ക്കല്‍ വീണ് മാപ്പു പറഞ്ഞു. സൈബര്‍ ചങ്ങാതി മാറ്റിമറിച്ച ജീവിതത്തില്‍ നിന്നും കരകയറാന്‍ അവള്‍ക്ക് കുറച്ച് സമയം വേണ്ടിവന്നു......
ഏതൊരു ആസ്വാഭാവിക സംഭവത്തിന് പിന്നിലും വില്ലനായി കമ്പ്യൂട്ടറോ അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണോ ആയിരിക്കും. ജീവിതത്തിന്റെ അച്ചുതണ്ടായി മാറികഴിഞ്ഞ ഡിജിറ്റല്‍ ലോകത്ത് ചതിക്കുഴികള്‍ക്ക് യാതൊരു പഞ്ഞവും ഇല്ല. ഓരോ ഡിജിറ്റല്‍ സൗഹൃദ പേടകവും ചതിക്കുഴിയിലേക്ക് മനുഷ്യനെ തള്ളിവിടുന്നു. രാത്രികളുടെ യാമങ്ങളില്‍ സൈബര്‍ ലോകത്ത് മഴ പെയ്യുമ്പോള്‍ ..... അത് കുടുംബളുടെ തോരാ കണ്ണീര്‍ മഴയായ് മാറുന്നു. എന്തായാലും മിനി കുടുംബത്തോടൊപ്പം രക്ഷിതാക്കളെ സ്‌നേഹിച്ച് ഇന്ന് സുഖമായി സന്തോഷത്തോടെ ജീവിക്കുന്നു ..... ഇനിയൊരു സൈബര്‍ ലോകത്തെ കനത്ത മഴയില്‍ അവള്‍ പെടാതിരിക്കട്ടെ.
© dr haseena beegum
0 Comments