പുഴയൊഴുകും വഴികളിലെല്ലാം | കവിത | പ്രവീണ്‍ പള്ളിപ്പാട്ടില്‍ പട്ടാമ്പി



പുഴയൊഴുകും വഴികളിലെല്ലാം
ജാതിയും  മതവും നിറവുമില്ലാത്തവര്‍
ഇടകലര്‍ന്ന് ജീവിച്ച് മരിച്ചിരുന്നു.
പഞ്ചാര മണല്‍വാരി ചെളിനിറച്ച്
തടയണ കെട്ടി വെള്ളം നിറച്ചവര്‍
കുടിച്ച വെള്ളത്തിനും
കുളിച്ച വെള്ളത്തിനും
നനച്ച വെള്ളത്തിനും നിറം കലര്‍ത്തിയ
മനുഷ്യനും മൃഗവുമല്ലാത്തവര്‍.
പട്ടിണിയില്ലാതാക്കുന്ന ലോകത്ത്
ജീവിതം ഓടി തീര്‍ക്കുന്നവരുടെ
രക്തത്തിലലിഞ്ഞത് പട്ടിണി മാത്രം.
മണ്ണില്‍ നിവര്‍ന്നുനിന്ന് പണിതവരുടെ
നെഞ്ചില്‍ ശത്രുവിന് കരുതിയ
നിറയൊഴിക്കുന്നവരുടെകാലം.
കണ്ടും കൊണ്ടും സഹിച്ചൊരാ
നിലച്ച പുഴയുടെ മാറില്‍ കെട്ടിയ
തടയണകളെല്ലാം നിറച്ചൊരു
മഴയുണ്ടായി.
ആ പുഴ
ഒരുകടലായ് തീര്‍ന്ന്
കാലത്തിനൊപ്പം ഓഴുകി തുടങ്ങി.
നിറവും ജാതിയും മതവുമില്ലാതെ.



Post a Comment

0 Comments