ശിവകാമി ⏩ ഡോ. അപര്‍ണ. സി

sivakami-dr-aparnac


നീണ്ട ഇടതൂര്‍ന്ന മുടി, അഴിച്ചിട്ടിരിക്കുമ്പോള്‍ അവളുടെ നിതംബം വരെ മുട്ടുന്നുണ്ടായിരുന്നു. സ്ത്രീത്വം തുളുമ്പുന്ന മുഖം. കണ്ടാല്‍ വരച്ചത് പോലെ തോന്നിക്കുന്ന കറുത്ത കട്ടി പുരികം, അതിനു നടുവിലായി ചുവന്ന വട്ടത്തിലൊരു പൊട്ട്. താമര മൊട്ടു പോലെ കണ്ണുകള്‍.
വെള്ള കാഞ്ചിപുരം പാവാടയും ബ്ലൗസും ഇട്ട് അവളാ പാട വരമ്പത്തു കൂടെ പാവാട അല്പം പൊക്കി നടക്കുമ്പോള്‍ കാലിലണിഞ്ഞ സ്വര്‍ണ പാദസരം തിളങ്ങുന്നുണ്ടായിരുന്നു.

'എന്താ മാമ്പറ കോലോത്തെ കൊച്ചു തമ്പ്രാട്ടിക്ക് ഇത്ര സന്തോഷം '
അവരുടെ പാടത്തു കൊയ്യാന്‍ വന്ന സ്ത്രീകളില്‍ ഒരാളായിരുന്നു.

'ജാനു ഏട്ടത്തി അറിഞ്ഞില്ലെന്നുണ്ടോ.. ആലേയം ഇല്ലത്തെ വിഷ്ണു നമ്പൂതിരി ആയിട്ട് ന്റെ വിവാഹം ഉറപ്പിച്ചിരിക്കണു. പിന്നെ സന്തോഷം ഇല്ലാണ്ടിരിക്ക്യോ.'

എല്ലാവര്‍ക്കും ഏറെ പ്രിയങ്കരി ആയിരുന്നു അവള്‍. സംസാരം കൊണ്ട് മറ്റുള്ളവരെ പെട്ടന്ന് ആകര്‍ഷിച്ചിരുന്നു.  വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഒരേപോലെ സ്‌നേഹം പുലര്‍ത്തിയിരുന്നു. മാമ്പറ കോലോത്തെ കൊച്ചുതമ്പുരാട്ടിയെ അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല. ആരെയും നോവിക്കാനറിയാത്ത ഒരു പാവം പെണ്‍കുട്ടി.

മനസ്സില്‍ ഒരായിരം വിവാഹസ്വപ്നങ്ങള്‍ നെയ്തു കൂട്ടി അവള്‍ പാറിപ്പറന്നു.

അന്ന് ശുഭമുഹൂര്‍ത്തത്തില്‍ ശുക്രന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ അവളുടെ കഴുത്തില്‍ വിഷ്ണു നമ്പൂതിരി താലിചരട് കെട്ടി.അവള്‍ അയളുടേതായി കഴിഞ്ഞു. വിഷ്ണു നമ്പൂതിരിയുടെ കൈപിടിച്ച് ആലേയം ഇല്ലത്തേക്ക് അവള്‍ വരുമ്പോള്‍ അമ്മ, ശ്രീദേവി അന്തര്‍ജനം അഞ്ചു തിരിയിട്ട വിളക്കുമായി പൂമുഖത്ത് അവരെ കാത്തു നില്‍പുണ്ടായിരുന്നു.

ഐശ്വര്യ ദേവത വലതുകാല്‍ എടുത്തു വെച്ചതും അവിടം പിന്നെ സന്തോഷത്തിന്റെ നാളുകള്‍ ആയിരുന്നു. അച്ഛന്‍ നമ്പൂതിരിക്ക് അവള്‍ തന്റെ മകന്റെ പത്‌നി മാത്രം ആയിരുന്നില്ല. സ്വന്തം മകള്‍ക്കു തുല്യമായിരുന്നു. എറേനാള്‍ കഴിയാതെ ആ ഇല്ലത്തെ എല്ലാമെല്ലാമായി അവള്‍ മാറി.

അറയില്‍ അവള്‍ തന്റെ പതിയുടെ കാമിനിയായി. മിഴികളില്‍ അഞ്ജനമെഴുതി, നെറ്റിയില്‍ വട്ടത്തില്‍ ചുവന്ന പൊട്ടണിഞ്ഞ്, അഴിച്ചിട്ട കാര്‍കൂന്തലല്‍, സീമന്തത്തില്‍ സിന്ദൂരം ചാര്‍ത്തി, അവള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ വിഷ്ണു നമ്പൂതിരിയുടെ മനം കവരുമായിരുന്നു. അവളുടെ മുടിയിഴകളെ തലോടിക്കൊണ്ട് അധരങ്ങളുടെ മധുരം കിനിഞ്ഞ എത്രയോ രാവുകള്‍.ഓരോ ദിനവും ഓരോ സുന്ദര നിമിഷങ്ങള്‍ ആയിരുന്നു.

അന്ന് ഒരു ദിവസം രാത്രി ഒരു നൃത്ത പരിപാടിക്ക് പോകാന്‍ ശിവകാമിയും വിഷ്ണു നമ്പൂതിരിയും പുറപ്പെട്ടു. അല്പദൂരം നടക്കുവാന്‍ ഉണ്ടായിരുന്നു.അവരുടെ കഥകള്‍ക്കിടയില്‍ ആ ദൂരമത്രയും ഒന്നുമായി തോന്നിയില്ല.നൃത്ത വേദിയില്‍ എത്തിയ ഉടനെ മുന്‍നിരയിലെ കസേരയില്‍ തന്നെ ഇരുവരും
സ്ഥാനമുറപ്പിച്ചു.നൃത്തം ചെയ്യാറില്ലെങ്കിലും അന്ന് വേദിയില്‍ ആദ്യം കണ്ട മോഹിനിയാട്ടം ശിവകാമിയുടെ മനസിനെ കുളിരണിയിച്ചു.അതേ സമയം വിഷ്ണു നമ്പൂതിരി നൃത്തം ആസ്വദിക്കുന്നതിനേക്കാള്‍ ആ നൃത്തം ചെയ്തവളില്‍ ലയിച്ചു പോയി.പതിവ്രത ആയ തന്റെ പത്‌നി അടുത്തുണ്ടായിട്ടും വിഷ്ണു നമ്പൂതിരിക്ക് ആ നര്‍ത്തകിയുടെ മേനിയഴകിലും എടുപ്പിലും  വല്ലാത്തൊരു ആകര്‍ഷണം തോന്നി.

നൃത്തം ഗംഭീരമായെന്ന് നേരില്‍കണ്ട് അഭിനന്ദിക്കാന്‍ പോയപ്പോഴാണ് ഇടമനയില്ലത്തെ അനസൂയ തമ്പുരാട്ടിയാണ് അവളെന്ന് അദ്ദേഹം അറിയുന്നത്.അത് അദ്ദേഹത്തില്‍ കൂടുതല്‍ മതിപ്പുണ്ടാക്കി.

അന്ന് രാത്രി മുഴുവന്‍ അവളായിരുന്നു മനസ്സില്‍. പണത്തിനും പ്രതാപത്തിനും ഒരേപോലെ പേരുകേട്ട ഇടമനയില്ലവും അവിടുത്തെ  അതിസുന്ദരിയായ അനസൂയ തമ്പുരാട്ടിയും. എന്നാല്‍ ശിവകാമിയുടെ സൗന്ദര്യം എന്ന ഒന്ന് മാത്രം കൊണ്ടാണ് അവളെ വിഷ്ണുനമ്പൂതിരി വേളിയാക്കിയത്. മാമ്പറയില്ലത്തുള്ളവര്‍  വലിയ തറവാടികള്‍ ആണെങ്കിലും ഇപ്പോള്‍ അവരുടെ പണവും പ്രതാപവുമെല്ലാം ക്ഷയിച്ചിരിക്കുകയാണ്. എന്തുകൊണ്ടും ശിവകാമിയെക്കാള്‍ എല്ലാം ഒത്തുവന്നവള്‍ അനസൂയയാണ് എന്ന ചിന്ത വിഷ്ണു നമ്പൂതിരിയില്‍ ഉണ്ടായി.

ഒരിക്കല്‍ ആലേയം ഇല്ലത്തേക്ക് അനസൂയ തമ്പുരാട്ടിയെ ക്ഷണിച്ചു.അന്നു മുതലാണ് ശിവകാമിയുടെ ജീവിതം മാറിമറിഞ്ഞത്.

നര്‍ത്തകിമാരില്‍ പേരുകേട്ട അനസൂയ ആലേയം ഇല്ലത്തേക്ക് വന്നപ്പോള്‍ സസന്തോഷം അവളെ എല്ലാവരും സ്വീകരിച്ചു.

എന്നാല്‍ അച്ഛന്‍ തിരുമേനിക്ക് അതൊന്നും അത്ര രസിക്കുന്നുണ്ടായിരുന്നില്ല. അതിഥി യോടുള്ള മര്യാദ എന്ന രീതിയില്‍ രണ്ടുവാക്ക് സംസാരിച്ച ശേഷം അദ്ദേഹം തെക്കേ മുറിയില്‍ വിശ്രമിക്കാന്‍ പോയി.

സംസാരത്തിനിടയില്‍ അന്തര്‍ജനവും ശിവകാമിയും അകത്തേക്ക് പോയ സമയം അവിടെ വിഷ്ണുനമ്പൂതിരിയും തൊട്ടുതാഴെ ഉള്ള സഹോദരന്‍ കൃഷ്ണന്‍ നമ്പൂതിരിയും അനസൂയയും മാത്രമായി.

'നമുക്കൊരു പണിണ്ട്...നിങ്ങള്‍ ഇരിക്യ.. വരണു '

എന്നും പറഞ്ഞു ഇടയ്ക്ക് കൃഷ്ണന്‍ നമ്പൂതിരിയും തിടുക്കത്തില്‍ അവിടെ നിന്നു പോയി.

സ്വീകരണമുരിയില്‍ നിന്ന് പിന്നെ അനസൂയയും വിഷ്ണു നമ്പൂതിരിയും പടിപ്പുരയിലേക്ക് പോയി. അനസൂയ വിഷ്ണുനമ്പൂതിരിയെ ചുണ്ടില്‍ വിടര്‍ന്ന പുഞ്ചിരിയോടെ നോക്കി നിന്നു.

'അതി സുന്ദരി തന്നെ നീ'

'എന്താ നമ്പൂതിരി കളിയാക്കുകയാണോ നമ്മെ'

'അല്ല ബഹുസുന്ദരിയാണ്.ഏത് ഇല്ലത്തെ നമ്പൂതിരിയാ മോഹിച്ചു പോകാത്തത്'

'ഗംഭീരമായി ഈ പറഞ്ഞത് ഇവിടുത്തെ വേളി കേള്‍ക്കണ്ട'

'അന്നത്തെ നൃത്തം കണ്ട് മടങ്ങിയപ്പോള്‍ നാമും അതാണ് ഓര്‍ത്തത്'

'എന്ത്....'

'കുറച്ചു നേരത്തെ ആയിപ്പോയോ എന്ന്. നാം വേളി ആക്കേണ്ടത് അവളെ ആയിരുന്നില്ലെന്ന്'

 'അസ്സലായി'

പടിപ്പുരയിലേക്ക് പെട്ടെന്ന് ശിവകാമി എത്തി. അവരുടെ സംഭാഷണം പെട്ടെന്ന് നിലച്ചു.

'സമയം വൈകിയിരിക്കുന്നു ഞാന്‍ പോകുന്നു'

അനസൂയ വിഷ്ണു നമ്പൂതിരിയോട് പറഞ്ഞുകൊണ്ട് ശിവകമിയെയും നോക്കി യാത്രപറഞ്ഞു.

അന്ന് ഇല്ലത്ത് അനസൂയ പോയതിനു ശേഷവും അവളെക്കുറിച്ച് തന്നെയായിരുന്നു സംസാരം.

'പേരുകേട്ട ഇടമന ഇല്ലത്തെ കുട്ടി അല്ലേ ഇങ്ങനെ ആവാതിരിക്യോ..സൗന്ദര്യം മാത്രമല്ല എന്താ ഒരു ആഡ്യത്വവും '   അന്തര്‍ജനം വാതോരാതെ അനസൂയയെ കുറിച്ച് പറഞ്ഞു.

വിഷ്ണു നമ്പൂതിരിയും കൂടെ അത് ഏറ്റു പിടിക്കുമ്പോള്‍ കേട്ടു നില്‍ക്കുന്ന ശിവകാമിക്ക് ഒരല്‍പ്പം നീരസം ഉണ്ടായിരുന്നു. അവള്‍ ഒന്നും പറയാതെ കേള്‍ക്കുക മാത്രം ചെയ്തു.

അന്ന് അറയില്‍ ഏതോ ഒരു സ്വപ്നലോകത്ത് എന്നപോലെ കിടക്കുന്ന വിഷ്ണുനമ്പൂതിരിയെ കണ്ടു  ശിവകാമി നോക്കിയിരുന്നു.

'എന്താണ് നമ്മോട് ഒന്നും മിണ്ടാത്തത്. കണ്ടാലറിയാം  മറ്റെന്തോ ചിന്തയിലാണ് അവിടുന്നിപ്പോ'

'ശരിയാണ് എനിക്ക് ഇപ്പോള്‍ നിന്നോട് കുശലം പറഞ്ഞിരിക്കാന്‍
തോന്നാണ്ടായിരിക്കണു '

'അതിനിപ്പോ ഞാനെന്ത് ചെയ്തെന്ന '

'നീ ഒന്നും ചെയ്തില്ല... തെറ്റ് പറ്റിയത് നമുക്കാണ്... നിന്നെ വേ ളിയാക്കിയത്...അവളോടുള്ള നമ്മുടെ അതിതീവ്രമായ സ്‌നേഹം അടങ്ങുന്നില്ല'

'ആരോട്..'       മുഖം അല്പം വിളറിക്കൊണ്ട് കൊണ്ട് ശിവകാമി ചോദിച്ചു.

'അനസൂയ.. അവള്‍ നമ്മെ കീഴ്‌പ്പെടുത്തിയിരിക്കണു...എന്താ ഒരു അംഗലാവണ്യം..അവളെ നമ്മുടെ വേളിയാക്കാന്‍ നാം കലശലായി ആഗ്രഹിക്കുന്നു.'

'എന്താ ഈ പറയണേ...ഞാന്‍ എന്തേലും കുറവ് അവിടുന്ന് വരുത്തിയിട്ടുണ്ടോ... ഈശ്വര തുല്യം കാണുന്നില്ലേ...മറ്റൊരുത്തിയെ കാണുമ്പോഴേക്കും മനസ്സിന്റെ ചാഞ്ചല്യം എന്തിന്..'

ശിവകാമിക്ക് അനസൂയയോടുള്ള തന്റെ പതിയുടെ സ്‌നേഹവും വികാരവും എല്ലാം സഹിക്കുന്നതിലും അപ്പുറമായിരുന്നു.

'അതിനെന്ത് ഞാനവളെ നമ്മുടെ രണ്ടാം വേളി ആകുന്നതില്‍ നിനക്ക് വിരോധമുണ്ടോ'

'ഉണ്ട് ഞാനാണ് അവിടുത്തെ വേളി'

'ആയിക്കോട്ടെ..നമുക്ക് വേണമെങ്കില്‍ ഒരാള്‍ കൂടി നമ്മുടെ വേളിയായി വരുന്നതില്‍ ആരും എതിരു പറയില്ലല്ലോ'

'പറയില്ലായിരിക്കാം..എന്നാല്‍ ഞാന്‍ പറയും. അത്തരം ആചാരങ്ങള്‍ക്ക് ഞാന്‍ അനുവദിക്കില്ല.നമ്മുടെ സ്വാര്‍ത്ഥതയും നിങ്ങളോടുള്ള സ്‌നേഹവും തന്നെയാണത്.'
അവള്‍ ദുഖവും ദേഷ്യവും കൊണ്ട് വിഷ്ണു നമ്പൂതിരിയോട് സ്വരം അല്പം ഉയര്‍ത്തി സംസാരിച്ചു.

അതുകേട്ട് വിഷ്ണുനമ്പൂതിരി കോപിച്ചു അന്ന് രാത്രി ഏറെ നേരം അവര്‍ പരസ്പരം വാക്കേറ്റമുണ്ടായി.

പിറ്റേന്നാള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഏറെ വിഷാദത്തോടെ ആണ് അവള്‍ അറയില്‍ നിന്ന് പുറത്തിറങ്ങിയത്.

'എന്താ ഉണ്ടായേ കുട്ട്യേ.. നീ  ഈ ഇല്ലം മുഴുവന്‍ ഓടി നടന്നിരുന്നത് അല്ലേ.. ഇപ്പൊ ആ സന്തോഷം ഒന്നും മുഖത്ത് കാണാനില്ലല്ലോ'

അച്ഛന്‍ തിരുമേനി ശിവകാമിയോട് ചോദിച്ചു.

അവള്‍ തലതാഴ്ത്തി ഒന്നും മിണ്ടാതെ അവിടെ നില്‍ക്കുക മാത്രമാണ് ചെയ്തത്.

'ഈ മുഖത്ത് എന്താണ് ഒരു മ്ലാനത'
അദ്ദേഹം വീണ്ടും അത് ചോദിച്ചപ്പോള്‍

'നമ്മെ ഇവിടിപ്പോ ആര്‍ക്കും വേണ്ടാതായിരിക്കുന്നു'
എന്നും പറഞ്ഞു കണ്ണുനീരിനെ പിടിച്ചു നിര്‍ത്തി അവള്‍ അച്ഛന്‍ തിരുമേനിയുടെ അടുത്തുനിന്ന് വേഗം പോന്നു.

ശിവകാമി അത്രയേറെ തന്റെ പതിയെ സ്‌നേഹിച്ചിരുന്നു. മറ്റൊരാള്‍ തന്റെ സ്ഥാനം പങ്കിട്ടെടുക്കുന്നത് അവള്‍ക്ക് സഹിക്കുമാ യിരുന്നില്ല.മൂന്ന് ദിനങ്ങള്‍  പരസ്പരം ഒന്നും തന്നെ ഉരിയാടാതെ വിഷ്ണുനമ്പൂതിരിയും ശിവകാമിയും കഴിഞ്ഞുകൂടി.

പിറ്റേന്നാള്‍ ശിവരാത്രി മഹോത്സവത്തിന്റെ അന്ന് ശിവ ക്ഷേത്രത്തില്‍ വച്ച് വിഷ്ണുനമ്പൂതിരി അനസൂയയെ കാണുകയുണ്ടായി.

'ശിവകാമി വന്നില്ലേ കൂടെ'

' ഹും..ശിവകാമിയോ അവളോട് നാം ഉരിയാടാത്തതു തന്നെ മൂന്നു ദിനങ്ങളായി'

'അതെന്താണ് അങ്ങനെ ഉണ്ടാവാന്‍'

'നോം ഇവിടുത്തോടുള്ള നമ്മുടെ ഇഷ്ടത്തെ കുറിച്ച് അവളോട് പറഞ്ഞു വേളി ആക്കാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു'

അനസൂയ ഒന്ന് ഞെട്ടി

'എന്താണ് നമ്മെ വേളി ആക്കാനോ'

'എന്തിനാണ് ഉള്ളിലുള്ളത് മറയ്ക്കുന്നത് അവിടുന്നും ആഗ്രഹിക്കുന്നുവെന്ന് നമുക്കറിയാം'
അനസൂയ തല അല്പം താഴ്ത്തി നാണത്തോടെ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു

'ആഗ്രഹിക്കുന്നുണ്ട്.കണ്ടതു മുതല്‍ നമ്മുടെ മനസ്സിലും കയറിക്കൂടി ഇരിക്കുകയാണ്'

'ഹ..ഹ..ഹ..'
പറഞ്ഞതുകേട്ട് വിഷ്ണുനമ്പൂതിരി ചിരിച്ചപ്പോള്‍ കൂടെ അനസൂയയും ചിരിച്ചു.

'ശിവകാമി എതിര്‍ക്കുക ആണെങ്കിലോ'

'അതൊന്നും ഭയപ്പെടേണ്ട നമ്മുടെ അമ്മയ്ക്ക് ഇത് അത്യധികം സന്തോഷം ഉണ്ടാക്കുമെന്നത് ഉറപ്പാണ്.'
അവര്‍ പരസ്പരം കണ്ണുകളിലേക്ക് നോക്കി.

'എന്നാല്‍ വൈകാതെ മടങ്ങി കൊള്‍ക...' വിഷ്ണു നമ്പൂതിരി അനസൂയയോട് പറഞ്ഞു.
രണ്ടുപേരും ക്ഷേത്രത്തില്‍ നിന്നും യാത്രയായി.

പിറ്റേന്നാള്‍ പ്രഭാതഭക്ഷണം കഴിഞ്ഞ് ഏവരും കഥ പറഞ്ഞിരിക്കുന്ന വേളയില്‍ വിഷ്ണുനമ്പൂതിരി അന്തര്‍ജനത്തോട് പറയുകയുണ്ടായി.

'അമ്മേ നമുക്ക് ഇടമനയില്ലത്തെ അനസൂയ തമ്പുരാട്ടിയെ നമ്മുടെ വേളി ആക്കാന്‍ മോഹമുണ്ട്'

'എന്തായി കേള്‍ക്കണേ വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും ഒന്ന് തന്നെ. നമ്മുടെ മനസ്സിലും  അവളെ ഇവിടേക്ക് കൊണ്ടുവരണമെന്ന് അത്യധികം ആഗ്രഹം ഉണ്ടായിരുന്നു'

'എന്താ നിങ്ങള്‍ ശിവകാമിയെ മറന്നോ..' അച്ഛന്‍ തിരുമേനി ആയിരുന്നു അത്.
അവള്‍ ഇതെല്ലാം കേട്ടുകൊണ്ട് അവിടെ തന്നെ നിന്നു.

'അവള്‍ക്ക് എന്താണ് ഒരു യോഗ്യത.. ഈ ഇല്ലത്തേക്ക് വരാന്‍. എന്നിട്ടും നമ്മുടെ മകന്‍ ശിവകാമിയെ വേളിയാക്കിയില്ലേ..'   അന്തര്‍ജനം അവളെ നോക്കി അല്പം പുച്ഛത്തോടെ പറഞ്ഞു.
അനസൂയക്കും ന്റെ മകനും അങ്ങനെ ഒരു ആഗ്രഹം ഉണ്ടേച്ച അത് നടക്കണം. ' അതുകൂടെ അന്തര്‍ജനം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ഇതിനു സമ്മതിക്കില്ല ഒരിക്കലും' നാലു ഭിത്തികള്‍ കുലുങ്ങുന്ന ശബ്ദത്തില്‍ ശിവകാമി ഉറക്കെ പറഞ്ഞു.

'നിന്റെ സമ്മതം ആര്‍ക്കുവേണം നിന്നെയും നിന്റെ അച്ഛന്‍ തിരുമേനിയുടെയും അനുവാദം ആര്‍ക്കും വേണ്ട '
അന്തര്‍ജനം ശിവകാമിയെ നോക്കി പരിഹസിച്ചു.

അന്തര്‍ജനത്തിനും അച്ഛന്‍ തിരുമേനിക്കും മൂന്ന് സന്താനങ്ങളാണ് ഉള്ളത്. അതില്‍ മൂത്ത സന്താനമായ വിഷ്ണു നമ്പൂതിരിയോടാണ് അന്തര്‍ജനത്തിന് ഏറ്റവും പ്രിയം.ചെറുപ്പം മുതലേ മകന്റെ ഏത് ആഗ്രഹവും നടത്താന്‍ മുന്‍കൈ എടുക്കുന്നത് അന്തര്‍ജ്‌നമാണ്.

'ഞാന്‍ ജീവനോടെ ഉള്ളിടത്തോളം ഇത് ഒരിക്കലും നടക്കാന്‍ അനുവദിക്കില്ല.'

എന്ന് പറഞ്ഞ് ശിവകാമി അവിടെ നിന്ന് ധൃതിയില്‍ പോയി. അച്ഛന്‍ നമ്പൂതിരിയും അവിടെ നിന്ന് എഴുന്നേറ്റു.
ഇതെല്ലാം കണ്ടും കേട്ടും 
നിന്ന മുകുന്ദന്‍ നമ്പൂതിരി അന്തര്‍ജനത്തിന് അരികിലെത്തി.

'അമ്മേ... അമ്മയും ജേഷ്ഠന്റെ തെറ്റുകള്‍ക്ക് ഒപ്പം നിന്ന് ശിവകാമിയെ വിഷമിപ്പിക്കരുത്.'
തന്റെ ഏറ്റവും ഇളയ സന്താനം തനിക്കു നേരെ ഉയര്‍ത്തി സംസാരിച്ചപ്പോള്‍ അന്തര്‍ജനത്തിന് കോപം വന്നു. കൃഷ്ണന്‍ നമ്പൂതിരിയും അവിടേക്ക് എത്തി മുകുന്ദന്‍ നമ്പൂതിരി പറഞ്ഞതിനെ അനുകൂലിച്ചു. അന്തര്‍ജനം മറുപടി പറയാന്‍ നില്‍ക്കാതെ അവിടെ നിന്നും പോയി.

വളരെ ഏറെ ദുഖിതയായി ശിവകാമി അറയിലെ വാതയനത്തിനരികില്‍ മെത്തയില്‍ ഇരുന്നു.തലതാഴ്ത്തി കല്‍മുട്ടിലേക്ക്  മുഖം അടുപ്പിച്ചു. കണ്ണീര്‍ മുത്തുകളായി പൊഴിഞ്ഞു കൊണ്ടേയിരുന്നു. അന്ന് നിദ്രയവളെ തിരിഞ്ഞു പോലും നോക്കിയില്ല.
ചിന്തയില്‍ മുഴുകി എങ്ങോ എത്തിച്ചേര്‍ന്നിരുന്നു അവള്‍. പെട്ടന്ന് ശരീരത്തില്‍ ആകമാനം ഒരു വിമ്മിഷ്ടവും ഒക്കാനവും ഉണ്ടായി. താനൊരു കുഞ്ഞിനെ ഉദരത്തില്‍ പേറുകയാണോ എന്നവള്‍ ഭയന്നു.പിറ്റെന്നാള്‍ പുലര്‍ച്ചെ തന്നെ അതിനൊരു സ്ഥിതീകരണം ഉണ്ടാക്കാന്‍ അവള്‍ കുറച്ചുകലെ ഉള്ള ശ്രേഷ്ഠയായ വൈദ്യരമ്മയുടെ അടുക്കലേക്ക് പുറപ്പെട്ടു. അറയില്‍ ശിവകാമിയെ കാണാതെ വന്നപ്പോഴും വിഷ്ണു നമ്പൂതിരിക്ക് യാതൊരു കുലുക്കവും ഉണ്ടായില്ല.
  
'ഹോ... പോയെങ്കില്‍ അങ്ങട് പോട്ടെ.ഇനി എവിടാ എന്താ തിരക്കി വീണ്ടും തലയിലാക്കേണ്ട. സ്വയം പോകാന്‍ തോന്നിലോ...'

തോളിലെ വേഷ്ടി എടുത്തൊന്നു കുടഞ്ഞ് മുഖത്ത് പുച്ഛ ഭാവം പ്രകടമാക്കി അയാള്‍ തിരികെ നടന്നു.

വൈദ്യരമ്മയുടെ അടുക്കല്‍ എത്തിയ ശിവകാമിയെ കണ്ട മാത്രയില്‍ തന്നെ അവര്‍ പറഞ്ഞു

' തനിച്ചാണോ വന്നത് '

' അതെ ' അവള്‍ ഇടര്‍ച്ചയോടെ പറഞ്ഞു.

'വിഷ്ണു നമ്പൂതിരിയുടെ വേളിയല്ലേ... നമുക്കറിയാം '

മുറുക്കാന്‍ പെട്ടിയില്‍ നിന്ന് വെറ്റില എടുത്തു വായിലിട്ട് അവര്‍ വീണ്ടും തുടര്‍ന്നു.

'ഇത്ര നേരത്തെ തന്നെ തനിച്ചു ഇത്രയും ദൂരം നടന്നുവരാന്‍ എന്തുണ്ടായി? കുട്ടിടെ മുഖം വിളറി ക്ഷീണിതയാണല്ലോ '

'എന്തെന്നറിയില്ല... അര്‍ദ്ധരാത്രിയില്‍ ശരീരം മുഴുവന്‍ ഒരു വിമ്മിഷ്ടവും
ഒക്കാനവും ഉണ്ടായി.'

'എന്നിട്ട് ആരോടും പറഞ്ഞില്ലേ..'

'ഇല്ല... ഉറക്കം വന്നില്ല പിന്നെ... എന്താണെന്ന് അറിയാന്‍ പുലര്‍ച്ചെ പുറപ്പെട്ടു '

'മനസിലായി.. വിഷ്ണു നമ്പൂതിരിക് കൊടുക്കാന്‍ വല്ല സന്തോഷവാര്‍ത്ത ആണോ എന്നറിയാനല്ലേ..'

അത് കേട്ടതും ശിവകമിയുടെ ഹൃദയമിടിപ്പ് കൂടി. ചുണ്ടുകള്‍ വരണ്ടു.

വൈദ്യരമ്മ അവളെ പരിശോധിച്ചു. ഇറുക്കിപിടിച്ച ഒരു പുഞ്ചിരിയാലെ അവളുടെ മുഖത്തേക്ക് നോക്കി.

'തനിച്ചുപോവണ്ട കുട്ടി... ആളെ പറഞ്ഞു വിട്ട് വിഷ്ണു നമ്പൂതിരിയെ ഇങ്ങോട്ട് വിളിക്കാം.. എന്നിട്ട് പൊയ്‌ക്കോളൂ '

'വൈദ്യരമ്മ തനിക്ക് എന്താണെന്നു പറഞ്ഞില്ല '

'അത് എന്തിനേറെ പറയാനിരിക്കുന്നു. കുട്ടിയുടെ ഉള്ളില്‍ മറ്റൊരു ജീവന്‍ കൂടെ തുടിക്കുന്നു '

ആ സന്തോഷവാര്‍ത്ത ശിവകാമിയില്‍ ഭയമാണ് ഉണ്ടാക്കിയത്. തന്റെ വിഷമങ്ങള്‍ വൈദ്യരമ്മയില്‍ നിന്ന് ആവുന്നത്ര മറച്ചു പിടിക്കാന്‍ ശ്രമിച്ച് ഉള്ളില്‍ കനലെങ്കിലും പുറത്ത് ചെറുപുഞ്ചിരിയുമായി വിഷ്ണുനമ്പൂതിരിയെ കാത്തിരുന്നു.
വൈദ്യരമ്മയുടെ സഹായി വിഷ്ണു നമ്പൂതിരിയെ വിളിക്കാന്‍ ഇല്ലത്തേക്ക് പുറപ്പെട്ടു.ഇല്ലത്ത് എത്തും മുന്‍പേ തന്നെ പാതിവഴിയില്‍ വെച്ച് കാലന്‍ കുടയും പിടിച്ച് വേഷ്ടിമുണ്ടും തോളിലിട്ട് പുറത്തേക് ഇറങ്ങിയ വിഷ്ണുനാമ്പൂതിരിയെ അയാള്‍ കണ്ടു.

'അവിടുന്ന് ഒന്ന് നില്‍ക്കണം '

'ആരാണ്...പറയാ എന്താ വേണ്ടേ...'വായിലെ മുറുക്കാന്‍ നീട്ടി തുപ്പിക്കൊണ്ട് അദ്ദേഹം ചോദിച്ചു.

'അവിടുത്തെ വേളി വൈദ്യരമ്മയുടെ അടുക്കല്‍ ഉണ്ട്. അവിടം വരെ ഒന്ന് വരാന്‍ വൈദ്യരമ്മ പറഞ്ഞു '

'തന്റെ വേളിയോ.. നടക്ക ഏതായാലും '

കൈയും വീശി അല്പം ഗൗരവത്തോടെ വിഷുനമ്പൂതിരി അയാളുടെ പിറകെ നടന്നു.
അവിടെ എത്തിയ ഉടനെ പുറത്ത് കണ്ട വൈദ്യരമ്മയോട് കാര്യം തിരക്കി.

'ഇനി അല്പം കാര്യ ഗൗരവം ഒക്ക വരാന്‍ ആയിരിക്കുന്നു.'വൈദ്യരമ്മ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

കാര്യം മനസിലാവാതെ നില്‍ക്കുന്ന വിഷ്ണു നമ്പൂതിരിയോട് വൈദ്യരമ്മ വീണ്ടും തുടര്‍ന്നു..

' അങ്ങയുടെ വേളി അകത്തു വിശ്രമിക്കുന്നുണ്ട്.ആ കുട്ടി ഇനി ഒറ്റക്കല്ല. മറ്റൊരു ജീവന്‍ കൂടെ ഉള്ളില്‍ തുടിക്കുന്നുണ്ട്. '

മനസ്സില്‍ അബദ്ധം കാട്ടിയല്ലോ എന്ന ചിന്തയോടെ, അകത്തു വിശ്രമിക്കുന്ന ശിവകാമിയെയും കൂട്ടി വിഷ്ണുനമ്പൂതിരി പുറത്തിറങ്ങി.
ഇരുവരും ഒന്നും ഉരിയാടാതെ ഇല്ലം വരെ നടന്നു.

അന്ന് വൈകുന്നേരം ഇല്ലത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് എല്ലാവരും പോകാനൊരുങ്ങി.ശിവകാമി മാത്രം പോയില്ല. അച്ഛന്‍ തിരുമേനി വരാന്‍ പറഞ്ഞെങ്കിലും,അവള്‍ വിസമ്മതിച്ചു.  അറയില്‍ കയറി കതകുകള്‍ അടച്ച് വിങ്ങിപൊട്ടി കരയാന്‍ തുടങ്ങി.

'നമ്മെ അദ്ദേഹത്തിന് വേണ്ട.പിന്നെ തന്റെ ഉദരത്തില്‍ വളരുന്ന ജീവനും വേണ്ടി വരില്ല... മനോഹരമായ ഒരു പുറംലോകം എന്റെ കുഞ്ഞിനെ വരവേല്‍ക്കുമോ..'

അവളുടെ ഏങ്ങലുകള്‍ ആ നാലുചു വരുകള്‍ക്കുള്ളില്‍ നിന്ന് വീര്‍പ്പുമുട്ടി.

ക്ഷേത്രത്തിലെ ഉത്സവത്തിന് പോയ വിഷ്ണു നമ്പൂതിരി ശിവകാമിയില്‍ മറ്റൊരു കുഞ്ഞു ജീവന്‍ കൂടെ ഉണ്ടെന്ന വിവരം അമ്മയായ ശ്രീദേവി അന്തര്‍ജ്ജനത്തെ അറിയിച്ചു.
അന്തര്‍ജ്ജനത്തിന്റ മുഖം വിളറി ചുവന്നു.

'എന്താ ഈ കേള്‍ക്കണേ നമുക്ക് ശിവകാമിയില്‍ ഉണ്ടായ ഉണ്ണിയെ വേണ്ട. '

'വേണം വെച്ചിട്ടില്ല. അനസൂയയെ കണ്ടുമുട്ടും മുന്നെ അബദ്ധം സംഭവിച്ചുപോയിരിക്കണു. '

'ഇനി എന്താ ഉണ്ണ്യേ ചെയ്യാ..'

'എല്ലാം കൊണ്ടും അവളിപ്പോ ഒരു തടസാ യിരിക്കണു.'   വിഷ്ണു നമ്പൂതിരിക്ക് ശിവകാമിയില്‍ ഉള്ള മതിപ്പുകേട് മുഖത്ത് പ്രകടമായിരുന്നു.

'അച്ഛന്‍ നമ്പൂതിരിയും സഹോദരങ്ങളും അറിയണ്ട.നാം ഉണ്ണിയോട് ഒരു കാര്യം പറയാം.കോലോത്ത് ഇപ്പൊ അവള്‍ തനിച്ചാണ്. ആരുമറിയാതെ നമുക്ക് ശിവകാമിയെ എന്നെന്നേക്കുമായി ഇല്ലാണ്ടാക്കാം. '

വിഷ്ണു നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും സംസാരത്തിനിടയിലേക്ക് കസവു വേഷിടിയും മുണ്ടും ധരിച്ചു കഴുത്തില്‍ മാങ്ങാ മാല അണിഞ്ഞു അഴിച്ചിട്ട മുടിയില്‍ മുല്ലപ്പു ചൂടി അനസൂയ  വന്നു. അലേയം ഇല്ലത്തെ ക്ഷേത്ര ഉത്സവത്തിന് വിഷ്ണു നമ്പൂതിരിയുടെ ക്ഷണം സ്വീകരിച്ചു എത്തിയതായിരുന്നു അവള്‍. അധരത്തില്‍ പുഞ്ചിരി വിടര്‍ത്തി വിഷ്ണു നമ്പൂതിരിയുടെ കണ്ണുകളിലേക്ക് ഇമ വെട്ടാതെ അവള്‍ നോക്കികൊണ്ടിരുന്നു.
ശ്രീദേവി അന്തര്‍ജനം മന്ദസ്മിതം പൂണ്ട് അവരില്‍ നിന്ന് ഒരല്പം മാറി നില്‍ക്കാന്‍ പോകുമ്പോള്‍,

'അമ്മ അവിടെ നിക്ക.. അനസൂയയോട് കാര്യങ്ങള്‍ അമ്മ തന്നെ പറയാ...'

വിഷ്ണു നമ്പൂതിരിയുടെ മനസ് വീണ്ടും കാര്യങ്ങളിലേക്ക് തിരിച്ചെത്തി.
അനസൂയ എന്താണ് എന്ന അന്താളിപ്പോടെ രണ്ടുപേരെയും നോക്കി.

അന്തര്‍ജനം ശിവകാമി ഒരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്ന കാര്യവും അവളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനും അനസൂയയെ മകന്റെ വേളിയാക്കാനും ആണ് തന്റെ ആഗ്രഹമെന്ന് അവളോട് പറഞ്ഞു.
   
ഉത്സവത്തിരക്കിനിടയിലൂടെ ഇരുട്ടില്‍ ഒരു ചൂട്ടും കത്തിച്ച് അനസൂയയുടെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും അറിവോടെ വിഷ്ണു നമ്പൂതിരി തന്റെ ഇല്ലത്തേക്ക്‌പോയി.ഇല്ലം ശാന്തമായിരിക്കുന്നു. മുന്നിലെ കതക് അടച്ചാണ് ഇരിക്കുന്നത്. വലുതുഭാഗത്തേക്ക് നടന്നപ്പോള്‍ തന്റെ അറയില്‍ വാതായനത്തിന്റെ ഒരു പോള തുറന്നിരിക്കുന്നു.ശിവകാമി വാതായന ത്തിന് വിപരീതമായി ചരിഞ്ഞു കിടക്കുന്നത് കാണാമായിരുന്നു. കാര്‍കൂന്തല്‍ അലസമായി കിടക്കുന്നു. വിഷ്ണുനമ്പൂതിരി തന്റെ കൈയില്‍ ഇരിക്കുന്ന ചൂട്ട് അറയിലെ മെത്തയിലേക്കു എറിഞ്ഞതും തീ ആളിപടര്‍ന്നതും ശിവകാമിയുടെ അലര്‍ച്ചയും ഒരുമിച്ചായിരുന്നു.
ക്ഷേത്രത്തിലെ ഉത്സവമായതുകൊണ്ട് ആ അലര്‍ച്ച ആരും കേട്ടില്ല. സമീപ വാസികളെല്ലാം ഉത്സവത്തിരക്കില്‍ ആയിരുന്നു. ഒന്നും അറിയാത്ത ഭാവത്തില്‍ വിഷ്ണു നമ്പൂതിരി തിരികെ ക്ഷേത്രത്തില്‍ അന്തര്‍ജനത്തിന്റെയും അനസൂയയുടെയും അടുക്കലെത്തി.

ക്ഷേത്രത്തിനു മുന്നിലെ പ്രധാന വേദിയില്‍ അരങ്ങേറുന്ന മോഹിനിയാട്ടം ആസ്വദിച്ച് കസേരയില്‍ താളം പിടിച്ചിരിക്കുന്ന അച്ഛന്‍ തിരുമേനി ഒന്നും അറിഞ്ഞതേയില്ല.
നേരം ഏറെ വൈകിയതോടെ അനസൂയ തന്റെ ഇല്ലത്തേക്ക് മടങ്ങി. ആലേയം ഇല്ലത്ത് ഉള്ളവരും മടങ്ങാനൊരുങ്ങി.

'എന്താണ് ആ ഗന്ധം... വലതു വശത്തുനിന്നുമാണല്ലോ...'

ഇല്ലത്തെ പടിപ്പുരയിലേക്ക് പ്രവേശിച്ചതും മൂക്ക് അല്പം ചുളിച്ചുകൊണ്ട് അച്ഛന്‍ തിരുമേനി പറഞ്ഞു. വിഷ്ണു നമ്പൂതിരിയുടെ താഴെയുള്ള രണ്ട് സഹോദരങ്ങളും അത് ശെരി വെച്ചു.

'പോയി നോക്ക..'  അച്ഛന്‍ തിരുമേനിയുടെ ആഞ്ജ കേട്ട്  രണ്ടാമത്തെ സന്താനം കൃഷ്ണന്‍ നമ്പൂതിരി ആ ഭാഗത്തേക് പോയതും വിഷ്ണു നമ്പൂതിരിയും അന്തര്‍ജനവും പരസ്പരം മുഖത്തേക്ക് നോക്കി.

'പുറത്തെങ്ങും ഒന്നുമില്ലല്ലോ... പുറത്തുനിന്നുമുള്ള ഗന്ധം അല്ലല്ലോ ഇത് ' എന്ന് സ്വയം പറഞ്ഞുകൊണ്ട്,ശിവകാമിയുടെ അറിയിലേക് കണ്ണുകള്‍ തിരിഞ്ഞതും കൃഷ്ണന്‍ നമ്പൂതിരി ഞെട്ടി.വാക്കുകള്‍ പുറത്തുവരാതെ ചുണ്ടുകള്‍ ഇടറി. ശരീരമാസകലം വിയര്‍ത്തുകൊണ്ട് അച്ഛന്‍ തിരുമേനിക്കരികിലെത്തി.കൈകാലുകള്‍ വിറച്ചുകൊണ്ട് അച്ഛന്‍ തിരുമേനിയെ ഒന്ന് നോക്കി പൊടുന്നനെ തന്നെ ഇല്ലത്തെ മുന്‍വാതില്‍ തുറന്ന് വടക്കിനിയിലെ ശിവകാമിയുടെ അറ ചവിട്ടി തുറന്നു. എല്ലാവരും കൃഷ്ണന്‍ നമ്പൂതിരിയെ പിന്തുടര്‍ന്നു. വാതില്‍ തുറക്കപ്പെട്ടതും അച്ഛന്‍ തിരുമേനിയുടെ കൈയില്‍ ഉണ്ടായിരുന്ന വടി വഴുതി നിലത്തേക് വീണു. അച്ഛന്‍ തിരുമേനി കൈകള്‍ക്കൊണ്ട് നിലം പരതി സംഭ്രമത്തോടെ അവിടിരുന്നു. വിഷ്ണു നമ്പൂതിരി അറയിലേക്ക് ഓടിച്ചെന്ന് അലറിവിളിച്ചു. ആര്‍ക്കും സംശയം തോന്നാത്ത മട്ടില്‍ ശ്രീദേവി അന്തര്‍ജ്ജനം മോഹാലസ്യപ്പെട്ടുവീണതായി അഭിനയിച്ചു.
നാട്ടിലെങ്ങും ശിവകാമി സ്വയം ജീവന്‍ ത്യജിച്ചതായി പരന്നു.

രണ്ടുദിനങ്ങള്‍ കടന്നു പോയി.

ശിവകാമിയുടെ തോഴി മീനാക്ഷി ആലേയം ഇല്ലത്തേക്ക് ഓടിപ്പാഞ്ഞു വന്നു.വഴിയില്‍ കണ്ടവരെ ഒന്നും കൂസാതെ മുഖമൊന്ന് തിരിഞ്ഞോ മറിഞ്ഞോ നോക്കാതെ കലി ഇളകി വരുമ്പോലെ ആയിരുന്നു അവളുടെ വരവ്.മുഖത്തെ ശൗര്യം വ്യക്തമായിരുന്നു.

ഇല്ലത്തെ പടിപ്പുരയില്‍ നിന്നുകൊണ്ട് അവള്‍ ഉറക്കെ പറഞ്ഞു

 'ന്റെ ശിവകാമി ആത്മഹത്യ ചെയ്യില്ല. അവളെ നിക്കറിയ. ആരും ഇല്ലാക്കഥ പരത്തണ്ട. അവളെ എല്ലാരൂടെ ചേര്‍ന്ന് ഇല്ലാണ്ടാക്കിയതാ '

ഉമ്മറത്തെ ചൂരല്‍ കസേരയില്‍ ഇരുന്നുകൊണ്ട് ഇതൊക്കെയും കേള്‍ക്കുന്ന അച്ഛന്‍ തിരുമേനിയുടെ കണ്ണുകളില്‍ നിന്ന് അശ്രു പൊഴിഞ്ഞു.

'ആ കുട്ടി പറേണത് തന്നാവും സത്യം. അല്ലാതെ ന്റെ മോള്‍ അങ്ങനെ ചെയ്യില്ല '
അച്ഛന്‍ തിരുമേനി പതിഞ്ഞ സ്വരത്തില്‍ സ്വയം തന്നോട് തന്നെ പറഞ്ഞു.

അകത്തു നിന്നും ശ്രീദേവി അന്തര്‍ജനം പുറത്തേക്ക് എത്തി.

'ഇല്ലത്ത് വന്ന് വല്ലതും വിളിച്ചുപറയാനുള്ള ധൈര്യം എവിടുന്ന് കിട്ടി. പോയിക്കൊള്ള. അല്ലെങ്കില്‍ എന്തുവേണമെന്ന് നമുക്കറിയ'

'പോവ തന്നെയാ.. ശിവകാമിയെ ഇല്ലാണ്ടാക്കിയതാണെന്ന് ഞാന്‍ പറയും. വിളിച്ചു പറയും '
മുന്നിലേക്ക് വന്നുവീണ മുടി പുറകിലോട്ട് ആഞ്ഞു തട്ടി മീനാക്ഷി തിരികെ നടന്നു.

ശിവകാമിയെ അറിയുന്നവരും വിഷ്ണുനമ്പൂതിരിയുടെ സ്വഭാവത്തിലെ പിടിപ്പുകേട് അറിയുന്നവരെല്ലാം മീനാക്ഷി പറഞ്ഞത് ശെരിവെച്ചു.

ശിവകാമിയുടെ ഓര്‍മ്മകള്‍ മരണമടയുന്നത്തിന് മുന്നെ തന്നെ ഒരാഴ്ചയ്ക്കകം അനസൂയയുമായുള്ള വിഷ്ണുനമ്പൂതിരിയുടെ മംഗലത്തിന്റെ ഒരുക്കങ്ങള്‍ ഇല്ലത്തു തുടങ്ങി. ഇതൊന്നും കണ്ടില്ല എന്ന് ഭാവിച്ച് ആരോടും ഉരിയാടാതെ അച്ഛന്‍ തിരുമേനി ചൂരല്‍ കസേരയില്‍ തന്നെ ഇരുന്നു.

അതിവേഗത്തില്‍ വീണ്ടുമുള്ള വിഷ്ണു നമ്പൂതിരിയുടെ മഗലം നാട്ടുകാരില്‍ മീനാക്ഷി പറഞ്ഞതാണ് ശെരിയെന്നു ഒന്നുകൂടെ ഉറപ്പിച്ചു. അങ്ങനെ അനസൂയയുടെയും വിഷ്ണു നമ്പൂതിരിയുടെയും മംഗല ദിവസമായി.

പുറത്തു നല്ല കാറ്റ്,  ഇടമനയില്ലത്തെ അനസൂയ തമ്പുരാട്ടി വിഷ്ണു നമ്പൂതിരിയുടെ വേളിയായി ആലേയം ഇല്ലത്തേക്ക് വിളക്കുമായി കാലെടുത്തുവച്ചതും ശക്തിയായി വന്ന കാറ്റ് തിരിയെ അണച്ചു.ഒറ്റത്തിരി മാത്രം അവശേഷിക്കുന്ന വിളക്കിനെ അവള്‍ സംഭ്രമത്തോടെ നോക്കി നിന്നു.

 'സാരല്ല്യ കുട്ടിയെ കാറ്റ് അല്ലേ.. കാലാവസ്ഥ ഒട്ടും ശരിയല്ല,  ഭയപ്പെടേണ്ട.. കേറി കൊള്‍ക'

ശ്രീദേവി അന്തര്‍ജനം ആയിരുന്നു അത്.

' അനസൂയ...അമ്മ പറഞ്ഞത് കേട്ടില്ലേ മുഖത്തെ സംഭ്രമം മാറ്റി നീ വരിക '

വിഷ്ണുനമ്പൂതിരി അരികില്‍ നിന്നുകൊണ്ട് അവളെ ആശ്വസിപ്പിച്ചു.

'അവളുടെ ശാപം അല്ലാതെന്ത്
അശുഭസൂചനയാണ് എല്ലാം. രാമ..രാമ..ഇനി എന്തൊക്കെയാണാവോ'
  
അച്ഛന്‍ തിരുമേനിയുടെ ഉള്ളില്‍ വരാന്‍പോകുന്നതിനെക്കുറിച്ചുള്ള ആവലാതികള്‍ ആയിരുന്നു.

'മിണ്ടാണ്ടിരിക്ക്യ, ആ കുട്ടി കേള്‍ക്കണ്ട ' ശ്രീദേവി അന്തര്‍ജനം അച്ഛന്‍ തിരുമേനിയുടെ വായ മൂടി.

'പറയാതിരിക്കാന്‍ കഴിയോ,കാണ്‍ണില്ലേ നീയും.നാഗത്തിന്റെ അനുഗ്രഹമുള്ള കുട്ടിയാ അവള്.നാഗശാപം കൂടെ അനുഭവിച്ചു കൊള്ളുക.'

'കാറ്റടിച്ചു വിളക്ക് അണഞ്ഞതിനാണോ ഈ മുറുമുറുക്കണേ '   എന്നും പറഞ്ഞ് അന്തര്‍ജ്ജനം അകത്തേക്ക് പോയതും, അച്ഛന്‍ തിരുമേനി ചൂരല്‍ കസേരയിലോട്ട് ഒന്നുകൂടെ ചാരി ഇരുന്നു.

അറയിലേക്ക് വരുന്ന അനസൂയയുടെ പാദസരത്തിന്‍ ശബ്ദം കേട്ട് വിഷ്ണു നമ്പൂതിരിയുടെ മേനി പുളകിതമായി. വീതിയുള്ള വെളുത്ത അവളുടെ പാദത്തിന്റെ ഓരോ ചുവടും അയാളിലെ കാമത്തെ ഉണര്‍ത്തി.അരയന്നത്തിന്റെ  നടയായിരുന്നു അവള്‍ക്ക്. കസവുമുണ്ടും കച്ചയും കെട്ടിയ അവളുടെ സൗന്ദര്യം വര്‍ണനാതീതമായിരുന്നു.  പേരെടുത്ത നര്‍ത്തകിയായ അവളുടെ ശരീരത്തിന് ആകര്‍ഷണം ഉള്ള ഒരു എടുപ്പ് ഉണ്ടായിരുന്നു.

വിഷ്ണു നമ്പൂതിരി അവളുടെ കൈകളില്‍ സരളമായി ഒന്നു തഴുകിയതും,വാതായനം ശക്തിയില്‍ ഒന്നടഞ്ഞു.കാറ്റില്‍ വൃക്ഷങ്ങള്‍ ആടിയുലഞ്ഞു.പാമ്പിന്റെ ഗന്ധം അവിടെയെങ്ങും വമിച്ചു.

'എന്താ ഇതിപ്പോ,പ്രകൃതിക്ക് എന്തുപറ്റി ഇരിക്കണു ' വിഷ്ണു നമ്പൂതിരി വാതായനത്തിലൂടെ അന്തരീക്ഷത്തിലേക്ക് നോക്കികൊണ്ട് പറഞ്ഞു.

'വേളി കഴിഞ്ഞ് വിളക്ക് കയ്യില്‍ തന്നത് മുതല്‍ ഞാനും ശ്രദ്ധിക്കയാണ്.പ്രകൃതി ആടിയുലയുകയാണ്.പാമ്പിന്റെ ഗന്ധം അസഹനീയമായിരിക്കുന്നു. '   അനസൂയ വ്യാകുലപ്പെട്ടു.

'ഭയം വെടിയൂ ആദ്യം, ഒന്നുമില്ല.' അനസൂയയെ വിഷ്ണു നമ്പൂതിരി തോളോട് ചേര്‍ത്ത് പിടിച്ചു.

'കുട്ടിയെ ഇങ്ങു വന്നാലും...പെട്ടെന്ന് ആവട്ടെ... വന്നാലും.' ശ്രീദേവി അന്തര്‍ജനത്തിന്റെ ശബ്ദമായിരുന്നു അത്.

'അമ്മയുടെ കരച്ചില്‍ അല്ലേ അത്, വരിക.. പോയി നോക്കാം.' വിഷ്ണു നമ്പൂതിരിയും പിന്നാലെ അനസൂയയും ധൃതിയില്‍ നടന്നു.

'നോക്ക അങ്ങട്,അച്ഛന്‍ തിരുമേനിക്ക് എന്തോ പറ്റിയിരിക്കുന്നു. നോക്ക കുട്ടിയെ.'

അച്ഛന്‍ തിരുമേനിയുടെ ശ്വാസം ദ്രുതഗതിയില്‍ ഉയര്‍ന്നുപൊങ്ങുകയായിരുന്നു. ദാസിയുടെ കൈയില്‍നിന്ന് ചിരാത് വീണതും അഛന്‍ തിരുമേനിയുടെ ശ്വാസം നിലച്ചതും ഒരുമിച്ചായിരുന്നു. ശ്രീദേവി അന്തര്‍ജനം, കണ്ടു നില്‍ക്കെ മോഹാലസ്യപ്പെട്ടു വീണു.

ശോക ജനകമായ ആ രാത്രി നിദ്രയില്ലാതെ പകലായി.

അച്ഛന്‍ തിരുമേനിയുടെ ചിതയ്ക്കു അദ്ദേഹത്തിന്റെ മൂത്ത സന്താനം വിഷ്ണു നമ്പൂതിരിയും രണ്ടാമത്തെ സന്താനം കൃഷ്ണന്‍ നമ്പൂതിരിയും മൂന്നാമത്തെ സന്താനം മുകുന്ദന്‍ നമ്പൂതിരിയും ചേര്‍ന്ന് തീ കൊളുത്തി.

അതേസമയം ദാസി,മെത്തയില്‍ കിടക്കുന്ന ശ്രീദേവി അന്തര്‍ജനത്തിന് അരികിലിരുന്ന് വിശറി വീശുകയായിരുന്നു.

ചിതയില്‍ ആളിക്കത്തുന്ന തീയ്ക്ക് അസ്വാഭാവിക പെരുമാറ്റം ഉണ്ടായി. തീ ഉയര്‍ന്നുപൊങ്ങി അച്ഛന്‍ തിരുമേനിയുടെ രൂപം തീര്‍ത്തു.ഭയപ്പെട്ട് അനസൂയ കണ്ണുകള്‍ അടച്ചു.

അച്ഛന്‍ തിരുമേനിയുടെ അച്ഛന്‍,പേരെടുത്ത അനന്തന്‍ തമ്പുരാന്‍ ഉണ്ടായിരുന്ന കാലത്ത് ദേവിയെ പ്രീതിപ്പെടുത്തിയ ആലേയം ഇല്ലത്ത് അനിഷ്ടങ്ങള്‍ കണ്ടപ്പോള്‍,കണ്ടുനിന്നവരിലും അത്ഭുതം ഉണ്ടാക്കി.അവര്‍ പരസ്പരം പറയാന്‍ തുടങ്ങി.

 'അറിഞ്ഞില്ലേ അച്ഛന്‍ തിരുമേനി പോയി. ആലേയം ഇല്ലത്ത് എന്തൊക്കെയോ നടക്കുന്നുണ്ട്.അവിടെ പോകുന്നത് തന്നെ ഇപ്പോള്‍ ഭയമാണ് ഉള്ളില്‍.'

'ശാപം അല്ലാണ്ട് എന്ത്.'

'അതെ,അവിടുത്തെ ദാസി കണ്ടത്രേ.. അവര്‍ നമ്മോട് പറഞ്ഞിരിക്കുന്നു.'

നാട്ടുകാര്‍ക്കിടയില്‍ അച്ഛന്‍ തിരുമേനിയുടെ മരണവും അവിടെ നടന്ന അനിഷ്ടങ്ങളും ഒരു ചര്‍ച്ചാ വിഷയമായി.

വ്യാകുലത നിറഞ്ഞ നാളുകള്‍ കടന്നു പോയി.

അച്ഛന്‍ തിരുമേനി മരണമടഞ്ഞിട്ട് നല്‍പ്പത്തിയൊന്ന് നാളുകള്‍ കഴിഞ്ഞു.

കൃഷ്ണന്‍ നമ്പൂതിരിയും മുകുന്ദന്‍ നമ്പൂതിരിയും അച്ഛന്റെ കര്‍മ്മങ്ങള്‍ ചെയ്യാനായി ദൂരെ ഒരു ക്ഷേത്രത്തിലേക്ക് പോയി.
അതേദിവസം അനസൂയ തന്റെ സ്വന്തം ഇല്ലമായ ഇടമന ഇല്ലത്തേക്ക് അച്ഛനെയും അമ്മയെയും കണ്ട് വരാന്‍ പുറപ്പെട്ടു.

'അമ്മേ ഞാന്‍ പോയി വരുന്നു.'

'വേഗം വരിക വേണമെങ്കില്‍ വിഷ്ണുവിനെ  കൂട്ടി കൊള്ളുക. എനിക്ക് കൂട്ടിന് ദാസി പെണ്ണ് ഉണ്ടല്ലോ '

'അത് വേണ്ട അമ്മേ . അച്ഛന്റെ കര്‍മം ചെയ്യാന്‍ അനുജന്മാര്‍ പോയിരിക്കുമ്പോള്‍ അദ്ദേഹം എങ്ങനാ വരിക.'

വിഷ്ണു നമ്പൂതിരിയെ മുഖം കാണിച്ച് അവള്‍ ഇടമന ഇല്ലത്തേക്ക് പോകാന്‍ തുടങ്ങി.

ഇല്ലത്തുനിന്ന് തിരികെ വരുമ്പോള്‍ സന്ധ്യാസമയം ആയിരുന്നു. കാട് നിറഞ്ഞ ആ ചെറിയ നടപ്പാതയിലൂടെ അവള്‍ തനിച്ച് നടക്കുകയായിരുന്നു.ഓരോ കാല്‍വെപ്പിലും ഇരുട്ടിന്റെ കാഠിന്യം കൂടിക്കൂടി വന്നു.കണ്ണുകളില്‍ ഇരുട്ട് മൂടിയതുപോലെ. അവള്‍ നടക്കുന്നതിന് വേഗതകൂട്ടി. പെട്ടെന്ന് ഒരു വെളിച്ചം കണ്‍മുന്നില്‍ .മരത്തിന്റെ ചില്ലയില്‍ നിന്ന് ഒരു സര്‍പ്പം തൂങ്ങി കിടക്കുന്നു. കണ്ണുകള്‍ മുറുക്കി ചിമ്മി ചെവി രണ്ടും പൊത്തി അവള്‍ ഒരൊറ്റ അലറല്‍. കണ്ണുതുറന്നപ്പോള്‍ ഒരു സ്വപ്നം പോലെ, ചുറ്റിലും ഒന്നുമില്ല. കിതപ്പിലും അവള്‍ അതിവേഗത്തില്‍ നടന്നു. ആരോടും ഒന്നും മിണ്ടാതെ അറയില്‍ കയറി കതകടച്ച് അല്പനേരം  കിടന്നു. കണ്ണുകള്‍ അടയ്ക്കുമ്പോഴും ഒരു കാലടി ശബ്ദം പിന്തുടരുന്നത് പോലെ അവള്‍ക്ക് തോന്നി.

'നിനക്കെന്താ പറ്റിയെ,കുട്ടികളോട് ഇങ്ങു വരാന്‍ പറയാ.. ഇനി  നാളെ മുതല്‍ വീണ്ടും നൃത്തവിദ്യ കുട്ടികളില്‍ പകര്‍ന്നുനല്‍കുന്നത് ആരംഭിക്കുക.അപ്പോ നിന്റെ മനസ്സ് ഒക്കെ ഒന്ന് ശാന്തമാകും.'

വിഷ്ണുനമ്പൂതിരി അത് പറഞ്ഞപ്പോള്‍ അവള്‍ക്കും തോന്നി അത് അവളുടെ മനസ്സിന് ഉണര്‍വ് നല്‍കുമെന്ന്.

ഇല്ലത്തെ തെക്കിനി ഭാഗത്ത് നൃത്തവിദ്യ അരങ്ങേറാന്‍ തുടങ്ങി. അവള്‍ സ്വപ്നം എന്നപോലെ പലതും മറന്നു.

ഒരുദിവസം നൃത്ത പരിശീലനത്തിനിടയില്‍ കുട്ടികളോട് അവിടെ ഇരിക്കാന്‍ പറഞ്ഞ് അനസൂയ അകത്തേക്ക് പോയതും,അവര്‍ ഇറങ്ങി ഇല്ലത്തിനു ചുറ്റും നടക്കാന്‍ തുടങ്ങി.

കുട്ടികളുടെ നിലവിളി കേട്ട് ഓടി വന്ന അവള്‍ കണ്ടത് ഒരു കുട്ടി വീണുകിടക്കുന്നത് ആയിരുന്നു.

എന്തെന്ന് അന്വേഷിച്ചപ്പോള്‍ അതില്‍ ഒരാള്‍ പറയാന്‍ തുടങ്ങി.

'ഞങ്ങളാ മാവിന്‍ ചുവട്ടില്‍ പോയി അതിലെ ഉണ്ണി മാങ്ങ കല്ലെറിഞ്ഞതാണ്.അതിന്റെ ഏറ്റവും മുകളിലെ കൊമ്പില്‍,ഒരു കറുത്ത പൂച്ച.വെള്ളാരം കല്ല് പോലെ തിളക്കമുണ്ടായിരുന്നു അതിന്റെ കണ്ണുകള്‍ക്ക്. ഞങ്ങളെ തുറിച്ചു നോക്കി ഒരൊറ്റ ചാട്ടം,അത് അവളുടെ മേലേക്ക് ആയിരുന്നു.അവള്‍ ഭയപ്പെട്ട് വീണതാ... '

'നിങ്ങള്‍ ഇനി ആ ഭാഗത്തേക്ക് പോകേണ്ട... കേട്ടോ..'

അനസൂയ കുട്ടിയുടെ മുഖത്തേക്ക് മണ്‍ കൂജയില്‍ നിന്ന് അല്പം വെള്ളം തളിച്ചു.കുട്ടി കണ്ണുകള്‍ കുടഞ്ഞു എഴുന്നേറ്റു.

'അതെന്താ അവിടെ പോവരുത് എന്ന് പറഞ്ഞത്, അവിടെ എന്താ ഉള്ളത്.' അനസൂയ തിരിഞ്ഞു നടന്നതും കുട്ടികള്‍ പരസ്പരം കുശുകുശുക്കാന്‍ തുടങ്ങി.

ഇല്ലത്തെ എല്ലാ കൊല്ലവും ഉണ്ടാവാറുള്ള ദേവി യാഗത്തിന് സമയമായി. പൂജാരി എത്തി ഹോമകുണ്ഡം ഒരുക്കു കയായിരുന്നു.

'അമ്മേ.............'

അവളുടെ നിലവിളി ഇല്ലത്തെ ആകെ ഇളക്കിമറിച്ചു.

അനസൂയതമ്പുരാട്ടിയുടെ ശബ്ദമായിരുന്നു അത്.

'നാഗക്കാവില്‍ വിളക്ക് തെളിയിക്കാന്‍ പോയതാണവള്‍. എന്തെങ്കിലും കണ്ടു ഭയപ്പെട്ടോ ആവോ ', ശ്രീദേവി അന്തര്‍ജനം കൈ നെഞ്ചില്‍ വച്ചുകൊണ്ട് പരിഭ്രമത്തോടെ പറഞ്ഞു.

എല്ലാവരും അങ്ങോട്ടേക്ക് പോയതും നാഗക്കാവിന് തൊട്ടടുത്തായി അനസൂയ തമ്പുരാട്ടി വീണുകിടക്കുന്നു.

വിഷ്ണുനമ്പൂതിരി മുഖത്തേക്ക് അല്പം വെള്ളം തളിച്ചതും അവള്‍ക്ക് ബോധം വീണു. വെപ്രാളത്തോടെ എഴുന്നേറ്റ അവളുടെ ശ്വാസഗതി അതിവേഗത്തിലായിരുന്നു.

'എന്താ ഉണ്ടായേ..പറയാ..'

'നാഗ കാവില്‍.....നാഗക്കാവില്‍....', അവള്‍ക്ക് പറയുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല. മുഖത്തെ എന്തിനെക്കുറിച്ചോ ഉള്ള ഭീതി വ്യക്തമായിരുന്നു.

വിഷ്ണു നമ്പൂതിരിയും കൃഷ്ണന്‍ നമ്പൂതിരിയും നാഗകാവിലേക്കു പോയി. അവര്‍ പോകുമ്പോഴും അനസൂയ ഭീതി പൂണ്ട് വിറയലോടെ നിന്നു.

നാഗത്തറയുടെ തൊട്ടടുത്ത് അവര്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. മുകുന്ദന്‍ നമ്പൂതിരി വീണുകിടക്കുന്നു. മുഖത്ത് രക്തദാര ചെയ്തതുപോലെ ആകെ രക്തമയമായിരിക്കുന്നു.പെട്ടെന്നവര്‍ ഞെട്ടലോടെ കാല് ഒരടി പിന്നോട്ട് വെച്ചു.വിഷ്ണുനമ്പൂതിരി തോളിലെ കസവു മുണ്ടെടുത്ത് മുഖത്തെ രക്തം തുടച്ച് മൂക്കിനടുത്ത് കൈ വെച്ച് നോക്കിയപ്പോള്‍ ശ്വാസം നിലച്ചിരിക്കുന്നു.
അപ്പോഴേക്കും ശ്രീദേവി അന്തര്‍ജനവും അനസൂയയും അവിടെയെത്തിയിരുന്നു. മകന്‍ മരണമടഞ്ഞെന്നറിഞ്ഞ ശ്രീദേവി അന്തര്‍ജനം  നാഗ തറയില്‍ തലവെച്ച് കരഞ്ഞുകൊണ്ടു പറഞ്ഞു.

'എന്തു വിപത്താണ് ഇതൊക്കെ...എന്റെ കുഞ്ഞിനിങ്ങനൊരു  ഗതി'

അന്തര്‍ജനത്തിന്റെ കരച്ചിലിനത്രയും ശക്തിയോടെ നാഗ തറയുടെ അടുത്തുള്ള പുളിമരം ആടിയുലയാന്‍ തുടങ്ങി. കാറ്റിന്റെ ശക്തി കൂടിയപ്പോള്‍,അനസൂയ അന്തര്‍ജനത്തെ പിടിച്ചുകൊണ്ടുപോയി. വിഷ്ണു നമ്പൂതിരിയും കൃഷ്ണന്‍ നമ്പൂതിരിയും  ചേര്‍ന്ന് മുകുന്ദന്‍ നമ്പൂതിരിയുടെ ശരീരം എടുത്തു.

അന്നത്തെ ദേവി യാഗം മുടങ്ങി. പൂജാരി മടങ്ങുമ്പോള്‍ വിഷ്ണു നമ്പൂതിരിയോട് ഒരു കാര്യം പറഞ്ഞു.

'ഇല്ലത്ത് എന്തോ വിഘ്‌നം സംഭവിച്ചിരിക്കുന്നു. രക്തദാഹിയായ ഒരു ആത്മാവ് ഇവിടെ അലയുന്നുണ്ട്.'
വിഷ്ണുനമ്പൂതിരി അതുകേട്ട് ഒന്നു ഭയന്നു.

മുകുന്ദന്‍ നമ്പൂതിരിയുടെ കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞ് അല്‍പ ദിവസങ്ങള്‍ക്ക് ശേഷം ഇല്ലത്തേക്ക് പൂജാരിയെ വീണ്ടും വിളിപ്പിച്ചു.

'ആ ആത്മാവിനെ ഒഴിപ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അങ്ങ് ചെയ്യണം'  , വിഷ്ണു നമ്പൂതിരി പൂജാരിയോട് പറഞ്ഞു.

'ആ കാര്യത്തിനാണെങ്കില്‍ നമുക്ക് കഴിയുന്നതല്ല. നിങ്ങള്‍ മറ്റാരെയെങ്കിലും അന്വേഷിക്കേണ്ടിവരും.അതിന്റെ തീവ്രത ഞാന്‍ അന്ന് തന്നെ മനസ്സിലാക്കിയിരിക്കുന്നു.', എന്ന് പറഞ്ഞ് അദ്ദേഹം മറ്റൊന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ ഇല്ലത്തു നിന്നിറങ്ങി.

അനസൂയയ്ക്ക്, അന്ന് ഇടമന ഇല്ലത്തു പോയി വരുമ്പോള്‍ നടന്ന കാര്യവും, കുട്ടികള്‍ക്ക് അന്ന് മാവിന്‍ചുവട്ടില്‍ ഉണ്ടായ കാര്യങ്ങള്‍ എല്ലാം ഓര്‍മ്മ വന്നു. അവളാ തെക്കേ ഭാഗത്തെ മാവിന്‍ ചുവട്ടിലേക്ക് പോയി.അതിനു തൊട്ടടുത്ത് ആ ശരീരം ദഹിപ്പിച്ച ഇടത്തേക്ക് നോക്കി.

അനസൂയയുടെ തോളില്‍ പെട്ടന്നാരോ കൈവെച്ചു. പട്ടുപാവാട അണിഞ്ഞ് മുഖത്ത് ചിരി പടര്‍ത്തിയ സുന്ദരി. തിരിഞ്ഞു നോക്കിയതും അനസൂയ ഞെട്ടിയതും ഒരുമിച്ചായിരുന്നു.  പാമ്പിന്റെ ഗന്ധവും മൂങ്ങയുടെ മുരളലും അവളില്‍ ഭീതി പടര്‍ത്തി. അവള്‍ ധൃതിയില്‍ നടക്കാന്‍ തുടങ്ങി.

മണ്‍കൂജയില്‍ നിന്ന് അല്പം വെള്ളം എടുത്തു കുടിച്ച് ഒരു ദീര്‍ഘനിശ്വാസം എടുത്തു.

'മറ്റാരുമല്ല ആ ആത്മാവ് അവള്‍ തന്നെയാണ് 'അനസൂയ കിതപ്പോടെ വിഷ്ണു നമ്പൂതിരിയോട് പറഞ്ഞു.

'ഞാന്‍ കണ്ടു അവളെ, നമുക്ക് ഭയമാകുന്നു.'

'ഭയപ്പെടാതിരിക്കുക... നിന്റെ തോന്നലാണ് '

'ആര് ശിവകാമിയോ...അന്തര്‍ജനം കണ്ണുകള്‍ തുറുത്തിച്ചു പറഞ്ഞു.

'അതേ അമ്മേ...അവള്‍ തന്നെ'.

'ഈശ്വരാ അന്ന് അച്ഛന്‍ തിരുമേനി പറഞ്ഞിരുന്നതാ അവളുടെ ശാപം അനുഭവിക്കേണ്ടിവരുന്ന്.അന്ന് ഞാനും കൂട്ടു നിന്നതാ ആ മഹാപാപത്തിന്.'
അന്തര്‍ജനം വ്യാകുലപ്പെട്ടു.

വിഷ്ണുനമ്പൂതിരി അന്ന് അറയില്‍ അനസൂയയോട് ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ ശിവകാമിയും അന്നുണ്ടായ കാര്യങ്ങളും ആയിരുന്നു. അയാള്‍ പഴയ ആ ചിന്തകളിലേക് പോയി

'അവളുടെ ശാപമാണ് വിപത്തുകള്‍ വിട്ടൊഴിയാത്തത് 'അദ്ദേഹം മനസ്സില്‍ പറഞ്ഞു.

അനസൂയയെ വേളി ആക്കിയെങ്കിലും നല്ലൊരു ദാമ്പത്യ ജീവിതത്തിന് അവര്‍ക്കു കഴിഞ്ഞില്ല. ഒന്ന് ഒഴിയുമ്പോള്‍ ഒന്നായി ഓരോ ആശുഭ കാര്യങ്ങള്‍ ഇല്ലത്തേക് വന്നുകൊണ്ടിരുന്നു.
   
ഇതില്‍ നിന്നും തനിക്ക് ഒരു മോചനം വേണമെന്നും ഒരു കുഞ്ഞിനെ ഓമനിക്കാന്‍ കഴിഞ്ഞാല്‍ മനസിന് അല്പം ആശ്വാസം കിട്ടുമെന്നും അനസൂയ ചിന്തിച്ചു. തന്റെ മനസിലെ ആഗ്രഹം അന്ന് അറയില്‍ വെച്ച് അനസൂയ വിഷ്ണു നമ്പൂതിരിയോട് പറഞ്ഞതും പ്രസവിച്ചു വീണ ഉടനെയുള്ള കുഞ്ഞിന്റെ കരച്ചില്‍ ആ അറയാകെ മുഴങ്ങി കേള്‍ക്കുന്നതായി വിഷ്ണുനാമ്പൂതിരിക് തോന്നി. ചെവികള്‍ മുറുകെ പൊത്തി.

'എന്തുണ്ടായി ? '

അനസൂയയുടെ ചോദ്യം കേട്ട് താന്‍ മാത്രമാണ് അത് കേട്ടത് എന്ന് മനസിലാക്കിയ വിഷ്ണുനമ്പൂതിരി ഒന്നുമില്ലെന്ന് മാത്രം പറഞ്ഞുകൊണ്ട് അനസൂയയുടെ മുടിയിഴകള്‍ തലോടി കൊണ്ട് പറഞ്ഞു.

'നമുക്കൊരു കുഞ്ഞുണ്ടായാല്‍ എല്ലാത്തിനും ഒരു മാറ്റം വരും. ഏറെവൈകാതെ നിന്റെ ഈ ആഗ്രഹം പൂവണിയും. '

അനസൂയ വിഷ്ണുനാമ്പൂതിരിയുടെ മുഖത്തേക്ക് നോക്കി തോളിലേക്ക് ചാഞ്ഞു.
അന്ന് മുഴുവന്‍ ഉറങ്ങാനനുവദിക്കാതെ കുഞ്ഞിന്റെ കരച്ചില്‍ വിഷ്ണു നമ്പൂതിരിയെ ആസ്വസ്ഥാനക്കി.
 
ദിനങ്ങളും മാസങ്ങളും കടന്നുപോയി. വിഷ്ണു നമ്പൂതിരിയുടെ അനുജന്‍ കൃഷ്ണന്‍ നമ്പൂതിരിക്ക് മാംഗല്യ ഭാഗ്യം ഇല്ലാതായി. ആ ഇല്ലത്തേക്ക് വേളിയായി വരാന്‍ ഒരു പെണ്ണുപോലും തയാറായില്ല.
ജ്യേഷ്ഠന്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നവന്‍ എന്ന ചിന്ത കൃഷ്ണന്‍ നമ്പൂതിരിയുടെ മനസിനെ അസ്വസ്ഥമാക്കി. ദാമ്പത്യ ജീവിതം പുലര്‍ത്താന്‍ ഭാഗ്യമില്ല എന്ന സത്യം അദ്ദേഹം മനസിലാക്കി. കൃഷ്ണന്‍ നമ്പൂതിരിയുടെ ജീവിതത്തെ കുറിച്ച് ശ്രീദേവി അന്തര്‍ജനത്തിനും യാതൊരു ഉത്കണ്ഠയും ഇല്ലായിരുന്നു. തന്റെ മൂത്ത സന്തത്തിയോട് മാത്രമാണ് അവര്‍ ആത്മാര്‍ത്ഥമായി സ്‌നേഹം പുലര്‍ത്തിയിരുന്നത്.അച്ഛന്‍ തിരുമേനി
ഇല്ലാത്ത ഈ ഇല്ലത്തു തന്റെ അനുജന്‍ മുകുന്ദന്‍ നമ്പൂതിരി ഇല്ലാത്ത ഈ ഇല്ലത്ത് അദ്ദേഹത്തെ വേണ്ടാത്തവര്‍ക്ക് ഇടയില്‍ എന്തിനു നില്‍ക്കണമെന്ന ചിന്ത കൃഷ്ണന്‍ നമ്പൂതിരിയില്‍ ഉണ്ടായി. ഒരുദിവസം തന്റെ എല്ലാ വസ്തുക്കളും ആ ഇല്ലത്തു തന്നെ ഉപേക്ഷിച്ചു  അനസൂയയോടും ശ്രീദേവി അന്തര്‍ജനത്തിനോടും വിഷ്ണു നമ്പൂതിരിയോടും യാത്രപോലും ചോദിക്കാതെ  കൃഷ്ണന്‍ നമ്പൂതിരി പടിയിറങ്ങി. അന്ന് മാത്രം അന്തര്‍ജനം തന്റെ നടുവിലത്തെ സന്താനമായ കൃഷ്ണന്‍ നമ്പൂതിരിക്ക് വേണ്ടി കണ്ണിരോഴുക്കി.ഒരു മകന്റെ മാത്രം ജീവിതത്തിനു പിന്നാലെ പോയി തന്റെ മറ്റുസന്താനങ്ങളെ ശ്രദ്ധിക്കാത്തത്തിലും താന്‍ സ്‌നേഹിച്ചിരുന്ന മകന് നല്ല ബുദ്ധി ഉപദേശിക്കുന്നതിനു പകരം മോശം ചിന്ത പകര്‍ന്നു നല്‍കിയ ഒരു മാതാവായതിലും അവര്‍ കുറ്റബോധം കൊണ്ട് പുളഞ്ഞു.പടിയിറങ്ങിപ്പോയ കൃഷ്ണന്‍ നമ്പൂതിരി അദ്ദേഹത്തിന്റെ  ശേഷിച്ച ജീവിതം സന്യാസത്തിനായി ഒഴിച്ച് വെച്ചു.ഇല്ലത്തെ അംഗങ്ങളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു. സന്തോഷത്തിന്റെ നാളുകളും അവിടേക്കു വന്നില്ല.
  
വിഷ്ണു നമ്പൂതിരി ഒരു ദിവസം ഇല്ലത്തേക്ക് ദേവനാരായണന്‍ എന്ന ജ്യോതിഷിയെ വിളിപ്പിച്ചു. അദ്ദേഹം കവടികള്‍ നിരത്തി ഒരുനിമിഷം ചിന്തയിലാണ്ടു .

'എന്താണ് അവിടുന്ന് ചിന്തിക്കുന്നത്.കവടികള്‍ നിരത്തിയപ്പോള്‍ എന്താണ് കാണുന്നത് '

ശ്രീദേവി അന്തര്‍ജനം ഉത്കണ്ഠയോടെ ചോദിച്ചു.

'നോം ആലോചിക്കയായിരുന്നു ഈ ഇല്ലത്തില്‍ ഇത്രയേറെ അനര്‍ത്തങ്ങള്‍ ഉണ്ടാവാന്‍ എന്താണെന്നു.'

ഒന്നുകൂടെ നിവര്‍ന്നിരുന്നു വിഷ്ണു നമ്പൂതിരിയെ നോക്കികൊണ്ട് അദ്ദേഹം തുടര്‍ന്നു.

' നോം ഇനി ഈ ഇല്ലത്ത് ഒരു സന്താന ഭാഗ്യം കാണുന്നില്ല. '

അത് കേട്ടതും അനസൂയയുടെ കണ്ണുകള്‍ നിറഞ്ഞു.

'ഒരു കുഞ്ഞിന്റെ ശാപം ഈ ഇല്ലത്തെ  ചുറ്റിപറ്റി നില്‍ക്കുന്നു. ഏതോ ദുരത്മാവ് ഇവിടെ എവിടെയോ അലയുന്നു. '

അദ്ദേഹം വീണ്ടും പറഞ്ഞു.വിഷ്ണു നമ്പൂതിരിയും അനസൂയയും അന്തര്‍ജനവും മുഖത്തോട് മുഖം നോക്കി.
മുന്‍പൊരിക്കല്‍ വന്ന പൂജാരിയും ഇതു തന്നെ പറഞ്ഞിരിക്കുന്നു. അനസൂയ ആ ആത്മാവിന്റെ സാന്നിധ്യം നേരിട്ട് അറിഞ്ഞിരിക്കുന്നു. വിഷ്ണു നമ്പൂതിരി കേട്ടിരുന്ന കുഞ്ഞിന്റെ കരച്ചില്‍, അത് മറ്റൊന്നുമായിരുന്നില്ല അദ്ദേഹത്തിന് ശിവകാമിയില്‍ പിറക്കേണ്ടിയിരുന്ന കുഞ്ഞു തന്നെ. ഇതെല്ലാം മൂവരും ഒരു നിമിഷം ചിന്തിച്ചു. അവര്‍ ചെയ്ത തെറ്റിന്റെ ഫലം തന്നെയാണ് അനുഭവിക്കുന്നത് എന്ന ബോധ്യം അവര്‍ക്കുണ്ടായി.

തെക്കേഭാഗത്തെ പുളിമരത്തിന്റെ ശിഖരം ശക്തമായ കറ്റില്‍ നിലം പതിച്ചു. ഓരോ സ്ഥാനത്തു വെച്ച കവടികള്‍ കാറ്റില്‍ കൂട്ടമായി ചേര്‍ന്നു. അനര്‍ത്തങ്ങള്‍ നേരിട്ട് കണ്ട് ബോധ്യം വന്ന ദേവനാരായണന്‍ ഒരു കര്‍മിയെ വിളിച്ചു പരിഹാരം കാണാന്‍ ഉപദേശിച്ചു കൊണ്ട് വേഗം തന്നെ നടന്നു നീങ്ങി.

അദ്ദേഹം പോയ ഉടനെ കഠിനമായ ചുഴലിക്കാറ്റ് വീശി.ആ കാറ്റില്‍ പാറിപറന്ന മണ്‍ തരികള്‍ സുന്ദരിയായ സ്ത്രീ രൂപം തീര്‍ത്തു. അത് കണ്ട് സ്തബ്ദനായ വിഷ്ണു നമ്പൂതിരിക് അത് മാറ്റാരുമല്ല ശിവകാമി തന്നെയെന്ന് മനസിലായി.ഇല്ലത്തെ സമാദാന അന്തരീക്ഷം പൂര്‍ണമായും ഇല്ലാതായി.

അടുത്താനാള്‍ രാവിലെ അനസൂയ, അന്തര്‍ജനത്തിന്റെ അറയില്‍ നോക്കിയപ്പോള്‍ എഴുന്നേറ്റാതായി കണ്ടതില്ല. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അവള്‍ ഞെട്ടി. അന്തര്‍ജനം വസൂരി പിടിപെട്ടു കിടക്കുന്നു.

വിഷ്ണുനമ്പൂതിരി വൈദ്യരമ്മയെ ഇല്ലത്ത് എത്തിച്ചു. ഔഷധ കൂട്ടുകള്‍ അന്തര്‍ജനത്തിന് സേവിക്കാന്‍ നല്‍കി. അറയ്ക്കു പുറത്തിറങ്ങി. ഇല്ലത്തെ കാര്യങ്ങള്‍ ഒന്നും തന്നെ അറിയാത്ത അവര്‍ ആദ്യം തിരക്കിയത് ശിവകാമിയെയും കുഞ്ഞിനെയുമാണ്. ശിവകാമിയുടെ മരണവാര്‍ത്ത അവരില്‍ ഞെട്ടലുണ്ടാക്കി. അനസൂയയെ കാട്ടികൊണ്ട് അതിനുശേഷം താന്‍ മംഗലം കഴിച്ച തന്റെ വേളിയാണെന്ന് പരിചയപ്പെടുത്തി. അപ്പോഴും വൈദ്യരമ്മ യുടെ മനസ്സില്‍ നിഷ്‌കളങ്കമായ ശിവകാമിയുടെ മുഖമായിരുന്നു. അവള്‍ ജീവത്യാഗം ചെയ്തെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
പത്തു ദിനങ്ങളോളം ശ്രീദേവി അന്തര്‍ജനം ചികിത്സയില്‍ കഴിഞ്ഞുവെങ്കിലും രോഗം അനുദിനം മൂര്‍ച്ഛിച്ചതല്ലാതെ സുഖം പ്രാപിച്ചില്ല.  ഒടുക്കം വസൂരി അവരെ കാര്‍ന്നു തിന്നു. അവരും ശരീരത്തെ ത്യജിച്ചു യാത്രയായി.

അമ്മയുടെ വേര്‍പാടും കൂടെ ആയപ്പോള്‍ അനസൂയയ്ക്കും വിഷ്ണു നമ്പൂതിരിയ്ക്കും അത് താങ്ങുവാനായില്ല.
ആ കോവിലകം നാഥരില്ലാതെ അനാഥപ്പെട്ടതുപോലെയായി.

അങ്ങനെ ഒരു ദിവസം അനസൂയ അറയിലെ മെത്തയില്‍  വിഷ്ണു നമ്പൂതിരി യോട് പോലും ഒന്നും ഉരിയാടാതെ ഏറെ നേരം തനിച്ചു കിടന്നു. ചെയ്ത തെറ്റുകള്‍ ഓരോന്നായി ഓര്‍ത്ത് സ്വയം വിലപിച്ചു.തന്റെ മോശം സമയത്ത് താനൊരു മോഹവലയത്തില്‍ അകപ്പെട്ടു പോയെന്ന ബോധ്യം അവള്‍ക്കുണ്ടായി.
സ്വന്തം ഇല്ലമായ ഇടമന ഇല്ലത്തേക് എത്രയും പെട്ടന്ന് മടങ്ങാന്‍ അവള്‍ ആഗ്രഹിച്ചു.
വിഷ്ണു നമ്പൂതിരി ഇല്ലത്തിനു പുറത്ത് തൊടിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. അനസൂയ അദ്ദേഹത്തിനരികിലെത്തി. അവളുടെ മുഖത്ത് എന്തോ പറയുവാന്‍ വേണ്ടിയുള്ള പരുങ്ങല്‍ വിഷ്ണു നമ്പൂതിരി ശ്രദ്ധിച്ചു.

'എന്താണ് പറയാനൊരു മടി.. എന്തായാലും പറയാ...'    അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് വിഷ്ണു നമ്പൂതിരി പറഞ്ഞു.

'ന്റെ  ഇല്ലം വരെ ഒന്ന് പോയി വരണം ഉണ്ട് '

'അതിനെന്താ പോയി വരിക. അധികം ഇരുട്ടാന്‍ നിക്കണ്ട '

'ഇല്ല,.. ഉടനെ മടങ്ങാം '

വിഷ്ണു നമ്പൂതിരിയോട് അനുവാദം ചോദിച്ച് അവള്‍ ഇല്ലത്തേക് യാത്ര തിരിച്ചു.
സ്വന്തം ഇല്ലത്തെത്തിയ അനസൂയയെ അന്ന് സന്ധ്യ കഴിഞ്ഞിട്ടും കണ്ടില്ല. എന്തെങ്കിലും അനര്‍ത്ഥം ഉണ്ടായോ എന്ന് ഭയപ്പെട്ടിരിക്കുമ്പോള്‍ ആണ് ഇടമന ഇല്ലത്തില്‍ വേല ചെയ്യുന്ന ഒരാള്‍ ആലേയം ഇല്ലത്തേക്ക് എത്തിയത്. സ്വയം പരിചയപെടുത്തിയ ശേഷം അയാള്‍ പറഞ്ഞു.

'ഇടമന ഇല്ലത്തെ  കൊച്ചുതമ്പുരാട്ടി അനസൂയ ഇനി ഈ ഇല്ലത്തേക്ക് ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്. അവിടുത്തെ അതറിയിക്കാന്‍ പറഞ്ഞു. ഞാന്‍ പോകുന്നു.'

മറ്റൊന്നും പറയാനും ചോദിക്കാനും നില്‍ക്കാതെ അയാള്‍ മടങ്ങി.

അന്ന് രാത്രി ശക്തിയായി ഒരു മഴപെയ്തു. എല്ലാഭാരങ്ങളും പെയ്‌തൊഴിഞ്ഞത് പോലെ. ആ വലിയ കോലോത്ത് വിഷ്ണു നമ്പൂതിരി തനിച്ച് തന്റെ അച്ഛന്റെ ചൂരല്‍ കസേരയില്‍ ഇരുന്ന് മഴയെ നോക്കി ആസ്വദിച്ചു. അനസൂയ പോയെങ്കിലും അവളെ കുറിച്ച് ഒന്നും തന്നെ വിഷ്ണു നമ്പൂതിരി ഓര്‍ത്തതെ  ഇല്ല .ചാരു കസേരയ്ക് തൊട്ടപ്പുറത്തെ തൂണില്‍ ചാരി നിന്ന് അച്ഛന്‍ തിരിമേനിക്ക് പാട്ടുകള്‍ പാടികൊടുക്കുന്ന ശിവകാമിയെ അദ്ദേഹം ഓര്‍ത്തു. ശിവകാമിയുമായി തന്റെ മംഗലം കഴിഞ്ഞ ആദ്യനാളുകള്‍ മനസ്സില്‍ ഒരു ചിത്രം പോലെ വന്നു. തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോള്‍ മുന്നിലുള്ള ചെറിയ നീണ്ട മുടികള്‍ മുഖത്തേക്ക് വീണു അവളുടെ ചിരിയെ തടസപ്പെടുത്തുമായിരുന്നു.കാലിലണിഞ്ഞ പാദസരം കുലുക്കി ഈ ഇല്ലത്തെ എന്നുമവള്‍ ഉണര്‍ത്തുമായിരുന്നു. എന്നിങ്ങനെയെല്ലാം വിഷ്ണു നമ്പൂതിരി ഓര്‍ത്തു കൊണ്ടിരുന്നു. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന അവളുടെ സ്‌നേഹം മനസിലാക്കാതെ പോയതോടെ തന്റെ കൂടപ്പിറപ്പും ജന്മം നല്‍കിയവരും എല്ലാം വിഷ്ണു നമ്പൂതിരിക്ക് നഷ്ടപ്പെട്ടു. ആരെ മോഹിച്ചാണോ അവളെ ഇല്ലാതാക്കിയത് അവര്‍ പോലും ഒപ്പം ഇല്ലാതെ ആയി.
 
'കര്‍മി വന്ന് പരിഹാരം ചെയ്യണമത്രെ .. ആര്‍ക്കുവേണ്ടി.. ശിവകാമി, അവളെ ഇല്ലാതാക്കാന്‍ ഒരു പരിഹാര ക്രിയയും വേണ്ട. അവള്‍ ഇവിടെ തന്നെ ഈ ഇല്ലത്തു തന്നെ പാറി നടക്കട്ടെ '

സമനില തെറ്റിയ ഒരാളെ പോലെ വിഷ്ണു നമ്പൂതിരി ചൂരല്‍ കസേരയില്‍ ചാരി യിരുന്ന് പിച്ചും പേരും പറഞ്ഞു കൊണ്ടേയിരുന്നു..

അദ്ദേഹത്തിന് കണ്ണുകള്‍ അടയ്ക്കുമ്പോള്‍ ഭയം തോന്നി. ഒരു ഇലയുടെ ശബ്ദം പോലും അദ്ദേഹത്തെ ഭയപ്പെടുത്തി. ഒരുപാട് പേര്‍ ഒരുമിച്ച് താമസിച്ച ഇല്ലത്ത് വിഷ്ണു നമ്പൂതിരി മാത്രം പുറത്തെ ചൂരല്‍ കസേരയില്‍ തനിച്ചായി. ഒരു മനുഷ്യ ശബ്ദം പോലുമില്ല. എല്ലാവരും നിദ്രയില്‍ മുഴുകിയ സമയം. വിഷ്ണു നമ്പൂതിരി ചൂരല്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി ഒരു ചിരാത് തെളിയിച്ചു. ചിരാതുമായി ഇല്ലത്തെ പടിപ്പുരയിലേക്ക് നടന്നു. പടിപ്പുരയില്‍ ചിരാത് വെച്ച ശേഷം ചുറ്റും കണ്ണുകളോടിച്ചു കണ്ണുകളോടിച്ചു. അവിടം തന്നെ അലസമായി ഇരുന്നു,എന്തെല്ലാമോ പിറുപിറുത്തും ചിന്തിച്ചും കൊണ്ട്.പിന്നീട് എപ്പോഴോ മയക്കത്തിലേക്ക് പോയി.

പുലര്‍ച്ചെ ഇല്ലത്തിനു താഴെ വഴിയിലൂടെ പോയ പാല്‍ക്കാരന്‍ പടിപ്പുരയില്‍ അലസമായി ഇരുന്ന് മയങ്ങുന്ന വിഷ്ണു നമ്പൂതിരിയെ കണ്ടു. പിന്നീട് അയാള്‍ പാല്‍ നല്‍കാനായി ചെന്ന വീടുകരോടെല്ലാം ഇല്ലത്തു കണ്ട കാര്യം പറഞ്ഞു.

'വിഷ്ണു നമ്പൂതിരി തനിച്ചു ആ പടിപ്പുരയില്‍ ഇരിക്കുന്നുണ്ട്. അടുത്തായി അണഞ്ഞുകിടക്കുന്ന ഒരു ചിരാതും ഉണ്ട്. നമുക്ക് ആ ഇരിപ്പ് കണ്ടിട്ട് അത്ര പന്തി തോന്നുന്നില്ല. എന്തോ ഉണ്ടായിട്ടുണ്ട് ഇല്ലത്ത്. '

പാല്‍ക്കാരന്‍ ഇങ്ങനെ പറഞ്ഞുപോയ ശേഷം ആളുകള്‍ തമ്മില്‍ വിഷ്ണു നമ്പൂതിരിക്ക് എന്ത് പറ്റിയെന്നായി ചര്‍ച്ചയായി.ഒടുക്കം അന്തര്‍ജനത്തിന്റെ മരണ ശേഷം ഇടമന ഇല്ലത്തെ അനസൂയ തമ്പുരാട്ടിയും അവിടം വിട്ടു പോയത് നാട്ടുകാര്‍ക്കിടയില്‍ സംസാരവിഷയമായി.

'കര്‍മഫലം അല്ലാതെന്ത് ' 

ഒരു പ്രായം ചെന്ന സ്ത്രീ ഉറക്കെ പറഞ്ഞു.
കേട്ടുന്നവരും അത് ശെരി എന്ന രീതിയില്‍ പരസ്പരം നോക്കി തലകുലുക്കി.

ശിവകാമിയുടെ തോഴി മീനാക്ഷി ഇല്ലത്തെ കാര്യം അറിയുവാനിടയായി.വിഷ്ണു നമ്പൂതിരിയുടെ അവസ്ഥയില്‍ അവള്‍ക്ക് ഖേദമുണ്ടായി. ശിവകാമിയോട് അദ്ദേഹം ചെയ്തത് തെറ്റാണെങ്കിലും വിഷ്ണു നമ്പൂതിരിയെ ഈ അവസ്ഥ അവള്‍ അറിഞ്ഞാല്‍ അവളുടെ ആത്മാവിന് പോലും സന്തോഷം ഉണ്ടാവില്ലെന്ന് മീനാക്ഷി ചിന്തിച്ചു. ശിവകാമിക്ക് തന്റെ പതിയില്‍ ഉണ്ടായിരുന്ന സ്‌നേഹം മീനാക്ഷിക്ക് നന്നായി അറിയാമായിരുന്നു.
മീനാക്ഷി ഒട്ടും സമയം പാഴാക്കാതെ ആലേയം ഇല്ലത്തേക്ക് പുറപ്പെട്ടു. കണ്ണുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ ചലിപ്പിക്കാതെ ധ്രുതഗതിയില്‍ അവള്‍ നടന്നു. ഇത്തവണ മുഖത്ത് ശൗര്യം ഉണ്ടായിരുന്നില്ല. ഇല്ലത്തിനടുത്തെത്തിയപ്പോള്‍ പാടവരമ്പില്‍ നിന്നും പടിപ്പുരയില്‍ ഇരിക്കുന്ന വിഷ്ണു നമ്പൂതിരിയെ മീനാക്ഷിക്ക് കാണാമായിരുന്നു.
പടിപ്പുരയില്‍ എത്തിയ അവള്‍ വിഷ്ണു നമ്പൂതിരിയെ നോക്കി. കണ്ണുകള്‍ തുറന്നാണ് ഇരിക്കുന്നതെങ്കിലും മീനാക്ഷിയെ അദ്ദേഹം കണ്ടഭാവം നടിച്ചില്ല. മറ്റേതോ ചിന്തയില്‍ മുഴുകിയതുപോലെ വിഷ്ണു നമ്പൂതിരി ഇരുന്നു. മീനാക്ഷി വിഷ്ണു നമ്പൂതിരിയെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം ഒന്ന് ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി. മീനാക്ഷിയുടെ കണ്ണുകളിലേക്ക് നോക്കി ഒരു പുഞ്ചിരി തൂകി. മറ്റൊന്നും പറഞ്ഞില്ല. അവള്‍ വിഷ്ണു നമ്പൂതിരിയെ പിടിച്ച് ഇല്ലത്തിനകത്തെ വടക്കേ മുറിയില്‍ കിടത്തിയ ശേഷം തിരികെ നടന്നു. അദ്ദേഹം മീനാക്ഷി പോകുന്നതും നോക്കി പുഞ്ചിരി തൂകി കിടന്നു. അല്‍പനേരം കഴിഞ്ഞ് മീനാക്ഷി വിഷ്ണു നമ്പൂതിരിക്കുള്ള ഭക്ഷണവുമായി വടക്കേ മുറിയിലേക്ക് വീണ്ടും വന്നു. അത് അവിടെ വെച്ച് മടങ്ങുമ്പോള്‍

'ശിവകാമി...'
വിഷ്ണു നമ്പൂതിരി അവളെ നോക്കി വിളിച്ചു.

'അവിടുന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാന്‍ ശിവകമിയല്ല. ശിവകാമിയുടെ തോഴി മീനാക്ഷി ആണ്. അവിടുത്തെ അവസ്ഥ അറിഞ്ഞു വന്നതാണ്. തനിച്ചാണെന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നി. നേരം ഇരുട്ടാറായി. ഇനി ഞാന്‍ പോകുന്നു.

അവളുടെ വാക്കുകള്‍ വിഷ്ണു നമ്പൂതിരിയില്‍ ദുഃഖമുണ്ടാക്കി.
അവള്‍ യാത്ര പറഞ്ഞ് തിരികെ നടന്നു. ഇല്ലത്തെ പുളിമരത്തിനടുത്ത് എത്തിയപ്പോള്‍ ശിവകാമിയുടെ സാനിധ്യം അവിടെ എങ്ങും ഉള്ളതുപോലെ മീനാക്ഷിക്ക് തോന്നി. ശിവകാമിയുടെയും വിഷ്ണു നമ്പൂതിരിയുടെയും മംഗലം കഴിഞ്ഞ ആദ്യ നാളുകളില്‍ മീനാക്ഷി ശിവകാമിയെ കാണാന്‍ ഇല്ലത്തേക്ക് വരുമ്പോള്‍ ആ പുളിമര ചുവട്ടില്‍ നിന്നായിരുന്നു സല്ലപിക്കാറ്. മീനാക്ഷിയുടെ കണ്ണുകള്‍ നിറഞ്ഞു. ദാവണിയുടെ അറ്റം കൊണ്ട് നനഞ്ഞ കണ്ണുകള്‍ അവള്‍ തുടച്ചു.

പോകുന്ന വഴി പലരും മീനാക്ഷിയെ ശ്രദ്ധിക്കുന്നത് അവള്‍ കാണുന്നുണ്ടായിരുന്നു. പലരും പരസ്പരം എന്തൊക്കെയോ കുശുകുശുക്കുന്നുമുണ്ടായിരുന്നു.
മീനാക്ഷിക്ക് വിപരീതമായി ക്ഷേത്രത്തില്‍ പോയി മടങ്ങുന്ന മൂന്ന് സ്ത്രീകള്‍ നടക്കുന്നുണ്ടായിരുന്നു. അവര്‍ മീനാക്ഷിയുടെ വരവ് എവിടെ നിന്നുമാണെന്ന് മനസിലാക്കി.

'ഇല്ലത്തു നിന്നുമാണല്ലോ ആ കുട്ടി വരുന്നത് '

'അവിടിപ്പൊ ആകെയുള്ളത് ആ വിഷ്ണു നമ്പൂതിരിയല്ലേ '

'അതെ അതെ..'

'ആര്‍ക്കറിയ ഇവള്‍ എന്തിനാണ് അവിടെ പോയത് എന്ന്. '

മൂവരും പരസ്പരം പറഞ്ഞു കൊണ്ടിരുന്നു.അതൊന്നും കൂസാക്കാതെ മീനാക്ഷി നടന്നു.

വടക്കേ മുറിയില്‍ വാതയനത്തിലൂടെ ആകാശത്തു നോക്കിയ വിഷ്ണു നമ്പൂതിരി ഒരു ഒറ്റനക്ഷത്രത്തെ കണ്ടു. അത് ചിലപ്പോള്‍ നന്നായി തിളങ്ങുന്നതായും ഇടയ്ക്ക് മങ്ങുന്നതായും തോന്നി. ശിവകാമി തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കണ്‍പോള തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതായി അദ്ദേഹം മനസ്സില്‍ കണ്ടു.ആ നക്ഷത്രം തന്റെ ശിവകമിയാണെന്ന ചിന്തയില്‍ അതിനോട് കുശലം പറഞ്ഞും ചിരിച്ചുകൊണ്ടും കിടന്നു.തിരിച്ചും തന്നെ നോക്കി എന്തെല്ലാമോ അത് പറയുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. നക്ഷത്രം മറയുന്നത് വരെയും അതിനെ നോക്കികൊണ്ട് അങ്ങിനെ തന്നെ കിടന്നു. കാണാതായപ്പോള്‍ തന്നോട് പിണങ്ങിപോയതെന്നോര്‍ത്ത് ദുഖിച്ചു.
 
പിറ്റെന്നാള്‍ പുലര്‍ച്ചെ തന്നെ മീനാക്ഷി വിഷ്ണു നമ്പൂതിരിയുടെ കാര്യം തിരക്കാന്‍ ഇല്ലത്തെത്തി. ഇല്ലത്തെ മുന്‍വശത്തെ വാതില്‍ അവള്‍ പോകുമ്പോള്‍ ചാരിയിട്ടത് പോലെ തന്നെ കിടക്കുന്നു. വാതില്‍ തള്ളി വടക്കേ മുറിക്കരികിലേക്ക് അവള്‍ നടന്നു. മുറിയിലേക്ക് എത്തി നോക്കിയപ്പോള്‍ വിഷ്ണു നമ്പൂതിരി എഴുന്നേട്ടിട്ടില്ല. അവള്‍ അടുത്തേക്ക് ചെന്നു.

'അവിടുന്ന് എഴുന്നേറ്റില്ലേ '
അവളുടെ ശബ്ദം കേട്ട് ഒരു പ്രതികരണവും ഉണ്ടായില്ല.
കൈയില്‍ ഒന്ന് മുട്ടി വിളിച്ചു നോക്കി. അപ്പോഴും അവള്‍ക്ക് പ്രതികരണമൊന്നും ലഭിച്ചില്ല. അവള്‍ വീണ്ടും വീണ്ടും തട്ടുകയും വിളിക്കുകയും ചെയ്തു. പെട്ടന്ന് പുറത്തെ പുളിമരം ആടിയുലഞ്ഞു.നാഗക്കാവില്‍ താനെ തിരി തെളിഞ്ഞു. പാദസരത്തിന്റെ കിലുക്കം അവിടെങ്ങും മുഴങ്ങി.മീനാക്ഷിയുടെ തൊണ്ട വരണ്ടു. നെറ്റിത്തടത്തില്‍ നിന്ന് വിയര്‍ത്തൊലിക്കാന്‍ തുടങ്ങി.

'ഇനി വിളിക്കണ്ട.... നാം കൂടിയിരിക്കുന്നു. ഇനി വിളിച്ചാല്‍ കേള്‍ക്കില്ല..'

ശിവകാമിയുടെ ശബ്ദം, മീനാക്ഷി മേലാസകലം വിറയലോടെ നിന്നു.

'എന്റെ പതിയെ ഞാന്‍ എങ്ങനെ തനിച്ചാക്കും.... ഇനി എന്നോടൊപ്പം ഉണ്ടാകും ' വാക്കുകള്‍ക്ക് ഒടുക്കം ഒരു അട്ടഹാസവും.

പെട്ടന്ന് എല്ലാം നിലച്ചു. പ്രകൃതി പഴയതുപോലെ ആയി. മീനാക്ഷി ശ്വാസം ഉള്ളിലോട്ട് എടുത്ത് പുറത്തേക്ക് വിട്ടു. വിഷ്ണു നമ്പൂതിരിയുടെ ആത്മാവില്ലാത്ത ശരീരത്തെ നോക്കി നിന്നു.

ശിവകാമിയുടെ അടുക്കലേക്ക് വിഷ്ണു നമ്പൂതിരി യാത്രയായി. ആ ഇല്ലം ശൂന്യമായി.
   
ശിവകാമിയുടെ  ഉള്ളിലെ വികാര വിക്ഷോഭങ്ങള്‍ക്ക് അവസാനമുണ്ടായി.
© Dr.Aparna C.

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

1 Comments

Previous Post Next Post