ഒറ്റ ഡയറിയിലെ പ്രണയ ഓര്‍മ്മകള്‍ ★ അഭിലാഷ് പനിക്കുഴത്തില്‍

otta-dayariyile-pranauaormakal


നമ്മള്‍ മാത്രമായ ഇടങ്ങളില്‍
നീ നീട്ടിവെച്ച ഡയറിയില്‍
നിനക്കായീ മാത്രം ഞാനെഴുതിയ
വരികളായിരുന്നു അതെല്ലാം

പോയ് മറഞ്ഞ ദിനങ്ങളത്രയും
ഇന്ന് നീ ഓര്‍മ്മിക്കുന്നുവോ
നിന്റെ ശാഠ്യത്തിന് മുന്‍പില്‍
ഹൃദയവികാരങ്ങളൊക്കെയും
നിനക്കായി മാത്രമാണ്  പകര്‍ത്തിയത്

നമ്മളെ പകര്‍ത്തിയ മഷികള്‍ക്ക്
ഇന്നും ആ പ്രണയത്തിന്റെ മണമുണ്ടോ
പല ദിക്കിലാണെങ്കിലും ആ ഒറ്റ ഡയറി
നിന്നിലാണെന്ന് മാത്രമറിയുന്നവന്റെ ചോദ്യം

കാലം ഒരുപാട് കഴിഞ്ഞില്ലേ 
അന്ന് കണ്ട മുഖമായിരിക്കില്ല നിന്നിലും എന്നിലും
പക്ഷേ ഓര്‍മ്മകളെ ചവിട്ടിമെതിക്കാന്‍
മനസ്സൊരിക്കലും നിന്ന് തരില്ലെന്ന വാശിയും

നിന്നിലെ അന്നത്തെ സാദൃശ്യങ്ങള
ഇന്നും ആള്‍ക്കൂട്ടങ്ങളില്‍ തിരയുന്നുണ്ട്
പോയ് മറയുവാനാവാത്ത അനുഭവങ്ങളെ 
ഇന്ന് നീയും തിരയുന്നുണ്ടോ ...

ചിലപ്പോള്‍ എന്റെ കണ്‍മുന്നിലൂടെയും
നിന്റെ കണ്‍മുന്നിലൂടെയും നമ്മള്‍
അറിയാതെ യാത്ര ചെയ്തിട്ടുണ്ടാകാം
നിന്റെയും എന്റെയും മാറ്റങ്ങളറിയാതങ്ങനെ.

ഒരു നാള്‍ നമ്മള്‍ തമ്മില്‍
കാണുമെന്നറിയാമെങ്കില്‍
നിന്റെ കൈകളിലപ്പോള്‍
നമ്മുടേതായ സ്വപ്നങ്ങളുടെ
ആ ഒറ്റ ഡയറിയുമായെത്തണം
അകന്ന നിമിഷങ്ങളുടെ 
പരിഭവങ്ങളെയെനിക്ക്
വീണ്ടുമാ ഡയറിയില്‍
പകര്‍ത്തുവാന്‍ വേണ്ടി മാത്രം.
© abhilash panikkuzhathil

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post